ഒരിക്കൽ സാക്ഷാൽ പരമേശ്വരനും പാർവതിയും മക്കൾക്കായി ഒരു മത്സരം നടത്തി. കാർത്തികേയനെയും ഗണേശനെയും അടുത്തുവിളിച്ച് അവർ പറഞ്ഞു. "ഞങ്ങൾ ഒരു പരീക്ഷണം നടത്താൻ പോകുന്നു. രണ്ടുപേരും ലോകസഞ്ചാരം നടത്തി അറിവു നേടുക. ആരാണോ ആദ്യം തിരിച്ചെത്തുന്നത് അവരുടെ വിവാഹം ആദ്യം. എന്തു പറയുന്നു?"
ഗണേശൻ ഒരു മന്ദസ്മിതത്തോടെ കാർത്തികേയനെ നോക്കി, കാർത്തികേയൻ തിരിച്ചും. രണ്ടു പേരും ഒരേ ശബ്ദത്തിൽ പറഞ്ഞു
"ശരി, ഞങ്ങൾക്കു സമ്മതമാണ്"
കാർത്തികേയൻ അപ്പോൾ തന്നെ തന്റെ വാഹനമായ മയിലിന്റെ പുറത്തുകയറി ലോകസഞ്ചാരത്തിനു പുറപ്പെട്ടു.
ഗണേശനാകട്ടെ അച്ഛനമ്മമാരെ ശിരസ്സുനമിച്ചു വണങ്ങി. പിന്നീട് ഇരുവരെയും പ്രദക്ഷിണം ചെയ്തു. അച്ഛനമ്മമാരെ വന്ദിച്ചു പ്രദക്ഷിണം ചെയ്തശേഷം ഗണേശൻ പറഞ്ഞു.
"എന്റെ ജോലി പൂർത്തിയായി"
ശ്രീപരമേശ്വരൻ ഒരു ചിരിയോടെ ചോദിച്ചു–
"എന്ത്? നീ ലോകസഞ്ചാരം നടത്തി, വേണ്ടത്ര അറിവു നേടിക്കഴിഞ്ഞെന്നോ?"
"അതെ," ഗണേശൻ ഭവ്യതയോടെ പറഞ്ഞു. "അച്ഛനമ്മമാരാണ് എന്റെ ലോകം. അവർക്കുചുറ്റും ഒന്നു വലത്തുവച്ചപ്പോൾ എന്റെ ഭൂപ്രദക്ഷിണം കഴിഞ്ഞു." എന്നിട്ട് ആ ഗണപതി കല്ല്യാണം നടന്നോ?...
ഗണപതിയെ കുറിച്ച് ഇത്തരം രസകരമായ നിരവധി കഥകളുണ്ട്. പരമശിവനെ കാണാൻ എത്തിയ പരശുരാമനെ അകത്തു കടത്തി വിടാതെ തന്നെ ഏൽപ്പിച്ച ജോലിയിൽ അണുകിട വിട്ടുവീഴ്ചയില്ലാതെ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ഗണപതിയും നമ്മുക്ക് പരിചിതനാണ്. ഗണേശജനനത്തെകുറിച്ചു തന്നെ കഥകൾ പലതുണ്ട്. പരമശിവന്റെ മാനസപുത്രനായും ശ്രീപാർവതി തപസിലൂടെ നേടിയ സന്താനമായും പാർവതീപരമേശ്വരന്മാർ ആനകളുടെ രൂപത്തിൽ ഹൈമവതഭൂമിയിൽ കഴിഞ്ഞകാലത്ത് അവർക്കു ജനിച്ച സന്തതിയായും ഒക്കെ പുരാണപ്രതിപാദനങ്ങളുണ്ട്. ഇങ്ങനെയിങ്ങനെ എത്രയെത്ര ഗണപതികഥകൾ... ഇത്തരം രസകരമായ ഗണപതികഥകളുടെ സമാഹാരമാണ് ടി.വി. ബാലസുബ്രഹ്മണ്യന്റെ 'ഗണേശകഥകൾ' എന്ന പുസ്തകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിച്ചാസ്വദിക്കാവുന്ന പുസ്തകം.