ഒരു അഭിസാരികയുടെ കഥ സിനിമയായി ചിത്രീകരിക്കപ്പെടുമ്പോഴോ സാഹിത്യരൂപമായി അക്ഷരരൂപം കൈവരിക്കുമ്പോഴോ സാധാപ്രേക്ഷകന്‍ അതില്‍ നിന്നും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും നഗ്നതയും ലൈംഗികബന്ധങ്ങളുടെ ചിത്രീകരണവുമാണ്. എന്നാല്‍ അതൊന്നും കാണിക്കാതെ തന്നെ അവളുടെ ജീവിതവും ഹൃദയത്തിന്റെ വിങ്ങലുകളും എത്രമേല്‍ ഹൃദ്യമായി ആവിഷ്‌കരിക്കാനും അനുവാചകഹൃദയങ്ങളില്‍ വേദനയുണര്‍ത്തുവാനും കഴിയും എന്നതിന് മലയാള സിനിമയില്‍ മികച്ച ഒരു ഉദാഹരണമേയുള്ളൂ. അതത്രെ യശ്ശശരീരനായ സംവിധായകന്‍ ഐവി ശശിയുടെ അവളുടെ രാവുകള്‍.
എന്നിട്ടും മലയാളികളുടെ കപടസദാചാരചിന്തകളിലും സംസാരങ്ങളിലും ഏറ്റവും വെറുക്കപ്പെട്ടതും കുടുംബങ്ങളെ തകര്‍ക്കുന്നതുമായ സിനിമയാണ് അതെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അതും പോസ്റ്ററുകളിലെ ഒരേ ഒരു ദൃശ്യത്തിന്റെ പേരില്‍..
ആ ദൃശ്യത്തെക്കുറിച്ച് തിരക്കഥയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്
..അവള്‍ വലതുകാല്‍ കട്ടിലിന്റെ അരികില്‍ ഉയര്‍ത്തി അകത്തി ഷര്‍ട്ടുമാറ്റി തുടയില്‍ നോക്കി. ഒരു ചെറിയ മുറിവ്. നീളത്തില്‍ ബ്ലേഡുകൊണ്ട് പോറിയതുപോലെ.. അയാള്‍ ആര്‍ത്തിയോടെ അവളുടെ നഗ്നത നോക്കി നിൽക്കുകയാണ്. അവള്‍ വിരല്‍ നാക്കില്‍ തൊട്ട് തുപ്പല്‍ മുറിവില്‍ പുരട്ടിയിട്ട് പറയുന്നു
രാജി: ഗേറ്റ് ചാടിയപ്പോള്‍ ആണി കൊണ്ടതാണ്.
ഈ രംഗമാണ് പോസ്റ്ററായി മാറിയത്. ഇതിനപ്പുറം ആ സിനിമയില്‍ നഗ്നതാപ്രദര്‍ശനങ്ങളോ ലൈംഗികചിത്രീകരണങ്ങളോ ഇല്ല. എന്നിട്ടും ഈ ഒരേഒരു ദൃശ്യത്തിന്റെ പേരില്‍ സമൂഹത്തിലെ സദാചാരപാലകർ ചിത്രത്തിന് നേരെ വാളോങ്ങിയെന്നത് പഴയകാലചരിത്രം.
മലയാളസിനിമയുടെ ചരിത്രത്തെ തന്നെ വ്യത്യസ്തമായ രീതിയില്‍ കീറിമുറിച്ച അവളുടെ രാവുകളുടെ തിരക്കഥ പുസ്തകരൂപത്തില്‍ വായിക്കുമ്പോള്‍ തിരക്കഥാകൃത്തായ ഷെരീഫും അവതാരികയിൽ ഇ.വി ശ്രീധരനും പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ സിനിമ കണ്ടിട്ടില്ലാത്തവര്‍ക്കൂകൂടി സിനിമയെ മനസ്സിലാക്കാന്‍ സഹായകമാകുന്നുണ്ട്.
ഈ സിനിമ ഇറങ്ങിയ കാലത്ത് അതിനെതിരെ ചന്ദ്രഹാസം മുഴക്കിയ ആള്‍ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരക്കഥയുടെ പുസ്തകരൂപത്തിന് അവതാരിക എഴുതി എന്ന പ്രത്യേകതയുമുണ്ട്. അത് അത്രമേല്‍ സാധാരണമല്ല. ഒരാളുടെ കാഴ്ചപ്പാടുകള്‍ തന്നെ മാറിയെന്നതിന്റെ അടയാളമാണ്. ഖേദപൂര്‍വ്വം എന്ന് അവതാരികയ്ക്ക് ശീര്‍ഷകം നൽകി ഇവിടെ ശ്രീധരന്‍ അത് വ്യക്തമാക്കുകയും ചെയ്യുന്നു.
