Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിന്റെ തൊപ്പി ആർക്കാണ് പാകം?

"സഖാവെ നമ്മൾ നാടകം കളിക്കുന്നു. കാരണം നമ്മൾ കലാകാരന്മാരാണ്. നമ്മൾ കലാകാരന്മാരാണ് എന്നതുകൊണ്ട് തന്നെ നാം കലാപകാരികളുമാണ്. ആണ് എന്നല്ല ആയെ പറ്റൂ. അനീതി കണ്ടാൽ അത് അനീതിയാണെന്ന് പറയുന്നവനാണ് കലാകാരൻ. അതുകൊണ്ടു തന്നെ അനീതിയുടെയും നീതിയുടെയും രാഷ്ട്രീയം നമുക്ക് മുന്നിൽ വരുന്നു." ശിശു എന്ന നാടകത്തിലെ ഈ വരികളിൽ നിന്നാണ് സിവിക് ചന്ദ്രൻ, ജോയ് മാത്യുവിന്റെ "ദൈവത്തിന്റെ തൊപ്പി" എന്ന നാടക സമാഹാരത്തിനു അവതാരിക കുറിച്ച് തുടങ്ങുന്നത്.

ഈ വാചകങ്ങൾ ഒരുപക്ഷേ ഈ നാടകസമാഹാരത്തിൽ ഉടനീളം പ്രതിഫലിക്കുന്നത് കൊണ്ടുതന്നെയാകണം ഈ വാക്കുകൾക്ക് അവതാരികയിൽ ഇത്ര പ്രസക്തി വന്നതും. ജോയ് മാത്യു എന്ന വ്യക്തി ഒരു സാധാരണ സിനിമാ നടനോ സംവിധായകനോ മാത്രമായി നിൽക്കാത്തതും ഇതേ നിലപാടുകളോട് ആഭിമുഖ്യമുള്ളതുകൊണ്ടു തന്നെയാണ്. പക്ഷേ അദ്ദേഹത്തിന്റെ നാടകങ്ങളിൽ കൃത്യമായുള്ള ചില ബിംബങ്ങളുണ്ട്, ഹൃദയം മുറിഞ്ഞൊഴുകുന്ന രക്തത്തിന്റെ രൂപകങ്ങൾ ഈ സമാഹാരത്തിൽ കുറവാണെങ്കിലും ഉള്ളുരുക്കുന്ന ഏകാന്തത ഇതിലെ നാടകങ്ങളെ തമ്മിൽ വേരുകളിൽ കുരുക്കിയിടുന്നു.

ഈ പുസ്തകത്തിലെ പത്തു നാടകങ്ങളും ഒടുവിൽ ഏകാന്തതയെന്ന തായ്‌വേരിലേയ്ക്ക് വരുന്നു. പക്ഷേ പല സാഹചര്യങ്ങളിലും മനുഷ്യൻ അതിജീവിക്കാൻ പഠിക്കുന്നുണ്ട്, അല്ലെങ്കിൽ അവൻ അതിനു ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ദൈവത്തിന്റെ തൊപ്പി അതിന്റെ രണ്ടാം പതിപ്പിലാണ്. നാടക വായന അത്രയൊന്നും ശക്തമാകേണ്ടതില്ലാത്ത ഒരു കാലത്തും അത് വായിക്കപ്പെടുന്നുണ്ടെങ്കിൽ ആ നാടകങ്ങൾക്ക് ഈ കാലത്തിനോട് ചേർന്ന് നിന്ന് കൊണ്ടും എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയാനുണ്ട് എന്നുതന്നെയാണ് അർഥം. 

കാടിന് ആരാണ് ഉടയോൻ? കാടിന്റെ കണ്ണ് കണ്ടെത്താനുള്ള നാഗരികരായ മനുഷ്യരുടെ ഓട്ടത്തിൽ കാടിന് നഷ്ടപ്പെടുന്ന ഗന്ധവും കാഴ്ചയും മടക്കിക്കൊണ്ടു വരുവാൻ അത് നഷ്ടപ്പെടുത്തിയ മനുഷ്യന് ഇന്നേവരെ കഴിഞ്ഞിട്ടുണ്ടോ? ജോയ് മാത്യുവിന്റെ "ദൈവത്തിന്റെ തൊപ്പി" എന്ന നാടക സമാഹാരത്തിലെ "കുരുതി" എന്ന നാടകം വായിക്കുമ്പോൾ ഈ ചോദ്യം സ്വാഭാവികമായി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന സ്വന്തം പ്രതിബിംബത്തിനോട് ഉൾപ്പെടെ ചോദിക്കാൻ തോന്നും. 

