Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയ്ക്കുള്ളിലെ ജീവിതങ്ങളുടെ കഥ പറയുന്ന നോവൽ

സിനിമയ്ക്കുള്ളിലെ ജീവിതമെന്ന് എഴുത്തുകാരൻ തന്നെ വിശേഷിപ്പിക്കുന്ന ഈ നോവൽ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് സഞ്ചരിക്കുന്നു. തിരക്കഥാകൃത്ത്, സംവിധായകർ, നടീനടന്മാർ, സിനിമാ പ്രവർത്തകർ, അതിൽ പ്രമുഖ കഥാപാത്രങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവരാണ് കഥാപാത്രങ്ങൾ. ഒരു സിനിമ കഴിയുന്നതുവരെ നിലനിൽക്കുന്ന സ്നേഹ ബന്ധങ്ങൾ, പ്രണയം, കാമം ഇങ്ങനെ വ്യത്യസ്തമായ ഒരു കഥ പറയുന്നു.

സിനിമയുടെ അകത്തളങ്ങളിൽ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത്. ജീവിതം സിനിമയായി മാറിയ ഒരു നായികയുടെ അല്ല രണ്ടു നായികമാരുടെ ജീവിതം വരച്ചിടുന്ന നോവൽ ആണ് നക്ഷത്രങ്ങളുടെ ആൽബം.

തന്റെ കഥയ്ക്ക് പല നായികമാരുടേയും ജീവിതവുമായി ബന്ധം തോന്നാം. എഴുപതുകളിലേയും എൺപതുകളിലേയും തൊണ്ണൂറുകളിലേയും രണ്ടായിരം മുതൽ ഇന്നുവരെയുള്ള നായികമാരുടെ വ്യക്തി ജീവിതവുമായി ചേർന്നു നിൽക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്ന നോവലാണിത്. പക്ഷേ അത് യാദൃച്ഛികം മാത്രമാണ് എന്നാണ് നോവലിസ്റ്റു പറയുന്നത്.

കഥാസാരം

ശ്രീബാലയെന്ന പഴയകാല നായിക നവാഗത സംവിധായകനായ പ്രശാന്തിന്റെ സിനിമയിലെ തുല്യ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്നു. സമകാലീന സിനിമയിൽ തരക്കേടില്ലാത്ത പ്രശസ്തിയുള്ള സുചിത്രയാണ് ബാലയോടൊപ്പം തുല്യ സ്ഥാനം പങ്കിടുന്നത്. ഷൂട്ടിംഗിനിടയിലും ഇടവേളകളിലും സംഭവിക്കുന്ന അനശ്ചിതത്വങ്ങളും മാനസിക സംഘർഷങ്ങളും കഥാപാത്രങ്ങളുടെ ജീവിത വ്യഥകളും ഓർമ്മകളും നോവലിനെ മുന്നോട്ടു നയിക്കുന്നു.

ശ്രീബാല

കലാകാരിയായതിനാൽ ഹൈസ്ക്കൂൾ പഠനകാലത്തു തന്നെ അഭ്രപാളിയിൽ തിളങ്ങാൻ അവസരം. പക്ഷേ വിദ്യാലയ ദിനങ്ങളുടെ സന്തോഷം അതോടെ കെട്ടടങ്ങി. തനിക്ക് ഒട്ടും ഇഷ്ടമല്ലാത്തിടത്ത് എത്തപ്പെട്ടതിന്റെ വീർപ്പുമുട്ടലായിരുന്നു അവൾക്ക്.

പ്രീഡിഗ്രീ പഠന കാലത്ത് കോളജ് ഡേയ്ക്ക് പാടാൻ പരിശ്രമിച്ചു പഠിച്ച ഗാനം ഏഴു സുന്ദരരാത്രികൾ പാടാനാവാതെ പുതിയ സിനിമയുടെ ലോക്കേഷനിലേക്ക് പോകേണ്ടി വന്നതിന്റെ വേദന ഒരു ശർദ്ദിയുടെ അസ്വസ്ഥതയായി അവളിൽ തങ്ങി നിന്നു.

ഒരു ദിനം സെറ്റിലെത്തിയ ശാന്തനായ നന്ദനെന്ന ചെറുപ്പക്കാരനിൽ ഒരു പ്രതിഭാശാലി ഒളിഞ്ഞിരിക്കുന്നതു തിരിച്ചറിഞ്ഞ ശ്രീബാല അവനു വേണ്ടി സംവിധായകരോട് ശുപാർശ ചെയ്ത് ചെറിയ അവസരങ്ങൾ നൽകി. അവൻ അത് അറിയരുതെന്ന് ചട്ടം കെട്ടി. എന്നാൽ അവൻ ഔദാര്യം തിരിച്ചറിയുന്നുണ്ട്. പിന്നീട് ശ്രീബാലയുടെ നായകനും ജീവിത നായകനുമായി നന്ദൻ ഉയർന്നു.