അവളുടെ രാവുകള്‍ ഇറങ്ങിയ കാലത്ത് ആ സിനിമയെ അൽപം പോലും ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അവളുടെ രാവുകളെ വിശ്വസിക്കുന്നുവെന്ന് മാത്രമല്ല 1978–ല്‍ ആ സിനിമ മുന്നോട്ടുവച്ച മനുഷ്യപ്രശ്‌നത്തെ വലുതായി തന്നെ കാണുകയാണ്. ഒരു വിശ്വാസം മാറുകയെന്നത് ഒരു വേദനയാണ്. പക്ഷേ ഈ വേദന സത്യത്തെ കൊഴുപ്പിക്കുന്നു. ഇ.വി. ശ്രീധരന്‍ എഴുതുന്നു.
ഇങ്ങനെയൊരു ചിന്താതലത്തിലുള്ള മാറ്റത്തിന് പിന്നില്‍ എം. ഗോവിന്ദന്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. എം. ഗോവിന്ദന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
നിങ്ങള്‍ ആ സിനിമയ്‌ക്കെതിരെ എഴുതുന്നത് കുറെ ശുംഭന്‍മാര്‍ ചേര്‍ന്നുണ്ടാക്കിയ സദാചാരക്കമ്മറ്റിയുടെ പ്രസിഡന്റിനെപോലെയാണ്. രാജി എന്ന പെണ്‍കുട്ടി നമ്മുടെ ജീവിതത്തില്‍ നിന്ന് കയറി വന്നതാണ്. മഹത്തായ ഒരു സിനിമയാണിതെന്ന് ഞാന്‍ പറയുകയില്ല. വേറൊരു രീതിയിലും ആ സിനിമയെ കാണാന്‍ നിങ്ങള്‍ ശ്രമിക്കണം.
അതെ ഏതൊരു കലാരൂപത്തെയും വിലയിരുത്തുന്നത് ഉള്ളിലെ ആസ്വാദകന്റെ ചിന്താതലത്തിലുള്ള പ്രേരണകള്‍ക്കനുസരിച്ചാണ്.
പ്രസിദ്ധമായ ഒരുവാരികയ്ക്കു വേണ്ടി ഷെരീഫ് എഴുതിയ നോവലായിരുന്നു ഇത്. അന്ന് പേര് അവളുടെ രാവുകള്‍ പകലുകള്‍ എന്നായിരുന്നു. സിനിമയാക്കിയപ്പോള്‍ അവളുടെ രാവുകള്‍ എന്നാക്കി മാറ്റി.
രചനയുടെ കാലത്തെക്കുറിച്ച് തിരക്കഥാകൃത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്...
നോവല്‍ വായിച്ചുനോക്കിയപ്പോള്‍ അതിന്റെ ക്രാഫ്റ്റ് നന്നായില്ലെന്നും മാറ്റി എഴുതണമെന്നും തോന്നി. ഐവി ശശിയും ഞാനും മദ്രാസില്‍ പന്തിയില്‍ ഫിലിംസിന്റെ ഓഫിസില്‍ ഒരുമിച്ച് താമസിക്കുന്ന കാലത്താണിത്. ശശി അന്ന് സംവിധായകനായിട്ടില്ല. ഞാന്‍ സിനിമയില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലും. കഥയ്ക്കു വേണ്ടി എന്നെ സമീപിച്ച പ്രൊഡ്യൂസര്‍മാരോട് ഞാന്‍ അവളുടെ രാവുകളുടെ കഥ പറഞ്ഞു. പലര്‍ക്കും കഥ ഇഷ്ടപ്പെട്ടു. പക്ഷേ കുടുംബസദസിന് പറ്റിയതല്ല. സെക്‌സ്.. ആന്റി സെന്റിമെന്റല്‍. എല്ലാവരും ഇതു പറഞ്ഞപ്പോള്‍ ഞാനും ശശിയും ഈ വിശ്വാസത്തില്‍ കുടുങ്ങി. അവളുടെ രാവുകള്‍ സിനിമയാക്കണമെന്ന മോഹം ഞാനുപേക്ഷിച്ചു.
പിന്നെ ഏറെ വര്‍ഷങ്ങള്‍ കടന്നുപോയി. അതിനിടയില്‍ ഐവി ശശി സ്വതന്ത്രസംവിധായകനായി. നോവലിന്റെ കാര്യം ഇരുവരും മറന്നു. പിന്നെ മറ്റൊരു സിനിമയുടെ ആലോചന വന്നപ്പോള്‍ അവളുടെ രാവുകള്‍ ഓര്‍മ്മയിലേക്ക് കടന്നുവരികയും അത് ചെയ്യാന്‍ നിര്‍മ്മാതാവ് മുരളി മൂവീസിന്റെ രാമചന്ദ്രന്‍ തയ്യാറാവുകയുമായിരുന്നു. പിന്നീട് നടന്നത് മലയാള സിനിമയുടെ തിരുത്തിക്കുറിക്കപ്പെട്ട ചരിത്രത്തിന്റെ ഭാഗമായി.
