Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രോൽസവത്തിൽ പങ്കെടുത്തതു ദേവദാസികളോ?

കേരളത്തിൽ ദേവദാസി സമ്പ്രദായം നിലവിലിരുന്നോ എന്നതിനെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് ചരിത്രകാരൻമാർക്കിടയിൽ. ഭൂരിപക്ഷം തെളിവുകളും ഉദ്ധരിച്ച് ദേവദാസി സമ്പ്രദായം മറ്റുചില പേരുകളിൽ ഇവിടെ നിലനിന്നിരുന്നു എന്നു സമർഥിക്കുകയാണ് സമ്പത്തും അധികാരവും – തൃശൂരിൽ നിന്നുള്ള കാഴ്ച എന്ന ചരിത്രപുസ്തകത്തിൽ ടി.ആർ.വേണുഗോപാലൻ.  

ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധം മുതൽക്കെങ്കിലും കേരളം ദേവദാസി സമ്പ്രദായം അംഗീകരിച്ചുവെന്നു കരുതാൻ ന്യായമുണ്ട്. ദേവദാസികൾ നങ്ങമാർ എന്ന പേരിൽ പുരാരേഖകളിൽ പ്രതിപാദിക്കപ്പെടുന്നുമുണ്ട്. പാട്ടും നൃത്തവും നാടകാഭിനയവുമായി കഴിഞ്ഞിരുന്നവർ. 14–ാം നൂറ്റാണ്ടുവരെയും ദേവദാസി സമ്പ്രദായം ദുഷിച്ചിരുന്നുമില്ല. ദേവദാസി പദവി പാരമ്പര്യ വഴിക്കായതുമുതൽ അതിനു ജീർണത ബാധിച്ചുവെന്നാണു പ്രമുഖ ചരിത്രകാരൻമാർ വാദിക്കുന്നത്. പിന്നീട് അതു തീരെ അധപതിച്ചു. ക്ഷേത്രത്തിലേക്കു പ്രവേശനമുണ്ടായിരുന്ന വലിയ കച്ചവടക്കാരുടെയും ഭൂപ്രഭുക്കൻമാരുടെയും സംതൃപ്തിയുടെ സ്രോതസ്സായിരുന്നു നങ്ങമാരെന്നും ഇത് ധനികരിൽനിന്നു പരോക്ഷമായി സമ്പത്ത് ക്ഷേത്രത്തിലേക്കൊഴുകുന്നതിനു കാരണമെയെന്നും ചരിത്രകാരൻ രാജൻ ഗുരുക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

തമിഴകത്തുണ്ടായിരുന്ന അത്ര വിപുലമായ തോതിൽ ദേവദാസികൾ കേരളത്തിലുണ്ടായിരുന്നില്ല എന്നതു ശരിയാണെങ്കിലും നൃത്തത്തിന്റേയും സംഗീതത്തിന്റേതുമായ തെളിവുകൾ ക്ഷേത്രങ്ങളിലെ പുരാലിഖിതങ്ങളിലും ശിൽപങ്ങളിലും ചുവർചിത്രങ്ങളിലും അവശേഷിച്ചിരിക്കെ ദേവദാസി സമ്പ്രദായം കേരളത്തിലുണ്ടായിരുന്നില്ലെന്നു പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ടി.ആർ.വേണുഗോപാലൻ വാദിക്കുന്നു.

ദേവദാസികൾ കേരളത്തിലുണ്ടായിരുന്നു എന്നു തെളിയിക്കുന്ന ഒരു മണിപ്രവാള കൃതിയുണ്ട് –ചന്ദ്രോൽസവം. 15–ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ 16–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ രചിക്കപ്പെട്ട കൃതി. തൃശൂർ ജില്ലയിലെ ചിറ്റിലപ്പിള്ളിയാണ് കാവ്യത്തിന്റെ ഭൂമിക. ദേവദാസികളുടെ ഒരു മഹാസമ്മേളനം അരങ്ങേറിയതായാണ് ഇതിവൃത്തം. മണക്കുളം നാടുവാഴി കണ്ടൻകോതയുടെ മേൽനോട്ടത്തിലാണു സംഗമം നടന്നത്. മേദനീ വെണ്ണിലാവാണു നായിക. ജൻമികളായ ബ്രാഹ്മണരും നാടുവാഴികളും കവികളും മാത്രമേ ഉൽവത്തിൽ ക്ഷണിക്കപ്പെട്ടിരുന്നുള്ളൂ. അവരും അവരുടെ ഭാര്യമാരും ദേവദാസികളുമല്ലാതെ മറ്റാരും ചന്ദ്രോൽസവത്തിൽ പങ്കെടുത്തതതായി സൂചനയില്ലെന്നും ഗ്രന്ഥകാരൻ സമർഥിക്കുന്നു.

മേദിനീ വെണ്ണിലാവു മുതൽ ചന്ദ്രോൽസവത്തിൽ പങ്കെടുക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരുടെ വിവരണം കാവ്യത്തിലുണ്ട്. കൃതിയിലെ രസകരമായ വിവരണങ്ങളിലൊന്ന് പാറയ്ക്കാട്ട് ഇട്ടിയുടെ വരവാണ്. ഇട്ടി വരുന്നതുകണ്ട് അവിടെ കൂടിയിരുന്ന ജനം ‘ജയജയ പാറയ്ക്കാട്ടിട്ടി’എന്ന് ആർത്തുവിളിച്ചുവത്രേ. ചന്ദ്രോൽസവത്തിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുള്ള ജന്മിമാരിൽ ചോകീരം, ഈശാനമംഗലം, സംഗമഗ്രാമം, ചെങ്ങന്നൂർ, ഐരാണിക്കുളം,പന്നിയൂർ എന്നിവടങ്ങളിലെ നമ്പൂതിരിമാർ ഉൾപ്പെടുന്നു.

16–ാം നൂറ്റാണ്ടിലെ ബ്രാഹ്മണാധിപത്യ പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ ഭോഗാലസതയാണ് ഈ കൃതിയിൽ തെളിഞ്ഞുവരുന്നതെന്നു വാദിക്കുന്നു ടി.ആർ.വേണുഗോപാലൻ.

ഗോത്രവ്യവസ്ഥയിൽനിന്ന് കാർഷിക സംസ്കൃതിയിലേക്കും വർഗ്ഗസമൂഹത്തിലേക്കുമുള്ള മധ്യകാല കേരളത്തിന്റെ പരിണാമം വിവരിക്കുന്ന പുസ്തകമാണ് സമ്പത്തും അധികാരവും. പുരാലിഖിതങ്ങൾക്കുപുറമെ പെരുവനം, വടക്കുംനാഥൻ, കൂടൽമാണിക്യം, പത്മനാഭസ്വാമി ക്ഷേത്രങ്ങളിലെ ഗ്രന്ഥവരികളും കൂടി പ്രയോജനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സമ്പത്തിന്റെയും അധികാരത്തിന്റെയും പാരസ്പര്യം മധ്യകാല ക്ഷേത്രങ്ങളിൽ കണ്ടെത്തുന്ന ഈ കൃതിയിൽ ഉദാഹരിച്ചിട്ടുള്ള തെളിവുകൾ അധികവും തൃശൂർ ജില്ലയിൽനിന്നാണ്. അതിനാൽ സാങ്കേതികമായ നിർവചനത്തിൽ ഇതു തൃശൂരിന്റെയും അതിലുപരിയായി കേരളത്തിന്റെയും സമഗ്രചരിത്രമാണ്.

Read More Books In Malayalam Literature, Malayalam Literature News, Articles on Malayalam Books