അടുത്തകാലത്ത് വിവാദങ്ങളുയർത്തിയ 'മാതൊരുഭാഗൻ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് പെരുമാൾ മുരുകൻ " എഴുത്തും പ്രതിരോധവും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. അട്ടകുളങ്ങര ഗവ ഹയർ സെക്കന്ററി സ്കൂളിൽ ഏപ്രിൽ 29 ശനിയാഴ്ച വൈകുന്നേരം ആറു മണിക്കാണ് പ്രഭാഷണം. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുഗതകുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രഭാവർമ വിഷയം അവതരിപ്പിക്കുന്നു. ചോദ്യോത്തരവേളക്ക് ശേഷം കാവാലം ശ്രീകുമാർ കവിതകൾ ചൊല്ലുന്നു.
പെരുമാൾ മുരുകൻ
1966 തമിഴ് നാട്ടിലെ തിരുച്ചങ്കോട് എന്ന സ്ഥലത്തു ഒരു കർഷക കുടുംബത്തിൽ ജനനം. തമിഴ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. എൺപതുകളുടെ അവസാനത്തിൽ എഴുതാൻ തുടങ്ങി. തൊണ്ണൂറുകൾ മുതൽ നിരന്തരം, വേറിട്ട വ്യക്തിത്വത്തോടെഴുതുന്നു. ആദ്യകാല രചനകളിൽ ഇടതുപക്ഷ ചായ്‌വ് കാണാം . ഇപ്പോൾ ആത്തൂർ സർക്കാർ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
ഒൻപതു നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളും അഞ്ചു കവിത സമാഹാരങ്ങളുമടങ്ങിയതാണ് പെരുമാൾ മുരുകന്റെ സാഹിത്യ ജീവിതം. ഇവ കൂടാതെ കുറെ പഴയ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പ്രാദേശിക നിഘണ്ടു എടുത്തു പറയാവുന്നതാണ്.
തൊണ്ണൂറുകളുടെ അവസാനം എഴുതിയ ആദ്യ നോവലാണ് " ഏറു വെയിൽ " (പോക്കു വെയിൽ).ആർ ഷണ്മുഖ സുന്ദരത്തിനു ശേഷം കൊങ്കു പ്രദേശത്തെ ജീവിത സാഹചര്യങ്ങൾ മാത്രം നോവലുകളിൽ പ്രധാനമാക്കിയ എഴുത്തുകാരൻ. "ഏറു വെയിൽ" അവയിൽ എടുത്തു പറയേണ്ടതാണ്. എഴുതിയ ഒൻപതു നോവലുകളും ഇതേ നിലവാരം പുലർത്തി അതെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു എന്നത് പെരുമാൾ മുരുകനെ വ്യത്യസ്തനാക്കുന്നു.
കൊങ്കു പ്രദേശത്തെ ആചാരങ്ങൾ , കർഷക സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവരുടെ ജീവിതം ഇവയൊക്കെയാണ് പെരുമാൾ മുരുകന്റെ സൃഷ്ടികളുടെ ആധാരം.
ആ പ്രദേശത്തിൽപ്പെട്ട തിരുച്ചങ്കോട്, അർദ്ധനാരീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ആചാരത്തെക്കുറിച്ചു പ്രതിപാദിക്കുന്നതാണ് "മാതൊരുഭാഗൻ" എന്ന നോവൽ. ഒരു നൂറ്റാണ്ട് മുൻപേ ആ ക്ഷേത്രത്തിൽ നിലനിന്നിരുന്ന ഒരു ആചാരമുണ്ടായിരുന്നു. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് ആ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന പതിനാലു ദിവസങ്ങളിൽ അവസാനത്തെ ദിവസം ഗർഭധാരണത്തിനായി അന്യ പുരുഷനോട് ബന്ധത്തിൽ ഏർപ്പെടാം. അങ്ങനെ ജനിക്കുന്ന കുട്ടിക്ക് "സ്വാമിക്കുഴന്തൈ" എന്ന വിളിപ്പേരും നൽകിപ്പോന്നു. അരനൂറ്റാണ്ടുമുമ്പ് ചരിത്രമായിമാറിയ ആചാരം അവിടുത്തെ പഴയ പാട്ടുകളിലും നാടോടി കലകളിലും ഇന്നും മായാതെ കിടക്കുന്നുണ്ട്.
ഇതിനെ ആസ്പദമാക്കി "മാതൊരുഭാഗൻ" നോവൽ പ്രസിദ്ധീകരിച്ചപ്പോളും തുടർന്ന് അതിന്റെ തന്നെ നാല് പതിപ്പുകളും നാല് വർഷങ്ങളും കഴിഞ്ഞുപോയപ്പോളും നേരിടാത്ത പ്രതിസന്ധിയായിരുന്നു അതിന്റെ ഇംഗ്ലീഷ് പതിപ്പ് പരിഭാഷപ്പെടുത്തിയപ്പോൾ അദ്ദേഹം നേരിടേണ്ടി വന്നത്.
