ഇന്ത്യൻ സമൂഹത്തെ ഇന്നും ഗ്രസിപ്പിക്കുന്ന ജാതി ചിന്തകളുടെ യഥാർത്ഥ ചിത്രം നിറക്കൂട്ടുകൾ ചേർക്കാതെ ആവിഷ്കരിക്കുന്ന നോവലാണ് ശരൺകുമാർ ലിംബാളെയുടെ ‘അവർണൻ’. അക്കർമാശി, ഹിന്ദു, ബഹുജൻ തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ലിംബാളെ ദലിത് സമൂഹം അനുഭവിക്കുന്ന അസ്പൃശ്യതയും അവഗണനയും എത്രമാത്രം ആഴത്തില്‍ വേരൂന്നിയതാണെന്ന് വ്യക്തമാക്കുന്നു.
ജാതി വ്യവസ്ഥിതിയുടെ നീരാളിപ്പിടുത്തത്തിൽ ബലികഴിക്കപ്പെട്ട പ്രതിഭാധനനായ ഒരു ദളിത് യുവാവാണ് ഇതിലെ മുഖ്യ കഥാപാത്രം. പേര് ആനന്ദ് സുഭാം കാശികർ. തന്റെ ജാതിപ്പേരിന്റെ സ്ഥാനത്ത് കാശികര്‍ എന്നു ചേർത്തും ജാതിക്കോളത്തിൽ മനുഷ്യൻ എന്നു ചേര്‍ത്തുമാണ് ജാതീയതയെ പ്രതിരോധിക്കാൻ അയാൾ ശ്രമിച്ചത്. പഠിച്ച ഒരു വിദ്യാലയത്തിലും സംവരണാനുകൂല്യം വാങ്ങിയില്ല. പ്രശസ്തമായ നിലയിൽ ബിരുദവും ബി എഡും നേടി. എല്ലാ വിജയങ്ങളും കൈവരിച്ചത് മെറിറ്റടിസ്ഥാനത്തിൽ. അവർണർക്ക് ലഭിക്കുന്ന സംവരണാനുകൂല്യം വാങ്ങാതെ ഓപ്പൺ ക്വോട്ടയിൽ ജോലി വാങ്ങി.
രാൻമസലെയിലെ കാശിനാഥ പാഠശാലയിൽ അയാൾ ഇംഗ്ലീഷ് അധ്യാപകനായി ചേർന്നു. ജാതിചിന്ത കൊടി കുത്തിവാഴുന്ന ഗ്രാമത്തിലാണ് വിദ്യാലയം. സ്ഥലം എം.എൽ.എ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ചതാണ് ഈ പാഠശാല. ദലിത് അധ്യാപകരും വിദ്യാർഥികളും അവിടെയുണ്ട്. സവർണർ ഇവരെ രണ്ടാംതര പൗരന്മാരായി കാണുന്നു. മഹാർജാതി അവിടെ വെറുക്കപ്പെട്ടവർ. അവർ തൊട്ടാൽ അശുദ്ധം. ഗോമൂത്രം തളിച്ചാലെ അശുദ്ധി മാറുകയുള്ളൂ.
ഗ്രാമത്തിലെ സവര്‍ണർ ധനികരാണ്. ജാതി മേൽക്കോയ്മ നിറഞ്ഞ രക്തമാണ് അവർക്കുള്ളത്. തങ്ങളുടെ പൂർവികരിൽ നിന്ന് ആർജിച്ച ജാതി ചിന്തയാണ് അവർ ഇപ്പോഴും പുലർത്തിവരുന്നത്.
