എന്റെ ജാതി... എന്റെ ജാതി എന്നെ ചതിച്ചല്ലോ ദൈവമേ... അയാൾ വിലപിച്ചു. ഭഗവതിയെ ആവാഹിക്കുന്ന എന്റെ ദേഹം ഈ നടയിൽ ഞാൻ സമർപ്പിക്കുന്നു...
നായരായ എന്നെ തിയ്യനാക്കൂ.. ദേവീ
അല്ലെങ്കിൽ എന്നെ ജാതിയില്ലാത്ത ദേഹിയാക്കൂ...
ചാപ്പൻ കോമരം നടയിലെ കല്ലിൽ തലതല്ലിക്കരഞ്ഞു
കുറുമ്പ്രനാട്ടിൽ കേളപ്പജി ജാതിരഹിത സമുദായം സ്വപ്നം കാണുന്നതിനും കൃത്യം കാൽനൂറ്റാണ്ട് മുമ്പായിരുന്നു ആ കരച്ചിൽ.
കുന്നുമ്മൽ ജാനുവിന്റെ ജീവിതം രേഖപ്പെടുത്തപ്പെട്ടത് ചാപ്പൻ കോമരത്തിന്റെ ഹൃദയത്തിലാണ്. ചാപ്പൻ കോമരം ഭഗവതിയുടെ വെളിച്ചപ്പാടാണ്. ചാപ്പൻ കോമരത്തിന്റെ ജീവിതത്തിൽ രണ്ടു നിഷ്ഠകളാണുള്ളത്. ഒന്ന് ജാനുവിനോടുള്ള നിരുപാധികമായ ഇഷ്ടം. രണ്ട് ഭഗവതിയിലുള്ള അചഞ്ചലമായ വിശ്വാസം. രണ്ടിനും യുക്തിഭദ്രമായ കാരണം ആർക്കും മനസ്സിലാവുകയില്ല. ഇതര ജാതിയിൽ പിറന്നതിനാൽ ജാനുവിനെ സ്വന്തമാക്കാൻ കഴിയാതിരുന്ന ചാപ്പൻ കോമരം ഒടുവിൽ ജാനുവിന്റെ ആദിമൂലമായ പറയനാർപുരത്തെ പൊട്ടൻ തെയ്യത്തിന്റെ പ്രതിഷ്ഠയ്ക്കുമുന്നിൽ സാഷ്ടാംഗം വീണുകിടന്നു കരഞ്ഞു.
ഇഷ്ടപ്പെട്ട പെണ്ണിനോടുത്തു ജീവിക്കാനും ജാതിരഹിത സമുദായത്തിനുവേണ്ടിയും വീണ്ടും കരച്ചിലുകളുയർന്നു. ബധിരകർണങ്ങളിൽ പതിച്ച നിരാധാരമായ കരച്ചിലുകൾ. ഇന്നു ദുരഭിമാനക്കൊലപാതകത്തിന്റെ കത്തിക്കിരയായി ചെറുപ്പക്കാർക്കു ജീവിതം നഷ്ടപ്പെടുകയും അകാലത്തിൽ പെൺകുട്ടികൾ വിധവകളാക്കപ്പെടുകയും ചെയ്യുമ്പോൾ ജാതിരഹിത സമുദായം എന്ന സ്വപ്നത്തിനു വീണ്ടും ജീവൻ വയ്ക്കുന്നു. അകാലത്തിൽ അന്തരിച്ച പ്രദീപൻ പാമ്പിരികുന്ന് തന്റെ ആദ്യത്തെയും അവസാനത്തെയും നോവലായ എരിയിലൂടെ പങ്കുവച്ച സ്വപ്നം.
