കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന ചോദ്യത്തോളം അസംബന്ധമുണ്ട് കഥയും ജീവിതവും തമ്മിലുള്ള ബന്ധത്തിനും. ആദ്യമുണ്ടായതു കഥയോ ജീവിതമോ? ജീവിതമില്ലാതെ കഥയെങ്ങനെയുണ്ടാകും എന്ന ചോദ്യത്തിനു പ്രസക്തിയില്ല. യഥാർഥ ജീവിതത്തേക്കാൾ വിശ്വസനീയവും യാഥാർഥ്യവുമായി അവതരിപ്പിക്കപ്പെട്ട കഥകൾ എത്രവേണമെങ്കിലുമുണ്ടല്ലോ. കഥയേത് ജീവിതമേത് എന്ന ആശയക്കുഴപ്പത്തിൽ തളച്ചിടാൻ കഴിവുള്ള കഥകൾ എത്രയോ ഉണ്ട്. ഇതു കഥയല്ല ജീവിതം തന്നെ എന്നു ചില ജീവിതങ്ങളെക്കുറിച്ചു പറയുമ്പോൾ മുൻകൂർ ജാമ്യവുമെടുക്കാറുണ്ട്. കഥയിൽ ജീവിതം നിറയുമ്പോൾ മികച്ച കഥയുണ്ടാകുന്നു. സ്വന്തം കഥയാണെനു തോന്നണമെന്നില്ല. പരിചയമുള്ളവരെക്കുറിച്ചാകണമെന്നില്ല. കേട്ടിട്ടുണ്ടാകണമെന്നില്ല. കേൾക്കാൻ ആഗ്രഹിച്ചതാകണമെന്നുമില്ല. എങ്ങനെയോ മനസ്സിനെ സ്പർശിക്കുന്നു. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത രീതിയിൽ. വേദനയാകാം. അസ്വസ്ഥതയാകാം. ചിരിയോ പൊട്ടിച്ചിരിയോ ആകാം. മനസ്സിൽ കൂടുകുട്ടുകയായി കഥകൾ. പിന്നീടുള്ള ജീവിതത്തിനു പിന്നിൽ ആ കഥ കൂടിയുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചുകൊണ്ട്. പ്രേരണയായും പ്രചോദനമായും. ജീവിതത്തിന്റെ അടിസ്ഥാനവികാരം തന്നെയായി.
ഗബ്രിയേൽ ഗാർസിയ മാർക്കേസ് ഏകാന്തതയുടെ നൂറുവർഷങ്ങൾ എഴുതുന്ന കാലം. എഴുതിയ താളുകൾ മേശപ്പുറത്തുവച്ചിട്ടു പുറത്തുപോയ മാർക്കേസ് തിരിച്ചുവരുമ്പോൾ കാണുന്നത് വാവിട്ടു നിലവിളിക്കുന്ന ഭാര്യയെ. ഏകാന്തതയിലെ ഒരു കഥാപാത്രത്തിന്റെ മരണത്തെക്കുറിച്ചാണ് അന്നു രാവിലെ മാർക്കേസ് എഴുതിയത്. വേർപാടിന്റെ അസഹനീയ വേദനയിൽനിന്നുമാണ് മാർക്കേസിന്റെ ഭാര്യ കരയുന്നത്. പിന്നീട് എത്രയോ പേർ പല കാലങ്ങളിൽ, വ്യത്യസ്ത ദേശങ്ങളിൽ, വിവിധ സാഹചര്യങ്ങളിൽ പിൻപറ്റിയ കരച്ചിൽ. എഴുത്തിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ ആഴമേറിയ അസ്വസ്ഥതയുടെയും സൗന്ദര്യാനുഭൂതിയുടെയും മികച്ച ഉദാഹരണമായി നിലകൊള്ളുന്നു ഏകാന്തത. ഏകാന്തതയിലെതന്നെ റെമെഡിയോസ്. കോളറക്കാലത്തെ പ്രണയത്തിലെ ഫെർമിന ഡാസ.. ജീവിതത്തെ അതിശയിപ്പിച്ച കഥകളിലൂടെ മാർക്കേസ് സമ്മാനിച്ച ജീവിതക്കാഴ്ചകൾ.