വിദ്യാലയം ഗ്രാമത്തിന്റെ ചെറുപതിപ്പാണ്. സവർണ വിദ്യാർഥികൾക്ക് ഒരു നിയമം, പാവപ്പെട്ട ദലിതർക്ക് മറ്റൊരു നിയമം. സവർണ കുട്ടികൾക്കു കോപ്പിയടിക്കാം. അവർ പിടിക്കപ്പെട്ടാൽ കേസ്സാക്കാതെ അവരെ സ്വതന്ത്രരാക്കാൻ ഹെഡ്മാസ്റ്റർ തന്നെ മുന്‍പോട്ടു വരുന്നു. ദലിത് കുട്ടികൾ കുറ്റം ചെയ്താൽ അതു കേസ്സാക്കും. അവരെ ശിക്ഷിക്കും. സവർണ ഭവനങ്ങളിൽ നിന്നും വന്ന കുട്ടികൾ ദലിത് സഹ പാഠികളുമായി വഴക്കുണ്ടാക്കുന്നത് പതിവു സംഭവം. ഒരിക്കൽ ആനന്ദ് കാശികർ ഇതിനു മധ്യസ്ഥത വഹിക്കാൻ ചെന്നു. കുട്ടികളെ ശാന്തരാക്കി. സവർണ വിദ്യാർഥിയോട് ദലിത് കുട്ടിയോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അയാളുടെ പ്രതികരണം ‘ഞാൻ ദളിതനോട് മാപ്പ് ചോദിക്കയില്ല എന്നായിരുന്നു.’ തന്റെ ജാതി മറച്ചു വെച്ചുകൊണ്ടാണ് ആനന്ദ് അധ്യാപക ജോലി ചെയ്യുന്നത്. ദലിത് കുട്ടികൾ നേരിടുന്ന വിവേചനത്തിൽ മനം നൊന്താണ് അദ്ദേഹം കഴിയുന്നത്.
ജാതി സമസ്ഥമേഖലകളിലും നിറഞ്ഞു നിൽക്കുകയാണ്. കാനിഫ് നാഥ് ഹോട്ടലിൽ ചായ കുടിക്കാൻ പോയ അദ്ദേഹത്തോട് ഹോട്ടൽ ഉടമ ‘കാശികർ’ എന്നു വച്ചാൽ ഏതു ജാതിയാണ് ’ എന്നു ചോദിക്കുന്നു. ദളിതരുടെ ഉപയോഗത്തിന് വേറെ കപ്പും പ്ലേറ്റുമാണവിടെ. ദനലത്ത് കാംബലെ ദലിക് വിഭാഗത്തില്‍ നിന്നുവന്ന അധ്യാപകനാണ്. അയാളെ കാണുമ്പോൾ ആനന്ദിന് അയാളോടൊപ്പം ചേരാന്‍ തോന്നും. അപ്പോൾ അയാൾക്ക് തന്റെ മുഖംമൂടിയോടു വെറുപ്പു തോന്നും.
മുടി മുറിക്കുന്നിടത്തുപോലും മഹാറിന് അവഗണന. ‘മഹാർ തല കുളിക്കില്ല. അവരുടെ മുടി നീണ്ടിരിക്കും. ചൊറിയും ചിരങ്ങുമുണ്ടാകും.’ മഹാലെ എന്ന ക്ഷുരകന്റെ മറുപടി. അയാളും ആനന്ദിനോട് ജാതി ചോദിച്ചു. അതിന് ആനന്ദ് ഞാൻ മനുഷ്യനാണ്. ഞാൻ ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല.
ദലിതര്‍ക്കു നേരെ ദിനംപ്രതിയുണ്ടാകുന്ന അക്രമങ്ങൾ പുതിയ വാർത്തയല്ല. രാഷ്ട്രീയക്കാരും ഗുണ്ടകളും ചേര്‍ന്ന അവിശുദ്ധ ബന്ധമാണ്. പല അതിക്രമങ്ങൾക്കും കാരണമാകുന്നത്. ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. ക്ഷേത്രനടയിൽ നിന്നു വേണം അവർ പ്രാർത്ഥിക്കേണ്ടത്.
കാശിനാഥ പാഠശാലയിലെ മുൻ ഹെഡ്മാസ്റ്റർ പട്വലിന്റെ ഭവനത്തിലാണ് ആനന്ദ് താമസിക്കുന്നത്. ഒരിക്കൽ ഭക്ഷണത്തിനിരിക്കുമ്പോള്‍ പട്വൽ പറഞ്ഞു ‘എനിക്കു താണ ജാതിയോട് വെറുപ്പാണ്, അറപ്പാണ്. അവർ നമ്മളെ അപേക്ഷിച്ച് ഹീനരാണ്. താണ ജാതിക്കാരൻ ബന്ധുവിനോടു പോലും സമാനതയോടെ സംസാരിക്കുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. കുലീനത്വം എന്റെ രക്തത്തിലുണ്ട്.
ക്ഷേത്രനടയിൽ ഒരു ചീട്ടുകളി സംഘം ഉണ്ട്. എല്ലാവരും സവർണർ. പുരോഗമനാശയങ്ങളോട് എതിർപ്പുള്ളവർ. ദലിതർക്കു നേരെയുള്ള പല അക്രമങ്ങൾക്കു പിന്നിലും ഇവരു ണ്ട്.
വർഷങ്ങളായി നിലനിൽക്കുന്ന ദലിത് ചൂഷണത്തിന്റെ നിഴലിലാണ് നോവൽ പുരോഗമിക്കുന്നത്. സവർണർ അവരോട് മൃഗങ്ങളോടെന്ന പോലെ പെരുമാറുന്നു. ആനന്ദിന്റെ ഉള്ളിൽ ഒരു ആഭ്യന്തരയുദ്ധം നടക്കുകയാണ്. ‘ജാതി മറച്ചു കഴിയുന്നത് തൊട്ടു കൂടായ്മയെക്കാളും ഭയാനകമാണെന്ന്’ അയാൾ കരുതി. തന്റെ സർട്ടിഫിക്കറ്റിൽ മഹാർ ജാതി എന്ന് എഴുതേണ്ടതായിരുന്നു എന്നയാൾക്കു തോന്നി.
മഹാർ ജാതിക്കാർ വേണം ഗ്രാമത്തിൽ ഒരു പശു ചത്താൽ കൊണ്ടു പോകാൻ. ബാണ്ടിറാവു എന്ന സവർണന്റെ വീട്ടിലെ പശു ചത്തു. ഇതിനെ മറവു ചെയ്യാൻ മഹാർ എത്തിയില്ല. ഗ്രാമത്തലൻ ഇതു ഉണ്ടാക്കിയ അലകൾ വലുതാണ്. ഒടുവിൽ ആനന്ദ് തന്റെ സ്കൂളിലെ ദലിത് കുട്ടികളുമായി വന്ന് പശുവിന്റെ ജഡം കൊണ്ടുപോയി മറവു ചെയ്തു. ആനന്ദിന്റെ മഹാമനസ്കതയെ നാട്ടുകാർ പുകഴ്ത്തി.
സാമൂഹിക പ്രശ്നങ്ങളിൽ ആനന്ദ് ഇടപെടാൻ തുടങ്ങി. ജാതി മറച്ചെങ്കിലും അയാൾ ദലിതര്‍ക്കു വേണ്ടി നില കൊണ്ടു. ദലിതർക്കു വേണ്ടി ഒരു കിണർ കുഴിക്കാൻ മുന്നോട്ടിറങ്ങിയ ആനന്ദ് കാശികൻ ഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി. ചിലർക്ക് അയാൾ ദളിതരുടെ മിത്രം. ചിലർക്ക് അയാൾ പരിശുദ്ധർ.
ജാതി ചിന്തയുടെ തീവ്രമുഖമാണ് പട്വൽ. അയാളുടെ ഭാര്യയാണ് ഇപ്പോൾ പാഠശാലയിലെ പ്രധാന അധ്യാപകന്റെയും പ്രിൻസിപ്പലിന്റെയും ചുമതല വഹിക്കുന്നത്. അവരുടെ ഭവനത്തിൽ താമസിക്കുന്ന ആനന്ദിനെക്കൊണ്ട് പട് വലിന്റെ സുന്ദരിയായ സഹോദരി സുഷമയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. ആനന്ദും സുഷമയും തമ്മില്‍ അടുത്തു. വിവാഹത്തിനും മുന്‍പു തന്നെ സുഷമയുടെ ഉദരത്തിൽ ആനന്ദിന്റെ ഒരു കുഞ്ഞ് രൂപം കൊണ്ടു.