ആധുനിക സാമൂഹികാവബോധത്തിലേക്ക് കേരളീയരെ നയിച്ച വിവിധ നവോത്ഥാനശ്രമങ്ങളിലൊന്നിന്റെ ഭാവനാവിഷ്കാരമാണ് എരി. ജാതിരഹിത പൊതുസമൂഹം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി, അങ്ങേയറ്റം ജാതീയമായ അടിമത്തം അനുഭവിച്ച ഒരു ജനവിഭാഗത്തിൽനിന്ന് ആത്മാഭിമാനത്തോടെ ഉയർന്നുവന്ന കഥാപാത്രം. വടക്കൻ കേരളത്തിലെ പഴയ കുറുമ്പ്രനാട് താലൂക്കിലെ പറയനാർപുരം എന്ന സാങ്കൽപിക ദേശമാണ് എരിയുടെ നാട്. ഐതിഹാസികമായ എരിയുടെ ജീവിതം ഐതിഹ്യങ്ങളിലൂടെയും ഓർമകളിലൂടെയൂം പൂസ്തകങ്ങളിലൂടെയും മറ്റു രേഖകളിലൂടെയൂം ഒരു കീഴാള ഭാഷാ ഗവേഷകൻ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ ആഖ്യാനം. 19–ാം നൂറ്റാണ്ടിലും 20–ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിലുമായി കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന സാമൂഹിക പ്രതിരോധ ശ്രമങ്ങൾ നോവലുമായി കണ്ണിചേർക്കപ്പെടുന്നു.
മഹത്തായ ഒരു സ്വപ്നമായി തുടങ്ങിയെങ്കിലും നോവൽ പൂർണമാക്കാൻ കഴിഞ്ഞില്ല പ്രദീപന്. എങ്കിലും അപൂർണതയുടെ അന്തരീക്ഷം പരിമിതിയാകാതെ താൻ ലക്ഷ്യമാക്കിയ സാമൂഹിക ഉത്തരവാദിത്തം ഫലപ്രദമായി സന്നിവേശിപ്പിക്കാൻ നോവലിൽ പ്രദീപനു കഴിയുന്നു. അദ്ദേഹം എഴുതാൻ ആഗ്രഹിച്ച ആമുഖം എഴുതിയിരിക്കുന്നതു ഭാര്യ ഡോ.സജിത കിഴിനിപ്പുറത്ത്– സ്വയം എരിഞ്ഞെഴുതിയ എരി. കൽപറ്റ നാരായണന്റെ സ്വാഗതവാക്യങ്ങൾ– എരിയോല.
അജ്ഞാതനായ ഒരു പറയന്റെ ജീവിതം പുനരാവിഷ്കരിച്ചതുകൊണ്ടെന്തു കാര്യം? ആർക്കാണതിൽ താൽപര്യം? നോവലിലെ ഗവേഷകൻ നേരിടുന്ന ചോദ്യം വായനക്കാരും ചോദിക്കാനിടയുണ്ട്.
ഒരോ മനുഷ്യരും അവരവരുടേതായ പങ്ക് ചരിത്രപ്രക്രിയയിൽ അനുഷ്ഠിക്കുന്നുണ്ട്. എന്നാൽ നമ്മുടെ ചരിത്രങ്ങളിൽ അവയില്ല. അങ്ങനെയുള്ള ഒരു മനുഷ്യനാണ് എരി. അയാൾക്ക് ഒരു ചരിത്രമുണ്ട് എന്നു സ്ഥാപിക്കുകയാണ് പ്രദീപന്റെ ലക്ഷ്യം.
നവോത്ഥാനത്തിന്റെ ചരിത്രം വീണ്ടും പഠിക്കുകയാണ് എഴുത്തുകാരൻ. പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണുനീർത്തുള്ളികളിൽനിന്നാണ് യഥാർഥ ചരിത്രം തുടങ്ങുന്നതെന്ന ചിരിച്ചറിവിന്റെ നിമിഷത്തിലേക്ക് പഠനം അദ്ദേഹത്തെ നയിക്കുന്നു. എരിയുടെ ആത്മാവ് ഒരു കണ്ണുനീർത്തുള്ളിയായി എഴുത്തുകാരന്റെ നെറുകയിൽ ഇറ്റുവീഴുന്നു. അതേ അനുഭവത്തിന്റെ തീവ്രതയിലേക്കു വായനക്കാരെയും നയിക്കുന്നുണ്ട് എരിയോല. ഒരു കീഴാളന്റെ ജീവിതത്തിന്റെ വെളിച്ചം പുതിയ കാലത്തിലേക്കു പകരാൻ ശ്രമിക്കുക കൂടിയാണ് നോവൽ. കാലത്തിനു മുമ്പേ പറക്കാൻ ശ്രമിച്ച ഒരു മനുഷ്യന്റെയും അയാൾ പകരാൻ ശ്രമിച്ച സന്ദേശത്തിന്റെയും ആഖ്യാനം.
