Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം എന്ന തീപ്പന്തം

ആധുനിക ഗ്രീക്ക് സാഹിത്യത്തിൽ അത്യുന്നത സ്ഥാനമാണ് നിക്കോസ് കാസാൻ സാകീസിനുള്ളത്. നൊബേൽ സമ്മാന പരിഗണനയിൽ പല വർഷങ്ങളിലായി ഒൻപതു തവണ അദ്ദേഹത്തിന്റെ പേരു വന്നതു തന്നെ ആ പ്രതിഭയുടെ അംഗീകാരമാണ്. സോർബ ദി ഗ്രീക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണ്. 

പുസ്തകപ്പുഴുവും അജ്ഞാതനുമായ കഥാകാരനും ജീവിത മോഹങ്ങളിൽ നീന്തിത്തുടിക്കുന്ന സോര്‍ബ എന്ന പ്രായോഗിക മനുഷ്യനും തമ്മിലുള്ള ദീർഘ സംഭാഷണങ്ങളും ആത്മഗതങ്ങളുമാണ് ഈ നോവൽ. 

അക്ഷരങ്ങളുടെ തടവറയിൽ നിന്ന് കുറേക്കാലത്തേക്കെങ്കിലും മോചനം നേടാൻ ആഗ്രഹിക്കുന്ന കഥാകാരൻ ജീവിതത്തെ തൊട്ടറിയാൻ തീരുമാനിക്കുന്നു. ഇതിനായി ക്രീറ്റയിൽ പ്രവർത്തനം നിലച്ച ഒരു കൽക്കരി ഖനി ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. ഏഥൻസിലെ ഒരു തുറമുഖമായ പൈറീയസിൽ നിന്ന് ക്രീറ്റയിലേക്ക് യാത്രയാകുവാൻ തയാറെടുക്കുമ്പോൾ സോർബയെ കണ്ടു മുട്ടുന്നു. റൊമാനിയയിൽ പിറന്ന ഒരു ഗ്രീക്കുകാരനാണയാൾ മുഴുവൻ പേര് അലക്സിസ് സോർബ. നല്ലൊരു പാചകക്കാരൻ എന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ ഖനികളിൽ ജോലി ചെയ്തു പരിചയം ഉള്ളവനാണ്. ഇതിനെല്ലാം ഉപരിയായി സന്തൂരി  എന്ന സംഗീതോപകരണത്തിൽ തന്റെ സന്തോഷവും നെടുവീർപ്പുകളും പകരാൻ വിദഗ്ധനും. 

സൗമ്യനും മിതഭാഷിയുമാണ് കഥാകാരൻ. സോർബയാകട്ടെ ജീവിത മധു ആവോളം പാനം ചെയ്യുന്നവൻ. മദ്യത്തിലും മദിരാഷിയിലും സന്തോഷം കണ്ടെത്തിയ പ്രായോഗിക മനുഷ്യൻ. 

സോർബയെ നയിക്കുന്ന തത്വശാസ്ത്രം ഇതാണ്. ജീവിതം ചുരുങ്ങിയ നാളുകൾ മാത്രം ആസ്വദിക്കുക. അയാൾ ഒട്ടേറെ വിഷയങ്ങൾ കഥാകാരനോടു പറയുന്നു. താൻ സന്ദർശിച്ച സ്ഥലങ്ങൾ. കണ്ടുമുട്ടിയ സ്ത്രീ ജീവിതങ്ങൾ. അവരോടൊപ്പം കഴിഞ്ഞു കൂടിയ ദിനരാത്രങ്ങളുടെ കഥകൾ.

ക്രീറ്റയിലെ കൽക്കരി ഖനി തുറന്നു. സോർബയാണ് മേൽ നോട്ടക്കാരൻ. എന്നിരുന്നാലും അയാൾ തൊഴിലാളികളോടൊപ്പം എല്ലു മുറിയെ പണി എടുക്കുന്നു. 

കഥാകൃത്തിന് തൊഴിലാളികളോടുള്ള മമത സോർബയ്ക്കു ദഹിക്കുന്നില്ല. മുതലാളി ഒരിക്കലും തൊഴിലാളിയോട് അടുത്തിടപഴകരുതെന്ന മുതലാളിത്ത ഭാവമാണ് സോർബ പങ്കു വയ്ക്കുന്നത്. 

