ഏകാന്തമായ ചില ബെൽജാർ ജീവിതങ്ങൾ 

പ്രശസ്തിയുടെ കൊടുമുടിയിൽ ഏറെ അംഗീകരിക്കപ്പെട്ടും ആദരിക്കപ്പെട്ടും കഴിയുമ്പോഴും ചുറ്റുപാടുമായും അടുത്തുള്ള മനുഷ്യരുമായിപ്പോലും സമരസപ്പെടാൻ കഴിയാതെ, ഉള്ളിലുള്ളതൊന്നും എഴുതാതിരിക്കാൻ കഴിയാതെ, ആത്മഹത്യയിൽ അഭയം തേടുമ്പോൾ വെറും 30 വയസ്സായിരുന്നു പ്രശസ്ത എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ പ്രായം. ഒരു കണ്ണാടിയിലേക്ക് കയറിറങ്ങുന്നതു പോലെയായിരുന്നു സിൽവിയയ്ക്ക് തന്റെ മരണത്തോടുള്ള കാഴ്ചപ്പാട്. ഉന്മാദത്തിന്റെ കയറ്റിറക്കങ്ങളിൽ ജീവിതം അവസാനിപ്പിച്ച സിൽവിയ പ്ലാത്തിനോടുള്ള സാഹിത്യലോകത്തിന്റെ സ്നേഹം എന്ന പോലെ അത്തരം ഉന്മാദങ്ങളിൽ പെട്ട് ജീവിതത്തിന്റെ നല്ല പ്രായത്തിൽ തന്നെ ജീവൻ ഇല്ലാതാക്കുന്ന എഴുത്തുകാരിയുടെ മാനസിക വ്യഥകളെ 'സിൽവിയ പ്ലാത്ത് എഫെക്ട്' എന്നാണു വിളിക്കപ്പെടുന്നത് തന്നെ. 

കവിയും ലേഖന രചയിതാവും ചെറുകഥാകൃത്തുമായിരുന്ന സിൽവിയയുടെ ഏറ്റവുമൊടുവിലത്തെ രചന എന്ന നിലയിലും ആത്മകഥഅംശം ഏറെയുള്ള ജീവിതത്തിന്റെ നേർപതിപ്പ് എന്ന നിലയിലും അവരുടെ ഒരേയൊരു നോവലായ ബെൽ ജാർ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലേക്ക് ബെൽ ജാർ മൊഴിമാറ്റം നടത്തിയത് ഈ വർഷമാണ്, വിവർത്തക എഴുത്തുകാരിയായ സീത വിജയകുമാർ. 

സ്വന്തം പേരിലായിരുന്നില്ല സിൽവിയ "ബെൽ ജാർ "പ്രസിദ്ധീകരിച്ചത്. വിക്ടോറിയ ലൂക്കസ് എന്ന തൂലിക നാമത്തിന്റെ മറവിനുള്ളിൽ നിന്നുകൊണ്ടാണ് ബെൽ ജാർ എന്ന നോവൽ സിൽവിയ വായനക്കാരിലേക്ക് തുറന്നു കൊടുത്തത്. ഉള്ളിൽ അടക്കി വച്ച ഉന്മാദങ്ങളും നിരാശകളും പറയാൻ ആകാത്ത വിഷാദങ്ങളും അവയുടെ വഴികളും നോവൽ എഴുതുന്ന സമയമായപ്പോഴേക്കും സിൽവിയയുടെ മനസ്സിൽ ഏതാണ്ട് മുഴുവനായി തന്നെ പിടിമുറുക്കിയിരുന്നു. അതുകൊണ്ടുതന്നെയാകണം ബെൽജാറിലെ നായികയായ എസ്തറിന്റെ മുഖവും വായനയിൽ സിൽവിയയുടെ മുഖത്തോടു വായനക്കാരന് താദാത്മ്യപ്പെടുത്താനാകുന്നത്. എന്തായാലും നോവൽ പുറത്തിറങ്ങി തൊട്ടടുത്ത മാസം തന്നെ എഴുത്തുകാരി വിഷവാതകം ശ്വസിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. 

ഒരു ബെൽജാറിനുള്ളിൽ തികച്ചും ഏകാകിയായി കഴിയുന്ന മാനസികാവസ്ഥയാണ് ബെൽജാറിലെ നായികയായ എസ്തർ അനുഭവിക്കുന്നത്. സമൂഹത്തിന്റെ സദാചാര ചിന്തകൾ മനസ്സിനെ പഠിപ്പിച്ചു വച്ചിരിക്കുന്ന നിയമസംഹിതകളിലേക്ക് ചതഞ്ഞു കിടക്കുകയും അതിൽനിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നതോറും കൂടുതൽ കുരുക്കുകളിലേക്ക് മുറുകി പോവുകയും ചെയ്യുന്ന എസ്തറിന്റെ ജീവിതം അവൾക്കു തന്നെ പ്രഹേളികയാണ് തീരുന്നുണ്ട്.

നിരവധി പ്രണയങ്ങളിലേക്ക് പടർന്നു കയറാൻ മോഹിക്കുമ്പോഴും അതിലേക്കടുക്കുമ്പോൾ മനസ്സിന് തോന്നുന്ന മടുപ്പും പ്രണയമില്ലായ്മയും എസ്തറിന്റെ മാനസിക വിഭ്രാന്തികളിലേക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു. ശാരീരികമായ ആവശ്യങ്ങളിലേക്കുപോലും തന്റെ സൗഹൃദങ്ങളെയോ ബന്ധങ്ങളെയോ എത്തിക്കാൻ മോഹമുണ്ടെങ്കിലും എസ്തറിനു കഴിയുന്നതേയില്ല. പതുക്കെ വളരെ പതുക്കെ നിരാശയുടെ പടുകുഴിയിൽ നിന്ന് അപകർഷതയുടെയും ഏകാന്തതയുടെയും മരുഭൂമികളിലേക്ക് യാത്ര തുടങ്ങിയ അവൾ നിദ്രയില്ലായ്മയുടെയും വായന അസാധ്യമാക്കുന്ന ഉന്മാദങ്ങളുടെയും ലോകം സ്വന്തമാക്കാൻ തുടങ്ങുന്നതോടെയാണ് നോവൽ അതിന്റെ "ക്രൈസിസ്" എന്ന അവസ്ഥയിലേക്ക് നീളുന്നത്. 

ഒരേ സമയം രണ്ടു വ്യക്തികളായി ജീവിക്കേണ്ടി വരുന്ന അവസ്ഥ തന്നിൽ അത്ര വലിയ മാനസിക ആഘാതമൊന്നും ഉണ്ടാക്കുന്നതായി എസ്തറിനു പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നതേയില്ല. അതുകൊണ്ടുതന്നെയാണ് ഒരു ഷോക്ക് ട്രീട്മെന്റിലൂടെ എടുത്തെറിയപ്പെടുമ്പോൾ ഇത്രയധികം അനുഭവിക്കാൻ എന്തുതെറ്റാണ് താൻ ചെയ്തതെന്ന് അവൾ സ്വയം ചോദിക്കുന്നത്. ആത്മഹത്യയുടെ വഴികൾ തേടിയുള്ള എസ്തറിന്റെ അലച്ചിലുകൾ ആരംഭിക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ.

ജീവിതം അതിന്റെ ഏറ്റവും വലിയ നൈരാശ്യം നൽകിയ ഒരു പെൺകുട്ടിയായിരുന്നില്ല എസ്തർ. പക്ഷെ തന്റെ യാഥാർത്ഥ പേര് പോലും മറച്ചുവച്ച് തൂലികാനാമത്തിലാണ് മറ്റുള്ളവരുടെ മുന്നിൽ വരാൻ എഴുത്തുകാരിയായ സിൽവിയ പ്ലാത്തിനെ പോലെ എസ്തറും ആഗ്രഹിച്ചത്. അപകർഷതയുടെ സങ്കടങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും താൻ ആഗ്രഹിക്കുന്നതിനേക്കാളും വലിയ അംഗീകാരങ്ങളും പ്രണയവുമൊന്നും മുന്നിൽ വന്നു നിൽക്കുമ്പോൾ പോലും അതൊന്നും കണ്ടെത്താൻ നായികയ്‌ക്കോ എഴുത്തുകാരിക്കോ കഴിതേയില്ല, അല്ലെങ്കിൽ അവയെ വളരെ നിസ്സാരതയോടെ അവഗണിക്കുവാനും  അവൾക്കു കഴിഞ്ഞിരുന്നു. കന്യാസ്ത്രീയാകാൻ പോലും ഒരു സമയത്ത് മാനസികമായി തയ്യാറെടുക്കുന്നത് എസ്തറിന്റെ മാനസിക നിലയുടെ മൂഡ് വ്യത്യാസങ്ങൾ വളരെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഒന്നിലും തനിക്ക് ഉറച്ച് നിൽക്കാനാകില്ലെന്നു എസ്തറിനു വളരെ നന്നായി അറിയാമായിരുന്നു. 