ബാല ഗൃഹസ്ഥയായി ഒതുങ്ങി. നന്ദൻ കോടികൾ പ്രതിഫലം വാങ്ങുന്ന നായകനായി ഉയർന്നപ്പോൾ ഇരുവരും വേദനയോടെ തിരിച്ചറിഞ്ഞു. അവർക്കിടയിൽ പ്രണയം പോയിട്ട് കാമം പോലും ഇല്ലായിരുന്നു എന്ന സത്യം. അങ്ങനെയാണ് ശ്രീബാലയുടെ തിരിച്ചു വരവ്. ശ്രീബാലയെ വീണ്ടെടുത്തത് ആബിദ, ഇന്ദു, അനിത എന്നീ സുഹൃത്തുക്കൾ.

സുചിത്ര

ശ്രീബാല തിളങ്ങിനിന്ന സമയത്ത് ചെറിയ റോളുകൾ മാത്രം ചെയ്ത് പിടിച്ചു നിന്നിരുന്ന നടി ശ്രീബാലയുടെ ഒഴിവിൽ തന്നെത്തന്നെ പലർക്കും അടിയറവു വെച്ച് കുടുംബത്തിനു വേണ്ടി നേർച്ചക്കോഴിയായി പണവും പ്രശസ്തിയും മതിയാവോളം നേടി. തനിക്കു വേണ്ടവരെ കാശു നൽകി കിടപ്പറയിലേക്ക് ക്ഷണിക്കുന്നതാണ് അവൾക്ക് വാശിയും വിനോദവും.

അങ്ങനെ പരിചയപ്പെട്ട ഒരു സമ്പന്നനായ ചെറുപ്പക്കാരൻ അവളെ ജീവിത പങ്കാളിയാക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അവന്റെ നിഷ്കളങ്കത അവളെ വല്ലാതെ നോവിക്കുന്നു. വേദനയോടെ ആ പ്രണയം അവൾ നിരസിക്കുന്നു.

തന്റെ കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ച നവാഗത സംവിധായകനു വേണ്ടി തന്റെ പഴയ കക്ഷിയായ നിർമ്മാതാവിനെ കണ്ടെത്തി പ്രതിസന്ധിയിലായ സിനിമ പൂർത്തിയാക്കുന്നതും സുചിത്രയാണ്.

പ്രശാന്ത്

വ്യവസായിയായ രാജശേഖരനും മകൾ ഗംഗയും പ്രശാന്തിന്റെ അയൽക്കാരായി എത്തിയത് പ്രശാന്തിലെ വായനക്കാരനെ വളർത്തി. അവനു വേണ്ടി ഓരോ ബിസിനസ്സ് യാത്ര കഴിഞ്ഞു വരുമ്പോഴും അദ്ദേഹം പുതിയ പുസ്തകം വാങ്ങിക്കൊണ്ടുവന്നു. അദ്ദേഹത്തോടുള്ള ആരാധനയും ഗംഗയോടുള്ള അനുരാഗവും വളർന്നു. അദ്ദേഹം അവനെ സിനിമയോട് ആവേശമുള്ളവനാക്കി.

അധികം വൈകാതെ നഗരത്തിലേക്ക് മടങ്ങിയ ഗംഗ ക്രിക്കറ്റ് കളിക്കാരനായ വിക്ടറെ ആരാധിച്ചപ്പോഴും പ്രശാന്തിന്റെ മനസ്സിൽ നിന്ന് ഗംഗ മാഞ്ഞില്ല.

കലാലയത്തിലെ സുഹൃത്തുക്കൾ പ്രകാശനും വിദ്യയും ജലജയും അവന്റെ സിനിമാ മോഹം ഉണർത്തി. ശ്രീബാലയുടെ കടുത്ത ആരാധകനായിരുന്ന പ്രശാന്തിന്റെ സ്വപ്ന സാക്ഷാൽകാരമാണ് ഈ സിനിമ.

സിനിമ വിജയിച്ചോ ?

നന്ദൻ ശ്രീബാല ബന്ധം ?

നോവൽ വായിച്ച് തുടർന്നുള്ള സംഭവഗതികൾ അറിയുക.

നോവലിലൂടെ

സ്വതേ ശാന്തനും മാന്യനും സ്ത്രീ ജനങ്ങളോട് നല്ല ബഹുമാനവും ഉള്ള ഒരാളുടെ പ്രതിരൂപമാണ് പ്രശാന്ത്.

ഉത്തരാധുനിക എഴുത്തുകാരുടെ ദുരൂഹതയോ യാഥാർത്ഥ്യം മിത്ത് ഭ്രമാത്മകത ഇവ ഇഴചേർന്ന പുതിയ എഴുത്തുകാരുടെ ശൈലിയോ ഈ നോവലിൽ കാണുന്നില്ല.

ലളിതവും ഒതുക്കവും ഉള്ള ഭാഷയിൽ ഒഴുക്കോടെ കഥ പറയുന്ന രീതി ഏവരേയും ആകർഷിക്കും. ആദി മുതൽ അവസാനം വരെ ആകാംഷ നിലനിർത്താൻ എഴുത്തുകാരനു സാധിച്ചിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ ജീവിതം തന്നെയാണ് നക്ഷത്രങ്ങളുടെ ആൽബം.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം