സിനിമ കാണുമ്പോൾ; സിനിമയെ കാണുമ്പോൾ

സൗന്ദര്യമെന്നത് കാണുന്നവന്റെ കണ്ണിലും, അറിയുന്നവന്റെ മനസിലുമാണെന്നാണ് വയ്പ്. സിനിമ എന്ന ജനപ്രിയ കലാരൂപത്തിന്റെ സൗന്ദര്യശാസ്ത്ര വിശകലനങ്ങളാണ് ഈ പുസ്തകം ചർച്ച ചെയ്യുന്നത്. സൗന്ദര്യത്തെ ആളുകൾ പല കണ്ണിലൂടെ നോക്കിക്കാണുന്നത് പോലെ ആസ്വാദനതലവും വ്യത്യസ്തമായിരിക്കും. പഴയകാല സിനിമകളിൽ തുടങ്ങി ന്യൂജനറേഷൻ സിനിമകളിൽ എത്തിനിൽക്കുന്ന ആസ്വാദനത്തിന്റെ പരിണാമം വിശദമാക്കുന്ന ലേഖനസമാഹാരങ്ങളാണ് ചന്ദ്രശേഖറിന്റെ സിനിമ-അതിലാവണ്യത്തിന്റെ ദൃശ്യലാവണ്യം എന്ന പുസ്തകം.

തിരക്കഥ മുതൽ എഡിറ്റിങ്ങും വിതരണവും പരസ്യവും വരെയുള്ള സിനിമയുടെ വിവിധ ഘട്ടങ്ങളിൽ ഈ സൗന്ദര്യശാസ്ത്ര പരിണാമങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃതി വിശദമാക്കുന്നു. മലയാളത്തിൽ അടുത്തിറങ്ങി നിരൂപക പ്രശംസ നേടിയ 'ഒറ്റാൽ' മുതൽ 'ഒഴിവുദിവസത്തെ കളി' വരെയുള്ള സിനിമകളെയും പുസ്തകം വിലയിരുത്തുന്നു. സമാന്തരമായിറങ്ങിയ പല മലയാളസിനിമകളും വിപണി മൂല്യമുള്ള നടന്മാരുണ്ടായിട്ടും പരാജയപ്പെട്ടു പോയതിന്റെ കാരണങ്ങൾ പുസ്തകം വിശദമാക്കുന്നു.

സിനിമ സമൂഹത്തിനു നേർക്കുപിടിക്കുന്ന കണ്ണാടിയാണെന്നു പറയുമ്പോൾതന്നെ വയലൻസും സെക്‌സും ഒന്നും സിനിമയിൽ കാണിക്കാൻ പാടില്ല എന്നൊരു ഇരട്ടത്താപ്പ് പല സിനിമ ആസ്വാദകർക്കുമുണ്ട്. ഈയൊരു വൈരുദ്ധ്യത്തെ വിലയിരുത്തുകയാണ് നന്മ-തിന്മകളുടെ കറുപ്പും വെളുപ്പും എന്ന അധ്യായം. അഗ്നിചിറകുകളുള്ള ജീവിതങ്ങൾ എന്ന അധ്യായം ചർച്ചചെയ്യുന്നത് സിനിമയിലെ ചാരിത്ര്യത്തിന്റെ രാഷ്ട്രീയമാണ്. തലമുറകളിലായി മലയാളി സമൂഹത്തിൽ കൈമാറ്റപ്പെടുന്ന സദാചാരമെന്ന ഹിപ്പോക്രസിയെ സിനിമ എന്ന മാധ്യമം എങ്ങനെ പുനർനിർവചിച്ചു/പൊളിച്ചെഴുതി എന്ന് ഉദാഹരണസഹിതം പുസ്തകം വിവരിക്കുന്നു.     

തൂവാനത്തുമ്പികളിലെ കാല്പനികവത്കരിക്കപ്പെട്ട വ്യഭിചാര കഥ മുതൽ ന്യൂജനറേഷൻ കാലത്ത് വെടിവഴിപാട്/ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന സിനിമകളിലെ ലൈംഗികതയുടെ പരിണാമവും താരതമ്യപഠനത്തിന് വിധേയമാക്കുന്നു പുസ്തകത്തിൽ. ചെമ്മീൻ എന്ന ക്‌ളാസിക് ചിത്രം മുതൽ പുതിയകാലത്തെ പ്രേമം വരെയുള്ള ചിത്രങ്ങളിൽ പ്രണയം എങ്ങനെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ഭാഗം വിജ്ഞാനപ്രദമാണ്. പ്രേമം എന്ന ചിത്രം ഒരു ആഘോഷമായി മാറാനുണ്ടായ കാരണങ്ങൾ ഇവിടെ വിലയിരുത്തുന്നു. ബ്രഹ്മാണ്ഡചിത്രങ്ങളുടെ കലാപരവും സാമ്പത്തികപരവുമായ രാഷ്ട്രീയം പറഞ്ഞാണ് പുസ്തകം അവസാനിക്കുന്നത്.

സിനിമകളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുനേരെ കത്രികപ്പൂട്ടു വീഴുന്ന ഒരു കാലത്ത്, സിനിമയെ ഗൗരവമായ സമീപിക്കുന്നവർക്ക് ഈ പുസ്തകം തികച്ചും പ്രസക്തവും വായനക്ഷമവുമാണ്.