'പ്രിയപ്പെട്ട മാര്‍ക്‌സ്, ഞാന്‍ വിട്ടുപോകുന്നതത്രയും, വായിക്കാതെ കത്തിച്ചുകളയുക.' പക്ഷേ, മാര്‍ക്‌സ് ബ്രോഡ്് ഒന്നുംതന്നെ നശിപ്പിച്ചില്ല. പകരം, വിചാരണ, കോട്ട ഉള്‍പ്പെടെയുള്ള ആ രചനകള്‍ പ്രസിദ്ധീകരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരന്മാരില്‍ ഒരാളായ ഫ്രാന്‍സ് കാഫ്കയുടെ രചനകളായിരുന്നു അവ. നിരര്‍ത്ഥകതയുടെയും അതിയാഥാര്‍ഥ്യസംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതങ്ങളായിരുന്നു കാഫ്കയുടെ കൃതികള്‍. 'കാഫ്കയിസ്‌ക്ക്' എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ സൂചിപ്പിക്കുന്നതായി നിലവിലുണ്ട്. അദ്ദേഹത്തിന്റെ കൃതികളില്‍ ദി ജഡ്ജ്‌മെന്റ്, മെറ്റമോര്‍ഫോസിസ്, ദി ട്രയല്‍, ദി കാസില്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. തകര്‍ന്നുകൊണ്ടിരുന്ന ഒരു സാമ്രാജ്യത്തിലെ പൗരനായി ജനിച്ച അദ്ദേഹം ചെക്ക് ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തില്‍ ജര്‍മ്മന്‍ സസാരിക്കുന്നവനും, ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദനും, സ്വാര്‍ത്ഥനും സ്വേച്ഛാപ്രേമിയുമായ ഒരു പിതാവ് അടക്കി വാണിരുന്ന കുടുംബത്തില്‍ ഏകാകിയും ആയി ജീവിച്ചു. ഈ ജീവിതപശ്ചാത്തലങ്ങളുടെ നിഴലുകളായിരുന്നു അദ്ദേഹത്തിന്റെ കൃതികളില്‍. 'ഇരുപതാം നൂറ്റാണ്ടിലെ ഡാന്റെ ' എന്നാണ് പ്രശസ്ത ആംഗലേയ കവിയായ ഡബ്ല്യു എച്ച് ഔഡന്‍ കാഫ്കയെ വിശേഷിപ്പിക്കുന്നത്.
ദീര്‍ഘകാലത്തെ ഏകാന്തമായ അദ്ധ്വാനത്തിനു ശേഷം പൂര്‍ത്തിയായ കൃതിയാണ് ദി ട്രയല്‍ അഥവാ വിചാരണ. 1914ല്‍ ആണ് എഴുതി തുടങ്ങിയത്. കാഫ്കയുടെ മരണത്തിനു തൊട്ടടുത്ത വര്‍ഷം, 1925ല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് മാക്‌സ് ബ്രോഡ് അതു പ്രസിദ്ധീകരിച്ചു. കാഫ്കയുടെ മൂന്നു നോവലുകളില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് ഇതാണ്. ഒറ്റപ്പെട്ട മനുഷ്യന്‍ ആത്മാവില്‍ വഹിക്കുന്ന വിഷാദഭാരത്തിന്റേയും അവന്റെ മനസ്സിനെ ഗ്രസിക്കുന്ന കഠിനമായ ഉല്‍ക്കണ്ഠയുടേയും ചിത്രീകരണമെന്ന് ഈ നോവല്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് കെ. എന്നയാളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. അകാരണമായി ഒരു പ്രഭാതത്തില്‍ അയാള്‍ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാള്‍ക്ക് ആരും മറുപടി കൊടുക്കുന്നില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും അസംബന്ധവും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. ആരോപണങ്ങള്‍ വ്യക്തമാക്കാനോ അയാളുടെ വൈഷമ്യത്തിനു പരിഹാരമുണ്ടാക്കാനോ ആരും ഒന്നും ചെയ്യാതിരുന്നപ്പോള്‍ തനിക്കറിയാത്ത കുറ്റാരോപണത്തില്‍ നിര്‍ദ്ദോഷിത്വം സ്ഥാപിക്കാന്‍ അയാള്‍ പരക്കം പായുന്നു. വക്കീലിനെ പോയി കണ്ട അയാള്‍ക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാല്‍ കേസ് വാദിക്കാന്‍ നിവൃത്തിയില്ല എന്നായിരുന്നു. ഒരു പുരോഹിതനെയും അയാള്‍ സമീപിച്ചെങ്കിലും, 'ഇതൊക്കെ സഹിച്ച് ജീവിക്കണം' എന്ന ഉപദേശം മാത്രമാണ് കിട്ടിയത്. ഈ പ്രഹസനങ്ങള്‍ക്കൊടുവില്‍, ജോസെഫ് കെ. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ നിഷ്‌കരുണം വധിക്കപ്പെടുന്നു.
വിചാരണ എന്ന പേരില്‍ മലയാളത്തിലേയ്ക്ക് സംഗൃഹീതപുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് കെ ജെ ജേര്‍ളിയാണ്. ലോകക്ലാസ്സിക്കുകളെ സംഗൃഹിച്ച് പുനരാഖ്യാനംചെയ്തവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ വിശ്വസാഹിത്യമാല പരമ്പരയിലാണ് വിചാരണയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.