കഥയും ജീവിതവും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ച് ആഴമേറിയ ചിന്തയ്ക്ക് തുടക്കമിടുന്നുണ്ട് ജി.ആർ. ഇന്ദുഗോപന്റെ കഥകൾ. പ്രത്യേകിച്ചും പുതിയ സമാഹാരമായ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന സമാഹാരത്തിലെ കഥകൾ. കഥകളുടെ തുടക്കത്തിൽ ‘കഥ വന്ന വഴി’ കുറച്ചുവാക്കുകളിൽ വിശദീകരിക്കുന്നുണ്ട് എഴുത്തുകാരൻ. കഥ പോലെ ആസ്വാദ്യമായ കുറിപ്പുകൾ. കഥയ്ക്കുശേഷം വീണ്ടും വായിക്കുമ്പോൾ വ്യാഖ്യാനത്തിന്റെ പുതിയൊരു വഴി കൂടി തുറക്കുന്ന പ്രവേശകങ്ങൾ. ജീവിതത്തിൽ ആദ്യമായെഴുതിയ കഥ മുതലേ അനുഭവത്തിന്റെ ചൂടുണ്ട് ഇന്ദുവിന്റെ കഥകൾക്ക്. സൗന്ദര്യസങ്കൽപങ്ങളുമായും കഥയുടെ ലാവണ്യനിയമങ്ങളുമായും യോജിക്കാതിരിക്കുമ്പോഴും തള്ളിക്കളയാൻ കഴിയില്ല ഈ കഥകൾ. എവിടെയൊക്കെയോ എങ്ങനെയൊക്കെയോ ജീവിതവുമായി സംഘർഷത്തിലേർപ്പെടുകയും പൂരിപ്പിക്കുകയും പുതിയ തലങ്ങളിലേക്ക് ഉയരുകയും ചെയ്യുന്നുണ്ട് ഈ കഥകൾ.
അനുഭവങ്ങളെ നേരെ പകർത്തുന്ന എഴുത്തുകാരുണ്ട്. അനുഭവങ്ങളിൽനിന്നു ഭാവനയുടെ ലോകം സുരക്ഷിതമായി മെനഞ്ഞെടുക്കുന്നവരുണ്ട്. ജീവിതാനുഭവങ്ങളും ഭാവനയും കൂട്ടിക്കലർത്തി സമാന്തരമായ ഒരു ലോകം നിർമിക്കുന്നവരുമുണ്ട്. ഇവയിൽ ഏതുമാർഗമാണ് ഇന്ദുഗോപൻ സ്വീകരിക്കുന്നതെന്ന് തീർത്തുപറയാനാകാത്ത രീതിയിൽ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട് അമ്മിണിപ്പിള്ള വെട്ടുകേസും കൂടെയുള്ള മൂന്നുകഥകളും. മാർഗം ഏതാണെങ്കിലും നേർത്ത ഒരു ചിരിയുടെ അകമ്പടിയോടെ, നാടിന്റെ ഐതിഹ്യങ്ങളിൽനിന്ന്, നാട്ടുഭാഷയുടെ വായ്മൊഴി സൗന്ദര്യത്തിൽ ജീവിതത്തേക്കാൾ നിറപ്പകിട്ടുള്ള കഥയുടെ ലോകം തുറക്കുകയാണ് എഴുത്തുകാരൻ.
