ജലപരിജ്ഞാനം സംസ്‌കൃത ഭാഷയിലൂടെ ലഭിച്ചത്ര മറ്റു ഭാഷകളിലുണ്ടായിട്ടില്ലെന്നു തോന്നുന്നു. അമരകോശാദി ഗ്രന്ഥങ്ങളിൽ വാരിവർഗ്ഗത്തിനു സവിശേഷ പ്രാധാന്യം നൽകിക്കാണാം. ഓരോ നാമപദവും സവിശേഷമായ അർഥവും ധർമവും ഉൾക്കൊള്ളുന്നതാണ്.
വാരാഹീസംഹിതാ എന്നു കൂടി അറിയപ്പെടുന്ന ബൃഹത് സംഹിത നീരറിവിനെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. അതിലെ ഉദകാർഗ്ഗളം, കൂപലക്ഷണം, സദ്യോവൃഷ്ടി ലക്ഷണം എന്നീ പ്രകരണങ്ങൾ ശ്രദ്ധേയങ്ങളാകുന്നു. ഭൂമിയിലെ അന്തർദ്ധാരകളെക്കുറിച്ച് ഏറ്റവും കൂടുതൽ അറിവ് പകർന്നു തരുന്ന ഗ്രന്ഥമാണത്. നമ്മുടെ ശരീരത്തിൽ നിമ്‌നോന്നതസ്ഥിതിയിലുള്ള നാഡീ വ്യൂഹങ്ങളിലൂടെ രക്തം സഞ്ചരിക്കുന്നതുപോലെയാണ് ഭൂമിക്കുള്ളിലും ജലധാരകളുണ്ടാകുന്നത്. അത് കണ്ടെത്താൻ കഴിയുന്നത് ബാഹ്യലക്ഷണങ്ങളിലൂടെയാണ്. ഈ ജലപരിജ്ഞാനം, വംശീയമായി പകർന്ന പാരമ്പര്യവിജ്ഞാനമെന്ന നിലയിൽ, നാടൻ ആശാരിമാരുടെ ജലവിജ്ഞാന(നാട്ടറിവ്) മായിത്തീർന്നിരിക്കുകയാണ്. ഭൂസ്ഥിതിയുടെയും പ്രാകൃതിക ജൈവ സാന്നിധ്യാദികളുടെയും സ്വഭാവം ശരിക്കും നിരീക്ഷിച്ചുകൊണ്ടുള്ളതായിരിക്കും ഭൂഗർഭജലദർശനം. ഇതു സംബന്ധിച്ച് എത്രയോ കാലത്തെ അനുഭവസമ്പത്ത് കാത്തുസൂക്ഷിക്കുന്നവരാണവർ.
നീരൊഴുക്ക് പുറമെ കാണപ്പെടാത്ത സ്ഥലങ്ങളിൽ കുഴിച്ചാൽ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കടമ്പുവൃക്ഷം സ്ഥിതിചെയ്യുന്ന ദിക്കിൽ പടിഞ്ഞാറു വശം മൂന്നു കോൽമാറി ഒന്നര ആൾ ആഴത്തിൽ കുഴിച്ചാൽ ജലം ലഭിക്കുമെന്ന് ജലപരിജ്ഞാനമുള്ള ആശാരിമാർ പറയാറുണ്ട്. മേൽപറഞ്ഞ ലക്ഷണമു ള്ളിടത്ത് അര ആൾ ആഴത്തിൽ കുഴിച്ചാൽ വെളുത്ത തവളയെയും പിന്നെ മഞ്ഞ നിറമുള്ള മണ്ണും അതിനടിയിൽ വെട്ടുപാറയും അതിനടിയിൽ വെള്ളവും കാണുമെന്നാണ് ശാസ്ത്രവിധി. ഞാവൽ വൃക്ഷമുള്ളിടത്തു നിന്നു മൂന്നു കോൽ വടക്ക് രണ്ടാൾ ആഴത്തിൽ കാണാമത്രെ. ബാഹ്യമായി ജലം കാണാത്തിടത്ത് കരിനൊച്ചിയും അതിനടുത്ത് മൺപുറ്റും കാണുകയാണെങ്കിൽ മൂന്നുകോൽ തെക്കോട്ടുമാറി, രണ്ടേകാൽ ആൾ ആഴത്തിൽ കുഴിച്ചാൽ സമൃദ്ധമായി ജലം ലഭിക്കുമത്രേ. ലന്തമരം, അത്തി, താന്നി, ഉങ്ങ്, മൈലെള്ള്, വരമഞ്ഞൾ, അമ്പഴം, നീർമാതാളം, നെന്മേനി വാക ചില വൃക്ഷങ്ങളുടെ സമീപത്തായാണ് പുറ്റുകാണുകയാണെങ്കിൽ അവയുടെ സമീപം നിശ്ചിത ദൂരത്ത് കുഴിയെടുത്താൽ നിശ്ചിത ആഴത്തിൽ ജലം കാണാമെന്നാണ് ലക്ഷണം പറയാറുള്ളത്.
വൃക്ഷങ്ങൾ മൃദുലങ്ങളായിരിക്കുക, കൊമ്പുകൾ നീണ്ടു തിങ്ങി നിൽക്കുക എന്നീ ലക്ഷണങ്ങൾ ജലസാമിപ്യത്തെയാണ് സൂചിപ്പിക്കുന്നത്. മരത്തിന്റെ എതെങ്കിലും ശാഖ, താഴ്ന്ന് നിറഭേദത്തോടെ കാണപ്പെട്ടാൽ, അതിന്റെ സമീപം മൂന്ന് ആൾ ആഴത്തിൽ വെള്ളം ലഭിക്കുമെന്നു കരുതാം. നിലത്ത് ചവിട്ടിയാൽ അവിടെ നീരൊഴുക്കുണ്ടെന്നാണ് സൂചന. ജലവിജ്ഞാനവും സസ്യവൃക്ഷ വിജ്ഞാനവും തമ്മിൽ അഭേദ്യ ബന്ധമാണുള്ളത്. ആറ്റുവഞ്ഞി, ചൂരൽ, കടമ്പ്, അത്തി, നീർമരുത്, മാതളം, അയനി, ഇലഞ്ഞി, അമ്പഴം തുടങ്ങിയ വൃക്ഷങ്ങൾ ജല സാമിപ്യമുള്ള സ്ഥലത്തുണ്ടാകുമത്രെ.
പൂർവ്വികർ അനുഭവജ്ഞാനത്തിലൂടെ നേടിയ അറിവുകൾ പൂർണമായും വർത്തമാനാവസ്ഥകളുമായി ചിലപ്പോൾ യോജിച്ചില്ലെന്നുവരാം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു മാറ്റങ്ങൾ സംഭവിക്കാവുന്ന വിധത്തിലുള്ള നശീകരണ പ്രവണതകളാണ് എങ്ങും കാണുന്നത്. വൃക്ഷലതാദികൾ മുറിച്ചു നശിപ്പിക്കുക, പാറക്കെട്ടുകളും മറ്റും പൊളിച്ചു മാറ്റുക, പരിശുദ്ധജലവാഹിനികൾ മലീനികരിക്കുക തുടങ്ങിയ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ജൈവലോകം ഇന്ന് നാശത്തിന്റെ വക്കിലാണ്. മഴകുറയുകയും ചൂട് വർദ്ധിക്കുകയും ചെയ്യുന്നു. ഇത്തരമൊരു പരിതോവസ്ഥയിലാണ് ഭൂഗർഭജലസമ്പത്തിനെക്കുറിച്ച് നാം ചിന്തിക്കുന്നത്.
