Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം ഇത്രമാത്രം

ഇഷ്ടത്തോടെ തന്നെത്തന്നെ പൊത്തിപ്പിടിച്ചാണ് സുമിത്ര ഉറങ്ങുക. ഇടങ്കൈ മാറിടത്തിൽ അമർത്തിവച്ച്, വലങ്കൈ വിലങ്ങനെ വയറ്റിൽപറ്റിച്ചു ചേർത്ത്.

അതേ കിടപ്പായിരുന്നു സുമിത്ര മരിച്ചുകിടക്കുമ്പോഴും. കൈകൾ നിവർത്തി നീളത്തിൽ ദേഹത്തോടു ചേർത്തുവെക്കണമോ എന്നാലോചിച്ചെങ്കിലും വാസുദേവൻ ആ കിടപ്പിന്റെ സ്വാഭാവികത ഭഞ്ജിച്ചില്ല. അയാളെത്തുമ്പോഴേക്കും തണുത്തുകഴിഞ്ഞിരുന്ന ആ ദേഹം അതിനു വഴിപ്പെടാനും ഇടയില്ല. അയാളുടെ രാവിലത്തെ പതിവു നടത്തത്തിനകം പ്രാതലിന്റെ പണി പൂർത്തിയാക്കി വയ്ക്കാറുള്ള സുമിത്ര ഇന്നു തന്റെ ജീവിതം പൂർത്തിയാക്കിവെച്ചു. അവളുടെ കിണ്ണം കഴുകി കമിഴ്ത്തിവച്ചു. പൂളക്കൊല്ലി കുറിച്യരുടെ വെള്ളക്കെട്ടിലെ നെറ്റ്യാപ്പൊട്ടന്മാർ ഉദയത്തിന്റെ ചുവന്ന വെളിച്ചത്തിൽ കെട്ടിമറിയുന്നത് നോക്കി അയാളിന്ന് പതിവിലധികം നിന്നു. അവൾ കൂടി ഉള്ള ലോകത്തിൽ കുറച്ചുകൂടി സമയം നിൽക്കാൻ അയാൾക്കു കഴിഞ്ഞു.

നടുവിലത്തെ അകത്ത്, പുൽപ്പായയിൽ, വെള്ളപുതച്ചു നീണ്ടുനിവർന്നുകിടക്കുന്ന, മരണവുമായി നന്നായി പൊരുത്തപ്പെട്ട മുഖമുള്ള ഈ മുപ്പത്തെട്ടുകാരി തന്നെച്ചുറ്റിപ്പറക്കുന്ന ഈച്ചയുടെ മൂളിച്ച കേൾക്കുന്നുണ്ടാകുമോ? അവളുണ്ടാക്കിയ കരച്ചിലിന്റെ സാന്ദ്രത കുറഞ്ഞുതുടങ്ങി.  വർത്തമാനങ്ങൾ കരച്ചിൽ വാർന്ന് വ്യക്തമായിത്തുടങ്ങി. സംഭാഷണത്തിൽ ചിലതെല്ലാം അവളെക്കുറിച്ചല്ലാതായിത്തുടങ്ങി. ചുറ്റുമിരുന്നവർക്ക് ദാഹിക്കാനും മൂത്രമൊഴിക്കാൻ മുട്ടുവാനും ഒരേവെപ്പിൽ വെച്ച കാലുകൾ തരിക്കുവാനും തുടങ്ങി. അവൾ അസ്വാഭാവികമായിത്തീർത്ത ദിവസത്തോട് അവർക്കു കുറശ്ശേ നീരസം വന്നുതുടങ്ങി. ഓരോരുത്തരും പതുക്കെ അവനവനാകാൻ തുടങ്ങി.

മറ്റുള്ളവർ കാണുന്നതുപോലെയാകില്ല ചിലപ്പോൾ കൽപ്പറ്റ നാരായണൻ കാണുക. എല്ലാവരും തലനിവർത്തി നോക്കുമ്പോൾ അദ്ദേഹം തലതിരിച്ചുനോക്കും. ആ തിരിച്ചുനോട്ടമാണ് കൽപ്പറ്റ നാരായണന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. താൻ കാണുന്നതിനെ ഈ കണ്ണടയൊന്നു വച്ചുനോക്കൂ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വായനക്കാരനെ സമീപിക്കുക. അങ്ങനെയൊരു കണ്ണട വച്ചുകൊണ്ടാണ് സുമിത്ര എന്ന ഒരു വീട്ടമ്മയുടെ ജീവിതം അദ്ദേഹം നമുക്കുകാട്ടിത്തരുന്നത്. വെറും കാട്ടിത്തരൽ മാത്രമല്ല കൂടെയൊരു നിശ്വാസ വാക്കും– ഇത്രമാത്രം. അതേ മനുഷ്യജീവിതം ഇത്രമാത്രമേയുള്ളൂവെന്നൊരു സത്യം കൂടി അദ്ദേഹം പറയുന്നു.

