കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം

പുതുതലമുറയിലെ എഴുത്തുകാരില്‍നിന്നും കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവല്‍ അപൂര്‍വ്വമായ ഈ കാലഘട്ടത്തില്‍ എസ് ആര്‍ ലാല്‍ രചിച്ച കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം വേനലില്‍ പെയ്ത ഒരു മഴത്തുള്ളിയാണെന്ന് പറയാം. 

കുഞ്ഞുണ്ണി എന്ന പതിമൂന്നുകാരന്റെ കഥയാണിതില്‍. കുഞ്ഞുണ്ണി നടത്തിയ സാഹസിക യാത്രകള്‍ കുറച്ച് നീളമുള്ളതാണ്. അത് ആഫ്രിക്കവരെ ചെന്നെത്തുന്നുണ്ട്. അതിനാല്‍ നോവലിനും വലുപ്പം കൂടുതലാണ്. കുഞ്ഞുണ്ണി നടത്തുന്ന സാഹസിക യാത്രകള്‍, കാണുന്ന അത്ഭുതക്കാഴ്ചകള്‍, നേരിടുന്ന പ്രതിസന്ധികള്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം  ഇതിലുണ്ട്. കുഞ്ഞുണ്ണിയെ കൂടാതെ നിരവധി മൃഗങ്ങളും മനുഷ്യരും നോവലില്‍ കടന്നുവരുന്നുണ്ട്. അതില്‍ നന്മയുള്ളവരും തിന്മയുള്ളവരുമുണ്ട്. നമുക്ക് ചുറ്റുമുള്ള ലോകവും അങ്ങനെയാണല്ലോ. 

നിങ്ങള്‍ വായിച്ചുശീലിച്ച നോവലുകളില്‍  നിന്നും വ്യത്യസ്തമായിരിക്കും 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം' എന്നാണ് കരുതുന്നത്. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന ജീവനും ചിത്രകാരനായ സച്ചിനും സ്‌നേഹഭവനിലെ അന്തേവാസികളായ ടോമിയും കൈസറും ഷെര്‍ഷയും മന്ത്രവാദിയായ മനമ്പാടിയും ആഫ്രിക്കന്‍ ബാലന്‍ രാമങ്കോലെയും ലോകം ചുറ്റുന്ന വൈശാഖനും പുതിയ ഭൂപ്രദേശം കണ്ടെത്താന്‍ കടല്‍സഞ്ചാരം നടത്തുന്ന കുറുപ്പും ഭൂമിക്കടിയിലെ നിധികണ്ടെത്താന്‍ ശ്രമിക്കുന്ന മാര്‍ത്താണ്ഡനുമെല്ലാം കുട്ടികളെയും കുട്ടിത്തമുള്ള വായനക്കാരെയും ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. 

നോവലിലെ സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നടതാണോ? എന്നുതോന്നുന്ന വിധത്തിലാണ് ആഖ്യാനരീതി. മണിമല, കാഞ്ഞാംപാറ, മുട്ടേക്കോട്, മാറാംകുന്ന് എന്നിവയെല്ലാം യഥാര്‍ഥ സ്ഥലങ്ങളാണ് എന്നതും മണിമലക്കൊട്ടാരം ഇപ്പോഴുമുള്ളതാണെന്നതും കഥയെ കൂടുതല്‍ വശ്യമാക്കുന്നു.