നീരറിവിനെ സംബന്ധിച്ച് ഇത്രയും പ്രസ്താവിച്ചത് വാസ്തു ശാസ്ത്രത്തിൽ പരിണത പ്രജ്ഞനായ ഡോ.സേതുമാധവന്റെ കൂപശാസ്ത്രപ്രകാശിക എന്ന ഗ്രന്ഥം മുന്നിൽ കണ്ടുകൊണ്ടാണ്. പണ്ഡിതനും അധ്യാപകനുമായിരുന്ന എൻ.കോയിത്തട്ടയുടെ മകനാണ് സേതുമാധവൻ. ഈ വസ്തുത തന്നെ വാസ്തുവിദ്യയിലും ഭൂഗർഭജലവിജ്ഞാനത്തിലും അദ്ദേഹത്തിനു സ്വായത്തമായ പരിജ്ഞാനത്തിന്റെ ആഴമറിയുവാൻ പര്യാപ്തമാണ്. വടക്കെ മലബാറിലെ ദേവാലയങ്ങളിലെ ദാരുശില്പകലയെക്കുറിച്ച് ഡോ.സേതുമാധവൻ എഴുതിയ ഗ്രന്ഥം അദ്ദേഹത്തിന്റെ അന്വേഷണത്വരയെ വ്യക്തമാക്കുന്നു.
കിണർ എന്ന വിഷയത്തിന്റെ നാനാവശങ്ങളെയും സംശയ ലേശമന്യേ പരിചയപ്പെടുത്തുന്ന ഒരു ആധികാരിക കൃതിയാണിത്. ഭാഗം ഒന്നിൽ ഉദഗാർഗ്ഗളത്തിലെ സംസ്‌കൃത ശ്ലോകങ്ങൾക്ക് അന്വയവും വിശദമായ സാരവും നല്കിയിരിക്കുന്നു. ഭാഗം രണ്ടിൽ കിണറുകളുടെ വൈവിധ്യാത്മകമായ ആകൃതി വിശേഷങ്ങളിലേയ്ക്കാണ് ആദ്യം നമ്മുടെ ശ്രദ്ധതിരിക്കുന്നത്. കിണർ കുഴിക്കേണ്ട സ്ഥാനം, അതിന്റെ ഫലങ്ങൾ, കിണറുകളെക്കുറിച്ചുള്ള കേട്ടറിവുകളും അനുഭവങ്ങളും, കിണറുകളുടെ സുരക്ഷ, കിണറുകളിൽ നിന്നു വെള്ളം കോരിവന്നിരുന്ന ചില മാർഗ്ഗങ്ങൾ, ഭൂഗർഭജല സ്രോതസ്സുകൾ കണ്ടെത്തുവാനുള്ള ഉപകരണങ്ങൾ, കൂപ ശാസ്ത്ര പ്രതിപാദകമായ തത്ത്വങ്ങളനുസരിച്ച് ഭൂഗർഭജലം കണ്ടെത്തിയ ഗ്രന്ഥകാരന്റെ അനുഭവങ്ങൾ എന്നിവ പരിചയപ്പെടുവാൻ കഴിയുന്നു.
ഭൂഗർഭജലസ്രോതസ്സുകൾ കണ്ടെത്തുവാനും കൂപസ്ഥാന നിർണയത്തിനും ഗവേഷണബുദ്ധിയോടെ ഗ്രന്ഥകാരൻ നടത്തിയ അനുഭവങ്ങളുടെ ഊഷ്മളത ഈ ഗ്രന്ഥത്തിൽ ആദ്യന്തം ദർശിക്കാം. വിഷയത്തിന്റെ നൂതനമായ ആവിഷ്‌കരണശൈലി ആകർഷകമാണ്. വർത്തമാന കാലത്തിനു ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഗ്രന്ഥമെന്നതിൽ സംശയിക്കേണ്ടതില്ല.
Read More Articles on Malayalam Literature & Books to Read in Malayalam