"ഞാൻ കണ്ണുകളടച്ചപ്പോൾ എല്ലാ ലോകവും മരിച്ചു വീണു.. ഞാൻ കണ്ണുകൾ വലിച്ച് തുറക്കുമ്പോൾ ഇതാ അവ പുനർജ്ജനിച്ചിരിക്കുന്നു..", "ഈ നിശബ്ദത എന്നെ നോവിക്കുന്നു. ഇത് ശബ്ദമില്ലായ്മയുടെ നിശബ്ദതയാണ്, ഇതി എന്നിലെ തന്നെ നിശബ്ദതയാണ്.." ..

നിരവധി മനോഹരങ്ങളായ കോട്ടുകളാൽ സമൃദ്ധമാണ് ബെൽജാർ എന്ന നോവൽ. മനുഷ്യന്റെ അടിസ്ഥാന വികാരമായ സങ്കടങ്ങളോടുചേർന്ന് നിൽക്കുന്ന വരികളിൽ സ്വയം കണ്ടെത്താൻ കഴിയുന്നത് കൊണ്ടുതന്നെയാണ് സിൽവിയ ഇപ്പോഴും ഏറെ വായിക്കപ്പെടുന്നത്. ഒരു ബെൽജാറിനുള്ളിലെ കുഞ്ഞു മനുഷ്യ ശവശരീരം പോലെ ഏറ്റവും ഏകാന്തമായി ശ്വാസം മുട്ടി ജീവനോടെ അതിനുള്ളിൽ കഴിയുന്നതിന്റെ ഉന്മാദങ്ങളിലേക്കാണ്‌ നോവലിന്റെ വായന എത്തിച്ചേരുന്നത്. 

സാഹിത്യലോകത്ത് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കിയ എഴുത്തുകാരിയാണ് സിൽവിയ പ്ലാത്ത്. പിന്നീട് നിരവധി എഴുത്തുകാരികൾക്ക് സിൽവിയ ആത്മഹത്യ ചെയ്യാൻ പ്രചോദനമാകുകയും ചെയ്തിരുന്നു. ഉന്മാദ, വിഷാദ രോഗം പിടിപെട്ട മിക്ക എഴുത്തുകാരികൾക്കും ഏറ്റവും പ്രിയമുള്ള വരികളിലൊന്ന് സിൽവിയയുടെ മരണാഭിമുഖ്യമുള്ള കോട്ടുകളാകും.

പുരുഷഘടനയുള്ള പൊതുബോധത്തിനോടുള്ള ഏറ്റുമുട്ടലായിരുന്നു സിൽവിയയ്ക്ക് അവരുടെ എഴുത്തുകൾ എല്ലാം തന്നെ. സ്ത്രീകൾക്ക് മാത്രമായി സദാചാര ലോകം പടുത്തുയർത്തിയിരുന്ന കാടൻ നിയമങ്ങളെയെല്ലാം ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുകയും എന്നാൽ അതിൽനിന്ന് സ്വയം പുറത്തു കടക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്ത നിരാശലോകമായിരുന്നു എഴുത്തുകാരിക്ക് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

എഴുത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ ലോകം സ്വന്തമാക്കുകയും ജീവിതം വരണ്ട ഏകാന്തതയിലേക്ക് ചാഞ്ഞു പോവുകയും ചെയ്യുന്ന വൈരുദ്ധ്യം താങ്ങാൻ ദ്വന്ദ വ്യക്തിത്വമുണ്ടായിരുന്നെങ്കിൽപോലും എഴുത്തുകാരിക്ക് ആകുമായിരുന്നില്ല. പിന്നീടുള്ളത് അനിവാര്യമായ രക്ഷപെടലാണ്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ നിന്ന്, അവരുടെ സ്ത്രീ വിരുദ്ധ നിയമങ്ങളിൽ നിന്ന്, അടിമത്തത്തിൽ നിന്ന്...വ്യവസ്ഥാപിതമായ ആൺ സമൂഹ നിയമങ്ങളെ ജീവിച്ചിരുന്നാൽ ഇനിയും ചോദ്യം ചെയ്യേണ്ടി വരും... മറ്റു വഴികൾ ഒന്നും തുറക്കാതെ വന്നപ്പോഴാണ് സിൽവിയ നിലക്കണ്ണാടിയുടെ ആഴത്തിലേക്ക് സ്വയം ഇറങ്ങിപ്പോകുന്നത്... അതുകൊണ്ടു തന്നെ സിൽവിയയുടെയും നായികയായ എസ്തറിന്റെയും ജീവിതങ്ങളെ 'ബെൽജാർ ജീവിതങ്ങൾ' എന്നുതന്നെ അടയാളപ്പെടുത്താനാകും.