അമ്മിണിപ്പിള്ള വെട്ടുകേസിലെ ഒരു രംഗം. അതിനു സാക്ഷിയായിരുന്നു താനുമെന്ന് കഥയുടെ വഴിയിൽ എഴുത്തുകാരൻ സമ്മതിക്കുന്നുണ്ട്. കുട്ടിക്കാലത്തു നടന്ന സംഭവം. നായകൻ തിരിച്ചുവരുമ്പോൾ തല്ലു കിട്ടിയ ആളിന്റെ അമ്മ പിടിച്ചുനിർത്തുന്നതാണു രംഗം. അന്നു നടന്ന സംഭാഷണങ്ങൾ മനസ്സിൽനിന്നു മാഞ്ഞിട്ടില്ലാത്തതിനാൽ അവ തന്നെ ഉപയോഗിച്ചുവെന്നും ഇന്ദു പറയുന്നു.
എന്നാലുമെന്റെ അമ്മിണീ.. നിനക്കും അവനും കൂടി ഞാൻ ചോറു വിളമ്പിത്തന്നിട്ടില്ലേടാ...
അമ്മിണി സൈക്കിളീന്ന് ഇറങ്ങിയിട്ടു പറഞ്ഞു:
അതിനെന്താ... അമ്മച്ചി ഇനിം വിളമ്പിത്താ.
എങ്കിലും നീയവനോടിത് ചെയ്തല്ലോടാ.
അതിന് അമ്മിണി കൊടുക്കുന്ന വിശദീകരണമുണ്ട്. ഉത്തരം മുട്ടി നിന്നുപോകുമെന്നു കരുതിയ അയാൾ തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ്. തല്ലു കിട്ടിയ ആളിന്റെ അമ്മയെ മൗനത്തിലേക്കു തള്ളിവിടുന്ന ചോദ്യം.
ഞാനുമൊരാണല്ലേ അമ്മാ....
താൻ സാക്ഷിയായിരുന്നെന്നു പറയുന്ന ഈ രംഗത്തിൽ ഓർമയുള്ള സംഭാഷണങ്ങൾക്കിടെ രണ്ടു വാക്കുകൾ മാത്രമാണ് എഴുത്തുകാരന്റെ സംഭാവന.
ഒരു നിശ്ശബ്തത.
രണ്ടേ രണ്ടു വാക്കുകൾ. അമ്മിണിപ്പിള്ള വെട്ടുകേസിൽ അവിസ്മരണീയ രംഗങ്ങൾ ഒന്നിലേറെയുണ്ട്. തല്ലുകൊണ്ടയാളുടെ അമ്മ അമ്മിണിയെ പിടിച്ചുനിർത്തുന്ന രംഗത്തെ അവിസ്മരണീയമാക്കുന്നതാകട്ടെ ഈ രണ്ടു വാക്കുകളും. അനുഭവത്തെ അതായിത്തന്നെ അവതരിപ്പിക്കുകയല്ല ഇന്ദുഗോപൻ. പൂർത്തീകരിക്കുകയോ വ്യാഖ്യാനിക്കുകയോ അല്ല. പുതിയൊരു അനുഭവം സൃഷ്ടിക്കുകയാണ്. ഇവിടെ പരാമർശിച്ച രംഗത്തിൽ അനുഭവം സൃഷ്ടിക്കാൻ എഴുത്തുകാരനു വേണ്ടിവന്നതു രണ്ടുവാക്കുകൾ മാത്രം. കലയെ ഉന്നതമായ കലാനുഭവത്തിന്റെ വിളക്കുമാടത്തിലേക്ക് ഉയർത്തുകയാണ് ഇന്ദുഗോപൻ. നൂറ്റിയിരുപത്തഞ്ചടി ഉയരത്തിൽനിന്ന് അമ്മിണിപ്പിള്ള പറന്നുവരുന്നതു പൊടിയൻപിള്ളയുടെ നേർക്കു മാത്രമല്ല; വായനക്കാരെക്കൂടി ലക്ഷ്യമാക്കി. പിറകിൽ അമ്മിണിപ്പിള്ള വീണിട്ടും പാറക്കെട്ടുകൾ ചാടിക്കടന്നു പായുന്നു പൊടിയൻപിള്ള. പറന്നുവരുന്ന അമ്മിണിപ്പിള്ളയുടെ പ്രതികാരത്തിൽനിന്നും ആണാണെന്നു തെളിയിക്കാനുള്ള വ്യഗ്രതയിൽനിന്നും അത്രപെട്ടെന്നു രക്ഷപ്പെടാനാവില്ല മലയാളത്തിന്. അഴത്തിൽ കൊത്തിവച്ച സൗന്ദര്യമായി അമ്മിണിപ്പിള്ള സൃഷ്ടിക്കുന്ന ഭാവുകത്വം പുതുമയുള്ളത്. നമ്മുടെ തന്നെ നാടിന്റെ ഐതിഹ്യത്തിൽനിന്ന് ഇന്ദുഗോപൻ സൃഷ്ടിച്ച പുതിയ ചരിത്രം. ആഖ്യാനത്തിന്റെ സൗന്ദര്യവും വ്യാഖ്യാനത്തിന്റെ ആഴവും ബോധ്യപ്പെടുത്തുന്ന എഴുത്ത്.
