ചില വായനകൾ അങ്ങനെയാണ്, ഉന്മാദിക്കണോ, നിലവിളിക്കണോ എന്ന് മനസ്സിലാവില്ല.. ശ്വാസം മുട്ടലുണ്ടായേക്കാം, ചിലപ്പോൾ നിസംഗത തോന്നിയേക്കാം, പ്രണയവും തോന്നിയേക്കാം... വായന അപൂർണമാണോ എന്നും തോന്നിയേക്കാം, പക്ഷെ വായിക്കാതെ ഇരിക്കാൻ ആവുന്നതേയില്ലല്ലോയെന്നു പരവശപ്പെട്ടു പോകുന്നുണ്ട്...
മൂന്നു നാടകങ്ങളുടെ സമാഹാരമാണ് ജോയ് മാത്യുവിന്റെ "വീടുകൾ കത്തുന്നു" എന്ന പുസ്തകം. മധ്യധരണ്യാഴി, സങ്കടൽ, വീടുകൾ കത്തുന്നു എന്ന മൂന്നു നാടകങ്ങൾ നേർ രേഖയിൽ ഇങ്ങനെ സഞ്ചരിക്കുമ്പോൾ വെറുതെ തോന്നുന്നു, കത്തുന്ന എത്രയോ വീടുകളിൽ കൂടി കയറിയിറങ്ങിയിട്ടില്ലേ എന്ന്.... വീടിനു മുറ്റത്തെ കടൽ എന്തുകൊണ്ടാണ് ഇത്രമാത്രം നിശബ്ദമായി പോകുന്നതെന്ന്...
ജോയ് മാത്യുവിന്റെ നാടകങ്ങൾ ആഘോഷങ്ങളുടെ കതിനകൾ പൊട്ടിച്ച് ഒച്ച ഉയർത്തുന്നവയല്ല. ഏറ്റവും നിശബ്ദമായി മനുഷ്യനെ നോക്കുകയും അവരുടെ ഹൃദയത്തെ അതിന്റെ എല്ലാ വശങ്ങളിലൂടെയും സഞ്ചരിച്ച് അതിലെ മുറിവുകൾ കണ്ടെത്തുകയും അതിൽ കൂടുതൽ വലിയ ദ്വാരങ്ങളുണ്ടാക്കി ചോര വാർക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണ്. പുറമേ കാണുന്ന തിരമാലകൾ അലച്ചാർക്കുന്ന കടലല്ല, എഴുത്തുകാരന്റെ ആരും അറിയാത്ത ശാന്തമായ കടൽ. അവിടെ അലകൾ ഉയരുന്നത് പുറത്തല്ല, ഏറ്റവും അടിത്തട്ടിൽ മാത്രം. മൂന്നു നാടകങ്ങൾ, മൂന്നും പറയുന്നത് ഒരേ ജീവിത വശങ്ങളുടെ നേർസാക്ഷ്യങ്ങൾ. വളരെ ശാന്തമായി മുന്നോട്ടൊഴുകിയ ജീവിതങ്ങളിൽ മൂന്നാമതൊരാൾ കടന്നു വരുമ്പോൾ അപ്രതീക്ഷിതമായി ജീവിതങ്ങളിൽ സംഭവിക്കുന്ന വളരെ കൃത്യമായ കാര്യങ്ങളെ നാടകങ്ങളിലുമുള്ളൂ, പക്ഷെ എഴുത്തിന്റെ മാന്ത്രികത കൊണ്ട് ആ മൂന്നാമനും അയാൾ കത്തിക്കുന്ന മനസ്സുകളും ഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും ഉള്ള ഓരോ സന്ദേശ ഇടങ്ങളിൽ കൂടിയും അഗ്നിസ്ഫുലിംഗങ്ങൾ പോലെ പടരുന്നുണ്ട് .
