വത്തിക്കാനിൽനിന്ന് കരുണയുടെ കാറ്റ്

ചിന്തയിലും സമീപനത്തിലും വ്യത്യസ്തത പുലർത്തുന്ന ഫ്രാൻസിസ് മാര്‍പാപ്പയുടെ സവിശേഷ ജീവിതത്തെ അടുത്തു കാണാനുള്ള നിലക്കണ്ണാടിയാണ് സെബാസ്റ്റ്യൻ പോളിന്റെ ‘മാർക്സും മാര്‍പാപ്പയും’. എൺപത്തിമൂന്നു കോടി കത്തോലിക്കരുടെ ആത്മീയ നേതാവിനുമപ്പുറത്തേക്ക് പടർന്നു പന്തലിച്ചതാണ് ലാറ്റിനമേരിക്കയിലെ അർജന്റീനയിൽ നിന്നുള്ള ഈ ക്രിസ്തുശിഷ്യൻ. ലോകത്തിൽ പീ‍ഡിപ്പിക്കപ്പെടുന്നവരുടെയും അഭയാർഥികളുടെയും ദരിദ്രരുടെയും ശബ്ദമായി മാറുവാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കിയത്.

ആഗോളീകരണത്തോടുള്ള അനുഭാവക്കുറവും ദരിദ്രരോടുള്ള ആഭിമുഖ്യവും മാർപാപ്പയുടെ ശബ്ദം ലോകം ആദരവോടെ ശ്രദ്ധിക്കുവാൻ ഇടയാക്കി. യേശുവിനെ സ്വന്തം ജീവിതത്തിലേക്ക് അദ്ദേഹം എത്രമാത്രം പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്ന് ഈ പുസ്തകം നമ്മോടു പറയുന്നു. ഗ്രന്ഥകർത്താവു തന്നെ ഇതു വ്യക്തമാക്കുന്നു. ‘‘ബലിയേക്കാൾ കരുണയെ ഇഷ്ടപ്പെടുന്ന ദൈവത്തിലാണ് ഫ്രാൻസിസിന്റെ ആശ്രയം. 2016 കത്തോലിക്കാ സഭയ്ക്ക് കരുണയുടെ വർഷമായിരുന്നു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലും വെളിച്ചം കടന്നു ചെല്ലാത്ത ഓരങ്ങളിലും ബഹിഷ്കൃതരായി കഴിയുന്നവരെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഫ്രാൻസിസിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തെ മാർക്സിസ്റ്റെന്നും കമ്യൂണിസ്റ്റെന്നും ചിലര്‍ പരിഹസിച്ചും ചിലർ കാര്യമായും വിളിക്കുന്നത് പാവങ്ങളോടുള്ള പരിഗണനയുടെ അടിസ്ഥാനത്തിലാണ്’’

മാർക്സിയൻ തത്വശാസ്ത്രത്തിന്റെ സ്വാധീനം ഫ്രാൻസിസ് മാർപാപ്പയിൽ എത്രമാത്രമുണ്ടെന്നുള്ള അന്വേഷണമായിട്ടു വേണം ഈ പുസ്തകത്തെ സമീപിക്കുവാൻ. ദരിദ്രരോടും പീഡിതരോടുമുള്ള അദ്ദേഹത്തിന്റെ  മനോഭാവത്തെയാണ് ഗ്രന്ഥകർത്താവ് പ്രധാനമായും ആശ്രയിക്കുന്നത്. 

ഇടതുപക്ഷ ചായ്‌വുള്ള ക്രൈസ്തവ പ്രബോധനങ്ങൾ അദ്ദേഹം നടത്തുന്നു. മാർക്സിസത്തെ സ്വീകരിക്കാതെ ‘‘ആ പ്രത്യയശാസ്ത്രത്തിലെ നന്മകളെ ഉൾക്കൊള്ളാൻ കഴിയുന്നയാളാണ്, ഫ്രാൻസിസ് മാർപാപ്പ’’. ഇത് ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത് എന്ന് ഈ കൃതിയിൽ ഗ്രന്ഥകർത്താവ് പരാമർശിക്കുന്നു. ഇക്വഡോറിലും ചിലെയിലും യുറഗ്വായിലും നിക്കരാഗ്വേയിലുമുള്ള ഇടതുപക്ഷ വിജയങ്ങളാണ് അതിനു തെളിവായി അവതരിപ്പിക്കുന്നത്. ദൈവത്തിൽനിന്നും ദൈവത്തിന്റെ സ്നേഹം ആവശ്യപ്പെടുന്നവരിൽനിന്നും മനുഷ്യരെ അകറ്റുന്ന ഉപഭോക്തൃ സംസ്കാരത്തെ ആധുനിക സാത്താനായി മാർപാപ്പ കാണുന്നു. 

ബ്യൂനസ് ഐറിസിലെ ആർച്ച് ബിഷപ്പായിരുന്ന കാലത്ത് ചേരിയിലെ പ്രവർത്തനങ്ങൾ മൂലം ‘ചേരിയിലെ ബിഷപ്’ എന്ന അപരനാമത്തിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയ്ക്കായി ജയിലുകളിലും അഗതി മന്ദിരങ്ങളിലും ആശുപത്രികളിലും അദ്ദേഹം പോയിരുന്നു. മാർപാപ്പയായപ്പോഴും ഈ പതിവു മാറ്റിയില്ല. അംഗപരിമിതരുടെയും സ്ത്രീകളുടെയും മുസ്‌ലിംകളുടെയും കാൽകഴുകി അദ്ദേഹം ചരിത്രം മാറ്റിക്കുറിച്ചു. യേശുവിനെ മാതൃകയാക്കി ലളിതജീവിതം നയിക്കാൻ അദ്ദേഹം തയാറായത് മാധ്യമങ്ങളുടെ സജീവ ചർച്ചയ്ക്ക് കാരണമായി. സർവവിധ സൗകര്യങ്ങളുമുള്ള പേപ്പൽ അപ്പാർട്ട്മെന്റ് അദ്ദേഹം ഉപേക്ഷിച്ചു. സെന്റ് പീറ്റേഴ്സ് ബസലിക്കക്കടുത്തുള്ള സാന്ത/മർത്ത സമുച്ചയത്തിൽ മറ്റു വൈദികരോടൊപ്പം താമസിക്കുന്നു. ‘ദന്തഗോപുരവാസം ജനകീയനായ പാപ്പയ്ക്ക് ഹിതകരമായിരുന്നില്ല’ എന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മാർപാപ്പയ്ക്ക് സഞ്ചരിക്കാൻ ഒരുക്കിയ ആഡംബര ലിമോസിൻ കാര്‍ ഉപേക്ഷിച്ചു. മാർപാപ്പമാർ അണിയുന്ന സ്വർണ്ണക്കുരിശിനു പകരം വെള്ളിക്കുരിശ് അണിയുന്നു. കണ്ണട വാങ്ങാനും ചെരുപ്പു വാങ്ങാനും കടകളിൽ അദ്ദേഹം നേരിട്ടെത്തിയത് വലിയ വാർത്തയായിരുന്നു. 

യുദ്ധത്തിനും ദാരിദ്ര്യത്തിനും എതിരായ പ്രവര്‍ത്തനമാണ് പോപ്പ് ഫ്രാൻസിസിനെ വിമോചന ദൈവശാസ്ത്രത്തിന്റെ പ്രയോക്താവായി പാശ്ചാത്യ മാധ്യമങ്ങൾ കാണാൻ കാരണം. 2015 ലെ യുഎസ് കോൺഗ്രസിൽ ചെയ്ത പ്രസംഗം ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ഒരു സോഷ്യലിസ്റ്റ് നേതാവിനു ചേരുന്നതായിരുന്നു.

ലാളിത്യം, ദാരിദ്ര്യം, ദയ എന്നിവയുടെ പ്രതീകമായാണ് ഫ്രാന്‍സിസിന്റെ ജീവിതം അവതരിപ്പിക്കുന്നത്. സ്വവർഗാനുരാഗികളുടെ വിഷയം വന്നപ്പോൾ‍ ‘വിധിക്കാൻ‍ ‍ഞാൻ ആര്’ എന്ന് വിനയപൂർവം അദ്ദേഹം മറുപടി നൽകി. ചട്ടങ്ങളുടെ കുരുക്കിൽ വിശ്വാസികളുടെ ജീവിതത്തെ ദുരിതത്തിലാക്കരുതെന്ന് അദ്ദേഹം വൈദികരെ ഉപദേശിക്കുന്നു. സഭാ വിശ്വാസമനുസരിച്ചുള്ള വിവാഹത്തിൽ അല്ലാതെ ജനിച്ച കുട്ടികളെ ജ്ഞാനസ്നാനം ചെയ്യാൻ വിസമ്മതിച്ച എട്ടു വൈദികരെ കർദിനാൾ ആയിരുന്നപ്പോള്‍ അദ്ദേഹം ശാസിച്ചിരുന്നു. അവിവാഹിതരായ അമ്മമാർക്കെതിരെയുള്ള വിവേചനം ആത്മവഞ്ചനയായി അദ്ദേഹം കണക്കാക്കി.  ഗർഭച്ഛിദ്രത്തിന്റെ ഗൗരവസ്വഭാവം ആവർത്തിക്കുമ്പോഴും ‘പശ്ചാത്തപിക്കുന്ന വ്യക്തിയിലേക്കു ദൈവത്തിന്റെ കരുണ എത്തുന്നതു തടയാൻ നാമാര്’ എന്ന് അദ്ദേഹം ചേദിക്കുന്നു.

വൈദികരുടെ ലൈംഗികഅതിക്രമങ്ങളുടെ പേരിൽ അദ്ദേഹം ലോകത്തോടു മാപ്പ് അപേക്ഷിച്ചു. 

സമകാലികമായി വേദപുസ്തകത്തെ വായിച്ചെടുക്കാമെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. നിന്ദിതരെയും പീഡിതരെയും ഓർക്കാനുള്ള അവസരമാണ് ക്രിസ്മസ് എന്ന് അദ്ദേഹം തന്റെ ക്രിസ്മസ് സന്ദേശത്തിൽ ഓർമിപ്പിക്കുന്നു.

അഭയാർഥികളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം മ്യാൻമറിലും ബംഗ്ലദേശിലും അടുത്തിടെ നാെ കണ്ട അതേ രീതിയിൽ തന്നെയാണ്. ആഫ്രിക്കയിൽ നിന്നുള്ള അഭയാർഥികളെ ഓർത്ത് വിലപിച്ച മാർപാപ്പയുടെ പ്രാർഥന തന്നെ അത്യധികം ആർദ്രമാക്കി എന്ന് ജർമൻ ചാന്‍സലർ പറഞ്ഞതും രേഖപ്പെടുത്തിയിരിക്കുന്നു.

വിമർശനാത്മകമായാണ് ഈ കൃതിയിൽ മാര്‍പാപ്പയെ അവതരിപ്പിച്ചിരിക്കുന്നത്. ഡർട്ടി വാറിൽ അദ്ദേഹം സ്വീകരിച്ച നിലപാട്, അർജന്റീനയിലെ ബാങ്കിന്റെ തകർച്ചയിൽ എടുത്ത നടപടികൾ, സ്വകാര്യ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ചില വസ്തുതകൾ, സഭയിലെ ജീർണതകൾ ഒക്കെ ഇവിടെ രേഖപ്പെടുത്തുവാൻ ഗ്രന്ഥകർത്താവ് ശ്രദ്ധിച്ചിരിക്കുന്നു. 

മാർപാപ്പമാരുടെ ചരിത്രം, റോമാസാമ്രാജ്യം, കുരിശുയുദ്ധങ്ങൾ സഭയിലെ നവീകരണ ശ്രമങ്ങൾ, വത്തിക്കാൻ സിറ്റി, ആശ്രമങ്ങളുടെ സ്ഥാപനം, സഭാചരിത്രം തുടങ്ങിയവയെല്ലാം പുസ്തകം ചർച്ചചെയ്യുന്നു. 

ഫ്രാൻസിസ് മാർപാപ്പ, മാർക്സിസ്റ്റല്ലെങ്കിലും ലോകമെങ്ങുമുള്ള മാർക്സിസ്റ്റുകൾക്ക് അദ്ദേഹം പ്രിയങ്കരനാണ്. അമേരിക്കയും ക്യൂബയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. റൗൾ കാസ്ട്രോയുടെ പ്രതികരണത്തോടയാണ് ഈ പുസ്തകം അവസാനിക്കുന്നത് - ‘അദ്ദേഹം ഇങ്ങനെ തുടർന്നാൽ ഞാൻ പ്രാർഥനയിലേക്കും പള്ളിയിലേക്കും മടങ്ങും.’

ഏറെ പഠനങ്ങൾ നടത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഒരു ആരാധനയ്ക്കപ്പുറത്തേക്ക് നിഷ്പക്ഷനായ ഒരു എഴുത്തുകാരനെ നമുക്കിതിൽ കാണാൻ കഴിയും. ശ്രദ്ധേയമായ കൃതി.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review