സോർബയ്ക്ക് കഥാകൃത്ത് ‘ബോസ്’ ആണ്. സ്വപ്നലോകത്തിലാണ് കഥ പറച്ചിലുകാരൻ. 

കാസാൻ സാകീസ് ജീവിതത്തെ അവതരിപ്പിക്കുന്നത് സോർബയിലൂടെയാണ് സന്തോഷത്തെ നിർവചിക്കുന്നത്, സ്ത്രീകളെക്കുറിച്ച് പറയുന്നത്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചു പറയുന്നത്, സാധാരണ മനുഷ്യരുടെ ജീവിത പോരാട്ടം രാജ്യസ്നേഹം, യുദ്ധത്തോടുള്ള കാഴ്ചപ്പാട്, യുദ്ധത്തിൽ നടക്കുന്ന കൊടും പാതകങ്ങൾ, നിസ്സഹായരായ കുഞ്ഞുങ്ങളുടെ ദൈന്യത എല്ലാം പറയുന്നത് ഈ സംഭാഷണങ്ങളാണ്. കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സോർബയ്ക്കു കഴിയും. കൽക്കരി ഖനിയിൽ ഉണ്ടായ അപകടം മുന്‍കൂട്ടി അറിഞ്ഞ് അയാൾ തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു. 

മദ്യപിച്ച് ലക്കുകെടുമ്പോൾ സോർബ നൃത്തം ചെയ്യും. എന്റെ ഉള്ളിൽ ആർത്തട്ടഹിസിക്കുന്ന ഒരു ചെകുത്താനുണ്ട്. വികാരങ്ങൾ എന്നെ ശ്വാസം മുട്ടിക്കുമ്പോൾ അവനെന്നോട് നൃത്തം ചെയ്യാൻ പറയും നൃത്തം കഴിയുമ്പോൾ മനസ്സൊന്ന് അയയും.  ഒരിക്കൽ എന്റെ കൊച്ചു ദിമിത്രാകി മരിച്ചപ്പോൾ ഞാനിതു പോലെ നൃത്തം വെച്ചു. ശവശരീരത്തിനു മുൻപിൽ നൃത്തം ചെയ്യുന്ന എന്നക്കണ്ട് ബന്ധുക്കൾ പറഞ്ഞു പാവം സോര്‍ബയ്ക്ക് വട്ടായിപ്പോയി. പക്ഷേ ആ സമയത്ത് നൃത്തം ചെയ്തില്ലായിരുന്നുവെങ്കിൽ ദുഃഖം കൊണ്ട് എനിക്ക് ഭ്രാന്തുപിടിച്ചു പോകുമായിരുന്നു. 

ഗ്രീക്കുകാരും ബൾഗേറിയക്കാരും തുർക്കികളും തമ്മിൽ നടന്ന യുദ്ധത്തെക്കുറിച്ചു സോർബ പറയുന്നു.

മുമ്പൊക്കെ ഒരാളെ കണ്ടാൽ അയാൾ ഗ്രീക്കുകാരനാണോ, ബൾഗേറിയക്കാരനാണോ അതോ തുർക്കിയാണോ എന്നൊക്കെ ഞാൻ അന്വേഷിക്കുമായിരുന്നു. തുർക്കിയാണെന്ന ഒറ്റക്കാരണത്താൽ ഞാൻ ഒരാളുടെ കഴുത്തറുത്തെടുത്തിട്ടുണ്ട്, വീടുകൾക്ക് തീയിട്ടിട്ടുണ്ട്. പിന്നെ പിന്നെ ഞാൻ ആളുകളെ നല്ലവര്‍ മോശക്കാർ എന്നു മാത്രമായി തരംതിരിക്കാൻ തുടങ്ങി. ആൾ നല്ലവനാണോ കൂട്ടുകൂടാം. മോശക്കാരനാണോ അവൻ അവന്റെ വഴിക്കു പോകട്ടെ. മനുഷ്യനായി പിറന്ന എല്ലാവരോടും എനിക്കു സഹതാപം മാത്രമേയുള്ളൂ. മറ്റൊരിടത്ത് അയാൾ പറയുന്നു രാജ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യർ മൃഗങ്ങളെപ്പോലെയായിരിക്കും. കാട്ടു മൃഗങ്ങൾ’