സങ്കടൽ ആണ് ഏറ്റവും കടുപ്പമേറിയതും ഏറ്റവും പരന്നു കിടക്കുന്നതും. ഒരു നാടകമെഴുത്തുകാരൻ അദ്ദേഹത്തിന്റെ ഭാര്യയേയും കൊണ്ട് വളരെ വിചിത്രമായ ഒരു ഹോട്ടലിൽ തങ്ങാൻ വരുന്നതോടെ ആരംഭിക്കുന്ന നാടകം അവസാനിക്കുന്നത് അവർക്കിടയിലേക്ക് കടന്നു വരുന്ന ഒരു മൂന്നാമൻ, അയാളുടെ വ്യക്തിത്വം അപ്പോഴും കൃത്യമല്ലെങ്കിൽ പോലും അയാൾ സ്വയം ചുറ്റും നടക്കുന്ന പല സത്യസന്ധമായ അനുഭവങ്ങളിൽ നിന്നും ഒളിച്ചോടുന്നിടത്താണ്. പലപ്പോഴും പുരുഷൻ ജീവിത സാഹചര്യങ്ങളിൽ ഒളിച്ചോട്ടത്തിനു തയ്യാറാകുന്നവനും സ്ത്രീ എന്തിനും ഏതിനും ധൈര്യമുള്ളവളും ആയി തീരുന്നുണ്ട്. ഈ മൂന്നു നാടകങ്ങളിലുമുള്ള സ്ത്രീ കഥപാത്രങ്ങളെ എടുത്തു നോക്കുമ്പോൾ ആ വിലയിരുത്തൽ ശരിയുമാണ്. ഇതിലെ പുരുഷ കഥാപാത്രങ്ങൾ ഒന്ന് കൊലപ്പെടുത്തുവാനോ, സ്വയം മരിക്കുവാനോ എന്തിനു പ്രണയിക്കുവാൻ പോലും അശക്തരാണ്, പക്ഷെ സ്ത്രീകൾ വീടിനു പുറത്തേക്ക് അവരുടെ നിഴലുകൾ നീങ്ങുന്നില്ലെങ്കിൽ പോലും കൊലപ്പെടുത്തുവാനും പ്രണയം സ്ഥാപിക്കുവാനും വിജയിയാകുവാനായും പ്രയത്നിക്കുന്നവളാണ്. അവിഹിത ബന്ധങ്ങളിൽ ഒരുപോലെ സ്ത്രീയും പുരുഷനും പങ്കു വഹിക്കുന്നവരാകുന്നുണ്ട് ഈ നാടകങ്ങളിൽ എല്ലാം തന്നെ, അല്ലാതെ കുറ്റങ്ങൾ ഒരാളുടെ ചുമലിൽ താങ്ങി ആരും രക്ഷപെടാൻ ശ്രമിക്കുന്നതേയില്ല.
വിചിത്രമായ രുചികളാൽ വിചിത്രമായ ആൾക്കാരാൽ വന്നു പോകപ്പെടുന്ന ആ ഹോട്ടൽ സങ്കടലിന്റെ തീരത്താണ്. കറുത്ത കടൽ വഹിക്കുന്നത് എത്രയോ കഥകളുടെ ആത്മാക്കളെയാണെന്നു നാം കണ്ടെത്തുന്നുണ്ട്. ഹോട്ടൽ ബോയ് പറയുന്നതും അപരിചിതൻ പറയുന്നതും ഭർത്താവ് പറയുന്നതുമായ കഥകളിൽ നിന്നും നായികയായ സുനിതക്ക് ഒരുപക്ഷെ ഏറ്റവും ഇഷ്ടമായത് അപരിചിതന്റെ ശലഭങ്ങളുടെ കപ്പൽ കഥയായിരിക്കണം. അല്ലെങ്കിലും പ്രണയത്താൽ ചാലിച്ച സങ്കട കഥകൾ തന്നയാണല്ലോ മനുഷ്യന്റെ ഭാഗധേയം തീരുമാനിക്കുന്നത്. ചില ബന്ധങ്ങൾ എത്ര നേർത്ത നൂലിഴകൾ കൊണ്ടാണ് നെയ്തു വച്ചിരിക്കുന്നത് ഈ കാലം! അത്തരം ബന്ധങ്ങളുടെ ഇഴയില്ലായ്മയെ ഒരു അപരിചിതന്റെ സഹായത്തോടെ പൊട്ടിച്ചെറിയുമ്പോൾ കാലം കൈകൊട്ടി ചിരിക്കും എന്നത് ഉറപ്പാണ്. മുറി മാറി കയറി വന്ന കഥാപാത്രങ്ങൾ ഈ പുസ്തകത്തിലെ എല്ലാ നാടകങ്ങളിലും പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നവരാണ്. ഒരുപക്ഷെ ആ അപരിചിതർ തന്നെയാണ് നാടകത്തിന്റെ പ്രധാന കർമ്മികളും. സ്വയമറിയാതെ കർമ്മങ്ങളിലേക്ക് ചെന്ന് വീഴുന്നവർ. ഉള്ളിൽ ഒരുപാട് സങ്കടം പേറുന്ന ആ കറുത്ത കടലിനോടു ഒടുവിൽ ഇഴ പൊട്ടിച്ചെറിഞ്ഞ കണ്ണികൾ ചെന്ന് പതിക്കുമ്പോൾ കഥാനായികയുടെ ഹൃദയത്തിൽ എന്തായിരുന്നിരിക്കണം! ഈ ഭൂമിയിലെ ഏറ്റവും വലിയ നിസ്സംഗതയായിരിക്കണം അവൾ അവിടെ നിന്ന് അനുഭവിച്ചിട്ടുണ്ടാവുക.
എല്ലായിടങ്ങളിലും ഒരു മൂന്നാമന്റെ സാന്നിധ്യം സൃഷ്ടിക്കുന്ന അലോസരങ്ങളുണ്ട്. ആ മൂന്നാമൻ ചിലപ്പോൾ മനുഷ്യനോ വിധിയോ എന്തുമാകാം. ഈ നാടകങ്ങളിലെല്ലാം തന്നെയും അത്തരം ഒരു മധ്യസ്ഥൻ എത്തുന്നുണ്ട്. എന്തിനു ഒരു മൂന്നാമൻ എത്തുമ്പോൾ വീടുകൾ കത്തണം? ഈ ചോദ്യം മനുഷ്യന്റെ മനസ്സിനോളം ആഴമുള്ളതാണ്. ഏറ്റവും അസംതൃപ്തമായി ജീവിക്കുമ്പോഴും പുറമേ റോൾ മോഡലുകളായി ജീവിതം ജീവിക്കുന്ന ദമ്പതികളുടെ ഇടയിലേക്കാണ് ഈ മൂന്നാമൻ എത്തി ചേരുന്നത്. അതുവഴി ഉള്ളിൽ കെട്ടി കിടക്കുന്ന അസംതൃപ്തികൾ പിന്നെ ഒരു കടൽ പോലെ തിരമാലകൾ ഉയർത്തി തുടങ്ങുന്നു. അതുവരെ ശാന്തമായി കിടക്കുന്ന സങ്കടലുകൾ പതുക്കെ ഇരമ്പമുയർത്താൻ തുടങ്ങും. മൂന്നു നാടകങ്ങളിലും ഒരുപക്ഷെ ഈ കടലിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയും. മനസ്സാണ് ഇവിടെ കടൽ... ചിലപ്പോൾ ജീവിതങ്ങളും...
