Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തു പറയാനായിരുന്നു ആ കോൾ ?

ബഷീറിന്റെ ബാല്യകാലസഖി വായിച്ചവരൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട് മജീദ് അവസാനമായി സുഹ്റയോടു പറയാന്‍ കൊതിച്ചതെന്തെന്ന്. മജീദ് കാത്തുവച്ച രഹസ്യം.സുഹ്റ കേൾക്കാന്‍ കൊതിച്ച സ്വകാര്യം. അവസാനമായി യാത്ര പറയുമ്പോള്‍ മജീദിനതു പറയാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും മജീദിനു കയറേണ്ട ബസ് വന്നു. എന്തായിരിക്കാം മജീദ് സുഹ്റയോടു പറയാൻ കാത്തിരുന്നത് ? 

ശ്രീദേവി വിജയന്റെ ‘ആ നിമിഷങ്ങളിൽ’ എന്ന കഥ വായിക്കുമ്പോഴും വായനക്കാർ അത്ഭുതപ്പെടും; ശ്രിയ ഫോണിൽ അവസാനമായി വിളിച്ചതെന്തിനായിരിക്കും. ശ്രിയ വിളിച്ചപ്പോൾ ഫോൺ സൈലന്റ് ആയിരുന്നു. ഫോൺ സൗണ്ടിലാക്കിയപ്പോഴേക്കും ആ കുട്ടി പോയിരുന്നു. ആ നേരത്ത് ആ കോൾ എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഇന്നും ശ്രിയ ജീവനോടെ ഉണ്ടാകുമായിരുന്നോ. ആ പെൺകുട്ടി  എന്തായിരിക്കും പറയാൻ കൊതിച്ചിട്ടുണ്ടാകുക. ഇനി അതു പറയാൻ ശ്രിയ ഇല്ല. പക്ഷേ ആ ചോദ്യം കൊളുത്തിവലിക്കുന്നുണ്ട് അനുശ്രീയെ. അതുകൊണ്ടല്ലേ കൗൺസലിങ് സെന്ററിൽ വരേണ്ടിവന്നത്. 

ചിലപ്പോൾ ശ്രിയ അടുത്തുവന്നു നിൽക്കുന്നതുപോലെ തോന്നും. ചിലപ്പോൾ ദൂരെ നടന്നുമറയുന്നതു കാണാം. ശ്രിയയിൽ നിന്നു മോചനമില്ലാതായപ്പോൾ അനുശ്രിക്ക് കൗൺസലിങ് സെന്ററിനെ അഭയംപ്രാപിക്കേണ്ടിവന്നു.

ശ്രിയ. എന്നും ധൈര്യമായി മുന്നിൽ നിന്നവൾ. തന്റേടത്തോടെ എല്ലാവരോടും ഇടപഴകിയവൾ. തല ഉയർത്തിപ്പിടിച്ച് അനീതിയെ എതിർത്തവൾ. പേടിയോടെ ഒതുങ്ങിനിന്ന കൂട്ടുകാരിക്ക് ആത്മധൈര്യം പകർന്നവൾ. അതേ ശ്രിയ, ധീരത ഒട്ടുമില്ലാത്ത പ്രവൃത്തിയിൽ അഭയം പ്രാപിച്ചപ്പോൾ ഇനി എന്തു ചെയ്യണം, എങ്ങനെ ജീവിക്കണം എന്നറിയാതെ നിന്നുപോയ അനുശ്രീ. ഈ അനുഭവം ഇതേ തീക്ഷ്ണതയിലല്ലെങ്കിലും എന്നും നേരിടുന്നുണ്ട് നമ്മളിൽ പലരും.വായിക്കുന്ന, കേൾക്കുന്ന വാർത്തകളിൽ. അറിയുന്ന അനുഭവങ്ങളിൽ. ഉത്തരങ്ങളില്ലാത്ത മരണങ്ങളിൽ. ചോദ്യങ്ങൾ അവശേഷിക്കുകയാണ്. അനേകമനേകം ചോദ്യങ്ങൾ. ഉത്തരങ്ങൾ അറിയുന്നവർ എവിടെയോ മറഞ്ഞിരിക്കുമ്പോൾ നീതി നടപ്പിലാകാതെപോകുന്നു. ന്യായം അടിച്ചമർത്തപ്പെടുന്നു. ശരിയും തെറ്റും തിരിച്ചറിയപ്പെടാതെയാകുന്നു. ഈ സന്ദിഗ്ധാവസ്ഥ കൂടിക്കൊണ്ടിരിക്കുന്നതേയുള്ളൂ പുതിയ കാലത്ത്. 

ഉത്തരമില്ലാത്ത ചോദ്യങ്ങൾ വീർപ്പുമുട്ടിക്കുന്നതു തുടരുമ്പോൾ എവിടെയാണശ്രയം, അഭയം ? സാന്ത്വനം ? 

ഇത്തരം അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും മറ്റു പലരും ഇവയിലൂടെ കടന്നുപോകുന്നുണ്ടെന്നും പറയുന്നു ‘ആ നിമിഷങ്ങളിൽ’ എന്ന കഥ. അതേ, അനുശ്രീ ഇവിടെയൊക്കെയുണ്ട്. ശ്രിയയുമുണ്ട്. ഇവർ മാത്രമല്ല, ഓണനിലാവ് എന്ന സമാഹാരത്തിലെ കഥാപാത്രങ്ങളിൽ പലരും. എവിടെയോ കണ്ടിട്ടുള്ളവർ. എന്നെങ്കിലും കാണാൻ കൊതിച്ചവർ. അകന്നുമറഞ്ഞിട്ടും മറക്കാനാവാതെപോയവർ. എന്തുകൊണ്ടോ അവർ നമ്മോടു ചേർന്നുനിൽക്കുന്നു. അടുത്ത്, വളരെ അടുത്ത്. 

കഥാസന്ദർഭങ്ങൾക്കുമുണ്ട് ഈ പ്രത്യേകത. സങ്കീർണയോ നിഗൂഢതയോ ഇല്ലാതെ വളരെ വേഗം കഥകളുടെ ഭാഗമായി മാറുന്നു വായനക്കാർ. 

സ്നേഹത്തിന്റെ പരിശുദ്ധി. നഷ്ടസ്നേഹത്തിന്റെ വ്യാകുതലത.സൗഹൃദത്തിന്റെ വാഗ്ദാനം. നിറഞ്ഞ ദുഃഖപ്പരപ്പിലും തളിർചൂടാൻ വെമ്പിനിൽക്കുന്ന ജീവിതമോഹങ്ങളുടെ ഇളംകൂമ്പുകൾ.

ഒരു ഇളംകാറ്റുപോലെ, സൗമ്യമായ തലോടൽ പോലെ, ദുഃഖം ഘനീഭവിച്ച സായാഹ്നം പോലെ, അലറിപ്പെയ്ത മഴയ്ക്കുശേഷം മടിച്ചുമടിച്ചെത്തുന്ന പ്രഭാതകിരണങ്ങൾ പോലെ വായനയുടെ ആഹ്ളാദം നിറയ്ക്കുന്ന, വലിയ ജീവിതത്തെ ചെറുവാക്യങ്ങളിലും പരിചിത സന്ദർഭങ്ങളിലും ഉൾക്കൊള്ളിക്കുന്ന ചെറിയ കഥകൾ.