ഉന്നത കുലജാതൻ എന്ന് എവിടെയും അംഗീകാരം ലഭിക്കുമ്പോഴും തനിക്കു ചുറ്റും ദലിതർക്കു നേരേ നടക്കുന്ന അതിക്രമങ്ങളിൽ ആനന്ദ് ദുഃഖിതനായിരുന്നു. താൻ എന്തിനാണ് ഈ പൊയ്മുഖം അണിയുന്നതെന്ന ചിന്ത അയാളെ മഥിച്ചു കൊണ്ടിരുന്നു. അയാളുടെ ഉള്ളിലെ സംഘർഷം കനത്തു. ഇനിയും ഒരു നിമിഷവും അടങ്ങിയിരിക്കാൻ തനിക്കാവുന്നില്ല എന്ന തിരിച്ചറിവ് അയാളില്‍ ഉണ്ടായി. ഒരുനാൾ അയാൾ തന്റെ ജാതി വെളിപ്പെടുത്താൻ തീരുമാനിച്ചു.
അയാൾ ഹെഡ്മിസ്ട്രസിനെക്കണ്ടു. ‘മാഡം ഞാൻ മഹാറാണ്’ എന്നു പറഞ്ഞു. അയാൾ ക്ലാസ്സുകൾ തോറും കയറി ഇറങ്ങി. ഓരോ ക്ലാസ്സിലും ചെന്ന് പറഞ്ഞു. സുഹൃത്തുക്കളെ ഞാൻ മഹാറാണ്. എന്നോടു ക്ഷമിക്കൂ. ഞാൻ ജാതി മറച്ചു വെച്ചു, ഗ്രാമം ഒന്നാകെ ഇളകി മറിഞ്ഞു. മഹാർ ജാതിക്കാരനെ ശിക്ഷിച്ചേ പറ്റൂ. ജനക്കൂട്ടം അട്ടഹസിച്ചുകൊണ്ട് ആനന്ദ് താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തി. അയാള്‍ അവര്‍ക്കു നേരെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു‘ഞാൻ മഹാറാണ്’ ഞാനും നിങ്ങളെപ്പോലെ തന്നെ മനുഷ്യനാണ്. നിങ്ങളുടെ പോലെ എന്റെ രക്തവും ചുവപ്പാണ്. നിങ്ങളെപ്പോലെ തന്നെ ഞാനും ഈ നാട്ടിലെ ഒരു നാഗരികനാണ് എന്നാൽ ജാതിഭ്രാന്തന്മാർ ആനന്ദിന്റെ വാക്ക് കേട്ടില്ല. അയാളുടെ കഴുത്തിൽ അവർ കുരുക്കിട്ടു. കയർ ഒരു വൻമരത്തിൽ കെട്ടി. ജനക്കൂട്ടം അയാള്‍ക്ക് ശിക്ഷ വിധിച്ചു.
സമൂഹത്തെ കാർന്നു തിന്നുന്ന ജാതി പിശാചിനെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. മനുഷ്യനെ മനുഷ്യനായി കാണുവാന്‍ പ്രേരിപ്പിക്കുന്ന രചന. നിറമോ, ജാതിയോ, ആരും ചോദിച്ചു വാങ്ങുന്നതല്ലല്ലോ. ഇവയുടെ പേരിൽ ആരെയും അവഗണിക്കരുതെന്നും എല്ലാവരെയും തുല്യരായി കാണുവാന്‍ കഴിയണമെന്നുമുള്ള മഹത്തായ സന്ദേശം പകരുന്ന ഈ കൃതി നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമാണ്. മികവുറ്റ പരിഭാഷ.