പേര് പോലെ തന്നെയാണ് "വീടുകൾ കത്തുന്നു" എന്ന നാടകം. കത്തുന്നത് ഓരോ സമൂഹത്തിലെയും എണ്ണമറ്റവീടുകളാണ്. കാമുകന്റെ ഭാര്യ മറ്റൊരാളുടെ കാമുകിയാവുകയും കാമുകിയുടെ ഭർത്താവ് മറ്റൊരാളുടെ കാമുകനാവുകയും ചെയ്യുമ്പോൾ പരസ്പരം വിട്ടു കൊടുക്കലാണോ അതോ സ്വയം ഇല്ലാതായി തീർക്കുകയാണോ വേണ്ടത്! ഒരു തോക്കിൻ കുഴലിൽ ഇരുവരെയും നിർത്തി പക തീർക്കാതെ ഗാലറിയിൽ ഇരുന്ന് കളി കാണുന്നവനെ പോലെ കാമുകിയുടെ ഭർത്താവ് കാമുകന്റെ ഭാര്യയെ ഒരു കാഴ്ചക്കാരിയായി ക്ഷണിക്കുമ്പോൾ അവിടെ അടച്ചിട്ട മുറിയ്ക്കുള്ളിൽ മറ്റു ചില രംഗങ്ങൾ അവതരിക്കപ്പെടുന്നു. അവരാണ് കാമുകനും കാമുകിയും... മറ്റാരുടെയോ വീടുകളുടെ ഭാഗമാണ് എന്നറിഞ്ഞിട്ടും പരസ്പരം ഒറ്റയായി തീർന്നവർ.., അവൾക്ക് ചോദിക്കാതിരിക്കാൻ വയ്യ,
ഞാനേതു വേഷമാണ് സ്വീകരിക്കുക എന്ന അവളുടെ ചോദ്യത്തിന്, നിനക്കിഷ്ടമുള്ള വേഷം എന്ന് അയാളുടെ മറുമൊഴി. നിന്നെ മുഴുവനായി ലഭിക്കുന്ന വേഷമേതോ അത് മതിയെന്ന് അവളുടെ ആഗ്രഹം... നീ തന്നെ അതും തീരുമാനിക്കൂ എന്ന് അവന്റെ സങ്കടം...
പക്ഷെ എപ്പോഴും സ്വയം തിരഞ്ഞു താൻ ആരാണെന്നു മനസ്സിലാക്കാൻ കഴിയാതെ പോയ നായകന് കാമുകിക്ക് എങ്ങനെയാണ് തന്നെ നൽകേണ്ടതെന്ന് മനസ്സിലാകുന്നതേയില്ല.
അസംതൃപ്തരാണ് എഴുത്തുകാരന്റെ കഥാപാത്രങ്ങൾ. എത്രമാത്രം പ്രണയം ലഭിച്ചാലും എത്രത്തോളം ആഗ്രഹങ്ങൾ നടന്നാലും സങ്കടലിൽ നിന്ന് അവർക്കായി കയറി വരുന്ന ഒരു ദേവതയെ അവർ എപ്പോഴും പ്രതീക്ഷിച്ച് കൊണ്ടേയിരിക്കും. ആ ദേവതയ്ക്കു വേണ്ടി ഒരു മടിയുമില്ലാതെ കടലിന്റെ അടിത്തട്ടിലേക്ക് സങ്കടലിലെ ഒരു കഥാനായകൻ താണിറങ്ങിയത് പോലെ പോവുകയും ചെയ്യും. പക്ഷെ ഒരിക്കലും സംതൃപ്തി കിട്ടാതെ കഥാപാത്രങ്ങളെല്ലാം ഒടുവിൽ അവനവനെ തന്നെ ചോദ്യം ചെയ്യും. പിന്നെയും ആവർത്തിക്കുന്ന കാത്തിരിപ്പുകൾ, പ്രണയത്തിന്റെയും മോഹങ്ങളുടെയും കലമ്പലുകൾ...
ജോയ് മാത്യുവിന്റെ നാടകങ്ങളിലെല്ലാമുള്ള ഒരു കഥാപാത്രം തന്നെയാണ് രക്തം. രക്ത തബലയിലെയും സങ്കടലിലെയും വീടുകൾ കത്തുന്നു എന്നതിലേയുമൊക്കെ ഒരു സവിശേഷ രംഗമായി രക്തം ചൊരിയുന്നുണ്ട്. വെറും ചോരയല്ല മുറികളിലൂടെ പരന്നൊഴുകുന്നത്, മറിച്ച് സങ്കടലിന്റെ നിശ്ശബ്ദതകൾ പേറി തകർന്നു പോയ എഴുത്തുകാരന്റെ തന്നെ രക്തമാണെന്നു തിരിച്ചറിയാം. സ്വന്തം രക്തം ഒഴുകിയൊഴുക്കി ഒടുവിൽ നിശബ്ദയായ കടലിന്റെ ഉള്ളിലെ ഇരമ്പം വായനയിൽ പോലും അനുഭവിക്കാം. ശരീരം മുറിഞ്ഞ കബന്ധം ആസുര താളങ്ങളിൽ നൃത്തം വയ്ക്കുമ്പോൾ പക്ഷെ പതറിപോകാത്തതു എവിടെയും സ്ത്രീ മാത്രമായിരിക്കും.
