ഇതൊരു ആധുനിക സാഹിത്യം അല്ല. ശരിക്കും പറഞ്ഞാൽ ഇതൊരു പുരാണം. മഹാന്മാരെയും മഹാവീരന്മാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണ് പൗരാണികന്റെ കർമ്മം. ഇതൊരു പ്രചരണകഥയാണ്. ഇന്നും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥയാണിത്. ധാരാളം സ്കൂളുകളിൽ ഇത് പാഠമാണ്. 2002ൽ ഡോക്ടർ കെ. മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഒഴിച്ച് മറ്റാരും അറിഞ്ഞിരുന്നില്ല. ഇന്ന് കൊല്ലംതോറും ഡോക്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യാഗങ്ങൾ നടക്കുന്നു. പുരാണത്തിന്റെ ശക്തി അതാണ്.
ആനഡോക്ടർ എന്ന നോവലിലൂടെ ജയമോഹൻ അവതരിപ്പിച്ച ഡോ. വി.കൃഷ്ണമൂർത്തിയെക്കുറിച്ച് നോവലിസ്റ്റ് പറയുന്നത് ഇതാണ്. കാടിന്റെ ആത്മാവ് കണ്ടെത്തിയ ഡോ. കെയുടെ ജീവിതം പുരാണകഥയെ അനുസ്മരിപ്പിക്കും പോലെ അവതരിപ്പിക്കാൻ ജയമോഹനു സാധിച്ചു എന്നതാണ് പുസ്തകത്തിന്റെ വിജയം.
നൂറുസിംഹാസനങ്ങൾ പോലെ ജയമോഹന്റെ ആനഡോക്ടർ എന്ന നോവലും കോപ്പിറൈറ്റ് ഇല്ലാതെയാണ് എഴുതിയത്. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ആനഡോക്ടർ പുസ്തകമാക്കിയിരിക്കുന്നത് കൈരളി ബുക്സ് ആണ്. പത്തനംതിട്ട ഗവിയിലെ മുൻ ഫോറസ്റ്റ് ഓഫിസറായിരുന്ന ബഷീർ പറഞ്ഞുകൊടുത്ത വിവരങ്ങൾവച്ചാണ് ജയമോഹൻ ഡോ.കെയുടെ ജീവിതം ആവിഷ്ക്കരിക്കുന്നത്. ഒരു സഹപ്രവർത്തകന്റെ അനുഭവത്തിലൂടെ കഥ വികസിക്കുകയാണ്. ആനകൾക്കായി ജീവിച്ച ആളായിരുന്നു ഡോ. കെ. ആനകൾക്കായി ജീവിതം മാറ്റിവച്ച അദ്ദേഹം വന്യമൃഗങ്ങൾ ചാകുമ്പോൾ പോസ്റ്റ്മോർട്ടം വേണം എന്ന ആവശ്യത്തിനായി പോരാടുകയും അതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും കാടുകളിൽ ആനകൾ ചരിയുന്നത് വേട്ടയാടലിന്റെ ഫലമായിട്ടാണെന്ന് അറിയുന്നത്. 18 ആനകളുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അതിൽ 12 എണ്ണവും വെടിയേറ്റാണ് ചരിഞ്ഞതെന്നു ബോധ്യപ്പെട്ടു.
ആനകളുമായുള്ള ഡോക്ടറുടെ അടുപ്പം ഹൃദയത്തിൽ തൊടുന്നതുപോലെ നോവലിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒരിക്കൽ മുതുമലയിൽ ഒരു ആന കാലിൽ കുപ്പിച്ചില്ലു കൊണ്ട് പുണ്ണ് ചീഞ്ഞ് അലയുകയാണ് എന്ന വാർത്ത വന്നു. ഡോക്ടറുടെ ഒപ്പം ഞാനും മുതുമലയിലേക്കു പോയി. കാട്ടിൽ ആനകൾ നിൽക്കുന്ന സ്ഥലം കുറുമ്പർ മുൻപു തന്നെ നോക്കിവച്ചിരുന്നു. അവരെ കയറ്റിക്കൊണ്ട് ജീപ്പിൽ കാടിന്റെ ഉള്ളിലേക്കു പോയി. ഒരുപാടുദൂരം പോയതിനു ശേഷം ജീപ്പ് നിർത്തി ഇറങ്ങിനടന്നു. ആനക്കൂട്ടം വളരെ കോപത്തിലായിരുന്നു. വാളുപോലെ മുനകൂർത്ത ഇലകളുള്ള കാട്ടുചെടികളുടെ ഇടയിലൂടെ ഡോക്ടർ വിദഗ്ധമായി നടന്നുപോയി. ആന തുരത്തിയാൽ ഓടി രക്ഷപ്പെടുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ല എന്ന് എനിക്കു തോന്നി.
