എം.ടി. വാസുദേവൻനായരുടെ തിരക്കഥ ഏറ്റവും മനോഹരമായി സിനിമയാക്കിയത് ആര്? ഇങ്ങനെയൊരു ചോദ്യം വരുമ്പോൾ ഉത്തരം പറയാൻ പ്രയാസപ്പെടും. ഹരിഹരൻ, ഐ.വി.ശശി, ഭരതൻ... പേരുകൾ പലതും പറയാനുണ്ടാകും. എന്നാലും എം.ടിയുടെ ഓർത്തുവയ്ക്കുന്ന മികച്ച ചിത്രങ്ങളൊരുക്കിയത് ഇവർ മൂന്നുപേരും തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.
ഹരിഹരന്റെ കാര്യമെടുക്കാം. ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന ചിത്രത്തിലൂടെയാണ് എം.ടി–ഹരിഹരൻ കൂട്ടുകെട്ട് പിറക്കുന്നത്. അന്തരിച്ച നടി ശ്രീവിദ്യയുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം മൂന്നുകഥാപാത്രങ്ങളുടെ വൈകാരിക ബന്ധത്തിനു പ്രാധാന്യം നൽകികൊണ്ടാണ് എം.ടി. എഴുതിയത്. അതുവരെ കച്ചവടചിത്രങ്ങൾ ചെയ്തുവന്നിരുന്ന ഹരിഹരൻ ഈ ചിത്രത്തിലൂടെ പുതിയൊരു മേൽവിലാസം ഉണ്ടാക്കുകയായിരുന്നു. പിന്നീട് വളർത്തുമൃഗങ്ങൾ എന്ന ചിത്രം വന്നു. സർക്കസ് കൂടാരത്തിലെ പച്ചയായ ആവിഷ്ക്കാരമായിരുന്നു വളർത്തുമൃഗങ്ങൾ. തുടർന്ന് വെള്ളം എന്ന ചിത്രമെടുത്തു. അത് കാലം തെറ്റിയാണ് റിലീസായത്. അതുകൊണ്ട് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
കാലം കാത്തുവച്ച ചിത്രങ്ങൾ വരാനിരിക്കുകയായിരുന്നു. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതംഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നിങ്ങനെ മലയാളത്തിലെ മികച്ച ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിലൂടെ പിറന്നത്. മോണിഷ എന്ന പുതുമുഖ നടിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് നഖക്ഷതങ്ങളിലൂടെയായിരുന്നു. കൗമാര പ്രണയമായിരുന്നു നഖക്ഷതങ്ങളിലെ പ്രമേയം.
കേരളത്തിൽ നക്സലൈറ്റ് ചിന്ത ശക്തമായിരുന്ന കാലത്താണ് പഞ്ചാഗ്നിയും ആരണ്യകവും ഇവർ ചെയ്യുന്നത്. ഗീത എന്ന പുതുമുഖ നടിയെ പഞ്ചാഗ്നി മലയാളിക്കു സമ്മാനിച്ചു. ദേവൻ എന്ന നടന്റെ ഗംഭീരപ്രകടനമായിരുന്നു ആരണ്യകത്തിന്റെ പ്രത്യേകത. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ സിനിമയിൽ ശക്തമായി ആവിഷ്ക്കരിക്കാൻ എം.ടി– ഹരിഹരൻ കൂട്ടുകെട്ടിനു സാധിച്ചു. കേരളത്തിൽ റാഗിങ് എന്ന വിഷയം ആദ്യമായി ചർച്ച ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായ അമൃതംഗമയ.
ചന്തു ചതിയനാണെന്ന മലയാളിയുടെ ധാരണ മാറ്റിക്കുറിച്ചാണ് ഇവരുടെ ഒരു വടക്കൻ വീരഗാഥ പിറക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ശക്തമായ കഥാപാത്രം ഏതെന്നു ചോദിച്ചാൽ ആദ്യം വരുന്ന ഉത്തരം വടക്കൻ വീരഗാഥയിലെ ചന്തുചേകവർ അല്ലേ. അതുപോലെ തന്നെയായിരുന്നു പഴശ്ശിരാജയിലെ കഥാപാത്രവും. മമ്മൂട്ടിയായതുകൊണ്ട് മികച്ചതായ കഥാപാത്രങ്ങൾ. ഒരുവേള പുതുമുഖങ്ങളെ വച്ച് ചെയ്യാനായിരുന്നു വടക്കൻവീരഗാഥ തീരുമാനിച്ചിരുന്നത് എന്ന കാര്യം ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ.
ഐ.വി.ശശി– എം.ടി. വാസുദേവൻനായർ കൂട്ടുകെട്ടിലും ഒത്തിരി ചിത്രങ്ങൾ മലയാളിക്കു സമ്മാനിച്ചു. എന്നാൽ ഹരിഹരൻ ചെയ്തതുപോലെ കലാമൂല്യമുള്ള ചിത്രങ്ങൾ ചെയ്യാൻ ഐ.വി.ശശിക്കു കഴിഞ്ഞില്ല എന്നതൊരു സത്യമാണ്. കുടുംബ ചിത്രങ്ങൾക്കായിരുന്നു ഈ കൂട്ടുകെട്ട് പ്രാധാന്യം നൽകിയത്. അഭയം തേടി, അനുബന്ധം, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, തൃഷ്ണ, ആരൂഢം എന്നിവയൊക്കെ കുടുംബ ബന്ധങ്ങൾ നന്നായി ആവിഷ്ക്കരിച്ച ചിത്രങ്ങളായിരുന്നു. ഉയരങ്ങളിൽ എന്ന ചിത്രമായിരുന്നു ഇതിൽ വ്യത്യസ്തമായത്. മോഹൻലാൽ വില്ലൻ കഥാപാത്രമായി വന്ന ചിത്രമായിരുന്നു ഇത്. താൻ ചെയ്ത ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ് ഉയരങ്ങളിലേതെന്ന് മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
എം.ടി–ഭരതൻ കൂട്ടുകെട്ടിൽ രണ്ടു ചിത്രങ്ങളാണു പിറന്നത്. താഴ്‍വാരം, വൈശാലി എന്നീ കലാമൂല്യമുള്ള രണ്ടു ചിത്രങ്ങൾ. പുരാണത്തിലെ ഒരേടായിരുന്നു എം.ടി വൈശാലിയിൽ അവതരിപ്പിച്ചത്. കൊല്ലാൻ വരുന്ന ആളും കൊല്ലപ്പെടാൻ സാധ്യതയുള്ള ആളും തമ്മിലുള്ള ബന്ധമായിരുന്നു താഴ്‍വാരത്തിൽ. മോഹൻലാൽ ആയിരുന്നു താഴ്‍വാരത്തിലെ നായകൻ. ഭരതൻ എന്ന കലാസംവിധായകന്റെ കയ്യിൽ ഈ ചിത്രം രണ്ടും മികച്ചതായി മാറുന്നത് മലയാളി കണ്ടു.