ഒരു എഴുത്തുകാരി അഥവാ എഴുത്തുകാരൻ എത്രപേരെയാണ് ഒരേ സമയം ഗർഭത്തിൽ പേറുന്നത്. നിരവധി കഥാപാത്രങ്ങൾക്ക് അവന്റെയുള്ളിൽ ഒരേ സമയം ജീവൻ പൊടിക്കുന്നു. അവനിൽ നിന്നു തന്നെ സത്തയൂറ്റിയെടുത്ത് അവയെല്ലാം വളരുന്നു. അവയോരോന്നിനെയും ഉള്ളിലിട്ടു വളർത്തി ഓരോ തനത് വ്യക്തികളായി പുറത്തെത്തിക്കും വരെ ഒരു 'എഴുത്താൾ' അനുഭവിക്കുന്ന സംഘർഷങ്ങൾ, ഉൾവേദനകൾ, അത് അവന്റെ മാത്രം സ്വകാര്യതയാണ്. ഉയിരുപറിഞ്ഞ വേദനകൾക്കൊടുവിൽ ആ സൃഷ്ടി പുറത്തെത്തുന്നിടത്ത് എഴുതിയ ആളിന്റെ ദൗത്യം പൂർത്തിയാകുന്നു. അയാൾക്കിനി മടങ്ങാം... സാധ്യമെങ്കിൽ അടുത്ത ഉൾപേറലുകളുടെ വേദനകളിലേക്ക്. ആ കുട്ടിയിനി സമൂഹത്തിന്റേതാണ്. തല്ലാനും തലോടാനുമുള്ള അവകാശവും അവർക്ക് വിടാം. കൊല്ലരുതെന്നു മാത്രം.
പിറന്നുവീണ കുഞ്ഞിൽ അച്ഛന്റെയും അമ്മയുടെയും അംശമെത്രയെന്നു തിരയുന്ന അതേ ആകാംഷയോടെ എഴുത്തിൽ എഴുതിയ ആളെത്രയെന്നും തിരയാറുണ്ട് വായനക്കാർ. ഉണ്ണായി വാര്യർ എന്ന എഴുത്തുകാരന്റെ ഗർഭകാലത്തിന്റെയും ഉൾസംഘർഷങ്ങളുടെയും ദൃശ്യാവിഷ്കാരമാണ് വിനോദ് മങ്കരയുടെ പ്രിയമാനസം എന്ന ചലചിത്രം. നളചരിതത്തിൽ ഉണ്ണായി എത്ര? നളനെത്ര? കലിയെത്ര? ദമയന്തിയും തങ്കവുമെത്ര? പലപ്പോഴും ഉണ്ണായിയും നളനും ഇവിടെ ഒന്നാകുന്നു. കഥാപാത്രങ്ങൾ ഉണ്ണായി വാര്യരെ തേടിയെത്തുന്നു. തങ്ങളുടെ അസ്തിത്വത്തെകുറിച്ച് ഉണ്ണായിയോട് തർക്കിക്കുന്നു. എഴുത്തു മുറിയിൽ ഉണ്ണായി അയാളുടെ സ്വത്വത്തെ തന്നെ എല്ലാ കഥാപാത്രങ്ങൾക്കുമായി വീതിച്ചു നൽകുകയാണ് ചെയ്തത്. ഉണ്ണായിവാര്യരുടെ ഉള്ളിലൂടെയുള്ള ഈ സഞ്ചാരത്തിൽ ഉണ്ണായിയുടെ അതേ സംഘർഷം വിനോദ് മങ്കരയും പേറേണ്ടിവന്നുവെന്ന് ഉറപ്പ്. കാരണം പ്രിയമാനസം എന്ന തിരക്കഥയുടെ വായനയിൽ വായനക്കാരും ഇതേ സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു.
ഉണ്ണായിവാര്യരും, കുഞ്ചൻ നമ്പ്യാരും, മാർത്താണ്ഡവർമ്മയും ഒക്കെ ചേർന്ന് സർഗസമ്പന്നമാക്കിയ കേരളത്തിന്റെ ഒരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുന്നുണ്ട് പ്രിയമാനസം എന്ന തിരക്കഥ.
ഭാഷയിലും കലയിലും കാവ്യാത്മകമായി അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞ ഒന്നിനെ തിരശ്ശീലയിലേക്ക് പകർത്താൻ ശ്രമിക്കുമ്പോൾ അതിലെ ദൃശ്യങ്ങളും ഭാഷയും അത്രത്തോളം തന്നെ കാവ്യാത്മകമാകാതെ എങ്ങനെ? പ്രിയമാനസത്തിൽ ഉണ്ണായി വാര്യരും തങ്കവുമായുള്ള സംഭാഷണം നോക്കാം..
'തങ്കം : അങ്ങ് എന്നെ കൈവിടുകയാണല്ലേ? ഏറ്റവുമെളുപ്പം അലിഞ്ഞു പോകുന്ന മധുരത്തെയാണോ അങ്ങ് പ്രേമമെന്നു വിളിച്ചത്?
ഉണ്ണായി : വേദനിക്കുന്തോറും ആഴത്തിലാഴത്തിൽ ഞാൻ നിന്നെക്കുറിച്ചോർക്കും, എന്നും.
തങ്കം : എനിക്ക് ചിറകു തരുന്നതും അങ്ങയെക്കുറിച്ചുള്ള ഓർമകളായിരിക്കും.
ഉണ്ണായി : എനിക്ക് പകരം മറ്റൊരാൾ....
തങ്കം : ഒന്നിനും ഒന്നും പകരമല്ല. പകരമെന്ന പദത്തിനു തന്നെ എന്തോ പ്രശ്നമുണ്ട്.
കണ്ണീർ തുടച്ചു കൊണ്ട് ഉണ്ണായി അവൾക്ക് പ്രത്യഭിവാദ്യം നൽകി. ഉണ്ണായിയുടെ കണ്ണീര്‍ തുടച്ചു കൊണ്ട് അവൾ പറഞ്ഞു.
തങ്കം : ഈ നനവ് എന്റെ ഓർമകളിൽ തങ്ങി നിൽക്കട്ടെ.
ഉണ്ണായി : പൂവ് വാടാതിരിക്കാൻ തളിക്കുന്ന ജലകണികയുടെ ആയുസ്സാവട്ടെ ആ ഓർമകൾക്ക്.
തങ്കം : ക്ഷണികം എന്നല്ലേ ഉദ്ദേശിച്ചത് ?'
മറ്റൊരു സന്ദർഭത്തിൽ ഉണ്ണായി വാര്യർ ഭഗവതരോട് പറയുന്നതിങ്ങനെ–
'ഭാഗവതർ: ഞാൻ ആലോചിക്കുകയായിരുന്നു. കുഞ്ചനും വിവാഹം കഴിച്ചിട്ടില്ല
ഉണ്ണായി : പൊതുകാരണം തിരയണ്ട ഭാഗവതരേ. താന്നി മരത്തിലെ അഞ്ചുകോടി ഇലകൾ വിരിയുന്നതിനും പഴുക്കുന്നതിനും പൊഴിയുന്നതിനും അഞ്ചു കോടി കാരണങ്ങൾ ഉണ്ടാകും.'
പ്രിയമാനസത്തിന്റെ എഴുത്തുകാരൻ ഭാഷയിൽ പുലർത്തിയ ഈ ഒഴുക്ക് ഉണ്ണായി വാര്യർ എന്ന എഴുത്തുകാരനോടുള്ള കാവ്യ നീതിയാണ്.
ഈ ഭാഷാ ഭംഗി ഒരു തിരക്കഥ എന്നതിലധികം വായനാപ്രാധാന്യം പ്രിയമാനസം എന്ന പുസ്തകത്തിന് നൽകുന്നു. എം. മുകുന്ദൻ അഭിപ്രായപ്പെട്ടതുപോലെ കാഡ്ബറി ചോക്ലേറ്റ് വായിൽ അലിയിച്ച് രുചിക്കുന്നതുപോലെ മനസ്സിൽ അലിയിച്ച് വായിക്കാൻ കഴിയുന്ന പുസ്തകം.
സംസ്കൃതഭാഷയിലെ മൂന്നാമത്തെ ചലചിത്രവും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സംസ്കൃത തിരക്കഥയുമാണ് പ്രിയമാനസം. മുത്തും പവിഴവും പോലെ സംസ്കൃതവും മലയാളവും ഒരിക്കൽകൂടി കൂട്ടിതുന്നിയിട്ടുണ്ട് പുസ്തകത്തിന്റെ രൂപകൽപ്പനയിൽ. ചിത്രങ്ങളുടെ അകമ്പടിയോടെ സംസ്കൃതത്തിലും മലയാളത്തിലുമുള്ള തിരക്കഥകൾ ഒരേ പുസ്തകത്തിൽ ഇരുവശങ്ങളിലുമായി അവതരപ്പിച്ചിരിക്കുന്നു.
ഈശ്വരാ... ഉണ്ണായി ഉള്ളുരുകി വിളിച്ചു. എന്നാൽ അതിന്റെ ഉച്ചാരണത്തിൽ വൈകല്യമുള്ളതായി അയാൾക്ക് ആദ്യമായി തോന്നി. മുന്നിൽ അനാഥരാക്കരുതെന്ന് അഭ്യർഥിക്കുന്ന കഥാപാത്രങ്ങൾ.. ആ കഥാപാത്രങ്ങളും ഉണ്ണായിയും തങ്കവും വിശാലവുമൊക്കെ പ്രിയമാസത്തിനു ശേഷം തിരശീലയും പുസ്തകവും വിട്ട് ആസ്വാദകനൊപ്പം ഇറങ്ങിപോരുന്നിടത്ത് പ്രിയമാനസം വായന പൂർണമാകുന്നു.
Books In Malayalam Literature, Malayalam Literature News, Malayalam Book Review