Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയം വ്യക്തമാക്കി ടി. പദ്മനാഭൻ

‘എന്റെ ജീവിതം സംതൃപ്തമാണെന്നു പറയാം. ജീവിതത്തിലെ ഓരോ വരിയും വാക്കുകൾ പോലും ആത്മാര്‍ത്ഥതയോടെ ഞാൻ എഴുതിത്തീർത്തു. എന്റെ ജീവിതത്തെയും വാക്കുകളെയും ഞാൻ കച്ചവടച്ചരക്കാക്കിയില്ല.'

വാക്കുകളെ സ്വരങ്ങളാക്കിയ, വാക്കുകൾക്കിടയിലെ നിശ്ശബ്ദതയെ ശ്രുതിയാക്കിയ, മൗനത്തിനു പോലും നാനാർത്ഥങ്ങൾ നൽകിയ മലയാള ചെറുകഥയിലെ ഏകാന്ത വിസ്മയം ടി.പദ്മനാഭന്റെ വാക്കുകൾ. ഈ വാക്കുകൾക്ക് ഒരു പ്രസക്തിയുണ്ട്. പദ്മനാഭന്റെ കഥകൾ പൂർണമായി മനസ്സിലാകണമെങ്കില്‍ ഈ വാക്കുകൾ ഉൾക്കൊള്ളണം. അതിന് ഒരു അവസരമാണ് ‘യാത്രയിൽ തനിയെ’ എന്ന പുസ്തകം. ഈ കൃതിയിൽ സുഹൃത്ത് മനോജുമായി പദ്മനാഭന്‍ സംസാരിക്കുന്നു തന്റെ ആശയങ്ങളെകുറിച്ച്. പുസ്തകം പങ്കുവയ്ക്കുന്ന ആദർശങ്ങൾ, നയങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, സമീപനങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ സാഹിത്യചിന്തകൾ, രാഷ്ട്രീയ ആഗ്രഹങ്ങൾ ഒക്കെ പദ്മനാഭന്റെ ആത്മകഥ എന്നു തന്നെ പറയാം. 

നന്മയുടെ കഥാകാരനാണ് ടി. പദ്മനാഭന്‍. അദ്ദേഹത്തിന്റെ കഥകൾ വായിച്ച് ആരും വഴിതെറ്റിയിട്ടില്ല. തെറ്റായ വഴികൾ തേടി പോയിട്ടില്ല. തെറ്റിന്റെ വഴിയേ പോയവരെ മടക്കിക്കൊണ്ടു  വന്ന കഥാകാരനാണ് അദ്ദേഹം. ഒട്ടൊരു അഭിമാനത്തോടെ അദ്ദേഹം അക്കാര്യം ഈ സംഭാഷണത്തിൽ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. 

'ഈ ലോകം ആധ്യാത്മികവും അതിക്രമങ്ങളും നിറഞ്ഞതാണ്. പണ്ടും ഇങ്ങനെ തന്നെ. ശതമാനമാനക്കണക്കില്‍ വ്യത്യാസമുണ്ടാകാമെന്നു മാത്രം. അധാർമികമായ ലോകത്തിൽ ജീവിക്കുന്നവരെ നന്മയെക്കുറിച്ചു ബോധ്യപ്പെടുത്താനാണ് ഞാൻ എഴുതിയത്. തിന്മയെ നിങ്ങൾക്ക് എന്റെ കഥയിൽ കണ്ടെത്താനാകില്ല അത് യഥാർത്ഥ ലോകത്തിൽ വേണ്ടുവോളമുണ്ടല്ലോ.'

നന്മയുടെ പക്ഷത്തു നിൽക്കുമ്പോൾ തന്നെ അഹങ്കാരി എന്നൊരു ചീത്തപ്പേരും കൂടി നേടിയിട്ടുണ്ട്. പദ്മനാഭൻ എന്തു കൊണ്ട് അഹങ്കരി ആയി എന്ന് സംഭാഷണങ്ങളിൽ അദ്ദേഹം വിശദീരിക്കുന്നുണ്ട്. അഹംഭാവവും ആത്മവിശ്വാസവും വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യമാണ് ധീരനും വ്യക്തിത്വമുള്ളവനുമാണ് അഹംഭാവി എന്നും പദ്മനാഭന് അഭിപ്രായമുണ്ട്. അങ്ങനെയൊരാൾക്ക് തന്നെക്കുറിച്ചും തന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കും. അയാൾ പറയും ഉറക്കെത്തന്നെ. അങ്ങനെ പറയുമ്പോൾ അഹംഭാവി എന്ന പേരു വീണേക്കാമെന്നും, അതിനെക്കുറിച്ചോർത്തു ദുഃഖിക്കാറില്ലെന്നുമാണ് പദ്മനാഭന്റെ നിലപാട്. 

തന്റെ എഴുത്തിനെക്കുറിച്ചും പദ്മനാഭന് ഉറച്ച നിലപാടുകളുണ്ട്. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആധാരശില. സ്വന്തം അനുഭവങ്ങളും അപൂർവം അവസരങ്ങളിൽ അടുത്തറിയാവുന്നവരുടെ അനുഭവങ്ങളും കഥയാക്കിയിട്ടുണ്ട്. ഒട്ടും എളുപ്പമല്ല എഴുത്ത് ഒറ്റയിരുപ്പിന് ഒരു കഥയും എഴുതിയിട്ടുമില്ല. എഴുതിയും മാറ്റിയും തിരുത്തിയുമാണ് കഥ പൂർണമാക്കുന്നത്. എഴുതിക്കഴിയുമ്പോൾ മാത്രം ഒരു ആശ്വാസം ലഭിക്കുന്ന അധ്വാനമേറിയ പ്രവൃത്തി. 

എഴുതിയതെല്ലാം കാൽപനികമാണെന്ന് ആക്ഷേപമുണ്ടെന്ന് പദ്മനാഭനറിയാം താൻ ഒരു കാൽപനികനാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മഹത്തായ ഏതു കലയും കാൽപനികമായിരിക്കുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ജീവിതസ്പർശിയല്ലാത്ത സാഹിത്യത്തിന് നിലനില്‍പില്ല. അതുപോലെ തന്നെയാണ് ആധുനികതയും ഉത്തരാധുനികതയും അത്യന്താധുനികതയുമൊക്കെ. മനസ്സാണ് ടി. പദ്മനാഭന്റെ പ്രമേയം. മനുഷ്യന്റെ ആന്തരിക ലോകം. ഉപകഥകളും കൂട്ടിയിണക്കിയ ഭാവങ്ങളുമൊന്നും അദ്ദേഹത്തിന്റെ കഥകളിലില്ല. മഴയുടെ താളം പോലെ, ശുദ്ധ സംഗീതത്തിന്റെ ഈണം പോലെ, കാലത്തെ അതിജീവിക്കുന്ന കഥകൾ തലപ്പൊക്കവും ഗാംഭീര്യവുമുള്ള ഗുരുവായൂർ കേശവനെപ്പോലെ അന്തസ്സോടെ തല ഉയര്‍ത്തിപ്പിടിച്ച് ടി. പദ്മനാഭൻ നിൽക്കുന്നു. മലയാള ചെറുകഥയുടെ രാജശിൽപിയായി. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review