എന്റെ അനിയനെക്കുറിച്ച് ഏറെ എഴുതാനുണ്ട്. കഥാകൃത്ത്, നോവലിസ്‌റ്റ്, സിനിമാ സംവിധായകൻ, പത്രാധിപർ ഈ നിലയിൽ പ്രശസ്‌തനായ വാസുദേവൻ നായർ എന്ന എം.ടി.യെക്കുറിച്ച്.
വാസു എന്റെ വല്യമ്മാമന്റെ ഇളയ മകൻ ആണെങ്കിലും ചെറുപ്പം മുതൽ സ്വന്തം അനിയന്റെ നിലയിലുള്ള വാസുവിനെക്കുറിച്ച് എനിക്ക് എഴുതാനുള്ള പ്രചോദനം കൂടല്ലൂരിന്റെ പശ്‌ചാത്തലത്തിൽനിന്നാണു കിട്ടിയത്. ആ നാടും ഗ്രാമവാസികളും ആ നാലുകെട്ടും ജീവിതത്തിൽ അത്രയും സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ വാസുവിനോടു പറഞ്ഞു, ‘എനിക്ക് ജീവിതാവസാനംവരെ അവിടെത്തന്നെ കഴിച്ചുകൂട്ടിയാൽ മതിയായിരുന്നു.’
കുമരനെല്ലൂർ ഹൈസ്‌കൂളിൽ എന്നെക്കാൾ എത്രയോ വയസ്സിനു താഴെയുള്ള വാസുവും ഞാനും ഒരേ ക്ലാസിലാണു പഠിച്ചത്. അന്ന് ഹൈസ്‌കൂളിനടുത്ത ഒരു വാടകവീട്ടിലായിരുന്നു താമസം. അമ്മായിയും (വാസുവിന്റെ അമ്മ) അടുക്കളപ്പണിയിൽ സഹായിക്കാൻ കൂടല്ലൂരിൽനിന്ന് ചാത്തുനായരും ഉണ്ടായിരുന്നു. പുറംപണിക്ക് കുന്നിൻചെരിവിലെ വീട്ടിൽനിന്ന് ഉണ്ണൂലിയും. ചാത്തുനായർ കൂടല്ലൂർക്കാരനായതിനാൽ ഇഷ്‌ടാനിഷ്‌ടങ്ങൾ അറിഞ്ഞ് എല്ലാം ചെയ്യും. വാസുവിന് ഇഷ്‌ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ അയാൾക്കു വലിയ ഉത്സാഹമാണ്.
അത്താഴം കഴിഞ്ഞാൽ അക്ഷരശ്ലോകസദസ്സാണ്. പങ്കെടുക്കാൻ വാസുവിന്റെ ജ്യേഷ്‌ഠൻ എം.ടി.എൻ. നായർ എന്ന കൊച്ചുണ്യേട്ടൻ, എന്റെ ജ്യേഷ്‌ഠൻ, വാസു, പിന്നെ ഞാനും. ഈ ഒരവസരത്തിന്റെ വിജയത്തിനായി എത്രയെത്ര കവിതകളാണ് ഹൃദിസ്‌ഥമാക്കിയത്? പുസ്‌തകങ്ങൾക്കു ക്ഷാമമില്ല. അക്കിത്തത്തെ മനക്കിൽനിന്ന് ഇഷ്‌ടംപോലെ കൊണ്ടുവരാം. ആമേറ്റിക്കരയ്‌ക്ക് അവിടെനിന്നു കുറച്ചു ദൂരമേയുള്ളൂ. അക്കിത്തം അന്ന് പത്താം ക്ലാസിലാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും അന്നു പഠിച്ച വരികൾ വിസ്‌മരിച്ചിട്ടില്ല.
