Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവമേ, എന്തുതരം സാധനങ്ങള്‍ കൊണ്ടാണു നീ ആണിനെ സൃഷ്ടിച്ചത് ? 

അവന്‍ അവനെക്കുറിച്ചു മാത്രമേ ചിന്തിക്കൂ. അവനും ലോകവും. അതാണ് അവന്റെ കാഴ്ചയുടെ രീതി. അവനൊരു കുന്നിന്റെ പുറത്തിരുന്നു ലോകത്തെ നോക്കുകയാണ്. ഭാര്യയും കുടുംബവും മറ്റെല്ലാം അവന്റെ താഴെയേ വരുന്നുള്ളൂ. മലമുകളിലെ ദൈവത്തെപ്പോലെ. എല്ലാവരും തന്നെ അനുസരിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നും താന്‍ എല്ലാവരാലും പരിപാലിക്കപ്പെടേണ്ടവനാണെന്നും അവന്‍ തെറ്റിധരിക്കുന്നു. കുടുംബം പുലര്‍ത്തുന്നത് അവന്‍ മാത്രമാണെന്നു കരുതുന്നു. അവന്‍ ചെയ്യുന്നതൊക്കെ സൗജന്യവും മറ്റുള്ളവരുടേതൊക്കെ കടമകളും. ഈ ലോകത്ത് ഏറ്റവുമധികം കാപട്യം നിറഞ്ഞ ജീവി. കാപട്യങ്ങള്‍ ഒന്നൊന്നായി അവന്‍ വിജയകരമായി നടപ്പാക്കുമ്പോഴും അതറിയാത്ത ഒരാളുണ്ട്. അറിഞ്ഞിട്ടും നിശ്ശബ്ദയായി ഇരയാക്കപ്പെടുന്നവള്‍. പ്രതികരിക്കാനാഗ്രഹിച്ചിട്ടും നിര്‍വികാരയാക്കപ്പെടുന്നവള്‍. അവളോടൊപ്പം, അവള്‍ക്കൊപ്പം നില്‍ക്കുന്നു പെണ്ണരശ്. രാജീവ് ശിവശങ്കറിന്റെ പുതിയ നോവല്‍. 

നോവലോ കഥയോ കവിതയോ ആകട്ടെ. എഴുതാനൊരുങ്ങുന്ന മനസ്സ് ദേവാലയമാകുന്നു. കാരാലയം ദേവാലയമാകുന്ന അപൂര്‍വ നിമിഷങ്ങള്‍. ആവര്‍ത്തിച്ചുപറയാന്‍ ആഗ്രഹിച്ചതൊക്കെയും മറന്നുപോകുന്ന ദേവസന്നിധി. ചോദിക്കാനാഗ്രഹിച്ച വരങ്ങളൊക്കെ മാഞ്ഞുപോയി ശൂന്യമാകുന്ന മനസ്സ്. എഴുത്തുകാരന്‍ ഒരു ഉപകരണമായി മാറുന്നു. പ്രപഞ്ചശക്തിയുടെ ദിവ്യായുധം. ലോകത്തിന്റെ താളം നിലനിലര്‍ത്തുന്ന, കാലത്തിന്റെ സംഗീതം ഇഴമുറിയാതെ കാക്കാന്‍ നിയോഗിക്കപ്പെട്ട വിശുദ്ധായുധം. ദേവാലയത്തിലേക്ക് അനുമതി ചോദിക്കാതെ കടന്നുവരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടില്ലെന്നു നടിക്കാനാകില്ല ഒരു ദൈവത്തിനും. ചുറ്റുമുള്ള കന്‍മതില്‍ക്കെട്ടുകളും കാടും ഇരുട്ടുമെല്ലാം കടന്ന് അവിടെയെത്തിയിട്ടുണ്ട് നിര്‍ഭയയുടെ നിലവിളികള്‍. ദേവതാത്മാവിന്റെ താഴ്‍വരയില്‍ നഷ്ടപ്പെട്ട കുതിരയെ തേടിനടന്നു ക്ഷേത്രത്തിലേക്കു നയിക്കപ്പെട്ട പെണ്‍കുട്ടിയും. തെരുവുകളിലും അനാഥാലയങ്ങളിലും മാത്രമല്ല സുരക്ഷിതമെന്നു കരുതുന്ന വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലും അടങ്ങിയൊതുങ്ങുന്ന എണ്ണറ്റ നിശ്വാസങ്ങള്‍. നെടുവീര്‍പ്പുകള്‍. വല്ലപ്പോഴും മാത്രം നിയന്ത്രണം വിട്ടുയരുന്ന ദീനവിലാപങ്ങള്‍. ഇവയുടെ മധ്യത്തില്‍ കാതു പൊത്താതെയിരിക്കുന്ന ഒരു എഴുത്തുകാരന്‍ വ്യര്‍ഥമായെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും  ‘ ആണു പെണ്ണിനു നരകമാകാത്ത ഒരു ലോകം’. ആണ് പെണ്ണിനു മോക്ഷമാകുന്ന കാലത്തിനുവേണ്ടി എഴുതപ്പെട്ട കൃതിയാണു പെണ്ണരശ്. 

രാജ്യത്തിന്റെ ഇന്നത്തെ നേരവസ്ഥ. നാളെയുടെ സ്വപ്നത്തിലേക്കുള്ള പ്രാര്‍ഥന. വരാനിരിക്കുന്ന കാലത്തിന്റെ ഉണര്‍ത്തുപാട്ട്. 

ദൈവമേ, എന്തുതരം സാധനങ്ങള്‍ കൊണ്ടാണു നീ ആണിനെ സൃഷ്ടിച്ചത് ? 

വലതുകാല്‍ വയ്ക്കുമ്പോള്‍ ഇടതുകാല്‍ കുതറുകയും ജരാനരകള്‍ക്കിടയില്‍ ശ്വാസത്തിനു കിതയ്ക്കുകയും ചെയ്യുന്ന പ്രായത്തിലും പതിനാറുകാരന്റെ മനസ്സു വീണ്ടെടുക്കാന്‍ പുരുഷന്‍ എന്തു മന്ത്രമാണ് ഉപയോഗിക്കുന്നതെന്ന സംശയത്തില്‍നിന്നുയര്‍ന്ന ചോദ്യം. പെണ്ണിന്റെ ഇഷ്ടമില്ലാതെ, അവളുടെ ഉടലിലൊന്നു തൊടുമ്പോള്‍ വികാരങ്ങളുടെ തള്ളിച്ച ഉണ്ടാകുന്ന നികൃഷ്ടജീവിയെക്കുറിച്ചുള്ള സംശയം. 

ബസിന്റെ വാതില്‍പ്പടി തിരക്കുകള്‍ക്കിടയില്‍ പിന്നിലൊന്നുരസുമ്പോഴോ, വിയര്‍പ്പിന്റെ കെട്ട മണങ്ങള്‍ക്കുനടുവില്‍ ലോകത്തെ ശപിച്ചു തൂങ്ങിനില്‍ക്കുമ്പോള്‍ നെഞ്ചത്തൊന്നു വിരല്‍ തൊട്ടാലോ ഉള്ളില്‍ സ്വര്‍ഗങ്ങള്‍ വിടരുന്ന നിരാലംബ ജീവിയെക്കുറിച്ചുള്ള ആശങ്കകള്‍.

സത്യത്തില്‍ എന്താണ് ആണിനു പെണ്ണ് ? 

വിരല്‍ത്തുമ്പുകൊണ്ടു തെറ്റിത്തെറിപ്പിക്കാവുന്ന, ഇലത്തുമ്പിലെ മഞ്ഞുതുള്ളി. 

ഏതു നിമിഷവും കീറിപ്പറിക്കാവുന്ന കടലാസുപട്ടം. 

സമ്പന്നതയുടെ നടുവില്‍ ജനിച്ചുവളര്‍ന്ന ആപ്രി എന്ന അപര്‍ണയുടെയും ഭ്രാന്തന്‍ കലാകാരനായ പ്രാഞ്ചി എന്ന ഫ്രാന്‍സിസ് സേവ്യറിന്റെയും സ്നേഹത്തിലൂടെയും സ്നേഹരാഹിത്യത്തിലൂടെയും പെണ്ണരശ് വിശദീകരിക്കുകയാണ് ആരാണ് ആണെന്ന്. എന്താണു പെണ്ണെന്ന്. പെണ്ണിനു മാത്രമായുള്ള സഹനത്തിന്റെ പാഠങ്ങള്‍. അവള്‍ക്കുമാത്രമായുള്ള സദാചാര വിചാരങ്ങള്‍. അവളുടെ നാവിനെ മുദ്രവച്ചു പൂട്ടുന്ന ധര്‍മസംഹിതകള്‍. 

എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സ്നേഹം മാത്രം ഇല്ലാത്ത വലിയ വീട്ടില്‍നിന്ന് വേലയും കൂലിയുമില്ലാത്ത പ്രാഞ്ചിക്കൊപ്പം ഇറങ്ങിനടക്കുമ്പോള്‍ ആശങ്കകളേക്കാള്‍ ആശകളായിരുന്നു ആപ്രിയുടെ മനസ്സില്‍. ദുരിതങ്ങള്‍ക്കു നടുവില്‍ അവര്‍ സ്വര്‍ഗം പണിഞ്ഞു. മുന്നറിയിപ്പിന്റെ വിഷമുള്ളുകള്‍ എയ്തുവിട്ടവരെപ്പോലും അകറ്റിനിര്‍ത്തി. നല്ല കാലത്തെന്നപോലെ ചീത്തക്കാലത്തും പരസ്പരം വേദനകള്‍ പങ്കുവച്ചും സ്വപ്നങ്ങള്‍ കണ്ടും അവര്‍ ഒരുമിച്ചു തുഴഞ്ഞു ജീവിതത്തിന്റെ ചെറിയൊരു കാറ്റില്‍പോലും ഉലഞ്ഞുപോകുന്ന കൊതുമ്പുവള്ളം. എന്നിട്ടും അയാളെന്തേ അവളെ തനിച്ചാക്കി. എത്രയോ കാലത്തിനുശേഷം അന്നയാള്‍ മകള്‍ക്ക് ഏറെ പ്രിയപ്പെട്ട സമ്മാനം വാങ്ങിക്കൊടുത്തു. ഭാര്യ ഉറങ്ങുമ്പോള്‍ അവളറിയാതെ അരികില്‍ ചെന്നിരുന്നു. പതിവില്ലാതെ ലഡു പൊട്ടിച്ചുകൊടുത്തു. ദാഹിക്കുമ്പോള്‍ വെള്ളം നീട്ടുന്നു. പിന്നെ ഒരു വാക്കുപോലും ഇല്ലാതെ അകലുന്നു. അവസാനമായി ഒരു ചിരിയോടെയാണ് അയാള്‍ നിന്നത്. എന്താണ് ആ ചിരിയുടെ അര്‍ഥം എന്നു വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ബന്ധുക്കളും സുഹൃത്തുക്കളും കിണഞ്ഞുശ്രമിക്കുമ്പോള്‍ ആപ്രി തിരിച്ചറിയുന്നു. ഒരു പെണ്ണിന് ഒറ്റയ്ക്കു സഞ്ചരിക്കാവുന്ന ദുരമേ ഈ ലോകത്തിനുള്ളൂ. താന്‍ നടക്കും. ആരൊക്കെ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും. അതിരിലേക്ക്. അതിരിനുമപ്പുറത്തേക്ക്. 

കഥയുടെ സ്വപ്നസന്നിഭമായ ലോകം അനാവരണം ചെയ്യുമ്പോഴും ശൈലിയുടെ പുതുപ്രകാശതീരങ്ങള്‍ കണ്ടെടുക്കുമ്പോഴും തന്റെ പ്രതിബദ്ധതകള്‍ ഏറ്റുപറഞ്ഞ എഴുത്തുകാരനാണ് രാജീവ് ശിവശങ്കര്‍. തമോവേദമെന്ന ആദ്യനോവലില്‍ത്തന്നെ സമൂഹജീവിതത്തിലെ പുഴുക്കുത്തുകള്‍ വലിച്ചുപുറത്തിടാനും ചീഞ്ഞളിഞ്ഞ സംസ്കാരത്തിന്റെ വേദവാക്യങ്ങള്‍ക്കു ബദല്‍ രചിക്കാനും തന്റെ പേനയ്ക്കു കഴിയുമെന്ന വാഗ്ദാനം നല്‍കിയ കലാകാരന്‍. പ്രാണസഞ്ചാരത്തിലും കല്‍പ്രമാണത്തിലുമെല്ലാം ആവര്‍ത്തിച്ചുപ്രഖ്യാപിച്ച പ്രതിബദ്ധതയുടെ, ആദര്‍ശത്തിന്റെ, വിശ്വാസത്തിന്റെ തുറന്ന പ്രഖ്യാപനമാകുന്നു പെണ്ണരശ്. വാള്‍മുനയിലൂടെ നടക്കുന്ന അതേ തീവ്രതയും മൂര്‍ച്ചയും വായനയിലുടനീളം അനുഭവിപ്പിക്കാനും കഴിയുന്നുണ്ട് പെണ്ണരശിന്. ആപ്രിയേക്കാളും പ്രാഞ്ചിയേക്കാളും വായനക്കാരന്റെ മനസ്സിനെ പിന്തുടരാനുള്ള ശേഷിയുണ്ട് അമ്മു എന്ന ചെറിയ പെണ്‍കുട്ടിക്ക്. പെണ്ണരശ് തുടങ്ങുന്നതും അവസാനിക്കുന്നതും അമ്മുവില്‍ത്തന്നെയാണ്. അത് എന്ന അധ്യായത്തില്‍തുടങ്ങി കറുത്ത പൊട്ടില്‍ അവസാനിക്കുന്ന പെണ്ണരശ് ഒരുപക്ഷേ മലയാളത്തിലെ സ്ത്രീപക്ഷ രചനയ്ക്കു ലഭിച്ച ഏറ്റവും ധന്യമായ മുതല്‍ക്കൂട്ടാണ്. അത് ഒരു സ്ത്രീയില്‍നിന്നല്ലാതെ പുരുഷനില്‍നിന്നുതന്നെ ലഭിച്ചു എന്നതായിരിക്കും മലയാളം അതിന്റെ തനിമയായി ഉയര്‍ത്തിക്കാട്ടാന്‍പോകുന്നതും. 

അമ്മു. 

വയലറ്റ് രാജകുമാരി. 

പാവപ്പള്ളിക്കൂടത്തിന്റെ ഹെഡ്മിസ്ട്രസ്. 

ഒറ്റക്കണ്ണന്‍ വെള്ളക്കരടിപ്പാവയുടെ അമ്മ. 

പാവം! 

ഇനി അവള്‍ക്കായൊരുങ്ങും പുതിയൊരു കൂട്. 

അവിടെ പെണ്ണിനായി പുതിയ പെരുമാറ്റച്ചട്ടങ്ങള്‍. 

പുതിയ അക്ഷരലിപികള്‍. 

പുതിയ ജീവിതപാഠങ്ങള്‍. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം