മാമുക്കോയയുടെ ജീവിതവർത്തമാനത്തിൽ 'ബഷീർക്ക' ബേപ്പൂരിലെ മാങ്കോസ്റ്റിൻ ചോട്ടിലിരുന്ന് സുലൈമാനി കുടിക്കുന്നുണ്ടായിരുന്നു; എസ്.കെ.പൊറ്റെക്കാട്ട് നമ്മെ 'ഒരാക്ക്ന്ന് മാതിരിയുള്ള' നോട്ടവുമായി കോഴിക്കോടൻ തെരുവിലൂടെ വന്നു; ബാബുക്ക മുണ്ട് മടക്കികുത്തി പാട്ടു പാടി വായനക്കാരുടെ തോളിൽ കൈയിട്ടു നടന്നു; ജോൺ എബ്രഹാം ഇവർക്കിടയിലിരുന്നു ചിരിച്ചു... (മാമുക്കോയയുടെ മലയാളികൾ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ താഹ മാടായി)
കേരളത്തിന്റെ അറുപത് വർഷങ്ങൾ പുസ്തകമാക്കാനുള്ള ശ്രമത്തിൽ മാമുക്കോയ എന്ന മനുഷ്യനെ വിട്ടുകളയാൻ കഴിയാത്തതിന്റെ കാരണവും മുകൾ പറഞ്ഞതു തന്നെ. അദ്ദേഹം കേരള ചരിത്രത്തിനും ചരിത്രം അടയാളപ്പെടുത്തിയവർക്കും ഒപ്പം സഞ്ചരിച്ചവനാണ്. ഇന്നിനെയും ഇന്നലെയെയും അറിഞ്ഞവനാണ്. 'മാമുക്കോയയുടെ മലയാളികൾ' എന്ന പുസ്തകം സമ്മാനിക്കുന്നത് വായനാനുഭവമല്ല. മറിച്ച് കേരളത്തിന് ചിരപരിചിതനായ മാമുക്കോയ തന്റെ സ്വതസിദ്ധമായ ശൈലയിൽ വായനക്കാരന്റെ അടുത്ത് വന്നിരുന്നു സംസാരിക്കുന്നു. ആ സ്വരം നിങ്ങൾക്ക് പുസ്തക വായനയിൽ ഉടനീളം കേൾക്കാം. ആ രൂപവും ഭാവങ്ങളും നിങ്ങൾക്ക് ഓരോ വാചകത്തിലും കാണാം. മാമുക്കോയയുടെ സംഭാഷണത്തിൽ ഓർമ്മകളും, പാട്ടും, പരിസ്ഥിതിയും, മതവും, ബീഫും, രുചിക്കൂട്ടുകളും പാചകവും ഒക്കെ കടന്നു വരുന്നു.
'നമ്മ്ടെ കുട്ടിക്കാലത്ത് ഭക്തി എന്ന് പറയുമ്പോ കുടുംബാംഗങ്ങള് പറയ്ന്നതുകേട്ട് അങ്ങനെ ചെയ്യ്ന്നതായിര്ന്നു. പണ്ടത്തെ പല വിശ്വാസങ്ങളും അനാചാരങ്ങളാണെന്ന് ഇപ്പോ തോന്ന്ന്ന്ണ്ട്. യഥാർത്ഥ ഭക്തി ഉള്ളിൽ നിന്ന് വരണ്ട ഒന്നാണ്. ഇപ്പോ ഓരോ ഗ്രൂപ്പുകൾ ചേർന്ന് ഹോൾസെയിൽ ഭക്തി ഉണ്ടാക്ക്കയാണ് ചെയ്യ്ന്നത്. സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ട്ള്ള സാധനാണ് ഇപ്പഴത്തെ ഭക്തി.' 'ഇപ്പളും എസ്.കെ. പൊറ്റെക്കാട്ടിന്റെ ജാതി എന്താണ് എന്ന് എനിക്കറിയില്ല. ഉറൂബിന്റെ ജാതി? കെ.എ. കൊടുങ്ങല്ലൂരിനെയും ബാബുക്കാനെയും മെഹബൂബിനെയും മതം നോക്കിയ്ട്ടല്ല ആളുകള് ഇഷ്ടപ്പെട്ടത്. ജാതീം മതോം സ്റ്റിക്കറുപോലെ അവര് നെറ്റിയില് ഒട്ടിച്ചുവെച്ചിട്ടുമില്ല.' എന്ന് മാമുക്കോയ പറയുമ്പോള്‍ വ്രണപ്പെടാൻ തക്കം കാത്തിരിക്കുന്ന ഒരു വികാരമായി മാറിയ ഇന്നത്തെ മത സങ്കൽപങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നുണ്ട്.
'ഞാൻ കഴിക്കണില്ല, അതുകൊണ്ട് നിങ്ങളും കഴിക്കാൻ പാടില്ല' എന്ന് പറഞ്ഞാല് അത് എന്തുതരം ജനാധിപത്യമാണ്? 'ഞാൻ കഴിക്കുന്നത് എനക്ക് കഴിക്കാം, നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം നിങ്ങൾക്ക് കഴിക്കാം' അതാണ് ജനാധിപത്യത്തിന്റെ പച്ചയായ നിർവചനം– ഇതാണ് ബീഫും പോർക്കും സംബന്ധിച്ച് മാമുക്കോയയുടെ രാഷ്ട്രീയം.
നമ്മ്ടെ ഭക്ഷണം കുറെ സമയം കളയ്ന്ന്ണ്ട്. നമ്മള് ആണ്ങ്ങൾക്ക് അത് അത്ര പ്രശ്നമല്ല. പെണ്ണുങ്ങൾക്ക് പ്രശ്നമാണ്. അടുക്കളയില് അവർക്ക് ഭക്ഷണമുണ്ടാക്കാനേ നേരമുള്ളൂ. എന്ന് സ്വതസിദ്ധമായ ശൈലിയിൽ മാമുക്കോയ പറഞ്ഞുവയ്ക്കുന്നു. ജീവിതത്തിലെ വിലപ്പെട്ട സമയം (ആണിനും പെണ്ണിനും അത് അങ്ങനെ തന്നെ) എങ്ങനെ വിനയോഗിക്കണമെന്നതിനെ കുറിച്ച് വലിയൊരു ചിന്തയ്ക്കുള്ള വഴി തുറക്കുന്നുണ്ട് മാമുക്കോയ. എന്നുപറയുമ്പോൾ തന്നെ ആഹാരത്തിന്റെ സന്തോഷങ്ങളെ നിഷേധിക്കുകയല്ല അദ്ദേഹം. ഭക്ഷണവും, ഭാഷണവും, ആഘോഷങ്ങളുമായി ജീവിതത്തെ കൂടുതൽ ആസ്വാദ്യകരമാക്കേണ്ടതെങ്ങനെയെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.
വൃദ്ധസദനങ്ങളെക്കുറിച്ചുള്ള മാമുക്കോയയുടെ നിരീക്ഷണം ഇങ്ങനെ– 'വൃദ്ധസദനങ്ങളോട് എനിക്കത്ര വിയോജിപ്പുമില്ല. പ്രായമാവുമ്പോ വീട്ടില് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെങ്കില് വൃദ്ധസദനങ്ങളില് പോക്ക്തന്നെയാ നല്ലത്. അവിടെ സമപ്രായക്കാരുമായി ഓർമ്മകള്‍ പങ്കിട്ടിരിക്കാമല്ലോ. വീട്ടില് തമാശ പറയാനും തെറിപറയാനും വലിയ സ്വാതന്ത്ര്യം കിട്ടില്ല. സമപ്രായക്കാരാവുമ്പോൾ പരസ്പരം തെറി പറയാം. തെറിപറയാനും വേണം സ്വാതന്ത്ര്യം.'
ലൗ ജിഹാദിനെക്കുറിച്ചും മാമുക്കോയയ്ക്ക് പറയാനുണ്ട്. 'ഈയടുത്തകാലത്ത് ഭാഷയ്ക്ക് കിട്ടിയ ഒരു സംഭാവനയാണ് ലൗ ജിഹാദ്. അടുപ്പത്തെയാണ് നമ്മള് ലൗ എന്നു പറയുന്നത് പച്ചമാപ്പിളഭാഷയിൽ പറഞ്ഞാൽ പിരിശം... ഈ പിരിശം ചിലപ്പോ കെണിയിൽ പെട്ട്പോകുന്നത്പോലെ ഒരവസ്ഥ വരാറ്ണ്ട്. അത് ആരായാലും ശ്രദ്ധിക്കണം. മനുഷ്യര് തമ്മിലുള്ള സൗഹൃദത്തില് ആരും ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞ് മണ്ണ് വാരിയിടരുത് എന്നേ എനിക്കു പറയാനുള്ളൂ.'
തന്റേടമുള്ള പെണ്ണിനെക്കുറിച്ച്, നിരവധി സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിലും പ്രായോഗികബോധമില്ലാതെ പോയ മണ്ടൻമാരെക്കുറിച്ച്, മുത്തലാഖിനെയും ദേശീയഗാനത്തെയും കുറിച്ച് അങ്ങനെ പറയേണ്ടതായ എല്ലാവിഷയങ്ങളിലും തന്റെ നിരീക്ഷണങ്ങൾ മാമുക്കോയ പുസ്തകത്തിലൂടെ കേരളസമൂഹവുമായി പങ്കുവയ്ക്കുന്നു.
അവിടെയും വായന തീരുന്നില്ല. മാമുക്കോയ സ്പെഷ്യൽ ബിരിയാണി പാചക കുറിപ്പും, മാമുക്കോയയുടെ മാപ്പിളച്ചേല് ഡിക്ഷണറിയും വായനയിലൊതുക്കാതെ പ്രായോഗികമായി തന്നെ പരീക്ഷിച്ചു തുടങ്ങിക്കോളൂ...
Read More Articles on Malayalam Literature & Books to Read in Malayalam