എത്ര അർത്ഥവത്തായ ദർശനം. കാസാൻ സാക്കീസ് അവതരിപ്പിച്ച ഈ ചിന്താധാര ഉൾ‌ക്കൊണ്ടാൽ രാ‍ജ്യങ്ങള്‍ തമ്മിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളും  പരിഹരിക്കപ്പെടും. മനുഷ്യരെ ഒന്നായി കാണാൻ കഴിയുന്ന മഹത്തായ ദർശനം. അപ്പോൾ കഥാകാരന്റെ ആത്മഗതം എനിക്ക് അയാളോട് വീണ്ടും അസൂയ തോന്നി. രക്തം കൊണ്ടും മാംസം കൊണ്ടും ജീവിക്കുന്ന ഒരു മനുഷ്യൻ. പടവെട്ടി, കൊന്ന് ഭോഗിച്ച് മദിച്ചു ജീവിക്കുന്നവൻ. ഞാനോ എല്ലാം പുസ്തകത്താളുകളിലൂടെ മാത്രം അറിയുന്നവൻ കസേരയിൽ ചാരിയിരുന്ന് ഞാൻ പരിഹാരം കാണാൻ ശ്രമിക്കുന്ന സമസ്യകൾക്ക് ഈ മനുഷ്യൻ  മലനിരകളിൽ പൊരുതിക്കൊണ്ട് ഉത്തരങ്ങൾ കണ്ടെത്തുന്നു.’

സോർബ ശരീരത്തെ ആനന്ദമാക്കി, നൃത്തമാക്കി, സംഗീതമാക്കി മാറ്റുന്നു.

മതത്തെക്കുറിച്ചും സോര്‍ബയുടെ സംഭാഷണത്തിൽ പലതും തെളിയുന്നു. ചെയ്തു കൂട്ടിയ പാപങ്ങൾക്ക് സോർബയോടു ചോദിച്ചാൽ അയാൾ പറയും രാത്രിയും പകലും മുട്ടിലിഴഞ്ഞു നടന്ന് പണം പിരിക്കുന്ന സ്റ്റിഫാനോസച്ചിനേക്കാളും ഞാൻ തന്നെയാണ് ദൈവത്തെപ്പോലെയുള്ളത്. 

സോർബയിലൂടെ അസാധാരണനായ ഒരു കഥാപാത്രത്തെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അയാളുടെ വാക്കുകളും സംഭാഷണങ്ങളും ആത്മഗതങ്ങളും ജീവിതത്തെ പുനർ നിർവചിക്കാൻ കാസാൻ സാക്കീസ് ഉപയോഗിക്കുന്നു. സൗന്ദര്യത്തെക്കുറിച്ചും സ്ത്രീയെക്കുറിച്ചും അയാൾ പുതിയ കണ്ടെത്തലുകൾ നടത്തുന്നു. മനുഷ്യബന്ധങ്ങൾക്ക് അയാൾ മറ്റൊരു നിറം പകരുന്നു. രാജ്യങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളുടെ  അർത്ഥശൂന്യതയെ അയാൾ പരിഹസിക്കുന്നത് യുദ്ധത്തിൽ കൊല്ലപ്പെടുന്നവർ മനുഷ്യർ മാത്രം. മതത്തിന്റെ കപടതയിൽ അയാൾക്ക് മനം മടുക്കുന്നു. 

സോർബയ്ക്ക് ദുഃഖം ഒപ്പിയെടുക്കാൻ നൃത്തവും സന്തൂരിയിലെ രാഗങ്ങളുമുണ്ട്. പുസ്തകങ്ങളിൽ നിന്നും അക്ഷരങ്ങളിൽ നിന്നും ഒരെഴുത്തുകാരനും ഓടിയൊളിക്കാൻ കഴിയുകയില്ലെന്നും ഈ നോവൽ പറയുന്നു.

സോർ‍ബയും കഥാകാരനും കൂടാതെ മറ്റു പല ചെറിയ കഥാപാത്രങ്ങളും ഈ നോവലിലുണ്ട്. എന്നാൽ ഇവരിൽ മിഴിവോടെ നിൽക്കുന്നവർ സോർബയും കഥാകാരനും മാത്രം. 

കാവ്യമധുരമായ പരിഭാഷ ഈ നോവലിന്റെ ശക്തി സൗകുമാര്യം വർധിപ്പിക്കുന്നു. 

Read more: Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം...