ആശുപത്രിയില്‍നിന്ന് അപ്രത്യക്ഷയാകുന്ന യോങ് ഹൈ. മനസ്സിന്റെ താളം തെറ്റിയെന്നു സംശയിക്കപ്പെടുന്ന യുവതി. ആദ്യം മാംസഭക്ഷണവും പിന്നീടു സസ്യഭക്ഷണവും ഉപേക്ഷിച്ചതോടെ ശരീരത്തില്‍ ദുര്‍ബലയായവള്‍. മനസ്സില്‍ കരുത്തുറ്റവള്‍. ആശുപത്രിക്കുപിന്നിലുള്ള താഴ്‍വരയിലേക്കു നീണ്ടുചെന്നു സഹോദരിയുടെ കണ്ണുകള്‍. എണ്ണമറ്റ മരങ്ങള്‍. ചെടികള്‍. നിര്‍ത്താതെ പെയ്യുന്ന മഴ. ഒരു മരം മാത്രം വ്യത്യസ്തം. വേരുകളില്ലാത്ത, ആകാശത്തിലേക്കു നീണ്ടുചെല്ലുന്ന ശിഖരങ്ങളില്ലാത്ത മരം. അവിടെത്തന്നെ നിന്നാല്‍ ഒരുപക്ഷേ, ആ മരത്തിനും വേരുകളിറങ്ങിയേക്കും. ശിഖരങ്ങള്‍ മുളച്ചേക്കും. ഇലകള്‍ പൊടിച്ചേക്കും. മനസ്സുകൊണ്ടു മരമായ യോങ് ഹൈ. ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്റെ വെജിറ്റേറിയനിലെ മറക്കാനാവാത്ത കാഴ്ച. സ്മരണാലയത്തില്‍ അനശ്വരതയുടെ മുദ്ര ചാര്‍ത്തിയ ഓര്‍മ.
മനസ്സിന്റെ താളം തെറ്റിയെന്ന് മറ്റുള്ളവരാല്‍ ആക്ഷേപിക്കപ്പെടുമ്പോഴാണോ ഒരു സ്ത്രീ സ്വന്തം വ്യക്തിത്വവും സത്വവും കണ്ടെത്തുന്നത് ?
ഹാന്‍ കാങ്ങിന്റെ നോവല്‍ അസ്വസ്ഥതയുണര്‍ത്തുന്ന ആ ചോദ്യം വീണ്ടും വീണ്ടും ഉന്നയിക്കുന്നുണ്ട്. ആഗ്രഹത്തിന്റെ കരുത്തില്‍, സാക്ഷാത്കാരത്തിന്റെ നിറവില്‍, സാഫല്യത്തിന്റെ നിമിഷത്തില്‍ എത്തുമ്പോഴേക്കും ഒരു സ്ത്രീ തനിച്ചാകുമോ ?
ഏകയാക്കപ്പെടുമോ ? ഒറ്റയ്ക്കാക്കപ്പെടുമോ ? അഥവാ ഒരാളെങ്കിലും തിരക്കിച്ചെല്ലുന്നെങ്കില്‍തന്നെ അതു മറ്റൊരു സ്ത്രീയായിരിക്കുമോ ?
സമാനമായ വേദനകളും നോവുകളും സങ്കടത്തിന്റെ മുള്‍പ്പടര്‍പ്പുകളും തിരിച്ചറിയുന്ന മറ്റൊരു സ്ത്രീ...?
ഹാന്‍ കാങ്ങും യോങ് ഹൈയും വെജിറ്റേറിയനും വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍മയിലെത്തിച്ചു ഇ.കെ.ഷാഹിനയുടെ നീലത്തീവണ്ടി. അദൃശ്യതയില്‍നിന്നു ചൂളംവിളിച്ചുവന്ന നീലത്തീവണ്ടി. ആ തീവണ്ടിക്കു കാത്തിരിക്കുന്നതു ശ്യാമള ടീച്ചര്‍ മാത്രമല്ല. സൈരയും റുയ്യയും മാത്രമല്ല. മുത്തുലക്ഷ്മിയും ഏകാംബരവും സുധയും മാത്രമല്ല. എണ്ണമറ്റ, എണ്ണിയാലൊടുങ്ങാത്ത അസംതൃപ്ത ജന്‍മങ്ങള്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ഉള്‍ക്കൊള്ളാനാവാതെ ജീവിക്കുന്നവര്‍. സ്ത്രീയെന്ന സ്വത്വത്തിന്റെ ദുരൂഹതകളിലൂടെയും സമസ്യകളിലൂടെയും കടന്നുപോകുന്നവര്‍. കൂടെ നില്‍ക്കുകയും, ഇണയും തുണയുമാകുകയും, പരസ്പര പൂരകവുമാകേണ്ട പുരുഷന്‍ ഉള്ളിലും പുറത്തും ശത്രുതയുടെ വിഷവിത്തുകള്‍ വിതയ്ക്കുന്ന ശാപമാകുമ്പോള്‍ പ്രത്യേകിച്ചും.
പെണ്ണനുഭവത്തിന്റെ മൂന്നു കാഴ്ചകളോ ഒരേ കാഴ്ചയുടെ മൂന്നു വശങ്ങളോ ആണ് ഷാഹിനയുടെ നീലത്തീവണ്ടിയിലെ മൂന്നു നോവലെറ്റുകളും. സൈരയും നൃത്തവും നീലത്തീവണ്ടിയും. ഈ കഥകളും അതിലെ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നില്ലെന്നും ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യം തോന്നുന്നതു സാങ്കല്‍പികം മാത്രമായിരിക്കും എന്നും ഒരു മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ എഴുത്തുകാരി ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല. നമുക്കറിയാം, അവര്‍ നമ്മോടൊപ്പമുള്ളവരാണെന്ന്. നമുക്കു പരിചിതരാണെന്ന്. അവരില്‍ ചിലര്‍ നമ്മുടെയൊക്കെത്തന്നെ ഉള്ളിലുള്ളവരുമാണെന്ന്. നിഷേധിക്കാനാവില്ല. തള്ളിക്കളയാനാവില്ല. കണ്ടിട്ടില്ലെന്നോ അറിഞ്ഞിട്ടില്ലെന്നോ പറഞ്ഞൊഴിയാനുമാവില്ല.
ചിത്രം വര പഠിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആ പൂതി മനസ്സില്‍ വച്ചേക്കൂ എന്ന ഭര്‍ത്താവിന്റെ ഒരൊറ്റ വാചകത്തില്‍ ആക്ഷരാര്‍ഥത്തില്‍ പൂതി അടക്കിയതാണു ശ്യമാമള ടീച്ചര്‍. ചുരിദാര്‍ ഇടാന്‍ ആഗ്രഹിക്കാഞ്ഞിട്ടല്ല. നീയോ.... എന്ന മുന കോര്‍ത്ത ചോദ്യത്തില്‍ സാരിയില്‍ വീണ്ടും വീണ്ടും അഭയം തേടി. ഒരു ടൂ വീലര്‍ ഉണ്ടായിരുന്നെങ്കില്‍..... അപ്പോള്‍ അയാള്‍ അടവൊന്നു മാറ്റി. നീ വീണ് ആശുപത്രിയിലാകുന്നതൊക്കെ ഓര്‍ക്കുമ്പോള്‍... വേണ്ട. ചിത്രം വരയ്ക്കണ്ട. ചൂരിദാര്‍ വേണ്ട. ടൂ വീലര്‍ വേണ്ടെ വേണ്ട. ശ്യമാള ടീച്ചറിനു പരിഭവമില്ല. പരാതിയില്ല. അവര്‍ എങ്ങും പോയിട്ടുമില്ല. ഭര്‍ത്താവിന് ഇഷ്ടപ്പെട്ട കറിയുണ്ടാക്കി, അയാള്‍ വരുന്ന നേരം നോക്കി കാത്തിരിക്കുകതന്നെയാണവര്‍. എന്നിട്ടും എന്താണൊരു പേടി ? അവളെങ്ങാനും...എങ്ങോട്ടെങ്കിലും.... പത്രത്തിലും ടെലിവിഷനിലുമൊക്കെ കാണുന്ന വാര്‍ത്ത പോലെയോ സീരിയല്‍ പോലെയോ സിനിമ പോലെയോ അങ്ങനെയെന്തെങ്കിലും......
അനുഭവത്തിന്റെ നേരില്‍നിന്ന് അടര്‍ത്തിയെടുത്ത് കഥയുടെ താളില്‍ ഒട്ടിച്ചുവച്ചയാണു ഷാഹിനയുടെ കഥകള്‍. അനുഭവങ്ങളില്‍നിന്നും അനുഭാവങ്ങളില്‍നിന്നും അനുവാചകനിലേക്കു സഞ്ചരിക്കുന്നവ. പൊള്ളുന്ന അനുഭവങ്ങളെങ്കിലും അവ മനസ്സിന്റെ എന്നത്തെയും അസ്വസ്ഥതയയും ആത്മനിന്ദയുമാകാന്‍ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്.
പച്ചക്കൊടി വീശുന്നു വായനക്കാര്‍.... നീലത്തീവണ്ടി കൂകിപ്പായട്ടെ.. ചൂളം വിളിക്കട്ടെ....