വാക്കുകളെ ഏറ്റവും ലളിതമായി ചേർത്ത് വയ്ക്കുകയും അതുവഴി വായനയുടെ വലിയൊരു ലോകമുണ്ടാക്കുകയും ചെയ്ത എഴുത്തുകാരിയാണ് ഫൗസിയ കളപ്പാട്ട്. സ്ത്രീകൾ ഒരുപാട് അകത്ത് ഒതുങ്ങിപ്പോകുന്ന ഒരു സമുദായത്തിൽ ജനിച്ചിട്ടും മതത്തിന്റെ അടയാളപ്പെടുത്തലുകൾ ഒന്നുമില്ലാതെ സമൂഹത്തിലേക്കും ഇഷ്ടപ്പെട്ട ജോലിയിലേയ്ക്കും ഇറങ്ങാൻ ഫൗസിയയ്ക്കു കഴിഞ്ഞത് ഒരുപക്ഷെ എഴുത്ത് നൽകിയ അതിതീവ്രമായ ചങ്കൂറ്റമായിരിക്കണം. പിന്നെ കെട്ടുറപ്പുള്ള കുടുംബത്തിന്റെ പരിപൂർണമായ ചേർത്ത് പിടിക്കലും. ഓർമ്മക്കുറിപ്പുകളും കവിതകളുമാണ് ഈ എഴുത്തുകാരിയുടെ പ്രിയപ്പെട്ട മാധ്യമങ്ങൾ. കണ്ണിൽ കണ്ടതും ഹൃദയത്തിൽ കൊണ്ടതുമൊക്കെ എഴുതി ചേർത്ത് കൂട്ടുമ്പോൾ വായനക്കാർ ഫൗസിയയെ കൂടെ കൂട്ടുന്നു.
ഫൗസിയയ്ക്ക് എന്താണ് എഴുത്തിനെ കുറിച്ച് പറയാനുള്ളത്...
എന്താണ് ഫൗസിയ കളപ്പാട്ടിന് എഴുത്ത്?
പ്രശസ്ത ചലച്ചിത്ര പ്രതിഭ ശ്രീ. ബാലചന്ദ്രമേനോൻ സ്ഥാപിച്ചിട്ടുള്ള റോസസ് ദി ഫാമിലി ക്ലബ്ബിൽ അംഗമായിരുന്നു ഞാൻ. സോഷ്യൽ മീഡിയയിൽ മാത്രം എന്തെങ്കിലുമൊക്കെ കുത്തി കുറിച്ചുകൊണ്ടിരുന്ന സമയത്ത് ഞാൻ ഒരിക്കൽ എഴുതിയ ഒരു ലേഖനം കണ്ടിട്ടാണ് മേനോൻ സാർ ഒരു പുസ്തകം എഴുതു എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത്. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം മനസ്സിലേക്ക് എത്തിച്ചവയെല്ലാം ചേർത്ത് അടുക്കിയെടുത്ത് ഇറക്കിയ ഓർമ പുസ്തകമാണ് മിന്നാമിന്നികൾ എന്നോട് പറഞ്ഞത്. H&C പബ്ലിക്കേഷൻസ് ആണ് അത് പുറത്തിറക്കിയത്. വായിക്കുന്നവർക്ക് മനസ്സിലാകുന്ന വിധത്തിൽ ലളിതമായ ഭാഷയിൽ എഴുതാനാണ് എനിക്കിഷ്ടം. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സാഹിത്യരചനകൾ ഞാനും വായിക്കാറില്ല. ലളിതമായ രചനകൾ വായിക്കാൻ ഇഷ്ടപെടുന്ന ഞാൻ മറ്റുള്ളവർക്കും അത് തന്നെ നൽകാൻ ശ്രമിക്കാറുണ്ട്. മനസ്സിലുള്ളത് മറ്റുള്ളവരോട് പറയാൻ എഴുത്തുതന്നെയാണ് നല്ലത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ശ്രമിക്കാറുണ്ട്..
മഹാരാജാസും എഴുത്തും...
മഹാരാജാസ് കോളേജ് എന്നെ ഞാനാക്കിയ കലാലയമാണ്. വന്നുചേർന്നവരെ ചേർത്ത് പിടിക്കുന്ന വല്ലാത്തൊരു സ്നേഹമുണ്ട് ആ കലാലയത്തിന്. മഹാരാജാസ് കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് എന്റെ കലാജീവിതത്തിൽ വലിയ സ്ഥാനം ചെലുത്തിയിട്ടുണ്ട്. കെ.ജി. ശങ്കരപ്പിള്ള സാർ, സി.ആർ. ഓമനക്കുട്ടൻ സാർ, മുതലായ പ്രഗത്ഭരുടെ ശിക്ഷണം സാഹിത്യലോകത്തിലെ വിവിധ ഭാഷകളിലെ കൃതികൾ വായിക്കാനും പരിചയപ്പെടാനും കാരണമായി എന്ന് പറയണം. മഹാരാജാസിലെ സൗഹൃദം, അവിടത്തെ അന്തരീക്ഷം എഴുതാനും പ്രചോദനമായി. അന്നത്തെ കോളേജ് മാഗസിൻ, എഴുത്തുമാസികകൾ മുതലായവയിൽ എന്റെ കഥകളും ലേഖനങ്ങളും അച്ചടിച്ച് വന്നു. അന്നൊക്കെ അധ്യാപകരും കൂട്ടുകാരും മഹാരാജാസ് എന്ന കലാലയവും തന്ന പ്രചോദനം തന്നെയാണ് എനിക്ക് എഴുത്തിലേക്കുള്ള പ്രചോദനമായത്. അതുകൊണ്ട് എഴുത്തിനോട് അത്രമേൽ മഹാരാജാസും ഒട്ടിച്ചേർന്നിരിക്കുന്നുണ്ട്.
