Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ ജീവിതങ്ങളുടെ കഥ

മഹാന്മാരുടെ ജനനവും മഹാനദികളുടെ ഉദ്ഭവവും എളിയ രീതിയിലാണെന്നുള്ള ഒരു ചൊല്ലുണ്ട്. ഇത് അന്വർഥമാക്കുന്നതാണ് ലോകസാഹിത്യത്തിൽ മുന്‍ നിരയിൽ ഇരിപ്പിടമുള്ള വിശ്വപ്രശസ്ത സാഹിത്യ പ്രതിഭ മാക്സിം ഗോർക്കിയുടെ ജീവിതം.

ഒരുപിടി നൊമ്പരങ്ങളാണ് ബാല്യം അദ്ദേഹത്തിന് സമ്മാനിച്ചത്. എത്ര മായിച്ചാലും തെളിഞ്ഞു വരുന്ന ആ സ്മരണകളുടെ കനൽപ്പൊരികളാണ് അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പായ ‘എന്റെ കുട്ടിക്കാലം’. ജീവിതത്തിന്റെ പരുപരുത്ത തലങ്ങളിലൂടെയുള്ള യാത്രയായിരുന്നു ആ നാളുകൾ. അനാഥത്വവും അവഗണനയും അധിക്ഷേപവും എല്ലാം നിറഞ്ഞ ആ ദിനങ്ങളുടെ കണ്ണീരോർമകൾ.

പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം കോറിയിടുകയാണ് ഗോര്‍ക്കി ഈ പുസ്തകത്തിൽ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നമുക്ക് ഇവിടെ തൊട്ടനുഭവിക്കാം. ദാരിദ്ര്യം ജനങ്ങളിൽ ഉളവാക്കിയ നിരാശയും അസഹിഷ്ണുതയും നിറഞ്ഞ സമൂഹത്തിന്റെ ചിത്രം, സാധാരണക്കാരനായ റഷ്യക്കാരൻ ജീവിച്ച ഭീതിജനകമായ ചുറ്റുപാടുകൾ ഇവിടെ ചായം പുരട്ടാതെ അവതരിപ്പിക്കുന്നു. ഒരാൾ ദരിദ്രനാകുന്നത് എന്തുകൊണ്ട് എന്ന പ്രസക്തമായ ചോദ്യത്തിനുള്ള മറുപടിയായി വേണം ഈ ബാല്യാനുഭവങ്ങളെ കാണുവാൻ. ബാല്യത്തിൽ ലഭിച്ച തിക്താനുഭവങ്ങളാവാം സോഷ്യലിസ്റ്റ് ദർശനം ഗോർക്കിയിൽ രൂപപ്പെടുവാന്‍ കാരണമായത്. അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിലെല്ലാം നിറഞ്ഞു നിൽക്കുന്ന ചിന്താധാരകളുടെ ഉറവിടവും ബാല്യകാലത്തെ ഈ കനലനുഭവങ്ങളുടെ സ്വാധീനമാവാം.

അഞ്ചാം വയസ്സിൽ പിതാവ് മരിച്ചു. അച്ഛന്റെ മരണത്തിന്റെ ചിത്രവുമായാണ് ഈ പുസ്തകം ആരംഭിക്കുന്നത്. വെളുത്ത വസ്ത്രം ധരിച്ച് അസാധാരണമാംവിധം നീണ്ടു നിവർന്ന് അച്ഛൻ കിടന്നു. കൈകൾ നെഞ്ചിനു കുറുകെ വെച്ചിട്ടുണ്ടായിരുന്നു. പുഞ്ചിരിയാർന്ന ആ കണ്ണുകൾ ഇരുണ്ട ചെമ്പുനാണയങ്ങൾ കൊണ്ട് അടച്ചു വെച്ചിരുന്നു. അലിവാർന്നിരുന്ന ആ മുഖം കരുവാളിച്ചിരുന്നു. ഞാൻ തണ്ണിമത്തന്റെ തൊലി മുറിക്കുന്നതിനായി വാളിനു പകരം ഉപയോഗിച്ചിരുന്ന കറുത്ത ചീർപ്പു കൊണ്ട്, അമ്മ അച്ഛന്റെ മൃദുലമായ മുടി പിറകോട്ട് ചീകി വെക്കുകയായിരുന്നു. അവരുടെ വീർത്ത കണ്ണുകൾ വലിയ കണ്ണുനീർത്തുള്ളികളായി രൂപാന്തരം പ്രാപിക്കുന്നതായി എനിക്കു തോന്നി.  

അച്ഛന്റെ മരണം സന്തോഷാനുഭവങ്ങൾക്ക് എന്നേക്കുമായി തിരശ്ശീല വീഴ്ത്തി. ആ അമ്മയും മകനും ഒരിക്കൽ പുറന്തള്ളിയ അമ്മയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിക ളായി എത്തിച്ചേരുന്നു. മുത്തശ്ശനും മുത്തശ്ശിയും സഹോദരങ്ങളും അവരുടെ ഭാര്യമാരും മക്കളുമടങ്ങിയ വലിയ കുടുംബം. സദാ ബഹളമയമായ അന്തരീക്ഷം, വഴക്കും ശാപവാക്കുകളും ഉറക്കെയുള്ള സംഭാഷണങ്ങളും പകർന്നു നൽകുന്ന അസ്വസ്ഥ അന്തരീക്ഷം. ആ കാലഘട്ടത്തിലെ റഷ്യൻ ഭവനങ്ങളുടെ ചിത്രം. കർക്കശക്കാരനായ മുത്തശ്ശൻ. ചെറിയ കുറ്റത്തിനു പോലും കുട്ടികളെ കഠിനമായി ശിക്ഷിക്കുന്നയാൾ. നീണ്ടു മെലിഞ്ഞ അയാൾക്ക് കുറ്റവാളികളെ തേടി നടക്കുന്ന നിയമ പാലകന്റെ രൂപമാണ്.