ആദ്യ പ്രശ്‌നം സൃഷ്ട്ടിച്ചത് ജാതി സംഘടനകളാണെങ്കിലും പ്രക്ഷോഭത്തിന് കരുത്തു പകർന്നത് അത് വർഗീയ സംഘടനകൾ ഏറ്റെടുത്തപ്പോളായിരുന്നു.ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നമായത് കൊണ്ട് വളരെ വേഗം കാര്യങ്ങൾ ഗുരുതരമായി പരിണമിക്കപ്പെട്ടു. അതിരൂക്ഷമായി ഒരു ക്രമസമാധാന പ്രശ്‌നമായി മാറുന്ന ഒരു സാഹചര്യത്തിൽ സ്ഥലം ആർ.ഡി.ഓ. ഇടനിലക്കാരനായി ഒരു രമ്യതക്കായുള്ള സാഹചര്യം അന്നത്തെ സർക്കാർ സൃഷ്ട്ടിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ എഴുത്തുകൾ പിൻവലിക്കാൻ തീരുമാനിച്ചു.
നിരോധിച്ചതിന്റെ പിറ്റേ ദിവസം പെരുമാൾ മുരുകൻ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കി "പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവമില്ലാത്തതിനാൽ അയാൾ ഉയർത്തെഴുന്നേൽക്കാനും പോകുന്നില്ല.പുനർജന്മത്തിൽ അയാൾക്ക് വിശ്വാസമില്ല. ഒരു സാധാരണ അദ്ധ്യാപകനായതിനാൽ അയാൾ ഇനിമുതൽ പി.മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക "
ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതകൾ
1 . ആദ്യത്തെ സർക്കാർ തലം വരെ എത്തി നിരോധിക്കപ്പെട്ട പുസ്തകം
2 . കൊങ്കു പ്രദേശത്തിന്റെ ജീവനാഡിയായ പുസ്തകം
3 . ആദ്യമായി തന്നിലെ എഴുത്തുകാരൻ ഈ പുസ്തകത്തോട് കൂടി മരിച്ചു എന്ന് പറഞ്ഞ എഴുത്തുകാരൻ.
തമിഴ് സാഹിത്യയത്തിലെ ആദ്യത്തെ പൈറേറ്റഡ് പുസ്തകങ്ങൾ മാതൊരുഭാഗന്റെതാണ്. ഒരു എഴുത്തുകാരനുപിന്നിൽ എല്ലാ എഴുത്തുകാരും അണിനിരന്ന തമിഴ്നാട്ടിലെ ആദ്യ സംഭവം. ഹൈക്കോടതിയിൽ കേസ് നടന്നു. ഒരു ജനാധിപത്യ രാജ്യത്തു ആശയങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അഭിപ്രായപ്പെട്ട് കോടതി മുരുകന് തുടർന്ന് എഴുതാൻ അനുമതി നൽകി.അങ്ങനെ അദ്ദേഹത്തിന്റെ സാഹിത്യത്തിലെ മരണം അസ്ഥിരപ്പെട്ടു.
ജസ്റ്റിസ് സഞ്ജയ് കൗൾ 2015 പുറപ്പെടുവിച്ച വിധി ഇങ്ങനെയാണ്:
"A Writer should write,It is his Right, It is his Existence. We expect Perumal Murugan to come to existence as a writer ".
പിന്നീടുള്ള രണ്ടുവർഷത്തിനിടയിൽ എഴുതിയ കവിത സമാഹാരം ഡൽഹിയിൽ വെച്ച് 2017 ആദ്യം പ്രകാശനം ചെയ്തു.
വിവാദ നോവലായ "മാതൊരുപാകൻ" പിന്നീട് ഒരു നോവെൽത്രയമായി വളർന്നു..
2016 അവസാനം " പൂനാച്ചി അഥവാ ഒരു വെള്ളാട്ടിൻ കഥൈ " നോവലും അദ്ദേഹം രചിച്ചു.
ഒരു മികച്ച അദ്ധ്യാപകൻ, സാഹിത്യ വാസനയുള്ള ഒരുപാട് ശിഷ്യന്മാരെ തനിക്കൊപ്പം ചേർത്തു. പഠിച്ച വിദ്യാർത്ഥികളായ നാല്പത്തിരണ്ടുപേർ ചേർന്ന് പെരുമാൾ മുരുകനെക്കുറിച്ചു ഒരു പുസ്തകം പുറത്തിറക്കി.
" എങ്കൾ അയ്യാ " എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.
അതിൽ ഒരാൾ പിന്നീട് പെരുമാൾ മുരുകന്റെ ജീവിതത്തിന്റെ ഭാഗമായി.ഭാര്യയും തമിഴ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
One Part Woman ന് കേന്ദ്ര സാഹിത്യ അക്കാഡമി 2017ൽ അവാർഡ് നൽകി.