എക്കോയും നാർസിസും

അതിസുന്ദരിയായ ദേവതയായിരുന്നു എക്കോ. തന്റെ സൗന്ദര്യത്തിൽ അവൾ മതിമറന്ന് അഹങ്കരിച്ചിരുന്നു. അവൾ നിർത്താതെ സംസാരിക്കും. എല്ലാം അവളുടെ മേനിയഴകിന്റെ കഥയും. ജൂണോ ദേവതയെ ഇവളുടെ വാതോരാതെയുള്ള സംസാരം അലോസരപ്പെടുത്തുന്നുണ്ട്. ആരാണ് ജൂണോ എന്നോ. ദേവതമാരുടെ ചക്രവർത്തിനി. ഒരു നാൾ അവർ എക്കോയെ വിളിപ്പിച്ചു. 

‘എക്കോ, നിന്റെ സംസാരം അതിരു കടക്കുന്നു. സൂക്ഷിച്ചാൽ നിനക്കു നന്ന്’. എന്നാൽ എക്കോ ഉണ്ടോ അനുസരിക്കുന്നു. ഹോ, ഒരു മഹാറാണി, അവർ എന്നെ എന്തു ചെയ്യും കാണട്ടെ’. അവൾ മനസ്സിൽ പറഞ്ഞു. അവൾ തന്റെ അഹങ്കാരത്തിന് ഒരു കുറവും വരുത്തിയില്ല. 

എക്കോയുടെ അഹങ്കാരം ശമിപ്പിച്ചിട്ടേയുള്ളൂ. ജൂണോ നിശ്ചയിച്ചു. അവർ എക്കോ ദേവതയെ വീണ്ടും വിളിപ്പിച്ചു. ‘‘എക്കോ, നിനക്ക് ഞാൻ താക്കീത് തന്നിട്ടുള്ളതാണ്. എന്നാൽ നീ അത് അവഗണിച്ചു. ഇപ്പോൾ‍ ഞാൻ നിന്നെ ശിക്ഷിക്കാൻ പോകുന്നു. നിന്റെ മനോഹര ശബ്ദം ഇന്നു മുതൽ നിനക്ക് നഷ്ടമാകും. നിനക്ക് സംസാരിക്കാൻ കഴിയാതെ വരട്ടേ. ആരുടെ എങ്കിലും സംസാരത്തിന്റെ അവസാന വാക്കു മാത്രമേ നിനക്ക് ഉച്ചരിക്കാൻ കഴിയുകയുള്ളൂ. പൊയ്ക്കോൾക കുന്നുകളുടെയോ വൃക്ഷങ്ങളുടെയോ മറവിൽ ഇനിയും നീ പാർത്താൽ മതി’’. തന്റെ ശബ്ദം എന്നേക്കുമായി നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ എക്കോ അതിദുഃഖത്തോടെ അവിടെ നിന്നും ഓടി മറഞ്ഞു. 

ഒരു ദിവസം നാർസിസ് എന്ന അതികോമളനായ യുവാവ് എക്കോ ഒളിച്ചു പാര്‍ക്കുന്ന താഴ്‍വരയിലൂടെ നടന്നു വരികയാണ്. ഒരു ദേവതയെപ്പോലെ സുന്ദരനാണയാൾ. കറുത്തിരുണ്ട മുടിയിഴകൾ തന്റെ നെറ്റിയിലൂടെ വീണു കിടന്നിരുന്നു. കൺമഷിയെഴുതിയപോലുള്ള കണ്ണുകൾ; ഇടതൂർന്ന പുരികങ്ങൾ. പഴുത്തു വിളഞ്ഞ ഞാവൽപ്പഴത്തിന്റെ നിറമുള്ള ചുണ്ടുകൾ. പുരുഷ സൗന്ദര്യത്തിന്റെ ആൾരൂപമായ നാർസിസിനെ അദ്ഭുതത്തോടെ വൃക്ഷത്തിന്റെ  മറവിൽ നിന്ന് എക്കോ നോക്കി. അവൾ അയാളിൽ അനുരക്തയായി. 

നാർസിസ് നടക്കുകയാണ്. എക്കോയും ആരും കാണാതെ അയാളെ അനുഗമിച്ചു. ആരോ തന്നെ പിൻതുടരുന്നതായി തോന്നിയ നാർസിസ് ഉച്ചത്തിൽ ചോദിച്ചു ‘ആരാണ് പുറകിലുള്ളത്’ വാക്കുകൾ പൂർണ്ണമായി പറയാൻ കഴിവില്ലാത്ത എക്കോ പറഞ്ഞു ‘പുറകിലുള്ളത്’ അപ്പോൾ നാർസിസ് ‘ആരവിടെ’ എക്കോ ‘അവിടെ’ നാർസിസ് ‘നിങ്ങൾ ആരാണ്’ എക്കോ ‘ആരാണ്’.