പുസ്തകത്തിലെ ആദ്യ നാടകമായ മധ്യാരണ്യാഴിയിലും സംഭവിക്കുന്നത് മറ്റൊന്നല്ല. മധ്യവർത്തിയായ ഒരു കുടുംബത്തിൽ കടന്നു വരുന്ന ആ മൂന്നാമന് ഉടലില്ല... ഉടൽ നഷ്ടപ്പെട്ട ഒരു തല പക്ഷെ അവരുടെ ജീവിതത്തിലെ അസ്വാരസ്യങ്ങളും ആധികളും പുറത്തേയ്ക്ക് കൊണ്ട് വരാൻ പരിശ്രമിക്കുന്നുണ്ട്. സംഘർഷങ്ങളുടെ ഭൂമികയാണ് മനസ്സുകൾ.. നഷ്ടപ്പെടുന്ന വിപ്ലവവും പ്രണയവുമൊക്കെ ആധികളാക്കി കൂടെ കൊണ്ട് നടക്കുന്ന എഴുത്തുകാരൻ എന്ത് ചെയ്തിട്ടാണ് അവസാനം സ്വസ്ഥനാകേണ്ടത് എന്ന് സ്വയം അന്വേഷണം നടത്തുന്നുണ്ട്, ഒരുപക്ഷെ എല്ലായിടങ്ങളിലും പരാജയപ്പെട്ടു ചോര വാർന്നു പോകുന്നുണ്ടെങ്കിലും ഓരോ നാടകങ്ങളിലും ആ അന്വേഷണം തുടരുക തന്നെയാണ്...
വായന തീർക്കുമ്പോൾ കരച്ചിലുകൾ വന്നു മൂടി. കഥാപാത്രങ്ങളുടെ നൈരന്തര്യമോർത്തല്ല. അവർക്ക് സംഭവിക്കേണ്ടത് മാത്രമേ സംഭവിച്ചുള്ളൂ, അല്ലെങ്കിലും എന്ത് സംഭവിച്ചു എന്നാണ്? വിധിക്കൊപ്പം നിന്ന് കളി കണ്ടതേയുള്ളൂ, പക്ഷെ നാടകം മനസ്സിലിങ്ങനെ കഥാപാത്രങ്ങൾ അഭിനയിച്ച് അരങ്ങു തകർക്കുന്നതാകുമ്പോൾ കത്തിപടർന്ന നെഞ്ചു ആധി കയറി മൂടിയതാകണം. വിഭ്രമിപ്പിക്കുന്ന കാവ്യനീതിയില്ലായ്മയാണ് ഈ നാടകങ്ങളെല്ലാം പേറുന്നത്. അലഞ്ഞു നടക്കുന്ന ഒരു ഭ്രാന്തന്റെ വിവരക്കേടുകൾ... സമൂഹത്തിന്റെ നല്ല നടപ്പിൽ നിന്നും മാറി നടക്കുന്നവർ തന്നെയാകുമല്ലോ ഭ്രാന്തന്മാർ...ഒരുപാട് വിവരമുണ്ടെന്നു നടിക്കുന്നവർക്കിടയിൽ ഞാൻ ഇങ്ങനെയൊന്നുമില്ലാ എന്ന് സ്ഥാപിക്കുന്നവരുമാണല്ലോ അവർ... അപ്പോൾ അവർ ചെയ്യുന്നത് വിവരക്കേടാകാതെ എങ്ങനെ...
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം