Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി മനുഷ്യരെക്കുറിച്ചെഴുതാൻ ആലോചനയില്ല : പെരുമാൾ മുരുകൻ

perumal-murukan-2 തിരുവനന്തപുരത്ത് അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ പ്രഭാഷണപരമ്പരയ്ക്ക് എത്തിയപ്പോൾ പെരുമാൾ മുരുകനോട് ഉയർന്ന ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരങ്ങളും:

പ്രതിസന്ധികളുടെ കാലത്തു കേരളം നൽകിയ പിന്തുണയെ കൃതജ്ഞതയോടെ ഓർക്കുന്നതായി പെരുമാൾ മുരുകൻ. ‘‘പ്രതിസന്ധിയുണ്ടായ സമയത്തു കേരളത്തിൽനിന്ന് എനിക്കു ലഭിച്ച പിന്തുണ വളരെ വലുതാണ്. അതിനുള്ള കൃതജ്ഞതയെന്ന നിലയിലാണു കേരളത്തിലെത്തിയത്’’ – തിരുവനന്തപുരത്ത് അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ പ്രഭാഷണപരമ്പരയ്ക്ക് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. പെരുമാൾ മുരുകനോട് ഉയർന്ന ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരങ്ങളും:

വിവാദങ്ങളൊക്കെ കെട്ടടങ്ങുമ്പോൾ എന്തു തോന്നുന്നു?‌‌

ഒന്നുരണ്ടു വർഷമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാറില്ല. പങ്കെടുക്കാൻ തോന്നിയിട്ടില്ല എന്നതാണു സത്യം. എന്നാൽ കഴിഞ്ഞ നാലഞ്ചുമാസമായി ആ ചിന്തയിലൊരു ചെറിയ മാറ്റമുണ്ടായി. കഴിഞ്ഞകാര്യങ്ങൾ അങ്ങനെ തന്നെയിരിക്കട്ടെ, പുതിയതിനെ മാത്രമാണു ഞാൻ പ്രതീക്ഷയോടെ കാണുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കാൻ മാനസികമായ ബുദ്ധിമുട്ടുണ്ട്.

വർത്തമാനകാലത്തെ ആവിഷ്കാരസ്വാതന്ത്യം?‌

മുൻപെങ്ങുമില്ലാത്ത വിധം എഴുത്തുകാർക്കു വലിയൊരു സ്പെയ്സ് ലഭിക്കുന്ന കാലമാണിത്. പക്ഷേ, എഴുപതുകളിലെ പോലെയോ എൺപതുകളിലെ പോലെയോ ഉള്ള സ്വാതന്ത്യമില്ലെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്.

സമ്മർദങ്ങൾക്കു മുൻപിൽ ഒരു എഴുത്തുകാരൻ കീഴടങ്ങേണ്ടതുണ്ടോ?

എഴുത്തുകാരനെന്നപോലെ തന്നെ ഞാനൊരു വ്യക്തികൂടിയാണ്. പലതും പറയാൻ എളുപ്പമാണെങ്കിലും യാഥാർഥ്യം വ്യത്യസ്തമാണ്. എഴുതുന്നതു വായിക്കാൻ അർഹരല്ലാത്ത ഒരുകൂട്ടം ആളുകൾക്കിടയിൽ പേന താഴെവയ്ക്കുന്നതും പ്രതിഷേധമാണല്ലോ.

വിമർശിക്കപ്പെടുമ്പോൾ, അവയൊന്നും എന്റെ ആശയങ്ങളല്ല, വർഷങ്ങൾക്കു മുൻപുള്ള മിത്തുകളാണ് എന്നു പറയേണ്ടിവരുന്നതു നിസ്സഹായാവസ്ഥയല്ലേ?

‌ഇത് വായനാരീതിയുടെ പ്രശ്നമാണ്. മിത്തുകളാണെന്നു പറയുന്നത് ഒരു ന്യായീകരണമായിട്ടല്ല. ഭാവനകൾക്കു തീർച്ചയായും ഇടമുണ്ടാകണമെന്നതു സത്യമാണ്. പക്ഷേ, യാഥാർഥ്യവും സാഹിത്യവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ട്. അതാണു പ്രശ്നം.

ജെല്ലിക്കെട്ടിനെക്കുറിച്ച് ശക്തമായ ബോധ്യങ്ങളുണ്ടാകുമല്ലോ?‌

ജെല്ലിക്കെട്ടു നിരോധിക്കരുത് എന്നു തന്നെയാണു നിലപാട്. ഒട്ടേറെ അടരുകളുള്ള ഒരു സാംസ്കാരിക വിഷയമാണിത്. ജാതീയമായ വിഷയങ്ങളും അതിലില്ലെന്നു പറയാൻ കഴിയില്ല. ജെല്ലിക്കെട്ടിന്റെ പ്രധാനരൂപത്തിനു പുറമെ, മിക്ക ഊരുകളിലും കാളയോട്ടം പോലെ പല പരിപാടികളും ന‌‌‌‌ടത്താറുണ്ട്. ജെല്ലിക്കെട്ടിന്മേലുള്ള നിയത്രണങ്ങളിലൂടെ ഇത്തരം സാംസ്കാരികരീതികൾ കൂടിയാണു കുറ്റിയറ്റു പോകുന്നത്. മനുഷ്യർക്കു പരുക്കു പറ്റുന്നുവെന്നാണല്ലോ പ്രധാന ആക്ഷേപം, ഒന്നു ചോദിക്കട്ടെ, ക്രിക്കറ്റ് കളിക്കിടയിൽ ആർക്കെങ്കിലും പരുക്കേറ്റാൽ നമ്മൾ ക്രിക്കറ്റ് നിരോധിക്കണമെന്നു പറയുമോ?