നാർസിസ് കോപം കൊണ്ട് ജ്വലിച്ചു. എന്നെ കളിയാക്കുകയാണോ. ആരു തന്നെ എങ്കിലും ഞാൻ ശിക്ഷിക്കും. ‘ധൈര്യമുണ്ടെങ്കിൽ പുറത്തു വരൂ’ നാർസിസ് പറഞ്ഞു. 

അപ്പോൾ എക്കോ ‘പുറത്തു വരൂ’ എന്നു പറഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെട്ടു. 

നാർസിസ് കോപം കൊണ്ട് അന്ധനായതിനാൽ എക്കോയുടെ മുഖത്തേക്കു പോലും നോക്കിയില്ല. അവളുടെ സൗന്ദര്യം അയാൾ അവഗണിച്ചു. ‘നീ എന്നെ പരിഹസിക്കുകയാണ് അല്ലേ’. എന്നാൽ നിസ്സഹായയായ എക്കോയ്ക്ക് തന്റെ സത്യാവസ്ഥ പറയാൻ കഴിഞ്ഞില്ല. അവളുടെ സൗന്ദര്യം പോലും ശ്രദ്ധിക്കാതെ നാർസിസ് പറഞ്ഞു. ‘‘ഇപ്പോൾ നീ മാത്രമല്ല നിന്റെ സ്നേഹിതരും എന്നെ കളിയാക്കുകയായി രിക്കും കടന്നു പോകൂ എന്റെ മുൻപിൽ നിന്ന്’ നാർസിസിനോട് അതിയായ സ്നേഹം തോന്നിയ ആ പ്രേമഭിക്ഷുകിയെ അയാൾ ആട്ടി പുറത്താക്കി. 

വനത്തിലൂടെ നാർസിസ് വീണ്ടും സഞ്ചരിച്ചു. യാത്രയുടെ ക്ഷീണം അയാളെ തളർത്തി. അപ്പോൾ വനത്തിലൂടെ ഒഴുകുന്ന നദീതീരത്തേക്കു അയാൾ ചെന്നു. വെള്ളം കുടിക്കാൻ താഴേയ്ക്ക് കുനിയുമ്പോൾ തന്റെ പ്രതിരൂപം കണ്ടിട്ട് അത് ഒരു ദേവതയെന്നയാൾ ചിന്തിച്ചു. അതിസുന്ദരിയായ ദേവത. ആ പ്രതിരൂപത്തെ അയാൾ സ്നേഹിച്ചു. അതിനോട് അയാൾ പ്രേമാഭ്യർഥന നടത്തി. 

പല ദിനരാത്രങ്ങളും കടന്നു പോയി. അയാൾ അവിടെ തന്നെ നിന്നുകൊണ്ട് ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത ആ രൂപത്തോട് വിവാഹാഭ്യർഥന നടത്തിക്കൊണ്ടിരുന്നു.

ഇവയെല്ലാം വൃക്ഷത്തിന്റെ മറവിൽ നിന്ന് എക്കോ കാണുന്നുണ്ടായിരുന്നു. നാർസിസിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യമാക്കണമെന്ന് അവൾക്കുണ്ടായിരുന്നു. എന്നാൽ ശബ്ദം നഷ്ടപ്പെട്ട അവൾക്ക് അതിനു കഴിഞ്ഞില്ല. 

നാർസിസ് പല മാസങ്ങൾ അവിടെ ചെലവഴിച്ചു. അയാളുടെ ശരീരം ഭക്ഷണവും വെള്ളവുമില്ലാതെ അനുദിനം ക്ഷയിച്ചു കൊണ്ടിരുന്നു. കാലങ്ങൾ കടന്നുപോയി. നാർസിസ് എല്ലും തോലുമായി. ജലത്തിൽ അയാൾ കണ്ട ദേവതയും നിറം മങ്ങി തളർന്നിരുന്നു. ഭക്ഷണം ലഭിക്കാതെ നാർസിസ് അവിടെ തളർന്നു മരിച്ചു. നാർസിസിന്റെ മരണം എക്കോയെ തളർത്തി. പൂർത്തിയാകാത്ത സ്വപ്നങ്ങളുമായി വിലപിച്ചു കൊണ്ട് അവൾ മലകളിലേക്ക് ഓടിപ്പോയി. ഇനിയും ഈ ശരീരത്തിന് അർഥമില്ല. അവൾ തന്റെ ശരീരം ത്യജിച്ചു. വെറും ശബ്ദമായി മാറി. കുന്നുകളിലും വൃക്ഷങ്ങൾക്കിടയിലും നാം കേൾക്കുന്ന പ്രതിധ്വനികൾ എക്കോയുടേതാണെന്ന് കരുതുന്നു.