ആരെയും വിസ്മയിപ്പിക്കുന്ന ബഹിരാകാശനേട്ടങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്. ചെലവു കുറഞ്ഞ മംഗൾയാനും, ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചതും ഇന്ത്യയുടെ യശസ്സ് ഉയർത്തി.
ഇല്ലായ്മയുടെയും വല്ലായ്മയുടെയും പരാജയങ്ങളുടെയും നിഷേധങ്ങളുടെയും ഇടയിൽ ദീർഘവീക്ഷണവും അതിശയകരമായ സാങ്കേതിക മികവും അശ്രാന്ത പരിശ്രമവും കൊണ്ടു കൈവരിച്ചതാണ് നമ്മുടെ ബഹിരാകാശനേട്ടങ്ങളെല്ലാം. ആ തപസ്യയുടെ ചരിത്രം എഴുതപ്പെടേണ്ടതും വരും തലമുറയ്ക്കായ് കരുതിവയ്ക്കേണ്ടതുമാണ്. ഐഎസ് ആർഒയുടെ സമഗ്രചരിത്രം പുസ്തകതാളുകൾക്കുള്ളിലാക്കുകയാണ് മുതിർന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ വി.പി. ബാലഗംഗാധരൻ.
ഇരുപത്തിയേഴ് അധ്യായങ്ങളിലായി ഇന്ത്യൻ ബഹിരാകാശചരിത്രം ഹ്രസ്വമായി പറഞ്ഞു വയ്ക്കുന്നു ഈ പുസ്തകത്തിൽ. ഇന്ത്യയുടെ ബഹിരാകാശചരിത്രം സാധാരണ പറഞ്ഞു തുടങ്ങുന്നത് തുമ്പയിൽ നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം മുതലാണ്. എന്നാൽ നമ്മുടെ ബഹിരാകാശ കുതിപ്പിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് അതിനും നാളുകൾക്കു മുൻപേ തുടക്കമായിരുന്നു. 'ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം' എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ ബഹിരാകാശഗവേഷണം ആരംഭിക്കുന്നതിന് നാലഞ്ചുവർഷം മുൻപുതൊട്ടു പിന്നണിയിൽ നടന്ന സംഭവങ്ങളും അവയെങ്ങനെ റോക്കറ്റ് വിക്ഷേപണത്തിലേയ്ക്കു നയിച്ചെന്നും പറഞ്ഞുവയ്ക്കുന്നു.
വസ്തുനിഷ്ടമായ ചരിത്രത്തിന്റെ അവതരണമാണ് പുസ്തകത്തിൽ. വിദ്യാർഥികൾക്കും ഇന്ത്യൻ ബഹിരാകാശചരിത്രത്തെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന പുസ്തകം. ചരിത്രത്തിന് മാറ്റമില്ല. തൊട്ടു മുൻപ് ചരിത്രമായ നിമിഷം പോലും തിരിച്ചുചെന്ന് തിരുത്താനാവാത്ത വിധം നമ്മളെ കടന്നു പോയി കഴിഞ്ഞു. അതിനാൽ തന്നെ ചരിത്രത്തിൽ തിരുത്തലില്ല. ഭാവനകളില്ല. വളരെ കൃത്യമായി സ്ഥലവും സമയവും വരെ വച്ചുള്ള സംഭവങ്ങളുടെ അവതരണം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം എന്ന പുസ്തകം കയ്യിലെടുക്കുമ്പോളും വായനക്കാർ മറക്കരുത്, ഇത് ഒരു ചരിത്രപുസ്തകമാണ്. നിങ്ങളുടെ വായനാകൗതുകങ്ങളെ തൃപ്തിപ്പെടുത്തുന്നവയൊന്നും ഇതിലുണ്ടാവണമെന്നില്ല. ചരിത്രത്തിലാണ് നിങ്ങളുടെ കൗതുകമെങ്കിൽ ധൈര്യമായി പുസ്തകം വായിച്ചു തുടങ്ങാം..