ആനകളുടെ ഗന്ധം വന്നുതുടങ്ങി. എഴുപതിനോട് അടുത്തെങ്കിലും ഡോക്ടർക്ക് ദേഹം നല്ല വലിച്ചുകെട്ടിയ വില്ലുപോലെയാണ്. കാട് ഡോക്ടർക്ക് മീനിനു കടലുപോലെ. ആനകളുടെ ശബ്ദം കേട്ടുതുടങ്ങി. ഞങ്ങൾ വരുന്നത് ഒരുപാടു മുൻപു തന്നെ അവ അറിഞ്ഞിട്ടുണ്ടാകും. ആ സംഘത്തിൽ ചെറിയ കുട്ടികളുമുണ്ട്. കുട്ടികളെ സംഘത്തിന്റെ നടുക്ക് നിർത്തിയിരിക്കുകയാണ് അമ്മമാർ. പിന്നെയും നടന്നപ്പോൾ രണ്ടു വശത്തും മുളങ്കൂട്ടങ്ങൾ കരയായി നിന്നു.
ഡോക്ടർ കെ. പെട്ടിത്തുറന്ന് തന്റെ കൈയുറകൾ ഇട്ടു. സൂചിയിടാനുള്ള സാമഗ്രികൾ കണ്ടാൽ ചെറിയ എയർഗൺ ആണെന്നു തോന്നും. അതിൽ ഗുളികയാണ് ഉണ്ട. ആനയുടെ ഭാരമാണ് അദ്ദേഹം നോക്കിത്തിട്ടപ്പെടുത്തുന്നത് എന്നു മനസ്സിലായി. അതിനുതക്കതായിട്ടാണ് മരുന്ന് എടുക്കേണ്ടത്. അദ്ദേഹം ധ്യാനത്തിലെന്നപോലെ ശാന്തമായി നിന്നു ജോലിയെടുക്കുന്നത് ഞാൻ നോക്കിനിന്നു. യോഗമാകാത്ത കർമ്മം നിഷ്ഫലമാണ്. ഗീതയാണ് ഡെയിൽ കർണിഗിക്കും കോപ് മേയർക്കും മുൻപുള്ള സെൽഫ് ഇംപ്രൂവ്മെന്റ് ഗ്രന്ഥം. പക്ഷേ, അതു വായിക്കുന്നതു മുഴുവൻ നാഡി തളർന്ന കിഴവൻമാരാണ്. എവിടെയും അദ്ദേഹത്തിന്റെ സംഭാഷണം ഞാൻ കേട്ടുകൊണ്ടിരിക്കും. നിങ്ങൾ ഇവിടെയിരിക്കുക. ഞാൻ ചെന്നു നോക്കട്ടെ. വിളിച്ചാൽമാത്രം വന്നാൽ മതി. ഞാൻ നടക്കുകയായിരുന്നു. പക്ഷേ, ഒന്നും പറയാനാവില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു. ആ വലിയ തേക്കുമരത്തിൽ ചാരിനിൽക്കുന്ന കൂറ്റനാണ് രോഗി. രോഗമില്ലാതെ അങ്ങനെ ചാരിനിൽക്കില്ല. താഴെ വീണാൽ അതിനു പരിക്കുപറ്റാനിടയുണ്ട്. അതിനെ ഇപ്പുറത്തുള്ള ചെളിയിലേക്കു വരുത്തണം. മറ്റുള്ള ആനകൾക്ക് ഞാൻ ചെയ്യാൻ പോകുന്നതെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കണം. നോക്കട്ടെ ഞാൻ.
ഈ പുണ്ണിന്റെ കാരണം മനുഷ്യരാണ് എന്ന് ആനയ്ക്ക് അറിയാമോ? ഡോക്ടർ നോട്ടം തിരിക്കാതെ‘ആനയല്ലേ മലയാളിയാണെന്നു പോലും അറിഞ്ഞിരിക്കാനിടയുണ്ട്. ഒന്ന് ഇടഞ്ഞുചോദിച്ചാൽ ഇടതുപക്ഷമോ വലതുപക്ഷമോ എന്നുപോലും പറയും..’ ഡോക്ടർ നടന്നുചെല്ലുന്നത് ഞങ്ങൾ ചങ്കിടിപ്പോടെ നോക്കിനിന്നു.
ആനകളെ വളരെ അടുത്തറിഞ്ഞ ഒരാൾക്കേ ഇതുപോലെയൊരു പുസ്തകം എഴുതാൻ സാധിക്കൂ. ആനകളുടെ ചലനം, അവയുടെ ജീവിതരീതി എന്നിവയെല്ലാം ആനഡോക്ടറെപോലെ നോവലിസ്റ്റും കാണാപാഠമാക്കിയിരിക്കുന്നു. സുഹൃത്തായ ബഷീർ പറഞ്ഞുകൊടുത്ത കാര്യങ്ങൾ ഉണ്ടെങ്കിലും ആനഡോക്ടറുടെ സഹപ്രവർത്തന്റെ കണ്ണുകളോടെ എല്ലാം കണ്ട് ആവിഷ്ക്കരിക്കുകയാണ് ജയമോഹൻ ചെയ്തിരിക്കുന്നത്. മലയാളികൾക്ക് ആനയെന്നാൽ അവരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിനെക്കാൾ ഈ നോവലിനു ജനപ്രീതി ലഭിക്കുക കേരളത്തിലാണ്. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും.
Read More Articles on Malayalam Literature & Books to Read in Malayalam