ഈ മനുഷ്യരുണ്ടല്ലോ, ആകമാനം കഥകളുടെ കൂമ്പാരമാണ്. പുലര്‍ച്ചെ മുതല്‍ പെരുംനുണക്കഥകളിലും സങ്കല്‍പങ്ങളിലും മായക്കാഴ്ചകളിലും ഭ്രാന്തിലും ജീവിച്ച് കഥകളുടെ കെണിയില്‍പ്പെട്ടു കഴിയുന്നു. കഥകളുടെ മായാലോകത്തെക്കുറിച്ചും ഓരോ മനുഷ്യരുടെയും ഉള്ളിലുള്ള എണ്ണമില്ലാത്ത കഥകളെക്കുറിച്ചും അതിശയിക്കുന്ന എസ്.ഹരീഷ് കുറ്റസമ്മതവും നടത്തിയിട്ടുണ്ട്: ഞാനും കെണിയിലാണ്.
കഥകളുടെ കെണിയില്‍പ്പെട്ട എഴുത്തുകാരന് ഏറ്റവും പേടിയും ബഹുമാനവുമുള്ളതും കഥാപാത്രങ്ങളെത്തന്നെ. അവരെ ഭയന്ന് ഒരിക്കല്‍ പ്രസിദ്ധീകരിച്ച കഥ പിന്നീട് സമാഹാരങ്ങളിലൊന്നും താന്‍ ചേര്‍ത്തിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് മീശ എന്ന ആദ്യനോവലിന്റെ ആമുഖം ഹരീഷ് തുടങ്ങുന്നതും. മീശ കഥാപാത്രമെന്നതിനേക്കാള്‍ കഥയാണ്. കഥയേക്കാള്‍ വലിയ കഥാപാത്രവും.
എന്നും ഉറങ്ങാന്‍നേരം കഥ കേള്‍ക്കാന്‍ വാശി പിടിക്കാറുണ്ട് മകന്‍ പൊന്നു. അച്ഛനു കഥകളുമായി എന്തോ ബന്ധമുണ്ടെന്ന് അറിയാവുന്നതിനാല്‍ അവന്റെ വാശിക്കു ശക്തി കൂടുതലുണ്ട്. സഹജമായ കൗതുകവും അതിശയവും മാത്രമേയുള്ളു കുട്ടികള്‍ക്ക്. ഗുണപാഠങ്ങളിലൊന്നും അവര്‍ക്കു താല്‍പര്യമില്ല. രസകരമായ കഥ വേണം. കഥയ്ക്കുവേണ്ടി അലഞ്ഞുനടന്ന അച്ഛന്റെ മനസ്സില്‍ മീശയെത്തി. മാന്ത്രികനെപ്പോലെ എവിടെയും പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷനാകാനും കഴിവുള്ള മീശ. മനസ്സില്‍ കുറേ നാളായി കളിക്കുകയാണ് മീശ അഥവാ നാട്ടുകാരനായ വാവച്ചന്‍. അയാളുടെ സാമ്യമില്ലാത്ത ജീവിതയാത്രകള്‍. പാപ്പിയോണിന്റെ ജീവിതത്തെക്കാളും റാസ്ക്കള്‍നിക്കോഫിന്റെ ജീവിതത്തേക്കാളും ചന്ത്രക്കാരന്റെ ജീവിതത്തെക്കാളും പ്രലോഭിപ്പിച്ചുകൊണ്ട്. നീലക്കുറുക്കന്റെ കഥ പോലെ ഗള്ളിവറുടെ കഥ പോലെ പിടിച്ചിരുത്തുന്നത്.
