Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളരാഷ്ട്രീയത്തിന്റെ ഉള്ളറകളിൽനിന്നുള്ള കഥകളുമായി മുൻ മന്ത്രി എൻ.എം. ജോസഫിന്റെ ആത്മകഥ

രാഷ്ട്രീയത്തിന്റെ വഴികളിൽ ഉള്ളിലേക്കു നടക്കൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്ചര്യജനകമോ അത്ഭുതാവഹമോ ആകാറുണ്ട്. നാം ഈ സമൂഹത്തിൽത്തന്നെ ജീവിച്ചിട്ടും ഇതിങ്ങിനെയൊക്കെത്തന്നെയാണോ എന്നു നാം സംശയിക്കുകയും ചെയ്യും. അത്തരത്തിൽ പലേ സംഗതികളും വെളിപ്പെടുത്തുന്ന ഒരു രാഷ്ട്രീയ ആത്മകഥയാണ് അറിയപ്പെടാത്ത ഏടുകൾ.

രണ്ടാം നയനാർ മന്ത്രിസഭയിൽ വനംമന്ത്രിയായി ആ മന്ത്രിസഭയുടെ ഏതാണ്ടുമുഴുവൻ കാലവും അംഗമായിരുന്ന എൻ.എം. ജോസഫിന്റെ ആത്മകഥയാണ് അറിയപ്പെടാത്ത ഏടുകൾ. ജനതാദൾ നേതാവും മുൻ പാർലമെന്റ് അംഗവും ആയിരുന്ന എം.പി. വീരേന്ദ്രകുമാർ സംസ്ഥാനത്ത് ഒരു ദിവസം മാത്രം മന്ത്രിയായിരുന്നു എന്നത് കേരളരാഷ്ട്രീയചരിത്രത്തിൽ എപ്പോഴും പരാമർശിക്കുന്ന ഒന്നാണ്. എന്നാൽ അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് വീരേന്ദ്രകുമാറിന് മന്ത്രിസഭാസ്ഥാനം നഷ്ടപ്പെടാനിടയായത് എന്നൊക്കെ അന്നു മന്ത്രിയായി എത്തിയ എൻ.എം. ജോസഫ് ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു. 

വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച എൻ.എം. ജോസഫ് അടിയന്തിരാവസ്ഥയിലെ ജനതാതരംഗത്തിലാണ് ജനതാപാർട്ടിയിലെത്തുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായി ഉദ്യോഗസ്ഥജീവിതം ആരംഭിച്ച അദ്ദേഹം പാർട്ടിപ്രവർത്തനത്തോടൊപ്പം അധ്യാപകസംഘടനാപ്രവർത്തനവും കൊണ്ടുപോയി. 1982-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഘടകകക്ഷിയായ ജനതാപാർട്ടിക്ക് വിട്ടുകൊടുത്ത പൂഞ്ഞാർ മണ്ഡലത്തിൽ സാക്ഷാൽ പി.സി. ജോർജ്ജിനോടെതിരിടാൻ നിയുക്തനായി. ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1987-ലെ അടുത്ത തിരഞ്ഞെടുപ്പിലും പി.സി.യോട് നിശ്ചയദാർഢ്യത്തോടെ പൊരുതാനിറങ്ങി. എന്നാൽ ഇത്തവണ കാര്യങ്ങൾ അനുകൂലമാകുകയും നിയമസഭാംഗമാകുകയും ചെയ്തു. ഇ.കെ.നയനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിൽ ജനതയ്ക്ക് രണ്ടുമന്ത്രിസ്ഥാനങ്ങൾ കിട്ടുകയും ചെയ്തു. (ജനത പതിമൂന്ന് സീറ്റുകളിൽ മത്സരിക്കുകയും അതിൽ ഏഴെണ്ണത്തിൽ- കൽപ്പറ്റയിൽനിന്ന് എം.പി. വീരേന്ദ്രകുമാർ, വടകരനിന്ന് കെ. ചന്ദ്രശേഖരൻ, പാനൂരുനിന്ന് പി.ആർ. കുറുപ്പ്, ചാലക്കുടിയിൽനിന്ന് കെ.ജെ. ജോർജ്, തിരുവല്ലയിൽനിന്ന് മാത്യു ടി. തോമസ്, നെയ്യാറ്റിൻകരനിന്ന് എസ്.ആർ. തങ്കരാജ് എന്നിവരാണ് മറ്റ് ആറുപേർ– ജയിച്ചു എന്നതും ചരിത്രം) 

