Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകപ്പുഴുവിന്റെ ജീവിതങ്ങൾ

പുസ്തകപ്പുഴു വായിച്ചു തീർത്തു കഴിയുമ്പോൾ ഒരു വായനക്കാരി/ക്കാരൻ കഥാകാരനായ ഉണ്ണി ആറിന്റെ മനസ്സിൽ ഊറികൂടുന്ന ചിന്തകളുടെ, നീരസങ്ങളുടെ, കാലുഷ്യങ്ങളുടെ, ശ്ലഥചിത്രങ്ങളുടെ ഒരു സമഗ്ര നിരീക്ഷണം സാധ്യമാക്കുകയും മലയാള കഥയുടെ എഴുത്തിടത്ത് അയാൾ നിർമിക്കുന്ന തന്റെ ഇടത്തിന്റെ രാഷ്ട്രീയപരിസരത്തിന്റെ രൂപപ്പെടൽ രസതന്ത്രം അനുഭവിക്കുകയും ചെയ്യും.

വൊറേഷിയസ് റീഡർ (Voracious reader), അവിഡ് റീഡർ (Avid Reader) എന്നൊക്കെ ആംഗലേയത്തിൽ പ്രയോഗിക്കുന്ന അർത്ഥ വ്യാപ്തിയിൽ അല്ല മലയാളത്തിൽ 'പുസ്തകപ്പുഴു' എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്. ധാരാളമായുള്ള വായനയെ വായനയുടെ ആഘോഷങ്ങളെ ഗൗരവത്തിൽ സമീപിക്കുന്ന ഒരു ഭൂരിപക്ഷത്തിനെ മലയാളത്തിൽ കണ്ടെത്തുക പ്രയാസം. ‘പൈങ്കിളി’ വായന എന്ന് ഒരു കാലത്ത് കേരളത്തിന്റെ സാംസ്കാരികതയിൽ അപഹസിക്കപ്പെട്ടിരുന്ന വായനയും ഇപ്പോൾ ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. ഇവിടേക്കാണ് പുസ്തകപ്പുഴു എന്ന തലക്കെട്ടോടെ പുസ്തകത്തിന്റെയും പുസ്തക‘പ്പുഴു’ വിന്റെയും  ജീവിതങ്ങളെ അന്വേഷിച്ചലയുന്ന ഒരു വായനക്കാരന്റെയും ഒരു എഴുത്തുകാരന്റെയും സ്വകാര്യ അനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങളായ എഴുത്തുകളുടെ ബലാബലത്തിൽ പിറവിടെയുത്ത ഈ പുസ്തകം വായനയ്ക്കു ക്ഷണിക്കുന്നത്. 

എഴുതിയ ആളുടെ കയ്യൊപ്പ് ചാർത്തി കിട്ടിയ പുസ്തകത്തിന്റെ ചരിത്രപ്രസക്തി, അതിനു പിന്നിലുണ്ടായിരിക്കാവുന്ന സ്നേഹബന്ധത്തിന്റെ ഊഷ്മളത, പുസ്തക പ്രസാധനത്തിലെ ക്രമാനുഗത വളർച്ചയെ അടയാളപ്പെടുത്തുന്ന സൂചനകള്‍, അത്യപൂർവ്വമായ പതിപ്പുകളുടെ ശേഖരണ മൂല്യം, പിന്നീടുള്ള പതിപ്പുകളിൽ വെട്ടിമാറ്റിയതോ കൂട്ടിച്ചേർക്കപ്പെട്ടതോ ആയ ഭാഗങ്ങൾ സംവദിക്കുന്ന രാഷ്ട്രീയം, എന്നിങ്ങനെ പുസ്തകവും അത് കയ്യിലെടുക്കുന്ന ആളും തമ്മിലുള്ള ജൈവബന്ധത്തിന്റെ അസാധാരണത്വം രേഖപ്പെടുത്തുന്ന നീണ്ട എഴുത്തുകൾ ഈ പുസ്തകത്തിന്റെ പാരായണ വ്യാപ്തി വർദ്ധിപ്പിക്കുന്നു. 