വയനാട് ചുരത്തിനു വേണ്ടി നഗരത്തിലെ മനുഷ്യന് വഴികാട്ടിയായ കരിന്തണ്ടന്റെ ബലിദാനത്തിന്റെ കഥ കൂടിയാണ്:കുരുതി". എത്ര കിട്ടിയാലും തീരാത്ത മനുഷ്യന്റെ ദുര അവനു നേടികൊടുത്തത് അടങ്ങാത്ത ജൈവിക സുഖങ്ങളാണെങ്കിൽ അത് നഷ്ടപ്പെടുത്തിയത് ചില ജൈവീക ഇടങ്ങളുടെ ആത്മാവിനെ ആണ്. ഒരിക്കലും തിരികെ കിട്ടാത്ത കാടിന്റെ ആനന്ദങ്ങളെയാണ്. നഷ്ടപ്പെടുന്ന മാനുഷിക ഇടപെടലുകളെ ഉദ്ദേശിച്ചു മാത്രമല്ല, നിശബ്ദമായി പോകുന്ന കാടിന്റെ ഹൃദയത്തെ ഓർത്തും എഴുത്തുകാരൻ ആധി കൂട്ടുന്നുണ്ട് എന്നും കുരുതി പറയുന്നു. 

"പൊരിഞ്ഞുയർന്നു

കൊത്തിപ്പറക്കുന്ന കോഴികൾ

പൊലിയുന്ന തൂവലുകൾ

മാരിയായ് പൊഴിയുന്നു

കരളിലെ വേദന കൊക്കിലൂടാർത്തു

അപരന്റെ നെഞ്ചിലൊരു 

ചോരക്കിണർ കുഴിക്കുന്നു.",

യഥാർത്ഥത്തിൽ ഇന്ന് വേട്ടയാടപ്പെടുന്നവർ ആരാണ്? വേട്ടക്കാർ ആരാണ്? എൺപതുകളിലെ രാഷ്ട്രീയ കാലാവസ്ഥയുടെ പിന്നാമ്പുറത്തെ ബലിയാക്കപെടലുകളെ കുറിച്ചുള്ള ഈ ചെറുനാടകം പക്ഷേ കാലം കടന്നു ഇന്ന് വായിക്കുമ്പോൾ ഒരുപക്ഷേ അന്നത്തെക്കാൾ പ്രസക്തമാണെന്ന് ഉറപ്പിക്കാം. എന്തിനു വേണ്ടിയാണ് അണികൾ? പോരെടുത്തു പരസ്പരം ചാവാൻ വെമ്പുന്ന, രക്തം കണ്ടാലും ആർത്തിയും ആവേശവും അടങ്ങാത്ത ഒരു വലിയ കൂട്ടം ചാവേർ അണികൾ എല്ലാ കാലത്തും എല്ലാ പ്രസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിന്റെ സാംഗത്യത്തെ വളരെ കൃത്യമായി ചോദ്യം ചെയ്യുകയാണ് ജോയ് മാത്യു "വേട്ട" എന്ന നാടകത്തിൽ. രണ്ടു പേജിലെ കവിത്വം തുളുമ്പുന്ന വരികളിൽ ഇന്നിന്റെ രാഷ്ട്രീയവും മുടിയഴിച്ചു ആർത്തു നിലവിളിക്കുകയും കുതികാൽ വെട്ടുകയും അണികളെ ആവേശഭരിതരാക്കുകയും ചെയ്യുന്നു. പിന്നെയൊടുവിൽ ഉടമകളുടെ ആവേശം തീർക്കാൻ അങ്കത്തട്ടിൽ എത്തിക്കുന്ന കോഴികളെ പോലെ അവർ പരസ്പരം കൊത്തിയും വെട്ടിയും രക്തപ്പുഴ ഒരുക്കുകയും സ്വയം രക്തമായി തീരുകയും ചെയ്യുന്നു. രൂപകത്തിന്റെ ഏറ്റവും മനോഹരമായ നേർസാക്ഷ്യമാണീ നാടകം.

"ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു?", ജോയ് മാത്യുവിന്റെ "ദൈവത്തിന്റെ തൊപ്പി" യിലെ മൂന്നാമത്തെ നാടകം സ്വത്വബോധത്തിന്റെ ഏറ്റവും സത്യസന്ധമായ തുറന്നിടീലാണ്. ഒരുകാലത്ത് വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത പ്രസ്ഥാനത്തിന്റെ തകർച്ച ഒരു കൂട്ടം മനുഷ്യരെ എങ്ങനെയാണ് ബാധിച്ചത് എന്നുള്ള സാക്ഷ്യപത്രങ്ങളാണ് ഈ നാടകത്തിലെ കഥാപാത്രങ്ങൾ. ജോസഫിന് ആത്മഹത്യ ചെയ്യാതിരിക്കാൻ ആകുമായിരുന്നില്ല. ഏകാന്തത സഹിക്കാനാകാതെ, പ്രക്ഷുബ്ധമായ യൗവ്വനത്തിന്റെ ഉന്മാദങ്ങളും ഭ്രാന്തുകളും പ്രണയത്തിന്റെ നീക്കിയിരിപ്പുകളും താങ്ങാൻ കഴിയാതെ, ചിതറിപ്പോയ വിശ്വാസങ്ങളുടെ നാഴികമണികൾ ചലിക്കാതെയായപ്പോൾ അയാൾക്ക് ആത്മഹത്യ ചെയ്യാതെയിരിക്കാൻ കഴിയുമായിരുന്നില്ല.

പക്ഷേ അതിജീവിക്കുന്നവർ യേശുവിനു നൽകിയ അന്ത്യഅത്താഴത്തിനു മുന്നിൽ നിറഞ്ഞ നെഞ്ചുമായി ഭക്ഷണം കഴിക്കുന്നവർ! അവർ ഉള്ളിൽ കരയുകയും ഭ്രാന്തു പകർന്നെന്ന പോലെ അലറി ചിരിക്കുകയും ചെയ്യുന്നുണ്ട്, മുന്നോട്ടു വഴികളിൽ കനത്ത ഇരുട്ടും നൈരാശ്യവും ഏകാന്തതയും മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയുന്നുണ്ട്, പക്ഷേ ജോസഫിന്റെ വഴി തിരഞ്ഞെടുക്കാൻ പോലുമുള്ള ചങ്കൂറ്റം അവരിൽ അവശേഷിക്കുന്നില്ല. അവരെല്ലാം സ്വയം ജോസഫിന്റെ ഒറ്റുകാരാണെന്നു ഓരോരുത്തരും തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്, അവനവന്റെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അതിരൂക്ഷമായ ഗന്ധത്തെ താങ്ങാനാകാതെ സ്വയമേവ ഓടിരക്ഷപ്പെടാൻ തയാറാകുന്നവർ... ഒരുപക്ഷേ ആ ഏകാന്തതകളിൽ നിന്ന് അവരൊക്കെയും എന്നെങ്കിലും എങ്ങോട്ടെങ്കിലും രക്ഷപെട്ടിരിക്കുമോ? 