ഹൈസ്‌കൂളിൽ വാർഷികാഘോഷം നടക്കുമ്പോൾ വാസുവിന് സ്‌റ്റേജിൽനിന്നിറങ്ങി നിൽക്കാൻ അവസരം കിട്ടില്ല. കാരണം, മിക്ക മത്സരങ്ങളിലും ഒന്നാം സമ്മാനംതന്നെ. പ്രത്യേകിച്ചു സാഹിത്യമത്സരങ്ങളിൽ. മലയാള പണ്ഡിറ്റ് കുട്ടിരാമ മേനോന് വാസു അരുമശിഷ്യനായിത്തീർന്നതും ഈ കാരണംകൊണ്ടാണ്. കുട്ടിക്കാലത്ത് കുറച്ചല്ല നല്ല ശാഠ്യക്കാരനായിരുന്നു. അമ്മ ശാന്തശീലയായതുകൊണ്ട് ശാസന കുറവാണ്. കുട്ടികളുടെ മനഃശാസ്‌ത്രം മനസ്സിലാക്കി പ്രായോഗികമാക്കിയ ഒരു വനിതയായിരുന്നു അവർ. അച്‌ഛൻ ക്ഷിപ്രകോപിയായിട്ടും മകന്റെ മുൻപിൽ മിക്കപ്പോഴും പരാജയപ്പെടും.
പുന്നയൂർക്കുളത്ത് ഒരവധിക്കാലത്ത് അമ്മായിക്കു പാത്തിചികിത്സ (ആയുർവേദം) നടത്തി. തിരിച്ചു കൂടല്ലൂർക്കു പോകുന്ന ഘട്ടം. അന്ന് യാത്ര വഞ്ചിയിലാണ്. കടുക്കോൽ തറയിൽനിന്നു കൊഴപ്പിള്ളി കയത്തിലൂടെയാണ് വഞ്ചി പോകുന്നത്. അന്നു വാസുവിന് അഞ്ചു വയസ്സാണ്. വഞ്ചിയിൽ ഓടിനടക്കുന്നതു കണ്ട് അച്‌ഛൻ ശാസിച്ചു. ഇനി വികൃതി കാട്ടിയാൽ കയത്തിലേക്കെറിയും എന്ന ഒരു താക്കീതും. അച്ഛന്റെ ഭീഷണിക്കൊന്നും വഴങ്ങാത്ത വാസു ഓടിനടപ്പു തുടർന്നു.
കൂടല്ലൂരിലെ നാലുകെട്ടും പത്തായപ്പുരയും കണ്ണാന്തളി പൂക്കൾ നൃത്തം വയ്‌ക്കുന്ന താന്നിക്കുന്നും ഇന്നും ഓർമിക്കുന്നു.
1950 ൽ മലമൽക്കാവ് യു.പി. സ്‌കൂളിൽ പഠിപ്പിക്കാൻ എനിക്ക് അവസരം കിട്ടി. അപ്പോൾ താമസിച്ചതു കൂടല്ലൂരാണ്. ഒരു ബിരുദം എങ്ങനെയെങ്കിലും എഴുതിയെടുക്കണമെന്ന തീവ്രമായ ആശ. ആ നാട്ടിൻപുറത്ത് അതിനുള്ള ഒരു സാഹചര്യവുമില്ല. നിരാശപ്പെടാതെ അവശ്യംവേണ്ട പുസ്‌തകങ്ങൾ വാങ്ങി വായിക്കാൻ തുടങ്ങി. പക്ഷേ, ഷേക്‌സ്‌പിയർ നാടകങ്ങൾ രണ്ടെണ്ണവും വഴങ്ങുന്നില്ല. ആ ഘട്ടത്തിൽ എന്റെ അനിയന്റെ സഹായഹസ്‌തം ഒരു വലിയ നേട്ടമായി. ജൂലിയസ് സീസർ രണ്ടു മാസംകൊണ്ടു വിശദമായിത്തന്നെ പറഞ്ഞു മനസ്സിലാക്കിച്ചു. എത്ര ഗഹനമായ വിഷയവും അതിലളിതമായി നേരിട്ടുള്ള അനുഭവങ്ങളിലൂടെ പറയുന്നതിലെ ചാതുര്യം അന്ന് അനുഭവിച്ചു. പത്രാധിപരാകുന്നതിനു മുൻപ് പട്ടാമ്പി, ചാവക്കാട് സ്‌കൂളിൽ അധ്യാപകനായിട്ടുണ്ട്. അധ്യാപകവൃത്തി വളരെ ഇഷ്‌ടമായിരുന്നു. താൻ പഠിപ്പിച്ച വിദ്യാർഥികളുടെ മതിപ്പിന്റെ പൊരുൾ ഇതുതന്നെ.