ഇന്നത്തെ കാലത്ത് ചിന്തിക്കുവാന്‍ പോലും കഴിയാത്ത ഒന്നാണ് ഈ ചിത്രത്തിന്റെ ക്ലൈമാകസ്. തെരുവുവേശ്യയായി ജീവിച്ച ഒരു പെണ്‍കുട്ടിയെ അമ്മ തന്റെ മകന്റെ ഭാര്യയായി തിരഞ്ഞെടുക്കുന്നു. ഒരുകാലത്തും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്ന്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇവള്‍ക്ക് കഴിയുമെന്നും ഇവള്‍ എങ്ങനെ ചീത്തയായെന്ന് ഞാനറിഞ്ഞു ഇവളുടെ സ്ഥാനത്ത് ഞാനായിരുന്നാലും ചീത്തയാകുമായിരുന്നു എന്നും നമ്മുടെ മകനെ ഇവള്‍ ചീത്തയാക്കിയിട്ടില്ല അത് മാത്രം മതി ഇവന്റെ ഭാര്യയാകാന്‍ ഇവള്‍ക്കുള്ള യോഗ്യതയെന്നും ലക്ഷ്മി പറയുമ്പോള്‍ നമുക്കതിനോട് യോജിക്കാന്‍ കഴിയണമെന്നില്ല.
എന്നാല്‍ ഇതിലൂടെ ചലച്ചിത്രസൃഷ്ടാക്കള്‍ മുന്നോട്ടുവയ്ക്കുന്ന ആശയം തെല്ലും നിസ്സാരമല്ല. ചെളിയില്‍ കഴിയുന്ന ഒരാളെ അതില്‍ നിന്ന് കരകയറ്റാന്‍ നാം ബാധ്യസ്ഥരാണ് എന്നാണ് ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെയാണ് ഐ.വി ശശിയുടെ തന്നെ 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യും 'അനുബന്ധ'വും പോലെ നന്മ നിറഞ്ഞ സിനിമകളുടെ കൂട്ടത്തില്‍ അവളുടെ രാവുകളും ഇടം പിടിക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ ചിത്രീകരണവും ജീവിതസാഹചര്യങ്ങളും കൂടി ഈ സിനിമയില്‍ കടന്നുവരുന്നുണ്ട്. അത്തരമൊരു അവസ്ഥ മനസ്സിലാക്കാനും തിരക്കഥയുടെ വായന നമ്മെ സഹായിക്കുന്നു.
അവളുടെ രാവുകള്‍ ആദ്യമായി റീലീസ് ചെയ്യുമ്പോള്‍ നാലുവയസായിരുന്നു പ്രായം. മുതിര്‍ന്നപ്പോള്‍ ഇതിലെ മനോഹരഗാനങ്ങള്‍ റേഡിയോയിലൂടെ കേട്ട നാളുകളില്‍ തോന്നിയ സങ്കടം ഈ ചിത്രം കാണാന്‍ കഴിയില്ലല്ലോ എന്നായിരുന്നു. കാരണം വെറും ഉച്ചപ്പടം മാത്രമാണെന്നായിരുന്നു അതേക്കുറിച്ചുള്ള അന്നത്തെ വായനകള്‍ മനസ്സിലാക്കിതന്നിരുന്നത്.. പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോകവെ നഗരത്തിലെ തീയറ്ററുകളില്‍ പലതവണ അവളുടെ രാവുകള്‍ വന്നുപോയി. അപ്പോഴും ടിക്കറ്റെടുത്ത് തീയറ്ററില്‍ പോയി കാണാന്‍ ധൈര്യമുണ്ടായിരുന്നില്ല.
പിന്നെ നേരം തെറ്റിയെന്നോണം എംഎയുടെ വൈവ പരീക്ഷയുടെ ദിവസം നഗരത്തിലെ മുന്തിയ തീയറ്ററില്‍ വെള്ളിയാഴ്ച റീലിസിംങ് സിനിമയ്ക്ക് മുമ്പേ രണ്ടുമൂന്ന് ദിവസം കളിക്കാന്‍ അവളുടെ രാവുകള്‍ എത്തി. അങ്ങനെയാണ് അവളുടെ രാവുകള്‍ തീയറ്ററില്‍ കണ്ടത്. ആ തീയറ്റര്‍ അനുഭവത്തെ ഒരിക്കല്‍ക്കൂടി അനുസ്മരിപ്പിക്കാന്‍ അവളുടെ രാവുകളുടെ പുസ്തകരൂപത്തിന് സാധിച്ചു.
നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ഷെരീഫിന്റെ ആദ്യ പുസ്തകം കൂടിയാണ് അവളുടെ രാവുകള്‍.
Books In Malayalam Literature, Malayalam Literature News, Malayalam Book Review