പുസ്തക കൂമ്പാരത്തിനിടയിലെവിടെയോ തന്നെ മാത്രം കാത്തിരിക്കുന്ന ഒരു പുസ്തകം തേടിയുള്ള പുസ്തകപ്രേമിയുടെ, പുഴുവിന്റെ ഇഴച്ചിൽ പുസ്തക‘പുഴു’ക്കളായിട്ടുള്ള വായനക്കാർ ഒരിക്കലെങ്കിലും അനുഭവിച്ചു തീർത്തിട്ടുള്ളതാകും. അനുഭവിച്ചു കൊണ്ടേയിരിക്കുന്നതാവും. ഉണ്ണിയുടെ പുസ്തകപ്പുഴുവിന്റെ ഈ ഭാഗങ്ങൾ വായിച്ചനുഭവിച്ച് മുന്നേറുമ്പോൾ വായനയുടെ ഓർമയിലേക്ക് ഇനിയൊരു പുസ്തകവും കയറി വരും. പി.കെ. രാജശേഖരന്റെ ‘ബുക്സ്റ്റാൾജിയ’. എഴുത്തും വായനയും പുസ്തകവും തമ്മിലുള്ള ജൈവ ബന്ധം എത്രപറഞ്ഞാലാണ് എത്ര എഴുതിയാലാണ് എത്ര വായിച്ചാലാണ് തീരുക എന്നതാണ് ഇങ്ങനെ വിഷയസാമ്യതയോടെ പല എഴുത്തുകൾ രൂപപ്പെടുന്നതിന് കാരണം.

കഥകളെഴുതുന്നതുപോലെ വളരെ കരുതലോടെ വാക്കുകളുടെ ദുർവ്യയും ഇല്ലാതെ ഏറെ വേറിട്ട ഒരു ബിംബ നിർമ്മിതിയിലൂടെ ഇക്കൂട്ടത്തിൽ നിന്ന് മാറി നടക്കുന്ന, അത്ഭുതപ്പെടുത്തുന്ന ഒരു കുറിപ്പ് എന്ന് പറയുന്നത് ‘10’ എന്ന എഴുത്താണ് ഒ.വി. വിജയന്റെ മരണത്തെ നോക്കിക്കാണുന്ന ഒന്ന്. എന്തുകൊണ്ട് ഉണ്ണി ഒരു ലേഖകനോ കുറിപ്പെഴുത്തുകാരനോ ആകാതെ കഥാകാരനായി എന്നതിന് ഈ ലേഖനത്തിൽ ഉപയോഗിക്കുന്ന ബിംബനിർമിതി സാക്ഷ്യം നിൽക്കും. എഴുത്തിലുണ്ടായിരിക്കേണ്ട സൂക്ഷ്മ ജാഗ്രതയുടെ കരുതൽ ശ്രേഷ്ഠമായ ഉന്നതിയിൽ കൊണ്ടു നിർത്തി കഥയും നോവലും ലേഖനവും കാർട്ടൂണും മെനഞ്ഞ ഒരു ജീനിയസ്സിനെ കുറിച്ചാണ് താൻ എഴുതാൻ പോകുന്നതെന്ന മുൻധാരണ ഉണ്ണിയെ ആ കുറിപ്പെഴുത്തിന്റെ രചനയിൽ ഒരു പ്രേതബാധപോലെ പിടികൂടിയിരുന്നു എന്ന് മനസ്സിലാക്കാം. ബിംബ നിർമിതിയിൽ കാണിച്ച വ്യതിരിക്തത കൊണ്ടും രചനാ കൗശലത്തിന്റെ അനായാസത കൊണ്ടും മറ്റൊരു മരണത്തെക്കുറിച്ച് ഇത്രമേൽ അനുഭവാത്മകമായി വിജയനെക്കുറിച്ച് എഴുതപ്പെട്ടിട്ടില്ല എന്ന് തീർത്തും പറയാം. വിജയനെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഒന്നിലും ഉൾപ്പെട്ടിട്ടില്ലാത്ത ഉൾപ്പെടേണ്ടിയിരുന്ന ഒരു മരണാനുഭവ വേദനയായി അത് നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും. 