കുമരനെല്ലൂരിലെ വിദ്യാഭ്യാസം പൂർത്തിയാക്കി 1949 ൽ പാലക്കാട് വിക്‌ടോറിയ കോളജിൽ പഠിക്കുന്ന കാലത്ത് അവധിക്കു കൂടല്ലൂരിൽ വരും. അന്ന് ഞാൻ അമ്മായിയുടെ വാത്സല്യത്തിന്റെ തണലിൽ മലമൽക്കാവ് സ്‌കൂളിൽ ജോലി ചെയ്യുകയാണ്. കണ്ണാന്തളിപ്പൂക്കൾ ചിരിച്ചുകുഴഞ്ഞുകിടക്കുന്ന താന്നിക്കുന്ന് കയറിവേണം സ്‌കൂളിലെത്താൻ. വല്ലപ്പോഴും പുന്നയൂർക്കുളത്തുനിന്ന് ആരെങ്കിലും വിരുന്നു വരും. അങ്ങനെ ഒരിക്കൽ ഞങ്ങളുടെ അടുത്ത ബന്ധുവായ ശങ്കുണ്യേട്ടൻ വന്നതിനെക്കുറിച്ച് ഒരിക്കൽ എഴുതിയിട്ടുണ്ട്. അനാകർഷകമായ, പൊക്കം കുറഞ്ഞ ആ മനുഷ്യനെപ്പറ്റി എഴുതാനുള്ള തോന്നൽ തന്നെ ഒരു വലിയ കാര്യം. വാസുവിന്റെ കഥാപാത്രങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിച്ചിട്ടേ അവതരിപ്പിക്കാറുള്ളൂ. ദിവസേന കാണുന്ന വ്യക്‌തിയാണെങ്കിലും ശങ്കുണ്യേട്ടന്റെ പ്രത്യേകതകളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം ഇരിക്കുമ്പോൾ എത്ര ഉയരം കുറഞ്ഞ ഇരിപ്പിടത്തിലാണെങ്കിലും കാൽ നിലത്തു തൊടാറില്ല എന്ന യാഥാർഥ്യം വാസുവിന്റെ ‘കർക്കിടകം’ എന്ന കഥ വായിച്ചപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.
കൂടല്ലൂരിൽ അവധിക്കു വരുമ്പോൾ പുന്നയൂർക്കുളത്തും വരാറുണ്ട്. അച്‌ഛമ്മയ്‌ക്ക് മൂത്തമകന്റെ കുട്ടികളോട് ഒരു പ്രത്യേക വാത്സല്യമുണ്ടെന്ന് ചെറിയമ്മ പറയാറുണ്ട്. അവരെക്കുറിച്ചു പറയുമ്പോൾ വലിയ അഭിമാനമാണ്.
നാട്ടിലെ ചിറ-പുന്നയൂർക്കുളത്തെ മൺമറഞ്ഞുപോയ എലിയങ്ങാട് കോവിലകത്തിന്റെ തിരുശേഷിപ്പാണ്. വളരെ വിസ്‌തീർണമുള്ളതാണ്. ചിറയിലെ കുളി വാസുവിനു വലിയ ഇഷ്‌ടമാണ്. രണ്ടുനേരവും ചിറയിൽ ഇറങ്ങും. പല പേരിൽ പല കടവുകളും ഉണ്ട്. അന്ന് ആനക്കടവിൽ ആനയെ കുളിപ്പിച്ചിരുന്നു. വേട്ടേക്കരൻപാട്ടിന് കൊണ്ടുവരുന്ന ആനയെ. പിൽക്കാലത്ത് അതു നിർത്തി. ചിറയിൽ ചെമ്പൻ, കാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന രണ്ടു മുതലകളുണ്ടായിരുന്നു. അവ വേട്ടേക്കരന്റെ സ്വന്തമാണെന്ന് ജനങ്ങൾ വിശ്വസിച്ചു. വാസുവിന്റെ കഥകളിൽ അവയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ‘ഉച്ചക്കാനത്തിൽ അവ കയറി കരയിൽ കിടക്കും, അയൽപക്കത്തെ ആട്ടിൻകുട്ടികളെ തിന്നാനാവാം.’
