Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ എന്ന തണൽ

cycle

കൂട്ടുകാരികളുമായി കളിചിരി കൂടിയിരുന്നപ്പോളാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തത്. അവൾ ഫോൺ എടുത്തു, ചിറ്റപ്പനായിരുന്നു ..

"മോള് വേഗം വീട്ടിലോട്ടു വരണം അച്ഛന് ഒരു സുഖമില്ലായിമ, ഇപ്പോൾ തന്നെ കയറണം, ബസ് സ്റ്റോപ്പിൽ വിളിക്കാൻ ഞാൻ വരാം..."

അവളുടെ മുഖത്തെ ചിരി മങ്ങി കൂട്ടുകാരികളോട് പറഞ്ഞു, "ചിറ്റപ്പനെകൊണ്ട് അച്ഛൻ വിളിപ്പിച്ചിരിക്കുവാ, എന്നെ കല്ല്യാണം കഴിപ്പിച്ചെ അവർ അടങ്ങു, പെണ്ണുകാണലിനു നാളെ ആരോ അവിടെ വരുന്നുണ്ട്, അതിനുള്ള പുതിയ അടവാ.." എങ്കിലും അവളുടെ ഉള്ളിൽ ഒരു

കനലെരിയുന്നുണ്ട്. അവൾ അച്ഛന്റെ നമ്പറിലേക്കു വിളിച്ചു, ചിറ്റപ്പൻ ആണ് ഫോൺ എടുത്തത്, എടുത്തപാടെ, 

"നീയിനി ഫോൺ ചെയ്തു നിൽക്കണ്ട വേഗം പുറപ്പെടാൻ നോക്ക്.."

മൊബൈൽ ഹെഡ്സെറ്റിൽ പാട്ട് കേട്ട് ബസിന്റെ സീറ്റ് കമ്പിയിൽ തലചായിച്ച് അവൾ യാത്ര ചെയ്യുകയാണ്, എപ്പോഴോ അവൾ ഉറങ്ങി പോയി.. കണ്ണുതുറന്നു പുറത്തേക്കു നോക്കിയവൾ ചാടിയെണീറ്റു..

"എന്റെ സ്റ്റോപ്പ് കഴിഞ്ഞു, എനിക്കു പൂവണി സ്റ്റോപ്പിൽ ആയിരുന്നു ഇറങ്ങേണ്ടത്.. "

"സ്റ്റോപ്പ് കഴിഞ്ഞു, ഇനി വഴിയിൽ ഇറങ്ങണ്ട, അടുത്ത സ്റ്റോപ്പിൽ നിർത്തി തരാം" കണ്ടക്ടർ മറുപടി പറഞ്ഞു, അവൾ മൊബൈൽ എടുത്തപ്പോൾ അത് ചാർജ് തീർന്നു ഓഫായി..

അവൾ ബസ് ഇറങ്ങി വെയ്റ്റിങ്ഷെഡിലേക്കു കയറി നിന്നു.. നേരം പാതിരാ ആയിരിക്കുന്നു, ചിറ്റപ്പനെ വിളിക്കാൻ ഒരു വഴിയും ഇല്ല വീട്ടിലെ

നമ്പറിൽ വിളിക്കാമായിരുന്നു ആരുടേലും ഫോൺ കിട്ടിയിരുന്നേൽ, അല്ലേൽ ഒരു ഓട്ടോ കിട്ടിയാലും മതിയായിരുന്നു... 

സ്ട്രീറ്റ് ലൈറ്റിന്റെ ചുവന്ന വെളിച്ചത്തിലൂടെ രണ്ടുപേര് നടന്നു വരുന്നു, അവരുടെ കണ്ണുകൾ ചുവന്നിരിക്കുന്നു. അവർ അവളുടെ അടുത്തുവന്നു അവളെ രൂക്ഷമായി നോക്കി പരസ്പരം എന്തെല്ലാമോ പറഞ്ഞു നടന്നു പോയി... അവളുടെ ശരീരം വിറയ്ക്കുവാൻ തുടങ്ങി...

ഒരു തെരുവുനായ അവളെ നോക്കി കുരയ്ക്കുന്നു,, അതിന്റെ കുരയുറക്കെ പതിയുന്നു നിശ്ബദ്ത കീറി പ്രപഞ്ചമാകെ...

അവൾ ബാഗ് മാറോട് ചേർത്തു മുറുകെ പിടിച്ചു.. നേരത്തെ പോയവർ തിരികെ വന്നു, അവർ അവളുടെ പിന്നിൽ നിലയുറപ്പിച്ചു വായകൊണ്ടു ചിലശബ്ദങ്ങൾ ഉണ്ടാക്കുന്നു.. അവളുടെ ഹൃദയതുടിപ്പിന്റെ വേഗതയേറി, ശരീരം തളരുന്നു...

അതിലൊരാൾ അവളുടെ അടുക്കലേക്ക് നീങ്ങി നിന്നു.. അയാൾ അവളെ രൂക്ഷമായി നോക്കി. അവൾ തല കുനിച്ചു കണ്ണുകൾ മുറുകെ പൂട്ടി... ചീവീടിന്റെ ശബ്ദം അടുത്തുള്ള കുറ്റികാട്ടിൽ നിന്നും ഉയർന്നുയർന്നു വരുന്നു... അവൾ യാന്ത്രികമായി അയാളുടെ അടുക്കൽ നിന്നും മെല്ലെ നീങ്ങി നിന്നു... അയാൾ വീണ്ടും അവളുടെ അടുക്കലേക്ക്... കൂടെ ഉള്ളവർ ഉച്ചത്തിൽ ചിരിക്കുന്നു... പാറിക്കളിക്കുന്ന അവളുടെ മുടിയിഴകളിലേക്ക് അയാൾ അയാളുടെ മുഖം മാംസം കൊതിച്ച ചെന്നായയെ പോലെ കൊണ്ടു വരുന്നു... 

ഒരു സൈക്കിൾ ബെൽ  ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു വന്നു.. അവളുടെ അച്ഛനാണ്.. അവൾ  അച്ഛന്റെ അടുക്കലേക്കു കരഞ്ഞു കൊണ്ട് ഓടി ചെന്നു,

" അച്ഛാ, ഞാനാകെ പേടിച്ചു....  "

ഒരു ചെറുചിരിയോടെ അച്ഛൻ പറഞ്ഞു,

"അച്ഛൻ ഉള്ളപ്പോൾ മോളെന്തിനാ പേടിക്കുന്നെ, കേറ് വേഗം വീട്ടിലോട്ട് പോവാം, നിന്റെ ചിറ്റപ്പൻ നിന്നെ കാണാഞ്ഞ് ടൗണിലേക്കു പോയി...."

അവൾ സൈക്കിളിന്റെ പിന്നിൽ കയറി യാത്രയായി, "എന്നാലും കൊള്ളാം, വയ്യാന്നു പറഞ്ഞു കള്ളം പറഞ്ഞു എന്നെ വിളിച്ചു വരുത്തിയല്ലെ, എനിക്കു അപ്പോഴേ അറിയായിരുന്നു നാളെ എന്നെ കാണാൻ ആളുവരുന്നുണ്ടെന്നു... "

ഊടു വഴികളിലൂടെ നൃത്തം ചവിട്ടി സൈക്കിൾ വേഗത്തിൽ നീങ്ങി... "അച്ഛനു ഈ പഴഞ്ചൻ സൈക്കിൾ കളഞ്ഞിട്ടൊരു ബൈക്ക് വാങ്ങികൂടെ..."

"ചില ഇഷ്ടങ്ങൾ അങ്ങനാണു, കാണുന്നവർക്ക് പഴഞ്ചന് എന്നു തോന്നും, പക്ഷേ, അവന്റെ മനസ്സിൽ അതിനോടെന്നും പുതുമയായിരിക്കും, തീരാത്ത കൊതിയായിരിക്കും, മാറ്റാൻ കഴിയാത്ത ശീലങ്ങൾ...." അച്ഛൻ മറുപടി പറഞ്ഞു...

വീട്ടുവഴിയിൽ സൈക്കിൾ നിന്നു, നടന്നോളു എന്നു പറഞ്ഞു അച്ഛൻ സൈക്കിൾ സ്റ്റാൻഡിൽ വെച്ചു, അവൾ വീട്ടിലേക്കു ഓടി കയറി, വീട്ടിലാകെ ഒച്ചയും ബഹളവും കരച്ചിലും, ആളുകൾ കൂടി നിന്നു... വിളക്കിൻ തലപ്പിൽ തലവെച്ചു വെള്ളപുതപ്പിച്ചു അച്ഛനെ

കിടത്തിയിരിക്കുന്നു... അവൾ പിന്നിലേക്കു തിരിഞ്ഞു നോക്കിയപ്പോൾ അച്ഛനെ കാണുന്നില്ല, സൈക്കിൾ  ചായിപ്പിനോട് ചേർന്ന് ചാരികിടക്കുന്നു..

അവൾ മുട്ടുകുത്തിയിരുന്നു.. ഒന്നും മനസ്സിലാവുന്നില്ല.. അവളുടെ കണ്ണുകൾ നിറയുന്നു, നാവു നിശബ്ദമായി, നിശ്ചലമായ നിമിഷത്തിലാണ്ടു ഒരു ജീവനറ്റ തേങ്ങൽ അവളിൽ നിറഞ്ഞു.

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.