Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭാതര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സിസ്റ്റർ സൂസി കിണറ്റിങ്കല്‍

വിധവയും അമ്മയുമായ ഒരു കന്യാസ്ത്രീ. കാലത്തിനു മുമ്പേ സഞ്ചരിച്ച പാവനവ്യക്തിത്വത്തിന്റെ ഉടമ. മുള്ളുകള്‍ക്കിടയിലും പോറലേല്‍ക്കാതെ വിശുദ്ധികാത്തുസൂക്ഷിച്ച ഹൃദയത്തിന്റെ ഉടമ. ഫെമിനിസം എന്ന വാക്കു കേള്‍ക്കുന്നതിനും എത്രയോ മുമ്പ് പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം വേണമെന്നും അവര്‍ക്കു സ്വതന്ത്രരായി വളരാന്‍ അവസരവും വേണമെന്നു വാദിച്ച വിപ്ളവകാരി. ഇങ്ങനെയുള്ള ഒരു സ്ത്രീരത്‌നമാണ് കേരളത്തിലെ ആദ്യത്തെ സന്യാസിനി എന്നുറപ്പിച്ചു പറയുന്നു സിസ്റ്റർ സൂസി കിണറ്റിങ്കല്‍. തെളിവുകളുടെ അടിസ്ഥാനത്തില്‍. ചരിത്രത്തിന്റെ പിന്‍ബലത്തോടെ. കേരളത്തിന്റെ നവോത്ഥാനചരിത്രത്തെത്തന്നെ പൊളിച്ചെഴുതുകയാണു സിസ്റ്റർ സൂസി. മദര്‍ ഏലീശ്വാ എന്തുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ സന്യാസിനി എന്നു വിളിക്കപ്പെടാന്‍ അര്‍ഹയാകുന്നെതെന്നു സിസ്റ്റർ സൂസി സ്ഥാപിക്കുന്ന പുസ്തകമാണ് ‘ മദര്‍ ഏലീശ്വാ’. 

കേരളത്തിലെ ആദ്യത്തെ സന്യാസിനീ സഭ സ്ഥാപിച്ച മദര്‍ ഏലീശ്വാ വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശി. ലത്തീന്‍ ക്രൈസ്തവരായ വൈപ്പിശ്ശേരി കുടുംബത്തില്‍ ജനനം. 1831 ഒക്ടോബര്‍ 15 ന്. പതിനാറാം വയസ്സില്‍ വാകയില്‍ കുടുംബാംഗമായ വത്തരു(ദേവസി)മായി വിവാഹം. മൂന്നുവര്‍ഷത്തിനുശേഷം 1850ല്‍ മകള്‍ അന്നയ്ക്കു ജന്‍മം നല്‍കി. 1851-ല്‍ രോഗബാധിതനായി വത്തരു അന്തരിച്ചു. 20 വയസ്സുള്ള ഏലീശ്വാ പുനര്‍വിവാഹത്തിനു തയ്യാറായില്ല. ദൈവവഴിയിലേക്കു തിരിഞ്ഞു. മകള്‍ അന്നയും ഇളയ സഹോദരി ത്രേസ്യയും അനുഗമിച്ചു. മദര്‍ ഏലീശ്വയെക്കാള്‍ 17 വയസ്സിന് ഇളയതായിരുന്നു ത്രേസ്യ. കൂനമ്മാവിലെ ഇറ്റലിക്കാരനായ ഫാദര്‍ ലിയോപോള്‍ഡാണ് മദറിനു മാര്‍ഗനിര്‍ദേശം നല്‍കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ സ്ത്രീജീവിതത്തിനു പരിചിതമായിരുന്ന പരിമിതികളെ മറികടന്ന വ്യക്തിത്വം കൂടിയായിരുന്നു മദര്‍ ഏലീശ്വ. സ്ത്രീകള്‍ക്കു വിദ്യാഭ്യാസമില്ല. അവര്‍ക്കു ജീവിതം വീടിന്റെ അകത്തളങ്ങള്‍ മാത്രം. കുടുംബജീവിതം മാത്രം. സമൂഹത്തില്‍ സ്വതന്ത്രമായി ഒന്നുംതന്നെ ചെയ്യാനില്ല. അന്നത്തെ പരിമിതികള്‍ പൊളിച്ച് മദര്‍ ആദ്യത്തെ സന്യാസിനി സഭ സ്ഥാപിച്ചു. അതിനോടു ചേര്‍ന്നു പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാനായി പെണ്‍പള്ളിക്കൂടം തുടങ്ങി. കോണ്‍വന്റിനോടു ചേര്‍ന്ന ഒരു സ്കൂള്‍ കേരളത്തില്‍തന്നെ ആദ്യമായിരുന്നു. സ്ത്രീകള്‍ക്കു സ്വയംതൊഴില്‍ പരിശീലനം നല്‍കി. കൈത്തൊഴിലുകളും ഭാഷ, കണക്ക് പോലുള്ള വിഷയങ്ങളും പഠിപ്പിച്ചു. ബോര്‍ഡിങ്, സ്കൂള്‍, അനാഥാലയം എന്നിവയെല്ലാം കേരളത്തില്‍ കത്തോലിക്കാ സഭയില്‍ ആദ്യം തുടങ്ങുന്നതു മദര്‍ ഏലീശ്വയാണ്. 

സന്യാസിനി സഭയുടെ തുടക്കം ലത്തീന്‍ സുറിയാനി റീത്ത് ഭേദം കൂടാതെയാണ്. പ്രഥമ സന്യാസിനി സമൂഹം കാര്‍മലീത്താ നിഷ്പാദുക (ടിസിഒസിഡി) മൂന്നാം സഭയാണ്. അതില്‍നിന്നാണ് തെരേസ്യന്‍ കാര്‍മലൈറ്റ് സന്യാസിനി സമൂഹവും കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍സിയുമുണ്ടാകുന്നത്. ഇറ്റലിക്കാരനായ ഫാദര്‍ ലിയോപോള്‍ഡ് എന്ന ലത്തീന്‍ മിഷിനറിയില്‍നിന്നാണു തുടക്കം. ഇദ്ദേഹത്തിന്റെ അടുത്തുചെന്നാണ് മദര്‍ ഏലീശ്വാ തന്റെ ദൈവവിളിയെക്കുറിച്ചും ദൈവനിശ്ഛയത്തെക്കുറിച്ചും ആദ്യം പറയുന്നത്. അദ്ദേഹമാണു മദറിന് ആത്മീയ മാര്‍ഗനിര്‍ദേശം നല്‍കുന്നതും എല്ലാ സഹായങ്ങളും നല്‍കുന്നതും. റോമിലേക്ക് ലിയോപോള്‍ഡ് ആശയവിനിമയം നടത്തി. ഭരണഘടന കൊണ്ടുവന്നു. ലിയോപോള്‍ഡിനൊപ്പം വന്നിരുന്ന ഉപകാരിയാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ എന്നാണു സിസ്റ്റർ സൂസിയുടെ കണ്ടെത്തല്‍. ഇതാകട്ടെ വിവാദവിഷയവും. 

സംവാദത്തിനു തയ്യാറാണ് സിസ്റ്റർ സൂസി. തെളിവുകളുമായി വരുന്നവരെ സ്വാഗതം ചെയ്യുന്നുമുണ്ട്. എല്ലാ ചരിത്രരേഖകളുടെയും പിന്‍ബലം തനിക്കുണ്ടെന്നും സിസ്റ്റർ സൂസി അവകാശപ്പെടുന്നു.