പുന്നയൂർക്കുളത്തെ എല്ലാ കുടുംബങ്ങളിലെയും സ്‌ത്രീപുരുഷന്മാർ കുളിച്ചിരുന്നത് ഈ ചിറയിലാണ്. ചിറ വലിയ ഒരനുഗ്രഹമായി അവർ കരുതി. വീടുകളിൽ കുളിമുറി കുറവായിരുന്നു. ഒരു മനുഷ്യജന്മത്തിൽ നടക്കുന്ന ജീവിതസംഭവങ്ങളുടെ പല അരങ്ങേറ്റത്തിന്റെയും വേദിയായും മാറാറുണ്ട്. പല സംഭവങ്ങളുടെയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും താവളം. പല വിവാഹാലോചനയും വിവാഹമോചനവും നടക്കാൻ മൂകസാക്ഷിയാണ് ഈ ജലാശയം.
വാസുവിന്റെ കഥകളിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ് ഈ എലിയങ്ങാട്ടുചിറ. ഒരു ജീവിതയാഥാർഥ്യം. അത് ഇന്നും നിശബ്ദമായ നഷ്‌ടപ്പെട്ട കാലത്തെക്കുറിച്ചാലോചിച്ച് പല്ലും നഖവും കൊഴിഞ്ഞു ശയിക്കുന്ന സംയോഗവിയോഗങ്ങളുടെ അണിയറ. വല്യമ്മാമന്റെ മരണത്തോടനുബന്ധിച്ച് പതിന്നാലാം ദിവസം പുലപ്പിണ്ഡം മുറിച്ചുകുളിക്കുക എന്ന ചടങ്ങ് രാത്രിയിൽ നടന്നതും ഈ ചിറയിലെ ആനക്കടവിലാണ്. അന്ന് വാസുവും ഏട്ടന്മാരും ഉണ്ടായിരുന്നു. എല്ലാവർക്കും ഒന്നിച്ച് ഒരു മുങ്ങൽ. ബന്ധങ്ങൾ അറ്റുപോകുമ്പോഴും മുറുക്കിബന്ധിപ്പിക്കുന്ന അവസരങ്ങൾ.
അച്‌ഛൻ മരിച്ചിട്ടും വാസു പുന്നയൂർക്കുളത്ത് വരുന്നതിൽ അമാന്തിക്കാറില്ല.
എന്റെ ഭർത്താവിനെ സ്വന്തം ജ്യേഷ്‌ഠനെപ്പോലെ കരുതി അദ്ദേഹത്തിന് കാൻസർ ബാധിച്ച അവസരത്തിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും കൊണ്ടുപോയി ചികിത്സിപ്പിക്കാൻ വലിയ ശ്രദ്ധയായിരുന്നു. ഡോക്‌ടർ കൃഷ്‌ണൻ നായർ സുഹൃത്തായത് ഒരു നേട്ടമായി. സൂക്കേടിന്റെ ഗൗരവത്തെക്കുറിച്ച് എന്നോടു പറയാതെ സാന്ത്വനത്തിന്റെ ശീതളകരങ്ങൾ ചുമലിൽ വച്ച്, മനസ്സിന് ആശ്വാസം നൽകിയ അവസരങ്ങൾ മറക്കില്ല.