പൊന്നുവിനുവേണ്ടതു ഗുണപാഠങ്ങളോ ആശയങ്ങളുടെ കരുത്തോ കാലഘട്ടത്തിന്റെ പ്രതിഫലനമോ ഇല്ലാത്ത രസകരമായ കഥയാണെങ്കിലും നിഷ്കളങ്കമായ കഥയല്ല മീശ. നിഷ്കപടവുമല്ല. കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ കഥ. മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട ഒരുവന്റെ കണ്ണിലൂടെ വെളിവാകുന്ന ജീവിതകഥ. കൃഷിക്കാരുടെ കണ്ണിലൂടെ രണ്ടിടങ്ങഴിയിലും മറ്റും തകഴി ആവിഷ്ക്കരിച്ചതുപോലുള്ള ജീവിതം. തകഴിയുടേതു റിയലിസത്തില്‍ അധിഷ്ഠിതമായ ജീവിതചിത്രീകരണവും പുരോഗമനാത്മക നിലപാട് ഉയര്‍ത്തിപ്പിടിച്ച ശൈലിയുമായിരുന്നെങ്കില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ആഖ്യാനമാതൃകകളെ കൂട്ടിക്കുഴച്ചും കൂട്ടിയിണക്കിയും ഹരീഷ് മീശയുടെ കഥ പറയുന്നു. അറ്റമില്ലാതെ പരന്നുകിടക്കുന്ന പാടങ്ങളുടെയും കായലുകളുടെയും സവിശേഷമായ ഭൂമിശാസ്ത്രത്തില്‍നിന്നുകൊണ്ട്.
ഏറ്റവും പടിഞ്ഞാട്ടു കായലും തെക്ക് മീനച്ചില്‍, മണിമല, പമ്പയാറുകളും കടന്ന് ഓണാട്ടുകരയ്ക്കപ്പുറത്തേക്കും വടക്കോട്ടു വൈക്കത്തിനപ്പുറത്തേക്കും കീറിപ്പറിഞ്ഞ ഭൂപടമായി കിടക്കുന്ന സ്ഥലം. ദൈവമുണ്ടാക്കിയ കെണിയാണു മരുഭൂമിയെങ്കില്‍ മനുഷ്യനുണ്ടാക്കിയ കെണിയാണ് കായല്‍ നികത്തിയ സ്ഥലം. പട്ടിണികൊണ്ടു വലഞ്ഞപ്പോള്‍ കാടിറങ്ങിവന്ന മനുഷ്യര്‍ നൂറ്റാണ്ടുകളെടുത്ത് ചതുപ്പും കായലും കുത്തിയെടുത്ത് ചിറയുണ്ടാക്കി വെള്ളത്തെ തടുത്തുണ്ടാക്കിയ സ്ഥലം. പത്തിരുപതു കിലോമീറ്റര്‍ പൊരിവെയിലത്തു നടന്നലഞ്ഞാലും തോടും ചിറയും പാടവുമായി എല്ലായിടവും ഒരുപോലെ തോന്നിക്കുന്ന സ്ഥലം. ഒരുപാടുപേര്‍ ഒരു തെളിവുമില്ലാതെ പണിയെടുത്തും മരിച്ചുംപോയ രാവണന്‍കോട്ട. ചരിത്രമില്ലാത്ത, ചരിത്രം ആരും ഓര്‍ത്തുവയ്ക്കാത്ത, പണിയെടുക്കാന്‍വേണ്ടി മാത്രമുള്ള, പണി കഴിഞ്ഞാല്‍ തിരിച്ചുപോകേണ്ട സ്ഥലം. അവിടേയ്ക്കു രക്ഷപ്പെട്ടുപോയ വാവച്ചനാണു മീശയായി മാറുന്നത്. പവിയാന്റെയും ചെല്ലയുടെയും മകന്‍.
വാവച്ചന്റെ ജീവിതം മാറ്റിമറിച്ചത് ഒരു നാടകം. നാടകത്തില്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍ വേഷവും അഴിച്ചുവച്ചിരുന്നെങ്കില്‍ അയാള്‍ക്കും ഇക്കണ്ട കഥയൊന്നുമുണ്ടാക്കാതെ സാധാരണക്കാരനായി ജീവിച്ചുമരിക്കാമായിരുന്നു. പക്ഷേ, നാടകത്തില്‍ തനിക്കു നീക്കിവച്ച പൊലീസുകാരന്റെ മീശ ജീവിതത്തിലും വളര്‍ത്താന്‍ തുടങ്ങിയതോടെ അയാള്‍ സാധാരണ മനുഷ്യനില്‍നിന്നു കഥാപാത്രമായി മാറുന്നു. ഫലഭൂയിഷ്ട കായല്‍നിലങ്ങളില്‍ നെല്ലെന്നപോലെ അയാള്‍ക്കുചുറ്റും കഥകളും വളരുകയായി. നിറം പിടിപ്പിച്ച കഥകള്‍. അതിശയോക്തി കലര്‍ന്നവ. യാഥാര്‍ഥ്യവുമായി ബന്ധവുമില്ലാത്തത്. അയാളാകട്ടെ മലയയിലേക്കുള്ള വഴി അന്വേഷിച്ചു നടക്കുകയാണ്. നാരായണപിള്ളയും ശിവരാമപിള്ളയും പോയ വഴി. മലയയില്‍പ്പോയാല്‍ ജോലി കിട്ടും. തീറ്റയ്ക്കു മുട്ടില്ല. അവിടെ നാട്ടിലെപ്പോലെ നെല്ലല്ല, ബ്രിട്ടിഷ് രൂപയാണു കൂലി. ദിവസങ്ങളോളം പട്ടിണി കിടന്നിട്ടും ഒരു വറ്റുപോലും കണികാണാന്‍ കിട്ടാത്ത വാവച്ചന്‍ മലയയ്ക്കു പോകാന്‍ ആഗ്രഹിക്കാതിരിക്കുമോ. ഒരിക്കല്‍ ആയാള്‍ കാലെടുത്തുവച്ചതാണ്. അന്നതു നടന്നില്ല. പിന്നീടു വഴി ചോദിച്ച് അലഞ്ഞെങ്കിലും ആട്ടിയകറ്റപ്പെട്ടു. കഥാപാത്രമായി തളയ്ക്കപ്പെട്ടു. വേട്ടയാടാന്‍ സൃഷ്ടിക്കപ്പെട്ട ബലിമൃഗവുമായി. അയാളില്‍നിന്നു രക്ഷ തേടുന്നവരുടെ കഥകളില്‍ കണ്ണീരുണ്ട് ! അയാളെ പിടിക്കാന്‍ നടക്കുന്നവരുടെ കഥകളില്‍ സാഹസികതയുമുണ്ട് ! ഒരു കാലഘട്ടത്തിന്റെ ചരിത്രം എഴുതപ്പെടുകയാണ്. യാഥാര്‍ഥ്യത്തില്‍നിന്നു മാറ്റി. അവകാശപ്പെട്ടവരില്‍നിന്ന് അങ്ങേയറ്റം അകലേക്കുമാറ്റി. ഇങ്ങനെയെഴുതപ്പെട്ട വ്യാജ ചരിത്രങ്ങളിലെ വീരപുരുഷന്‍മാരാണ് പല നാടുകളിലെയും ആരാധനാപാത്രങ്ങള്‍. കഥകളില്‍ സമര്‍ഥമായി പരീക്ഷിച്ചു വിജയിച്ച ആക്ഷേപഹാസ്യ ശൈലിയിലൂടെ ഹരീഷ് ചരിത്രത്തിന്റെ പുനര്‍നിര്‍മിതിക്കല്ല, പരിമിതികളിലേക്കും പൊള്ളയായ അവകാശവാദങ്ങളിലേക്കും അക്ഷരങ്ങളുടെ അഗ്നി പായിക്കുന്നു.
മലയയിലേക്കു വഴിയന്വേഷിച്ച വാവച്ചന്റെ തലയില്‍ ഒരു പെണ്ണു കൂടി കടന്നുകൂടുന്നതോടെ അയാളുടെ ലക്ഷ്യങ്ങള്‍ ഇരട്ടിക്കുന്നു. അവകാശപ്പെട്ട ഭൂമിക്കും അവകാശപ്പെട്ട പെണ്ണിനും വേണ്ടി അയാള്‍ നടത്തുന്ന നിസ്സഹായമായ യാത്ര ഒരു നാടിനെ പേടിപ്പിക്കുന്നു. പേടി തോന്നേണ്ടതു വാവച്ചന്റെ മനസ്സിലാണ്. ലക്ഷ്യത്തിന്റെ ഭാരം പേറേണ്ടതും അയാള്‍ തന്നെ. പക്ഷേ, അവകാശങ്ങള്‍ ആരുടെ കുത്തകയാണോ അവര്‍ വാവച്ചനെ കഥകളുടെ ആണിയടിച്ച്, ആഴത്തില്‍ മണ്ണിലേക്കു തറയ്ക്കുന്നു. അയാള്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ സ്വന്തമാക്കുന്നു. അയാള്‍ താമസിക്കാന്‍ കൊതിച്ച പുര അടിച്ചുനിരപ്പാക്കുന്നു. അയാള്‍ കൊതിച്ച പെണ്ണിനെ ഊഴമിട്ട് ആസ്വദിച്ച് ക്രൂരമായി ആനന്ദിക്കുന്നു.
ചെയ്യരുതാത്തതു ചെയ്തതാണു വാവച്ചന്‍ ചെയ്ത കുറ്റം. അടങ്ങിയൊതുങ്ങി, ആട്ടും തുപ്പുമേറ്റു നടക്കേണ്ടവന്‍ രാജാവിനെപ്പോലെ, പൊലീസുകാരനെപ്പോലെ മീശ വളര്‍ത്തി. മീശ വളരുന്നതിനൊപ്പം അവനെ അടക്കിയിരുത്താനുള്ള ഉപായങ്ങള്‍ക്കുവേണ്ടി തിരച്ചിലും ആരംഭിച്ചു.
മീശ ഒരാള്‍ മാത്രമല്ല. നോവല്‍ ഒരു വാവച്ചന്റെ മാത്രം കഥയുമല്ല. നീണ്ടൂരെ മീശയല്ല കൈപ്പുഴയിലേത്. കൈനടിയിലെ മീശയല്ല കുമരകത്തെ മീശ. അതങ്ങനെ നീണ്ടും പരന്നും നാടിനെയും നാട്ടുകാരെയും കാല്‍ക്കീഴിലാക്കിയും വിരാജിക്കുകയാണ്. മലയയിലേക്കു പോയ നാരായണ പിള്ള വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയുണ്ട്. ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അഭിനയിക്കണം എന്നാണ് അയാള്‍ക്കു കിട്ടുന്ന ഉപദേശം. അഭിനയിക്കുമ്പോള്‍ ജീവിക്കരുതെന്നുകൂടി കേള്‍ക്കുന്നതോടെ അയാളും വിവാദനായകനാകുന്നു.
ജീവിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ടവന്റെ കഥയാണു മീശ. ചരിത്രത്തില്‍നിന്നു പുറംതള്ളപ്പെട്ട നിഷേധിയുടെ കഥ. പട്ടിണി മാത്രമുള്ള നാട്ടില്‍നിന്നു പുറപ്പെട്ടുപോയി അജ്ഞാതവാസത്തില്‍നിന്നു പിന്നീടു നാടകത്തിലൂടെ സിനിമയിലെത്തി വെന്നിക്കൊടി പാറിച്ച ഒളശ്ശക്കാരന്‍ നാരായണപിള്ളയെപ്പോലെ ചരിത്രത്തിന്റെ ഇരുട്ടുമാറ്റി എത്തുകയാണു മീശയും.
എങ്ങനുണ്ട് നമ്മുടെ മീശ ?
ഹോ! ഭയങ്കരന്‍.
അല്ല യമണ്ടന്‍ !