അവിടെവച്ചാണ് അധികാരരാഷ്ട്രീയത്തിന്റെ ദുഷിച്ച കളികളിലൊന്നിലൂടെ മന്ത്രിസ്ഥാനം വീരേന്ദ്രകുമാർ കൈക്കലാക്കിയതെന്ന് ആത്മകഥയിൽ അദ്ദേഹം ഓർക്കുന്നു. എന്നാൽ ജനതാദേശീയാധ്യക്ഷൻ ചന്ദ്രശേഖർ പ്രശ്‌നപരിഹാരത്തിനായി അന്നത്തെ കർണ്ണാടകമുഖ്യമന്ത്രി രാമകൃഷ്ണഹെഗ്‌ഡെയെ ചുമതലപ്പെടുത്തിയതോടെ കാര്യങ്ങൾക്ക് വേഗത്തിൽ തീരുമാനമാകുകയും സർവ്വസമ്മതനായ എൻ.എം. ജോസഫിന് കന്നി എം.എൽ.എ. പദവിയോടൊപ്പം മന്ത്രിസ്ഥാനവും ലഭിച്ചു.

വനംവകുപ്പ് മന്ത്രിയായിരുന്ന നാളുകളിൽ അദ്ദേഹം നേരിട്ടറിയാൻ ഇടയായ പല അഴിമതികളുടെയും തട്ടിപ്പുകളുടെയും പിന്നാമ്പുറങ്ങൾ ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ആദിവാസികളുടെ പേരിലും സാമൂഹ്യവനവത്കരണത്തിന്റെ പേരിലും ഗവേഷണത്തിന്റെ പേരിലും ഒക്കെ നടക്കുന്ന പലതും തിരിച്ചറിയാനും അതിനൊക്കെ തടയിടാനും അദ്ദേഹം ആകുംവിധം ശ്രമിച്ചതായും അറിയപ്പെടാത്ത ഏടുകൾ രേഖപ്പെടുത്തുന്നു. ഒപ്പം ഗ്വാളിയോർ റയോൺസ്, കണ്ണൂർ വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംസ്ഥാനത്തിന്റെ വിഭവങ്ങൾ ചുളുവിലയ്ക്ക് തട്ടിയെടുക്കുന്നതിൽനിന്നും തടയാൻ നടത്തിയ ശ്രമങ്ങളും ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആർജ്ജവത്തോടെയുള്ള നടപടികളുടെ സാക്ഷ്യമാകുന്നു. 