അച്ഛന്റെ അഭാവത്തിൽ എന്റെ കുട്ടികൾ-ഗീത, കൃഷ്‌ണൻ ഇവർക്കു വേണ്ട എല്ലാ പിന്തുണയും എപ്പോഴും ചെയ്യുന്നതിൽ ബദ്ധശ്രദ്ധനാണ്. മകളുടെ വിവാഹാവസരത്തിൽ (അച്‌ഛൻ മരിച്ച അതേ വർഷം) വേണ്ട എല്ലാ കാര്യങ്ങളും വാത്സല്യമുള്ള ഒരമ്മാവന്റെ ചുമതലയാണെന്നു കരുതി ചെയ്‌തതും മറക്കാൻ പറ്റില്ല. അവളെ ഭർത്തൃഗൃഹത്തിലേക്കു കൊണ്ടുപോയാക്കിയശേഷമാണ് വാസുവും സരസ്വതിയും മടങ്ങിയത്. കടപ്പാടുകളുടെ നീണ്ട ചരിത്രം.
വാസുവിന് എന്തെങ്കിലും അസുഖം നേരിയ തോതിൽ വരുമ്പോഴും മനസ്സ് അസ്വസ്‌ഥമാകാറുണ്ട്. ആഴ്‌ചയിൽ ഒരിക്കലെങ്കിലും വിളിച്ച് വിവരങ്ങൾ അറിയാഞ്ഞാൽ സ്വസ്‌ഥതയില്ല. വിളിക്കുമ്പോൾ എത്ര തിരക്കാണെങ്കിലും ഒന്നോ രണ്ടോ വാചകത്തിൽ മറുപടി പറയും. സംസാരത്തിന്റെ കാര്യത്തിൽ ലുബ്‌ധനാണല്ലോ.
വാസുവിന്റെ പുസ്‌തകങ്ങളിൽ ബാലാമണിയമ്മയെ ആകർഷിച്ചത് (ഏറ്റവും അധികം) വിലാപയാത്രയാണ്. കോവിലകത്തെ പടി മുതൽ ഞങ്ങളുടെ തറവാടുവരെയുള്ള സ്‌ഥലപരിമിതിയിൽ എഴുതിയ ആ നോവൽ കവയിത്രിക്ക് വലിയ ഇഷ്‌ടാ, എപ്പോഴും പറയാറുമുണ്ട്.
എന്റെ സുഹൃത്ത് കമലാദാസ് വീട്ടിൽ വരുമ്പോൾ പറയാറുണ്ട്, വാസു എറണാകുളം വരുമ്പോൾ കാണണമെന്നു പറയാറുണ്ടെങ്കിൽ ഒരു സുഹൃദ് വലയത്തിൽ എപ്പോഴും നടക്കുന്നതുകൊണ്ട് കടവന്ത്ര വീട്ടിൽ വരാൻ തരപ്പെടാറില്ല.’ കമലാദാസിനു വാസുവിനെ അത്രയും വാത്സല്യമായിരുന്നു. തീവ്രമായ രോഗത്തിന്റെ പിടിയിൽപ്പെട്ട് പുണെയിൽ ആശുപത്രിയിൽ കഴിയുമ്പോഴും വാസുവിനോട് ഒന്ന് എന്നെ വിളിക്കാൻ പറയൂ എന്ന് എന്നോടു വിളിച്ചുപറയാറുണ്ട്. മരണത്തിന്റെ രണ്ടുദിവസം മുൻപ് വാസു കമലയെ വിളിച്ചു. അവർക്ക് അത് വലിയൊരാശ്വാസമായിരുന്നു.
ഹൈലൈറ്റ്
ദിവസേന കാണുന്ന വ്യക്‌തിയാണെങ്കിലും ശങ്കുണ്യേട്ടെന്റെ പ്രത്യേകതകളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം ഇരിക്കുമ്പോൾ എത്ര ഉയരം കുറഞ്ഞ ഇരിപ്പിടത്തിലാണെങ്കിലും കാൽ നിലത്തു തൊടാറില്ല എന്ന യാഥാർഥ്യം വാസുവിന്റെ ‘കർക്കിടകം’ എന്ന കഥ വായിച്ചപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.
(ഭാഷാപോഷിണി 2014 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)