Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്തളിരിലെ ബലികുടീരങ്ങൾക്ക് ഒരു വിയോജനക്കുറിപ്പ്

വായിക്കാൻ കയ്യിലെടുക്കുമ്പോൾ പ്രതീക്ഷകളുടെ ഭാരമുണ്ട് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾക്ക്, ആടുജീവിതത്തിലൂടെ അസ്വസ്ഥതയും അങ്കലാപ്പും സമ്മാനിച്ച, വിധിയുടെ വിചിത്ര നിയോഗങ്ങൾ ഓർമ്മിപ്പിച്ച എഴുത്തുകാരന്റെ പുതിയ പുസ്തകമെന്ന ഭാരം. ഭാവനയ്ക്ക് യാഥാർഥ്യത്തെ സൃഷ്ടിക്കാനും പുനഃസൃഷ്ടിക്കാനും കഴിയുമെന്ന് ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്ന നോവലിലൂടെ അനുഭവിപ്പിച്ച പ്രതിഭാശാലിയുടെ പുതിയ വാഗ്ദാനം. ‘അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളി’ലെ ആക്ഷേപഹാസ്യത്തിന്റെ ഓർമ. വായനയ്ക്കു കുതിപ്പു പകർന്നു ചുണ്ടിൽ ചിരി വിടർത്തുകയും പിന്നീടും ഓർത്തോർത്തു ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന തുളഞ്ഞിറങ്ങുന്ന നർമത്തിന്റെ തീക്ഷ്ണതയും ഹാസ്യത്തിന്റെ പ്രഹരശേഷിയും. ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായിരിക്കും കമ്യൂണിസ്റ്റ് വർഷങ്ങൾ എന്നുറച്ചു വിശ്വസിച്ചു, പ്രതീക്ഷിച്ചു, ആഗ്രഹിച്ചു. അത് ഒരു വായനക്കാരന്റെ സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യത്തിന്റെ വിശാലതയിൽ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ വായിച്ചു താഴെ വയ്ക്കുമ്പോൾ മനസ്സിൽ നിറയുന്നതു ശൂന്യത. ഒരു മികച്ച പുസ്തകം മനസ്സിൽ അവശേഷിപ്പിക്കുന്ന അനുഭൂതിയുടെ അഭാവം. 

ഒരു ചെറിയ മധ്യതിരുവിതാംകൂർ ഭൂവിഭാഗമാണു മാന്തളിർ. അവിടെ നൂറ്റാണ്ടുകൾക്കു മുമ്പു സ്ഥാപിതമായ പ്രസിദ്ധമായ ഒരു സെന്റ് തോമസ് ദേവാലയമുണ്ട്. വർഷങ്ങളായി തുടരുന്ന സഭാവഴക്കുകളുടെ കേന്ദ്രസ്ഥാനം കൂടിയാണ് ഈ പള്ളി. മാന്തളിര്‍ കഥകളുടെ പ്രഭവകേന്ദ്രം. പള്ളിയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുത്ത ഒരു കൂട്ടം മനുഷ്യർ പള്ളിയെ സംബന്ധിക്കുന്ന എന്തിനും അർഹിക്കുന്നതിലുമധികം പ്രാധാന്യം കൊടുക്കുന്നവർ. സ്നേഹിച്ചും കലഹിച്ചും ജീവിച്ച മാന്തളിർകാരുടെ തിരുശേഷിപ്പുകളാണ് അവരുടെ കഥകൾ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത രസകരവും കൗതുകകരവുമായ കഥകൾ. 

മാന്തളിർ കഥകളുടെ ഒന്നാം ഭാഗം എത്തുന്നത് 2005ൽ. ഒരു വ്യാഴവട്ടത്തിനു ശേഷം അക്കപ്പോരിന്റെ തുടർച്ചയായി കമ്യൂണിസ്റ്റ് വർഷങ്ങൾ.