ഒന്നും ആരും അറിഞ്ഞില്ലല്ലോ..
അവന്റെ ചരിത്രമെഴുതുവാൻ
ഉർവിയിലാരുമില്ലാതെപോയല്ലോ.... എന്ന ഖേദത്തിൽനിന്നു പിറന്ന നാടോടിപ്പാട്ടുകളുടെ തനിമയെ ഗദ്യവുമായി ഇണക്കിച്ചേർക്കാൻ ശ്രമിച്ച ആഖ്യാനസമ്പന്നമായ നോവൽ. മലയാളത്തിന്റെ ഈണവും താളവും ശ്രുതിസമ്പന്നമാക്കുന്ന കൃതി.
ഒരു ദിവസം തെക്കെവിടെയോ പോയിവരുമ്പോൾ എരിയോടൊപ്പം സുന്ദരിയായ ഒരു സ്ത്രീയുമുണ്ട്. ഏതു ജാതിക്കാരിയാണെന്ന് ആർക്കുമറിയില്ല. എരി ആരോടും ഒന്നും പറഞ്ഞുമില്ല. ആരും ചോദിച്ചുമില്ല. ഒരുദിവസം വലിയമ്പ്രാൻ എരിയോട് ‘ഓളേതാ ജാതി’ എന്നു ചോദിച്ചത്രേ.
‘മൃഗജാതിയല്ല’ എന്നാണ് എരി ഉത്തരം പറഞ്ഞത്. പിന്നീട് വലിയമ്പ്രാൻ ഒന്നും മിണ്ടിയില്ല.
യുക്തി കൊണ്ടു നേരിടാൻ കഴിയാത്ത എരി തന്റെ കൂട്ടക്കാരോടു പറഞ്ഞു:
ഞാൻ കല്യാണം കഴിച്ചത്. നമ്മുടെ കൂട്ടക്കാരെ അല്ല. നമുക്ക് ആരെയും നമ്മുടെ ജീവിതപങ്കാളിയാക്കാനും ജീവിക്കാനുമുള്ള ശക്തിയും കഴിവുമുണ്ട്. നമ്മളെല്ലാം മനുഷ്യരാണ്.
യേശുമതത്തിലേക്ക് മാർഗം കൂടിയ പെണ്ണാണെന്റെ പെണ്ണ്. അവൾ അതിനുമുമ്പ് തിയ്യ ജാതിയിലായിരുന്നു. അവൾക്ക് എഴുത്തും വായനയുമറിയാം. ഇനി അവൾക്കു ക്രസ്തുമതമില്ല. തിയ്യ ജാതിയില്ല. അപ്പോൾ അവൾ ഏതു ജാതി? മതം ? നമ്മൾ ജീവിക്കുന്ന ജാതി ? അപ്പോൾ ജാതിയെന്നാലെന്താണ് ?
എരിഞ്ഞുകയറുന്ന ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് എരി. എരിയോടൊപ്പം വായനക്കാരും.
ഞാൻ എഴുതാൻ തുടങ്ങി എന്ന വാചകത്തിലാണ് നോവൽ അവസാനിക്കുന്നത്. ഒപ്പം എഴുതാൻ ക്ഷണിക്കുകയാണ് പ്രദീപൻ. എരിയോല കത്തട്ടെ.
എരിയട്ടെ. എരിഞ്ഞടങ്ങാനല്ല; വെളിച്ചം കാണിക്കാൻ. ദുരഭിമാനക്കൊലപാതകങ്ങളുടെ കാലത്തു നേരിന്റെ വെളിച്ചം കാണിക്കാൻ.
Books In Malayalam Literature, Malayalam Literature News, Malayalam Book Review