കൽപ്പറ്റ നാരായണന്റെ ആദ്യ നോവലാണ് ഇത്രമാത്രം. ജീവിതത്തെ ഏറ്റവും മനസ്സിലാക്കാൻ ഉപകരിക്കുന്ന അളവുകോൽ മരണമാണ്. മരണത്തിലൂടെയാണ് ഓരോരുത്തരും ആരെല്ലാമായിരുന്നെന്നും ആരെല്ലാം ആകേണ്ടവരായിരുന്നെന്നും നാം മനസ്സിലാക്കുന്നത്. വയനാട്ടിലെ വെറുമൊരു വീട്ടമ്മയായ സുമിത്രയുടെ മരണത്തിൽ നിന്നാണ് അദ്ദേഹം അവരുടെ ജീവിതം തുടങ്ങുന്നത്. സുമിത്രയ്ക്കു പല മുഖങ്ങളുണ്ട്. ഭാര്യയുടെ, അമ്മയുടെ, സഹോദരിയുടെ.. അതിൽ അവരോടൊപ്പം ജീവിച്ചവർ പറയുകയാണ് സുമിത്ര തങ്ങൾക്ക് ആരെല്ലാമായിരുന്നെന്ന്. അങ്ങനെ വ്യത്യസ്തമായൊരു അവതരണമാണ് ഇത്രമാത്രം.

… അനസൂയ പന്ത്രണ്ടു മണിയായി എത്തുമ്പോൾ. കിതച്ചുകൊണ്ട് പടികളോടിക്കയറിയെത്തിയ അനസൂയ വന്നതും സുമിത്രയെ പൊത്തിപ്പിടിച്ച് ഒറ്റക്കിടത്തമാണ്. അതു കണ്ടാണ് അവരിൽപ്പലരും വീണ്ടും കരയുവാൻ തുടങ്ങിയത്. തങ്ങൾ ഇല്ലാതായി അനാഥരായി തീരുന്ന സ്വന്തം മക്കളെ അവർ അനസൂയിൽക്കാണാൻ തുടങ്ങി. പെട്ടെന്ന് അനിവാര്യവും ഭാരിച്ചതുമായിത്തീർന്ന തങ്ങളുടെ നിലനിൽപ്പ് തങ്ങൾക്കൊന്നും പറ്റിയില്ല എന്ന കൃതാർഥതയും  അവരെ കരയിച്ചു.

തനിക്ക് അമ്മയെ ഇത്ര ഇഷ്ടമാണെന്ന് അനസൂയ ഇപ്പോഴാണ് അറിയുന്നത്. ഒരുദിവസം, ഇങ്ങനെ അനസൂയയെ വീട്ടിലേക്കു വരുത്തുന്നവളായി സുമിത്ര മാറുമെന്ന് ഓർക്കുവാനുള്ളതൊന്നും ജീവിതത്തിലുണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ താൻ അമ്മയെ വിട്ടുനിൽക്കുമായിരുന്നില്ല. അമ്മ പറയുന്നതു കേൾക്കാതെ മനോരാജ്യത്തിൽ ഇരിക്കുമായിരുന്നില്ല. എന്റെ അമ്മയുടെ ഒപ്പം ഞാൻ എത്ര കുറച്ചാണ് ഇരുന്നിട്ടുള്ളത്. അവൾ അമ്മയുടെ തണുത്ത ദേഹത്ത് തലോടിക്കൊണ്ടിരുന്നു. തന്റെ അടുത്തേക്ക് അടുപ്പിച്ച് ചേർത്തുകൊണ്ടിരുന്നു. സ്വതേ ഇളം ചൂടുള്ള ദേഹപ്രകൃതിയായിരുന്നു സുമിത്രയുടേത്. അനസൂയയുടെ ദേഹത്തിന് എപ്പോളും തണുപ്പാണ്. അനസൂയയുടെ ദേഹത്തിന്റെ തണുപ്പ് ചിലപ്പോൾ സുമിത്ര ചോദിച്ചുവാങ്ങിയിരുന്നു. തലവേദന കൂടുമ്പോൾ അവൾ അനസൂയയെ കൊണ്ട് നെറ്റിയിൽ കൈത്തലം വെപ്പിച്ചു. 

അനസൂസയെ അകത്തുകൊണ്ടുപോയി കിടത്തണം, കുളിപ്പിക്കാറായി; ദാസൻ പുരുഷുവിനോട് പറഞ്ഞു. പുരുഷു തൊട്ടുവിളിച്ചപ്പോൾ പ്രതിഷേധമൊന്നും കൂടാതെ അവൾ എഴുന്നേറ്റു. പക്ഷേ, താനിപ്പോളെണീറ്റത് ഇനി ഒരിക്കലും കിടക്കാനാവാത്തിടത്തു നിന്നാണ് എന്നോർമ്മ വന്നപ്പോൾ കുമ്പിട്ട് അവൾ അമ്മയുടെ നെറ്റിയിൽ ഉമ്മവച്ചു. നെറ്റിയിലേക്കു പടർന്ന ഒരിഴ മുടി തലയിൽ ചേർത്തുവച്ചു. എണീറ്റ് പുരുഷുവിന്റെ ചുമലിൽ പിടിച്ച് നടുമുറിയിൽ അമ്മ വിരിച്ചിട്ട പായയിൽ ചെന്നു കിടന്നു. അയലിൽ അമ്മയുടെ ബ്ലൗസും ബ്രേസിയേഴ്സും തൂങ്ങിക്കിടന്നിരുന്നു. അതിൽ അമ്മയുടെ മണം ഇപ്പോഴുമുണ്ടാവുമെന്ന് അവൾക്കു തോന്നി. വളരെക്കാലം കഴിഞ്ഞേ അമ്മയ്ക്കിവിടെ നിന്നു പോകാൻ പറ്റൂ എന്നും തോന്നി....

കുറഞ്ഞ വാക്കുകൾ കൊണ്ടാണ് ജീവിതത്തെ ഇത്രമാത്രമേയുള്ളൂവെന്ന് കൽപ്പറ്റ നാരായണൻ ബോധ്യമാക്കിത്തരുന്നത്. അദ്ദേഹത്തിന്റെ കവിതകൾ പോലെ മനോഹരമായ നോവൽ.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review