വിവർത്തകനായ ഉണ്ണിയാണ് വായനയുടെ കൗതുകത്തിലേക്ക് പിന്നീട് കടന്നു വരുന്നത്. വായനയിൽ പ്രണയം തോന്നുന്നവയെ സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കാണാനുള്ള അതിമോഹത്തിലാണ് ഒരു പരിഭാഷയുടെ സാധ്യത ഒളിഞ്ഞിരിക്കുന്നത്. ഭാഷയാൽ ശൈലിയാൽ ആശയത്താൽ ഒക്കെ എന്റെ ഭാഷയിലും ഇതു വേണം എന്നു തീരുമാനിച്ചുറച്ച് പരിഭാഷയ്ക്ക് മുതിരുന്നത് വായനക്കാരനില്‍ നിന്ന് എഴുത്തുകാരനിലേക്കുള്ള വളർച്ചയുടെ ഘട്ടമാണ്. സമാഹരിക്കപ്പെട്ട് ഒന്നിച്ചുള്ള വായനയ്ക്ക് ഒരാളുടെ അനേകമായ പരിഭാഷകൾ മുന്നിലെത്തുമ്പോൾ പരിഭാഷകന്റെ വായനയുടെ ജീവിതവും രാഷ്ട്രീയവും അതിലൂടെ വെളിച്ചം കാട്ടി മിന്നും. ബോബ് മാർലിയുടേയും പാബ്ലോ നെരൂദയുടേയും ജീവിത പങ്കാളികളുടെ കുറിപ്പുകൾ, 1990 ലെ ഗ്രാമി അവാര്‍ഡ് ജേതാവ് ജൂലി ഗോൾഡിന്റെ കുറിപ്പ്, ഡോറിസ് ലെസ്സിങ്, ക്ലോദിയോ ഇസാക്കിന്റെ ലൂയി ബുനുവലിനെക്കുറിച്ചുള്ള കുറിപ്പുകളുടെ പരിഭാഷ, ഒരു നാടോടിക്കഥ, എന്നിങ്ങനെ തന്റെ വായനയുടെ ഏറ്റിറക്കങ്ങൾ തുടർച്ചകൾ അനുഭൂതികൾ എന്നിവ സ്വന്തം ഭാഷയിലെ അക്ഷരവടിവിൽ എഴുതി മാറ്റുന്നു. ചിന്തയിലെ കലഹപ്രിയനാണ് ഉണ്ണിയെന്ന് പരിഭാഷാ കുറിപ്പുകളുടേയും കവിതാ മൊഴിമാറ്റങ്ങളുടേയും തിരഞ്ഞെടുപ്പുകൾ വെളിപ്പെടുത്തുന്നുണ്ട്. ആമുഖത്തിൽ ഉണ്ണി എഴുതുന്നത് "നിശ്ശബ്ദതയോളം വലിയ ചാരപ്രവർത്തനമില്ലെന്ന തിരിച്ചറിവാണ് ഇപ്പോഴും ഇങ്ങനെ എഴുതുവാൻ നിർബന്ധിക്കുന്നത്’’ എന്നാണ്. എഴുത്തിൽ മാത്രമല്ല തന്റെ വായനയിലും പരിഭാഷയിലും ആ രാഷ്ട്രീയ ജാഗ്രത ഉണ്ണി കെടാതെ കാക്കുന്നു. 

ഒരു എഴുത്തുകാരൻ എന്തൊക്കെയായിരിക്കും ആരെയൊക്കെയായിരിക്കും വായിക്കുന്നുണ്ടാവുക എന്ന വായനക്കാരന്റെ കുതൂഹലത ആ വായനയുടെ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം തേടി പോകലാണ്. നിലപാടിന്റെ ഉറക്കെപ്പറയൽ പലയിടത്ത് കടന്നു വരുന്നത് കാണാം, പുസ്തകപ്പുഴുവിന്റെ പാരായണത്തിൽ. ‘അടി ഇന്ദിരാവസ്ഥ’ എന്ന കുറിപ്പ്, ‘മോദിയെന്ന പ്രച്ഛന്നവേഷം’ എന്ന കുറിപ്പ്, ‘ഇൻശാ അല്ലാ’ എന്ന കുറിപ്പ്, ‘ഹൈദർ ഒരു ഹിന്ദി സിനിമയല്ല കാശ്മീരി സിനിമയാണ്’ എന്ന കുറിപ്പ് എന്നിങ്ങനെ നിലപാട് വ്യക്തമാക്കുന്ന രാഷ്ട്രീയം ആരായുന്ന ചിന്തയുടെ സഞ്ചാരവഴികൾ ധാരാളമായി ഈ പുസ്തകത്തിൽ നടന്നു തീർക്കുന്നുണ്ട്. 'അനുഭവങ്ങളുടെ കുത്തക ആർക്ക്?' എന്ന ലേഖനത്തിലൂടെ സക്കറിയയോട് ശക്തമായി വിയോജിക്കുമ്പോഴും പുസ്തകപ്പുഴു ഉണ്ണി ആർ സമർപ്പിച്ചിരിക്കുന്നത് സക്കറിയയ്ക്കാണ്. 

ഇനിയും തുടരേണ്ടുന്ന ഇത്തരം രാഷ്ട്രീയ സഞ്ചാരങ്ങളുടെ ദിശയിലേക്ക് വിരൽചൂണ്ടുന്ന വർത്തമാനങ്ങളാണ് അഭിമുഖങ്ങളുടെ വിഭാഗത്തിൽ കാണാവുന്നത്. ബഹുസ്വരമായ നിലപാടുകളുടെ പിൻപറ്റൽ, ഗര്‍വ്വിഷ്ഠമല്ലാതുള്ള സംവാദങ്ങളുടെ സാദ്ധ്യത തേടൽ, എതിർ അഭിപ്രായങ്ങളേയും വിമർശനങ്ങളേയും തുറന്ന ചർച്ചയ്ക്കായി കരുതി വയ്ക്കൽ പൊളിറ്റിക്കലി കറക്റ്റാകാനല്ല, പൊളിറ്റിക്കലി ലിറ്ററേറ്റാകാനാണ്, കൂടുതൽ ജാഗ്രതയാവാനാണ് കാലം ആവശ്യപ്പെടുന്നത് എന്ന് തിരിച്ചറിയുന്ന അത് ഉറക്കെ പറയുന്ന ഒരു രാഷ്ട്രീയ ജീവികൂടിയാണ് താൻ എന്ന് ഉണ്ണി അടിവരയിടുന്നു. 

കഥയിൽ പണിപ്പെടാതിരിക്കുമ്പോൾ ഉണ്ണി ആർ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക എന്നതിന് തെളിവായി ‘പുസ്തകപ്പുഴു’ നമുക്കു മുന്നിലിരിക്കുന്നു. ലേഖനങ്ങളും കുറിപ്പുകളും പരിഭാഷകളും കൊണ്ട് താൻ നടന്നു തീർത്ത പതിനഞ്ചു വർഷം കൂടി അങ്ങനെ നമുക്കുമുന്നിൽ ഉണ്ണി ആർ സമാഹരിച്ച് കാണിക്കുന്നു. 


Books In Malayalam LiteratureMalayalam Literature NewsMalayalam Book Review