മാന്തളിരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കവും വികാസവും ഒടുക്കവുമാണ് നോവലിന്റെ ഇതിവൃത്തം. ഒപ്പം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികസനചരിത്രവും സമാന്തരമായി നിൽക്കുന്ന സഭാചരിത്രം. രാജ്യ, ലോക ചരിത്രവും ഒപ്പമുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഇതിനുമുമ്പും എഴുതപ്പെട്ടിട്ടുണ്ട്. പല രൂപത്തിൽ ഹ്രസ്വമായും ദീർഘമായും പിന്തുണയ്ക്കുന്നവരാലും എതിർക്കപ്പെട്ടവരാലും ഒറ്റുകൊടുക്കപ്പെട്ടവരാലും. അവയിൽ നിന്നു വ്യത്യസ്തത പുലർത്തുന്നുണ്ട് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത ബെന്യാമിന്റെ ചരിത്രം. പാർട്ടിക്കൊപ്പം സഭാവഴക്കിന്റെ കേന്ദ്രസ്ഥാനം വഹിച്ച പള്ളി കൂടിയെത്തുമ്പോൾ രസക്കൂട്ടുകൾ പൂർണമാകുന്നു. ചരിത്രത്തിന്റെ വാസ്തവികതയ്ക്കൊപ്പം പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്റെ വ്യക്തിപരമെങ്കിലും ഹൃദയ മിഴി കാണുന്ന ഭാവനയുടെ സത്യമുണ്ട് ബെന്യാമിന്റെ നോവലിൽ.

നാം പിന്നിട്ട ഒരു കാലം കളർ ടിവിയും ടാറ്റ സുമോയും കേരളത്തിനു പുത്തൻ കാഴ്ചകള്‍ സമ്മാനിച്ച ചരിത്രസന്ധി വരെ നീളുന്ന കാലം തികഞ്ഞ സത്യസന്ധതയോടെ ആ കാലത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു എഴുത്തുകാരൻ. ആത്മാർത്ഥത ഓരോ അക്ഷരത്തിലും പ്രകടം. ചിരിപ്പിക്കുന്നുണ്ടു കഥാപാത്രങ്ങൾ. ചിന്തിപ്പിക്കുന്നുണ്ട് സാഹചര്യങ്ങൾ. ആക്ഷേപ ഹാസ്യത്തിന്റെ ഇഴപൊട്ടാതെ കാക്കാനും കഴിയുന്നുണ്ട്. പക്ഷേ, ഒരു ഗംഭീര നോവലിന്റെ ശക്തിയോ ദൃഢതയോ ബെന്യാമിന്റെ പുതിയ പുസ്തകത്തിന് അവകാശപ്പെടാനാവില്ല താൽപര്യമുള്ളവർക്കു മാത്രം വായിച്ചു പോകാവുന്ന ചരിത്രം. വായിക്കാനറിയുന്നവരെയെല്ലാം വലിച്ചടിപ്പിക്കുന്ന മാന്ത്രികതയില്ലെന്നു മാത്രം. അപൂർവം അവസരങ്ങളിൽ അക്ഷരത്തിനു മാത്രം കഴിയുന്ന ദര്‍ശനം സാധ്യമാക്കുകയും മറ്റെല്ലായ്പ്പോഴും ശാന്തമായൊഴുകുന്ന ഒരു നദിയുടെ നിശ്ശബ്ദ താളം േകൾപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് വർഷങ്ങൾ.

‘‘എടാ, ഒരു പുസ്തകമിറങ്ങിയാൽ ഉടനെയൊന്നും അതു വായിക്കരുത്. 20 വർഷം കഴിഞ്ഞും അതു വായിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലായാൽ അപ്പോ എടുത്തു വായിക്കണം. അതു കാലത്തെ അതിജീവിക്കുന്ന പുസ്തകമായിരിക്കും. മഹാനായ റഷ്യൻ നോവലിസ്റ്റ് ബോറിസ് പാസ്റ്റർനക്കിന്റെ ഡോ. ഷിമാഗോ ആണ് ഞാൻ അവസാനമായി വായിച്ച നോവൽ പുസ്തകം. അദ്ദേഹം മരിച്ചതോെട ഞാൻ വായന നിർത്തി. അയാളെക്കാൾ മികച്ച എഴുത്തുകാർ ഈ ഭൂമിയിൽ ഉണ്ടാവട്ടെ. അപ്പോൾ ഞാൻ വായന തുടങ്ങാം.’’

മാന്തളിരിലെ കൊച്ചച്ചന്റെ ഈ വാക്കുകളിലുണ്ട്, മികച്ച പുസ്തകം മനസ്സിലാക്കാനുള്ള രഹസ്യത്തിന്റെ താക്കോൽ. പതിറ്റാണ്ടുകൾ എത്ര കടന്നുപോയാലും മലയാള ഭാവനയെ യാഥാർഥ്യത്തിലേക്കു കുലുക്കിയുണർത്തിയ കൃതിയായി നിലനിൽക്കും ആടുജീവിതം; ആ കൃതിയുടെ രചയിതാവായി ബെന്യാമിനും. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളോ? അൽ അറേബ്യൻ നോവൽ ഫാക്ടറിയും മുല്ലപ്പൂ നിറമുള്ള പകലുകളും പോലെ സാഹിത്യ ചർച്ചകളിൽ നിന്നു വേഗം മറവിയിലേക്കു മാറ്റപ്പെടാനാണോ കമ്മ്യൂണിസ്റ്റ് വർഷങ്ങളുടെ വിധി? ആശങ്കപ്പെടുത്തുന്ന കുറേ ചോദ്യങ്ങൾ ഉയർത്തുന്ന ബെന്യാമിന്റെ പുതിയ പുസ്തകം.

മികച്ച ഒരു എഴുത്തുകാരന്റെ പ്രതിഭയുടെ അടയാളം കമ്യൂണിസ്റ്റ് വർഷങ്ങളിൽ അവിടിവിടെയുണ്ട്. അദ്ഭുതപ്പെടുത്തുന്നവ. വിസ്മയിപ്പിക്കുന്നവ. പക്ഷേ, ആ അപൂർവ അവസരങ്ങൾ ആസ്വദിക്കാൻ വേണ്ടി എത്ര വായനക്കാർ 414 പുറങ്ങളിലൂടെ കടന്നുപോകുമെന്നു തെളിയിക്കേണ്ടതു കാലം. ഭാവന നിറം പിടിപ്പിച്ച ചരിത്രമെന്ന നിലയിലും കേരളത്തിലെ ഒരു കാലഘട്ടത്തെ ആക്ഷേപഹാസ്യത്തിന്റെ കണ്ണാടിയിലൂടെ കാണുന്ന എഴുത്തെന്ന നിലയിലും ഒളിമങ്ങാത്ത സ്ഥാനമുണ്ട് കമ്മ്യൂണിസ്റ്റ് വർഷങ്ങൾക്ക്. പക്ഷേ, വായനക്കാർ ബെന്യാമിനിൽ നിന്നു പ്രതീക്ഷിക്കുന്ന എഴുത്തിന്റെ, കലയുടെ, ഭാവനയുടെ, ഭാവിയുടെ പുസ്തകമല്ലെന്നു മാത്രം. 

മറക്കരുത്, മാന്തളിർ ദാനി എന്ന അച്ചാച്ചന്റെ വാക്കുകൾ 

‘‘മനുഷ്യൻ ആഗ്രഹിക്കുന്നതു നിർത്തിയാ, ജീവിക്കുന്നതു നിർത്തി എന്നാണർത്ഥം. ഓരോ അഞ്ചുവർഷം കൂടുമ്പോഴും നാം നമ്മളെ ഒന്നു തിരിഞ്ഞു നോക്കണം. നമ്മുടെ സ്ഥാനത്തെ അപ്പോഴും പുതുക്കി നിശ്ചയിച്ചിട്ടില്ലെങ്കി നാം ജീവിതത്തിൽ പരാജയപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നും മനസ്സിലാക്കിക്കോണം. അധ്വാനം ഇരട്ടിയാക്കേണ്ട കാലമാണത്.’’

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review