Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൂ, ജയറാമിനും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യാം

ഫെബ്രുവരി പതിനാലാണ് എല്ലാവർക്കും പ്രണയദിനം. എന്നാൽ ജയറാമിന് പ്രണയദിനം ഡിസംബർ 23 ആണ്. കാരണം അന്നാണ് അശ്വതിയോട് (പാർവതി) ജയറാം തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്. അന്നുമുതൽ ഇന്നുവരെ ഇരുവരും ചേർന്ന് തങ്ങളുടെ പ്രണയദിനം ആഘോഷിക്കുന്നു. കഥയില്ലാതെ കലാകാരനുമില്ല. കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഭംഗിയായി അവതരിപ്പിക്കാൻ ജയറാമിനുള്ള കഴിവ്  എടുത്തുപറയേണ്ടതില്ലല്ലോ.. നർമരസം കലർത്തി തന്റെ ജീവിതകഥ വായനക്കാരമുമായി പങ്കുവയ്ക്കുകയാണ് ജയറാം 'സപ്തവർണ്ണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര ശുഭയാത്ര എന്ന പുസ്തകത്തിൽ. 

ഇത് ഒരു യാത്രാ പുസ്തകമാണ്. എന്നാൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടുള്ള എല്ലാ യാത്രാവിവരണ പുസ്തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന്. ജയറാമിന്റെ യാത്രാ വിവരണം ഏതാനം സ്ഥലങ്ങളിലൂട‌െയുള്ള സഞ്ചാരത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ഈ യാത്രാവിവരണത്തിന് ജീവിതയാത്ര എന്നൊരു വ്യത്യസ്ത മാനം കൂടി നൽകുന്നു ജയറാം. അമ്മയുടെയും അച്ഛന്റെയും വിവാഹയാത്രയിൽ തു‌ടങ്ങുന്ന പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ജയറാം പറയുന്നു –

യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും, ഓരോ തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക്. കണ്ണൻ വളർന്നിരിക്കുന്നു. അവന്റെ കൈകൾ ചേർത്തു പിടിച്ച് നടക്കാൻ പഠിപ്പിച്ചിരുന്ന കാലത്തു നിന്നും സ്വന്തമായി ഡ്രൈവു ചെയ്തും മറ്റും അവൻ അവന്റെ യാത്രാപഥങ്ങൾ തീർക്കുന്ന പ്രായം എത്തിയിരിക്കുന്നു. അച്ഛൻ പണ്ട് കൈപിടിച്ചും നടത്തിയതും അച്ഛന്റെ അച്ഛൻ അച്ഛനെ കൈപിടിച്ചു നടത്തിയിരുന്നതും ഒടുവിൽ പ്രായമാകുന്ന അച്ഛനെ മക്കൾ കൈപിടിച്ചു നടത്തുന്നതും എല്ലാം യാത്രകളാണ്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളുമാണ്. 

ആദ്യം സ്കൂളിൽ നിന്നു പോയ പഠനയാത്രമുതൽ പല പല സ്ഥലങ്ങളിലൂടെയുള്ള വ്യത്യസ്തമായ യാത്രകൾ സ്വന്തം ശൈലിയിൽ ജയറാം രേഖപ്പെടുത്തുമ്പോൾ പലയിടത്തും വായനക്കാരൻ അറിയാതെ ഉള്ളു തുറന്നു ചിരിച്ചു പോകുന്നു. പുസ്തകം കയ്യിലെടുക്കുമ്പോൾ മുതൽ അവസാന പേജുവരെ വായനക്കാരനും ആ യാത്രകളുടെ ഭാഗമാകുന്നു. പാർവതിയെ കണ്ടുമുട്ടിയതും ഒരു ഡിസംബർ രാത്രിയിൽ പ്രണയം തുറന്നു പറഞ്ഞതും പിന്നീട് ഒന്നിച്ചുള്ള യാത്രകളുമെല്ലാം ഒരു കഥപോലെ ജയറാം അവതരിപ്പിക്കുന്നു. ഓരോ യാത്ര വിവരണങ്ങളും ഇവിടെ മനോഹരമായ ഒരു കഥയാണ്. 

ഇതിൽ പ്രണയമുണ്ട്, തമാശയുണ്ട്, നൊമ്പരമുണ്ട്, പരിഭവമുണ്ട്, വിസ്മയമുണ്ട്... അങ്ങനെയങ്ങനെ നവരസങ്ങളും ചേർന്നൊരു യാത്രാപുസ്തകം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സപ്തവർണങ്ങളും ഉൾച്ചേർന്ന അനുഭവങ്ങളുടെ യാത്ര. സപ്തവർണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര.. അതെ, ശുഭയാത്ര!

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review