ഗൈനക് എന്ന കഥയാകട്ടെ ശൈലിയിൽ സമാഹാരത്തിലെ മറ്റുകഥകളിൽനിന്നു വേറിട്ടുനിൽക്കുന്നു. തുടക്കം നർമത്തിൽത്തന്നെയാണ്. ക്രമേണ ഹൃദയത്തെ മഥിക്കുന്ന ഒരനുഭവമായി മാറുന്നു ഗൈനക്. സുഹൃത്തായ ഒരു പത്രപ്രവർത്തകന്റെ ജീവിതത്തിൽനിന്നുമാണ് ഇന്ദു കഥ രൂപപ്പെടുത്തിയത്. കഥയ്ക്ക് അടിസ്ഥാനമായ അനുഭവത്തിലൂടെ കടന്നുപോയപ്പോൾ കരഞ്ഞോ എന്നു സ്വയം ചോദിക്കുന്നുണ്ട് എഴുത്തുകാരൻ.
ഇഗോയുള്ളതുകൊണ്ട് കരച്ചിലിനെക്കുറിച്ചു പറയുന്നില്ല എന്നാണു വിശദീകരണം. നരനായി പിറന്നാൽ കരയാതെ പറ്റില്ലെന്ന് എഴുതിയിട്ടുണ്ട് അക്കിത്തം. പക്ഷേ, പുരുഷനായതിനാൽ കരയുന്നതെങ്ങനെ എന്നു സംശയിച്ചിട്ടുമുണ്ട്. എഴുതിയയുടൻ ഈ കഥയിൽനിന്നു താൻ രക്ഷപ്പെടുകയാണെന്ന് എഴുത്തുകാരൻ പറയുന്നുണ്ടെങ്കിലും ഹൃദയത്താൽ ഗൈനക് വായനക്കാരെ കുടുക്കുന്നു. വായിക്കുന്ന വാർത്തകളെയൊക്കെ സംശയത്തോടെ നേക്കേണ്ടിവരും ഇനി. കഥയുടെ പിന്നിലെ ജീവിതങ്ങളെക്കുറിച്ചു ചിന്തിക്കും. യാഥാർഥ്യം എന്ന് ഉറപ്പിച്ചുപറഞ്ഞ വസ്തുനിഷ്ഠതയ്ക്കു പിന്നിലെ യഥാർഥ കഥ അറിയാൻ ശ്രമിക്കും.
ഗൈനക് മാത്രമല്ല അമ്മിണിപ്പിള്ള വെട്ടുകേസിലെ നാലുകഥകളും ജീവിതം തന്നെയാണ്. ജീവിച്ചിരുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായി ഈ കഥാപാത്രങ്ങൾക്കു സാദൃശ്യം തോന്നിയാൽ അതു വെറുതെയല്ല. സത്യമാണത്. സംശയമുള്ളവർക്കു വായിച്ചുതന്നെ ബോധ്യപ്പെടാം. ഇനി വായനക്കാർ പൂരിപ്പിക്കട്ടെ ഈ കഥകളുടെ ബാക്കി.
Books In Malayalam Literature, Malayalam Literature News, Malayalam Book Review