ഒറ്റ മിനിറ്റിൽ തീരുന്ന നാടകമാണ് തീരശ്ശീല. തിരശ്ശീലയും നൂറോളം വരുന്ന അഭിനേതാക്കളും അഞ്ചോ ആറോ വരുന്ന കാണികളും മാത്രമുള്ള നാടകം. സ്വയം കാണികൾ തന്നെ അഭിനേതാക്കളായി മാറുന്ന നാടകം. ചില സാഹചര്യങ്ങളിൽ മറുവശങ്ങളിലിരുന്നു ചിന്തിക്കേണ്ടതിന്റെ പ്രസക്തികൾ എടുത്തു പറയുന്നു. എഴുത്തുകാരന് എന്തുദ്ദേശിച്ചും അയാളുടെ കൃതിയെ പകർത്തി വയ്ക്കാം, പക്ഷേ കാഴ്ചക്കാരന്റെ കണ്ണുകൾ എപ്പോഴും എഴുത്തുകാരന്റെയും അദ്ദേഹത്തിന്റെ എഴുത്തിന്റെയും ഹൃദയത്തിലേക്ക് ചേർന്നിരിക്കണം. തിരശ്ശീല പോലും പ്രധാന കഥാപാത്രമാകുന്ന നാടകവും അങ്ങനെയൊരു ശ്രദ്ധ പിടിച്ചു വാങ്ങുന്നുണ്ട്. കാണികൾ കഥാപാത്രങ്ങളാകുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, ഒട്ടും സജ്ജീകരിക്കപ്പെടാത്ത സദസ്സും ഏറെ കൃത്യതയോടെ ഒരുക്കപ്പെട്ട വേദിയും ചിലപ്പോൾ ചില നാടകങ്ങളിലും ജീവിതങ്ങളിലും ആവശ്യം തന്നെ. 

പത്തുനാടകമാണ് "ദൈവത്തിന്റെ തൊപ്പി" എന്ന നാടക സമാഹാരത്തിൽ ഉള്ളത്. ഒന്നും മറ്റൊന്നിനോട് ചേർന്ന് നിൽക്കുന്നില്ലെങ്കിൽ പോലും ഇവയെല്ലാം പറഞ്ഞു വരുന്ന അടിസ്ഥാന ബോധം ഏകാന്തതയുടെയും അടിമ ബോധത്തിന്റെയുമാണ്. ഓരോ മനുഷ്യനും അവനവന്റെ തന്നെ ചിന്തകളുടെയോ അല്ലെങ്കിൽ മറ്റൊരു വിശ്വാസത്തിന്റെയോ അടിമകളായി മാറുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവർ എത്ര പേരുണ്ടാകും?

എല്ലാവർക്കും വേണ്ടത് അവരവർ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങളും അവയ്ക്ക് പാകമാകുന്ന തൊപ്പികളുമാണ്. തൊപ്പിയില്ലാത്തത് ദൈവത്തിനു മാത്രമാണ്, പക്ഷേ ദൈവത്തിന്റെ വിരലുകൾ തൊടുമ്പോൾ വേഷങ്ങളൊക്കെ അഴിച്ചുവച്ച് പച്ചമനുഷ്യനായി തീരാനാണ് ആത്മബോധം നിർദ്ദേശിക്കുക. അതത്ര എളുപ്പമാണോ? ഉന്മാദം കെട്ടഴിച്ചു വിടുന്ന കഥാമുഹൂർത്തങ്ങളും ഭാഷാരീതിയുമാണ് ഈ സമാഹാരത്തിലെ ഓരോ നാടകങ്ങളും. അതുകൊണ്ടുതന്നെ വായിച്ചു കഴിഞ്ഞാലും ഇതിലെ പല കഥകളും നിങ്ങളെ പിന്തുടർന്നേക്കാം... അതുകൊണ്ടു അതീവ സാഹസികരാണ് നിങ്ങളെങ്കിൽ മാത്രം ഈ നാടക സമാഹാരം കയ്യിലെടുക്കാം... പക്ഷേ പിന്നെയുള്ള നിമിഷങ്ങളിൽ വായനക്കാർ സ്വയം അഴിഞ്ഞു വീഴുകയും ഉന്മാദങ്ങളിൽ പെട്ട് ജോസഫിന്റെ ആത്മഹത്യയുടെ കാരണങ്ങൾ തിരയുകയും രാധികയുടെ ഭ്രാന്തമായ ആവേശമായി തീരുകയും ഒക്കെ ചെയ്തേക്കാം. ഇനിയെല്ലാം വായനക്കാരൻ തീരുമാനിക്കട്ടെ, എഴുത്തുകാരന്റെ ആഗ്രഹവും അതുതന്നെ ആയിരിക്കണം!

Read more on Book Review Malayalam Literature