വര്‍ത്തമാനകാല സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവം അത് നവമാധ്യമകേന്ദ്രീകൃതമാണ് എന്നതാണ്. സൂക്ഷ്മാർഥത്തിൽ പരിശോധിച്ചാൽ മൊബൈൽ ഫോൺ സമൂഹം. നവമാധ്യമങ്ങളുടെ വികസിത രൂപമാണ് മൊബൈൽ ഫോൺ, ഏഴാമത്തെ ബഹുജന മാധ്യമം (7th mass media) എന്നാണ് മൊബൈൽ ഫോണിനെ ഇന്ന് പഠനവിധേയമാക്കുന്നത്. അച്ചടി, റിക്കോർഡിംഗ്, ചലച്ചിത്രം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയവയാണ് ഇതരമാധ്യമങ്ങൾ. നവമാധ്യമം, ബഹുജന മാധ്യമം, പരമ്പരാഗത മാധ്യമം എന്നിങ്ങനെയുള്ള സങ്കൽപ്പനത്തിന്റെ അതിരുകൾ തന്നെ മാഞ്ഞു പോയിരിക്കുന്നു.
അടിസ്ഥാനപരമായി മൊബൈൽ ഫോൺ ഇലക്ട്രോണിക് / ഡിജിറ്റൽ ഉപകരണമാണ്. ഇന്റർനെറ്റും അനുബന്ധ വിവര സാങ്കേതിക വിദ്യകളും നവമാധ്യമ ഉപകരണങ്ങളും ലഭ്യമാകുന്നതാണ് മൊബൈൽ ഫോണിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. പരമ്പരാഗത നവമാധ്യങ്ങൾ ഇന്ന് മൊബൈൽ ഫോണിലൂടെ ലഭ്യമാണ്. ഇവിടെ മൊബൈൽ ഫോൺ ഇതരമാധ്യമങ്ങളുടെ അന്തകനാവുകയല്ല, മറിച്ച് അവ പുതിയ രൂപഭാവങ്ങളോടെ മൊബൈൽ ഫോണിൽ ചേക്കേറുകയാണ്. ഡിജിറ്റൽ അസമത്വത്തെ ലഘൂകരിച്ചു വിവരവിനിമയ സാങ്കേതിക വിദ്യകളുടെയും നവമാധ്യമങ്ങളുടെയും ഗുണഫലങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിൽ വരെയെത്തിച്ചത് മൊബൈൽ ഫോണാണ്.
ആശയ വിനിമയ മാതൃകകളെ തന്നെ പുനർ നിർണയിച്ച മൊബൈൽ ഫോൺ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ചലനാത്മകമായ മാറ്റങ്ങൾക്ക് കാരണമായി. മൊബൈൽ ഫോൺ കേന്ദ്രീകൃത ജീവിതശൈലി തന്നെ രൂപപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ വൈയക്തികവും സാമൂഹികവുമായ ജീവിതത്തെ നിയന്ത്രിക്കുന്നതും ക്രമീകരിക്കുന്നതുമെല്ലാം ഇന്ന് മൊബൈൽ ഫോൺ ആണ്. ജനങ്ങളുടെ വൈകാരിക– വൈചാരിക അനുഭവങ്ങളും ചിന്തകളും ശീലങ്ങളുെമല്ലാം ഇന്ന് മൊബൈൽ ഫോൺ പുതുക്കിപ്പണിയുന്നു. യുവജനങ്ങളിലും കൗമാരക്കാരിലും ഇതിന്റെ സ്വാധീനം വളരെ വലുതാണ്. അത്യന്തം സങ്കീർണവും വൈവിധ്യവുമാർന്ന മൊബൈൽ ഫോൺ സംസ്കാരത്തിന്റെ വ്യത്യസ്ത തലങ്ങളെ അക്കാദമിക പരിപ്രേക്ഷ്യത്തിൽ പഠനവിധേയമാക്കുകയാണ്. ഡോ. ബിനു സചിവോത്തമപുരം എഴുതി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മോബൈൽഫോൺ : സംസ്കാര നിർമിതിയുടെ നവമാധ്യമം' എന്ന പുസ്തകം. സംസ്കാര പഠനത്തിലും മാധ്യമപഠനത്തിലും ഏറെ പ്രാധാന്യമുള്ള ഈ പുസ്തകം പൊതുവായനക്കാർക്കും അക്കാദമിക വായനക്കാർക്കും ഒരു പോലെ സ്വീകാര്യമാണ്. മൊബൈൽ ഫോൺ കേന്ദ്രീകൃതമായി മലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ സംസ്കാര– മാധ്യമപഠനം കൂടിയാണിത്.
Books In Malayalam Literature, Malayalam Literature News, Malayalam Book Review