ചാപ്ലിൻ മുതൽ സ്പിൽബർഗ് വരെ, ഹോളിവുഡിന്റെ കഥ

വിവാഹം സ്വർഗത്തിൽവച്ചു നടക്കുകയാണെന്നാണു ചൊല്ല്. എന്നാൽ, വിവാഹത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു ലോകപ്രശസ്ത ചലച്ചിത്രകാരൻ‌ ചാർലി ചാപ്ലിൻ– 1918 ൽ. ഭീഷണിക്കുവഴങ്ങിയായിരുന്നു ചാപ്ലിന്റെ ആദ്യവിവാഹം. മിൽഡ്രഡ് ഹാരിസ് എന്ന 16 വയസ്സുകാരി ചാപ്ലിൻ തന്നെ ഗർഭിണിയാക്കിയെന്ന് ആരോപിച്ചു. വിവാഹം കഴിക്കുകയല്ലാതെ മറ്റു മാർഗമില്ലാതെവന്നു കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചിരിപ്പിച്ച ചാപ്ലിന്. 

ചാപ്ലിനുമായുള്ള വിവാഹം നടക്കാൻ മിൽഡ്രഡ് സ്വീകരിച്ച തന്ത്രമായിരുന്നു ഗർഭിണിയാണെന്ന അവകാശവാദം. വിവാഹം കഴിഞ്ഞ് എട്ടുമാസവും 15 ദിവസവും കഴിഞ്ഞപ്പോൾ മിൽഡ്രഡ് പ്രസവിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞു മരിച്ചുപോയി. വീട്ടിലിരുന്നാൽ വിഷാദം കീഴടക്കുമെന്നു മനസ്സിലാക്കിയ ചാപ്ലിൻ ആശ്വാസം കണ്ടെത്തിയ ഒരു സ്ഥലമുണ്ട്: ഹോളിവുഡ്. ആകാശത്തേക്കാൾ കൂടുതൽ താരങ്ങൾ മിന്നിത്തിളങ്ങുകയും അസ്തമിക്കുകയും ഉദിക്കുകയും ചെയ്ത ഇതിഹാസഭൂമി. ലോക സിനിമയുടെ ചരിത്രം ഒരർഥത്തിൽ ഹോളിവുഡിന്റെ ചരിത്രമാണ്. ക്ലാസിക്കുകളുടെ ഉൽഭവസ്ഥലം. മറവിയിലേക്കു മായാൻ കൂട്ടാക്കാത്ത ഉദ്വേഗജനകമായ ഒരു ഹിച്ച്കോക്ക് ചിത്രം പോലെ അതിശയകരമാണു ഹോളിവുഡിന്റെ കഥയും. ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽനിന്ന് അജ്ഞാതരായി വന്ന് പേരും പെരുമയും നേടി, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ കുളിച്ചുനിന്ന പ്രതിഭകളുടെ കഥ. സ്വപ്നങ്ങളേറെയുണ്ടെങ്കിലും ഒന്നുമാകാൻ കഴിയാതെപോയ അജ്ഞാതരുടെ കഥ. അച്ഛനെത്തേടി മദ്യശാലയിൽ അലയുകയും, അമ്മയെക്കാണാൻ ഭ്രാന്താശുപത്രിയിൽ കാത്തിരിക്കേണ്ടിയും വന്ന ചാർലി ചാപ്ലിനെപ്പോലുള്ളവർ ഹൃദയങ്ങളെ മഥിച്ച അഭ്രകാവ്യങ്ങൾ സൃഷ്ടിച്ച സ്വപ്നഭൂമി. പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലുമുണ്ടവിടെ. നെടുവീർപ്പുകളും ആരവങ്ങളുമുണ്ട്. പ്രശസ്തിയുടെ അതിശയകഥകളും പീഡനങ്ങളുടെയും മാനഭംഗങ്ങളുടെയും ലജ്ജിപ്പിക്കുന്ന കഥകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ട്. ഏറ്റവും ഹരം പിടിപ്പിക്കുന്ന ത്രില്ലർ സിനിമയെ തോൽപിക്കുന്ന സസ്പെൻസും സർപ്രൈസുകളും. കലയെ കച്ചവടവൽക്കരിക്കുകയും കച്ചവടത്തിനിടയിലും കലയെ മറക്കാതിരിക്കുകയും ചെയ്ത പ്രതിഭകളുടെ ജീവിതത്തിലൂടെയും കലയിലൂടെയും സഞ്ചരിച്ച് ഹോളിവുഡിന്റെ ഇതിഹാസമെഴുതുകയാണ് രാജൻ തുവ്വാര– ‘ഹോളിവുഡിന്റെ ഇതിഹാസങ്ങൾ’ എന്ന പുസ്തകത്തിലൂടെ. ഡേവിഡ് ഗ്രിഫിത്തും ചാർലി ചാപ്ലിനും മുതൽ സ്റ്റീവൻ സോഡർബർഗും സ്പിൽബർഗും വരെയുള്ള മഹാരഥൻമാരുടെ ജീവിതകഥ. 

ആദ്യ കുട്ടിയെ നഷ്ടപ്പെട്ട, ആദ്യവിവാഹത്തിൽനിന്നു സന്തോഷം കണ്ടെത്താൻ കഴിയാതെവന്ന ചാപ്ലിൻ ഒരു സിനിമയുടെ നിർമാണജോലികൾ തുടങ്ങി. യാചകനായ മനുഷ്യൻ ഒരു അനാഥക്കുട്ടിയുടെ പിതൃത്വം താൽക്കാലികമായി ഏറ്റെടുക്കുന്നതിന്റെ ചിരിപ്പിക്കുന്ന, കരയിപ്പിക്കുന്ന കഥ– ദ് കിഡ്. 1920– ൽ ചാപ്ലിൻ വിവാഹമോചിതനായി. 21– ൽ ദ് കിഡ് പുറത്തുവന്നു. അതോടെ ഹോളിവുഡിൽ ഒരു സൂര്യൻ ഉദിക്കുകയായി. നിഷ്കളങ്കമായ ചിരിയുടെയും ഉള്ളിൽ അമർത്തിവച്ച തേങ്ങലിന്റെയും സൂര്യൻ. ലോക സിനിമയിൽ പിന്നീടുള്ള കുറച്ചു വർഷങ്ങളെങ്കിലും സ്വന്തമാക്കി ഹോളിവുഡിന്റെ ‘ഗ്രേറ്റ് ഡിക്റ്റേറ്റർ’ എന്നു പറയാവുന്ന ചാപ്ലിൻ. സ്വന്തമായി സിനിമകൾ ചെയ്തതിനുപുറമെ അദ്ദേഹം ഗ്രിഫിത്ത്, ഡഗ്ളസ് ഫെയർബാങ്ക്സ്, മേരി പിക്ഫോർഡ് എന്നിവരുമായി ചേർന്ന് ഹോളിവുഡിൽ ഒരു കമ്പനി സ്ഥാപിച്ചു– യുണൈറ്റഡ് ആർട്ടിസ്റ്റ് കമ്പനി. ‘ഭ്രാന്തൻമാർ, ഭ്രാന്താശുപത്രിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നു’ എന്നാണ് കമ്പനി രൂപീകരണത്തെക്കുറിച്ച് ഉയർന്ന അഭിപ്രായങ്ങളിലൊന്ന്. പക്ഷേ, തുടർന്നുള്ള വർഷങ്ങൾ ഹോളിവുഡിൽ രൂപീകരിക്കപ്പെട്ട കമ്പനികൾ ലോകം തന്നെ കീഴടക്കി അഥവാ ഭ്രാന്തൻമാരും കിറുക്കൻമാരുമായ കലാകാരൻമാരുടെ ഭരണം തുടങ്ങി. 

ഒരിക്കലൊരു നാട്ടിൻപുറമായിരുന്നു ഹോളിവുഡ്. 1820–ലാണ് അവിടെ ജനവാസം തുടങ്ങുന്നത്. സെസിൽ ബി ഡിമലിന്റെ ‘സ്ക്വാ മാൻ’ ചിത്രമാണു ഹോളിവുഡിന്റെ നാന്ദി കുറിച്ചത്. അരിസോണയിലെ മഞ്ഞുപുതച്ച പ്രദേശത്തു ചിത്രീകരണം നടത്താതെ ലൊസാഞ്ചൽസിലെ നാട്ടിൻപുറത്തേക്കു മാറുകയായിരുന്നു ഡിമൽ. 1915–ൽ പുറത്തുവന്ന ‘ദ ബർത് ഓഫ് എ നേഷൻ’ എന്ന ഗ്രിഫിത്ത് ചിത്രം ഹോളിവുഡിലെ ലക്ഷണമൊത്തെ ആദ്യത്തെ ചലച്ചിത്രവുമായി. ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്, വാർനർ ബ്രദേഴ്സ്, യൂണിവേഴ്സൽ പിക്ചേഴ്സ്, എംജിഎം എന്നിങ്ങനെ ലോകമെങ്ങും അറിയപ്പെട്ട സ്റ്റുഡിയോകളിൽനിന്ന് പുതുമകളും പരീക്ഷണങ്ങളും പുറത്തുവന്നുകൊണ്ടിരുന്നു. ഇന്നും തുടരുന്ന അനുസ്യൂതി. 

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒഴിവാക്കാനാവില്ല ഹോളിവുഡ്; ഹോളിവുഡിന്റെ ഇതിഹാസങ്ങളെയും. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review