Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു പെൺമക്കളുടെ അച്ഛൻ

നാലു പെൺമക്കളുള്ള കോൺസ്റ്റബിൾ ശിവരാമൻ ഭാഗ്യവാനാണെന്നു പറയുന്ന സഹപ്രവർത്തകർ. മുതിർന്ന രണ്ടു പെൺകുട്ടികൾ പഠനത്തിനു പുറമേ കലകളിലും കഴിവു തെളിയിച്ചവർ സീരിയലിലോ സിനിമയിലോ അവർക്ക് ഉടൻ തന്നെ അവസരം കിട്ടിയേക്കും അതോടെ, ശിവരാമന്റെ ജാതകം തെളിയും. നാലു പെൺമക്കളും ഭാര്യയുമുണ്ടെങ്കിലും അയാൾ എന്തെങ്കിലും സംസാരിക്കുന്നതായി ആദ്യം കേൾക്കുന്നതു മറ്റൊരു പെൺകുട്ടിയോടാണ്. അതും ഒരു റെയ്ഡിനിടെ, മൂന്നു പുരുഷൻമാർക്കൊപ്പം പിടിക്കപ്പെട്ട പെൺകുട്ടി നിസ്സഹായയായി തല ചുവരിൽ ഇടിക്കുമ്പോൾ ആദ്യമായി ശിവരാമന്റെ ശബ്ദം കേൾക്കുന്നു. 

‘കൊച്ചേ അങ്ങനെ ചെയ്യാതെ, അങ്ങനെ ചെയ്യാതെ’

മറ്റൊരിക്കൽ രണ്ടു പുരുഷൻമാർക്കൊപ്പം അതേ പെൺകുട്ടിയെ ശിവരാമൻ പിടികൂടുന്നു. പുരുഷൻമാർ പെൺകുട്ടിയെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയാണ്. അച്ഛന്റെയും അമ്മയുടെയും സമ്മതമാണ് പുരുഷൻമാരുടെ ബലം. പക്ഷേ പെൺകുട്ടി എതിർക്കുന്നു. അന്നും ആ കുട്ടിയെ രക്ഷപ്പെടുത്താനുള്ള നിയോഗം വന്നുചേർന്നതു ശിവരാമനാണ് അന്നയാള്‍ പറഞ്ഞു.

‘‘കൊച്ചേ ഇങ്ങനെ എല്ലാ സമയത്തും രക്ഷിക്കാൻ ഞാൻ ഉണ്ടായെന്നുവരില്ല. എനിക്കിനി വിരമിക്കാൻ ഒരു കൊല്ലവും ഒരു മാസവും പതിനേഴു ദിവസവുമേയുള്ളൂ. സ്വയം രക്ഷിക്കാൻ കഴിയുന്ന പെൺകുട്ടികൾക്കേ ഇക്കാലത്ത് മാന്യമായി ജീവിക്കാനാകൂ. കൊച്ച് അക്കാര്യം മനസ്സിലാക്കണം.’’

നാലു പെൺകുട്ടികളെ എങ്ങനെ ഒരു കരയ്ക്കടുപ്പിക്കുമെന്നു വ്യാകുലപ്പെടുന്ന ശിവരാമന്റെ വീട് തേടി ഒരിക്കൽ, രണ്ടു തവണ അയാൾ രക്ഷിച്ച പെൺകുട്ടി എത്തുന്നു. അന്നവൾ ഒരു കാര്യമേ അയാളോടു ചോദിച്ചുള്ളൂ.

‘‘ഞാൻ അച്ഛാ എന്നൊന്നു വിളിച്ചോട്ടേ.’’

നാലു പെൺമക്കളുടെ അച്ഛാ വിളി ദിവസേന ശിവരാമന്റെ ഉള്ളിൽ ആധിയുടെ കനൽ കോരിയിടാറുണ്ട്. ഇപ്പോഴിതാ അഞ്ചാമതൊരു പെൺകുട്ടികൂടി. ആഹ്ളാദിക്കണോ അസ്വസ്ഥനാകണോ എന്നറിയാത്ത ശിവരാമന്റെ ധർമ്മസങ്കടത്തിന്റെ കഥയാണ് പൊലീസുകാരന്റെ പെൺമക്കൾ. യു. കെ. കുമാരന്റെ കഥ. ലാളിത്യമുള്ള കഥകളിലൂടെ മലയാള കഥാകാലത്ത് സ്വന്തമായി ഒരു ഇരിപ്പിടമുള്ള കുമാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം പുറത്തിറങ്ങിയിരിക്കുന്നു– നാഷണൽ ബുക്സ്റ്റാളിലൂടെ.

21 കഥകള്‍, എല്ലാ കഥകളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമൂഹത്തിനും വർത്തമാനകാലത്തിനും നേരെ കണ്ണാടി പിടിക്കുന്നു. ഇന്നിന്റെ നോവുകൾ നാളെയുടെ ഉൽകണ്ഠകൾ എന്നും കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളിൽ നിന്നു മുളപൊട്ടുന്ന ധർമ്മസങ്കടങ്ങൾ.

അന്ധനായ യുവാവിന്റെ ആത്മഹത്യയും ഒരു വായനക്കാരനും എന്ന കഥ തുടങ്ങുന്നതുതന്നെ ഒരു പത്രവാർത്തയിൽ നിന്ന്. കഥ അവസാനിക്കുന്നതും മറ്റൊരു പത്രവാർത്തയിൽ.

അന്ധനായ യുവാവ് നഗരത്തിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണു സംഭവമുണ്ടായത്. 

ഈ വാർത്ത അസ്വസ്ഥനാക്കുന്ന ഒരു യുവാവിന്റെ കഥയാണ് കുമാരൻ പറയുന്നത്. അന്ധനായ യുവാവ് ആത്മഹത്യ ചെയ്തതിന്റെ അസ്വഭാവികത യുവാവിനെ പൊലീസ് സ്റ്റേഷനിലേക്കും പത്രമോഫീസുകളിലേക്കുമെല്ലാം നയിക്കുന്നു. അന്വേഷണം വിഫലമാകുകയും അന്വേഷകൻ ഭ്രാന്താശുപത്രിയിൽ അടയ്ക്കപ്പെടുകയും ചെയ്യുമ്പോളാണ് ആത്മഹത്യകൾ ആസൂത്രിത കൊലപാതകങ്ങളായി രൂപം മാറുന്നത്. കാലം എങ്ങനെ വ്യക്തികളെ അന്ധൻമാരും മൂകൻമാരും ബധിരൻമാരുമാക്കി മാറ്റുന്നു എന്നു വ്യക്തമാക്കുന്നിടത്താണു യു. കെ. കുമാരൻ ചെറുകഥാക‍ൃത്തെന്ന നിലയിൽ വിജയിക്കുന്നതും. 

സ്നേഹമുള്ള വാക്കുകൾ, സാന്ത്വനത്തിന്റെ സ്പർശം, കാരുണ്യമുള്ള നോട്ടം. ഇവയ്ക്കുവേണ്ടിയുള്ള നന്മ നിറഞ്ഞ ഒരു മനസ്സിന്റെ പ്രാർത്ഥനകളാണ് ഈ കഥകൾ. കുറച്ചു കൂടി നല്ല ഒരു ലോകത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നവ. 


Books In Malayalam LiteratureMalayalam Literature NewsMalayalam Book Review