വിദ്യാർത്ഥി കോൺഗ്രസ്സിൽനിന്നും യൂത്ത് കോൺഗ്രസ്സിലും പിന്നെ സംഘടനാ കോൺഗ്രസ്സിലും എത്തിയ എൻ.എം. ജോസഫ് ജീവിതത്തിൽ അടിയുറച്ച ആദർശത്തിലും സംശുദ്ധരാഷ്ട്രീയത്തിലും ഉറച്ചു നിന്നിരുന്നു. അതിനാലാണ് കോൺഗ്രസ്സ് പിളർന്ന് ഇന്ദിര കോൺഗ്രസ്സും പാർട്ടി കോൺഗ്രസ്സും രൂപപ്പെട്ടപ്പോൾ മാതൃസംഘടനയായ പാർട്ടി കോൺഗ്രസ്സിൽ ഉറച്ചുനിന്നത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം നിജലിംഗപ്പ, മൊറാർജി ദേശായി, നീലം സജ്ജീവ റെഡ്ഡി തുടങ്ങിയവരുൾപ്പെട്ട സംഘടനാ കോൺഗ്രസ്സ്; റാം മനോഹർ ലോഹ്യ, എച്ച്.വി. കാമത്ത്, ജോർജ് ഫെർണാൻഡെസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടി; എ.ബി. വാജ്‌പേയ്, എൽ.കെ. അധ്വാനി, മുരളീമനോഹർ ജോഷി തുടങ്ങിയവർ നേതാക്കളായുള്ള ജനസംഘം; ചരൺസിംഗിന്റെ ഭാരതീയ ലോക്ദൾ എന്നീ പാർട്ടികൾ ഒരുമിച്ച് ജനതാപാർട്ടി രൂപീകരിച്ചപ്പോൾ അതിലായി പ്രവർത്തനം. പിന്നീട് ജനതപിളർന്നപ്പോൾ എൻ.എം. ജോസഫ് ജനതാദളിൽ ഉറച്ചുനിന്നു, ഇന്നും അങ്ങനെ തുടരുന്നു. 

കേരളരാഷ്ട്രീയം എന്നും ഓർമ്മിച്ചിരിക്കേണ്ട, എന്നാൽ പലപ്പോഴും വിസ്മൃതനാകുന്ന ഒരു വ്യക്തിത്വത്തെയാണ് 'അറിയപ്പെടാത്ത ഏടുകൾ' രേഖപ്പെടുത്തുന്നത്. കേരളരാഷ്ട്രീയത്തിന്റെ മാത്രമല്ല, മൊറാർജി മന്ത്രിസഭക്കാലത്തും പിന്നീട് വി.പി. സിംഗ്, ചന്ദ്രശേഖർ തുടങ്ങിയവരുടെ കാലത്തുമൊക്കെ ദേശീയഭരണകക്ഷിയായിരുന്ന ജനത-ജനതാദൾ അംഗം എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിലെ മാറ്റങ്ങളെയും പ്രസക്തമായ രീതിയിൽ എൻ.എം. ജോസഫ് ഈ പുസ്തകത്തിൽ സ്മരിക്കുന്നുണ്ട്. ചന്ദ്രശേഖറിന്റെ ഭാരതയാത്രയെക്കുറിച്ചുള്ള വിവരണം ഒരുപക്ഷേ, ഇതിനകം ഒട്ടുമിക്കസ്മൃതിമണ്ഡലങ്ങളിൽനിന്നും അപ്രത്യക്ഷമായൊരു രാഷ്ട്രീയകാലഘട്ടത്തെ വീണ്ടും സജീവമാക്കുന്നു. ''ജന്മംകൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്; സാംസ്‌കാരികമായാകട്ടെ ഹിന്ദുവും; എന്നാൽ ആത്മീയദർശനങ്ങളുടെ കാര്യത്തിൽ ബുദ്ധിസത്തോടാണ് എനിക്ക് ചായ്‌വ്' എന്ന് സ്വയം വിവരിക്കുന്ന ഈ നല്ല ഭാരതീയന്റെയും സംസ്‌കാരസമ്പന്നനായ ഒരു പൊതുപ്രവർത്തകന്റെയും സമർത്ഥനായ അധ്യാപകന്റെയും ജീവിതകഥ നമുക്ക് നൽകുന്നത് സമീപകാല കേരളരാഷ്ട്രീയത്തിന്റെ ഉള്ളറകളിൽനിന്നുളള നേർക്കാഴ്ചകളാണ്.'' എന്ന് ആമുഖക്കുറിപ്പിൽ സാഹിത്യകാരനും സാമൂഹികനിരീക്ഷകനുമായ സക്കറിയ ചൂണ്ടിക്കാട്ടുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഓരോ വായനക്കാരനും മനസ്സിലാകും.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review