വിദ്യാർഥികൾ പ്രതികരണശേഷിയുള്ളവരാകണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ അധ്യാപകർ, എഴുത്തു നിർത്തിയതായി പ്രഖ്യാപിച്ചപ്പോൾ ഈ പ്രതികരണശേഷിയെക്കുറിച്ചു ചിന്തിച്ചിട്ടില്ലേ?

പല കാര്യങ്ങളിലുമുള്ള പ്രതികരണങ്ങൾ മുന്നോട്ടുവയ്ക്കാനായി പുതിയൊരു വേദിതന്നെ ആവശ്യമാണെന്നു തോന്നിയിട്ടുണ്ട്. ഞാൻ പ​ഠിപ്പിച്ച വിദ്യാർഥികൾക്ക് എന്റെ തീരുമാനം ഒരു തെറ്റായി തോന്നാനിടയില്ല. ഒരു അധ്യാപകനെന്ന നിലയിൽ ഞാൻ എങ്ങനെ അവരെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് അവരൊരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. അതൊരു വലിയ അംഗീകാരമല്ലേ?

താങ്കളുടെ നോവലുകളിലെ പുതിയ പതിപ്പുകളിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയതായി കാണാനാകും. സ്വയം സെൻസറിങ് നടത്തുകയാണോ?

murukan2

സ്ഥലങ്ങളുടെ പേരുകൾ പോലെ തന്നെ വ്യക്തികളും പേരും ജാതിയുമൊക്കെ മാറ്റിയെന്നതു സത്യമാണ്. പക്ഷേ, എന്റെ കഥകൾ ഈ ഒരു കാരണംകൊണ്ടു മറ്റൊന്നാകുന്നില്ലല്ലോ. ഈ പേരുകൾ കൊണ്ടു മാത്രമാണ് എന്റെ നോവലുകൾ ​എതിർക്കപ്പെട്ടതെന്നും എനിക്കു വിശ്വാസമില്ല.

പുതിയ നോവലിനെക്കുറിച്ച്?

ഇനി മനുഷ്യന്മാരെക്കുറിച്ചെഴുതാൻ തൽക്കാലം ആലോചനയില്ല. പുതിയ നോവലിന്റെ പേര് പൂനച്ചി (ഒരു ആടിന്റെ കഥ). മനുഷ്യരെക്കുറിച്ച് എഴുതുന്നതിനെക്കാൾ നല്ലത് ആടിനെക്കുറിച്ച് എഴുതുന്നതു തന്നെയെന്നു തോന്നിത്തുടങ്ങി.

പൂവരശ്, സോഡാക്കുപ്പി പോലെ ഒട്ടേറെ അലങ്കാരങ്ങൾ നോവലുകളിൽ ഉപയോഗിച്ചിരിക്കുന്നത് മനഃപൂർവമാണോ?

എഴുതിവരുമ്പോൾ ചിലത് ചേരേണ്ടിടത്തു ചേർന്നാൽ നല്ല ധ്വനിയുണ്ടാകുമെന്നു തോന്നാറുണ്ട്. എല്ലാം മനഃപൂർവമല്ല. പുതിയകാലത്ത് അലങ്കാരങ്ങളിലൂടെ കാര്യം പറയുന്നതുമൂലം കൂടുതൽ സ്വാതന്ത്യം ലഭിക്കുന്നുണ്ട്. നേരിട്ടു പറയാൻ മടിച്ചിരുന്ന പലതും ഇങ്ങനെ പറയാം. പുതിയ നോവലിൽ ആടിനെ വിഷയമാക്കിയതും അതുകൊണ്ടു തന്നെ.

പ്രതിസന്ധികളിൽ പഠിച്ച പാഠങ്ങൾ?

സമൂഹത്തെക്കുറിച്ച് എല്ലാമറിയാമായിരുന്നു എന്ന അഹങ്കാരം അലിഞ്ഞില്ലാതായി. എനിക്കൊന്നുമറിയില്ലായിരുന്നു. വിവാദത്തിനുശേഷം എഴുത്തിന്റെ വലിയശക്തി തിരിച്ചറിഞ്ഞു. വളരെക്കുറച്ച് ആളുകൾ മാത്രമാണ് എന്നെ വായിച്ചുകൊണ്ടിരുന്നതെന്നാണു കരുതിയത്, എന്നാൽ വലിയൊരു ജനവിഭാഗത്തിലേക്ക് അതെത്തുന്നുണ്ടെന്നു വ്യക്തമായി. ജീവിതാനുഭവങ്ങൾ എങ്ങനെ എഴുത്തുവഴികളിലേക്കു കൊണ്ടുവരാമെന്നും വ്യക്തമായി.