കൊച്ച് അലോഷ്യസിനു ആശ്വാസമാകുന്നത് മുത്തശ്ശിയുടെ സാമീപ്യം മാത്രം. അദ്ദേഹം എഴുതുന്നു ‘മുത്തശ്ശിയുടെ സംസാരം ഒരു പ്രത്യേക ഈണത്തിലായിരുന്നു എനിക്കതൊക്കെ മനോജ്ഞമായ പുഷ്പങ്ങളെപ്പോലെ സുവ്യക്തമായിരുന്നു. ഒരു നുള്ള് പൊടിവലിച്ച് അതിശയകരങ്ങളായ കഥകളുടെ കെട്ടഴിക്കാൻ തുടങ്ങും സന്യാസിമാരെക്കുറിച്ച് മൃഗങ്ങളെക്കുറിച്ച്, കൊള്ളക്കാരെക്കുറിച്ച് അങ്ങനെയൊക്കെ ഒരുപാടു കഥകള്‍. മുത്തശ്ശിയുടെ ഈ കഥ പറച്ചിലാവാം ഗോർക്കിയിലെ എഴുത്തുകാരനെ ഉണര്‍ത്തിയത്. 

ഒരു റൂബിൾ സമ്പാദിക്കാന്‍ എന്തും ചെയ്യാൻ മടിക്കാത്ത ജനങ്ങളുടെ ദൈന്യത നിറഞ്ഞ ചിത്രങ്ങൾ ഈ പുസ്തകത്താളുകളിലുണ്ട്. ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്ന സിഗാനോക്ക് കവർന്നെടുത്ത മോഷണ മുതൽ ഒരു കുറ്റബോധവും കൂടാതെ അവർ വാങ്ങിയിരുന്നു. അയാൾക്ക് അപ്പോൾ വീര പരിവേഷം!

സ്ത്രീകളുടെ നില പരിതാപകരം. ഗോര്‍ക്കിയുടെ മാതാവ് വീണ്ടും വിവാഹം കഴിച്ചു. എന്നാൽ അൽപ്പനാളുകൾക്കു ശേഷം ആ വിവാഹവും തകരുന്നു. രണ്ടാനച്ഛൻ അവരുടെ നെഞ്ചത്ത് തൊഴിക്കുന്ന ചിത്രം ഈ പുസ്തകത്തിലുണ്ട്. അപമാനവും നിസ്സഹായതയും  നിറഞ്ഞ സ്ത്രീ ജീവിതങ്ങൾ. ഗോര്‍ക്കിയുടെ ഒൻപതാം വയസ്സിൽ അവർ മരിച്ചു. ഒരു സ്ത്രീ ജീവിക്കുന്നത് കണ്ണീർ കുടിക്കാന്‍ വേണ്ടി മാത്രമാണോ? അവർ നിരന്തരം കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി ഒന്നും ചെയ്യാൻ രാഷ്ട്രം മുതിരാത്തത് എന്തുകൊണ്ട്. ഗോർക്കിയുടെ നോവലുകളിലും നൊമ്പരപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഈ പശ്ചാത്തലത്തിൽ നിന്നാവാം. 

മദ്യപാനം, റഷ്യൻ സമൂഹത്തിൽ നിറ‍ഞ്ഞു നിന്നിരുന്നു. ഗോർക്കിയുടെ അമ്മാവന്മാർ മദ്യപിച്ചുണ്ടാക്കുന്ന ബഹളങ്ങളുടെ ചിത്രങ്ങൾ റഷ്യൻ കുടുംബങ്ങളുടെ ജീർണത വെളിപ്പെടുത്തുന്നവയാണ്. വോഡ്ക അകത്തു ചെന്നാൽ ഗോര്‍ക്കിയുടെ മുത്തശ്ശിയുടെ മനസ്സിന്റെ പുറന്തോടു പൊട്ടും. പിന്നെ കഥയും കാര്യവും  ജീവിതാനുഭവങ്ങളുമെല്ലാം പുറത്തേക്ക് ഒഴുകും. 

അമ്മയുടെ മരണശേഷം ഗോര്‍ക്കി അക്ഷരാർഥത്തിൽ അനാഥനായി. അമ്മയുടെ ശവമടക്കു കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോള്‍ മുത്തശ്ശൻ അവനെ വിളിച്ചു. ‘നോക്ക് അലക്സേയ്, എനിക്ക് ഇനിയും നിന്നെ കഴുത്തിലെ ഒരു കീര്‍ത്തി മുദ്ര പോലെ കൊണ്ടു നടക്കാൻ കഴിയില്ല. ഇനി നിനക്കിവിടെ സ്ഥാനമില്ല. നിനക്ക് പുറം ലോകത്തേക്ക് പോകുവാൻ സമയമായി’’

ജീവിതാനുഭവങ്ങളാണ് ഗോര്‍ക്കിയെ രൂപപ്പെടുത്തിയത്. ലോകമാണ് അദ്ദേഹത്തിന്റെ പാഠശാല. റഷ്യൻ മണ്ണിന്റെ ചൂടും തണുപ്പും ആവോളമറിഞ്ഞ അദ്ദേഹം ആ തീഷ്ണാനുഭവങ്ങളിൽ നിന്ന് കഥകൾ മെനഞ്ഞു. 

ഗോർക്കിയുടെ ബാല്യകാലാനുഭവങ്ങൾ അനേകരെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്നു. ഹൃദ്യമായ മൊഴിമാറ്റം ഈ കൃതിയെ അനുപമമാക്കുന്നു. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review