മിന്നാമിനുങ്ങുകളുടെ ഓർമ്മക്കുറിപ്പുകൾ
നമ്മുടെ ചെവിയിൽ പറയുന്ന ചില സ്വകാര്യങ്ങൾ പോലെയാണ് മിന്നാമിന്നികൾ എന്നോട് പറയുന്നത് എന്ന പുസ്തകത്തിന്റെ ഒരു സ്വഭാവം എന്നു അന്ന് പുസ്തകം സ്വീകരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറയുകയുണ്ടായി. അഞ്ചുവയസ്സ് മുതൽ എന്റെ മനസ്സിൽ കുടിയേറിയ മറക്കാനാവാത്ത കുറെ ഓർമകളാണ് ആ പുസ്‌തകം. മിന്നാമിന്നികൾ ഇരുട്ടിൽ തരുന്നത് കുഞ്ഞുവെളിച്ചം ആണെങ്കിലും നമ്മളാവെളിച്ചത്തെ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കുകയും അതിലുപരി അധികം ആയുസ്സില്ലാത്ത ആ വെളിച്ചത്തെ ഓർത്തു വേദനിക്കുകയും ചെയ്യാറില്ലേ? അതുപോലെയാണ് എന്റെ മിന്നാമിന്നികളും. ചിരിയും കരച്ചിലും കൗതുകവും സ്നേഹവും പ്രണയവും തന്ന ഓർമ്മകൾ. പുസ്തകം ഇറങ്ങി ഒരു വർഷത്തിനുള്ളിൽ അതിന്റെ രണ്ടാം പതിപ്പ് ഇറങ്ങിയതിൽ എനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്.
പ്രണയത്തിന്റെ ചിത്രശലഭങ്ങൾ കവിതകളായി...
ജീവിതത്തിൽ മനോഹരമായതെന്തിനെയും പ്രണയത്തോടെ കാണാനാണെനിക്കിഷ്ടം.. നല്ലൊരു സംഗീതം കേട്ടാലോ, വീടിന്റെ വരാന്തയിൽ ഇരുന്ന് കാണുന്ന മഴയോ, കിളികളുടെ ശബ്ദങ്ങളോ, പൊന്മാന്റെ നിറമോ തത്തയുടെ കൊഞ്ചലോ, എന്തായാലും എനിക്ക് പ്രണയം തോന്നാറുണ്ട്. ചില മനുഷ്യരുടെ ശബ്ദത്തോട്, മാന്യമായി വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്നവരോട്, നന്നായി നന്നായി തമാശകൾ പറയുന്നവരോട് അത് തനതായ രീതിയിൽ ആസ്വദിക്കുന്നവരോട് എല്ലാം പ്രണയം തോന്നിയിട്ടുണ്ട്. നിലാവിൽ ഒരു പ്രണയശലഭം കവിതകൾ എന്ന് വിളിക്കാമോ എന്ന് പോലും എനിക്കറിയില്ല. വളരെ അഗാധമായി മനസ്സിൽ കൊണ്ടുനടന്ന് പ്രണയിച്ച ഒരാൾ നഷ്ടപെടുമ്പോഴുള്ള വേദന പലരിലും പലതരത്തിലാവാം. പക്ഷെ എനിക്ക് ആ വേദന തന്നത് ജീവിതത്തെ ധൈര്യപൂർവം നേരിടാനുള്ള മനശക്തിയായിരുന്നു. ജീവിതത്തിൽ പല പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോഴെല്ലാം ശക്തി തന്നത് ആ പ്രണയം തന്നെയാണ്. ആ പ്രണയം എനിക്ക് തന്നത് വിരഹ വേദന മാത്രമല്ല മനശക്തി കൂടിയാണ്. ആ പ്രണയ വിചാരങ്ങളാണ് ഈ കവിതാസമാഹാരത്തിനുള്ളിൽ ഉള്ളത്. നിലാവിൽ ശലഭത്തെ കാണുന്ന പോലെയാണ് ഇതിലെ ഓരോ കവിതയും. ജീവിതത്തിലെ പല ഘട്ടങ്ങളിൽ പ്രണയം തന്ന വിരഹവും മരണത്തോടുള്ള ആസക്തിയും ഞാനറിയാതെ ചില കവിതകളിൽ എങ്കിലും വെളിവായിട്ടുണ്ട്.
കവിതകളിലേക്കുള്ള വഴികൾ എങ്ങനെയാണ്?
നിലാവിൽ ഒരു പ്രണയശലഭം മുൻപ് ഞാൻ പറഞ്ഞത് പോലെ കവിതകളാണ് എന്നൊന്നും എനിക്ക് അവകാശപ്പെടാൻ ധൈര്യമില്ല. എന്റെ മനസ്സിലെ ചിന്തകൾ കുറിച്ചു എന്നേയുള്ളു. ഇനിയും എന്നിൽ നിന്ന് കവിതകളോ അല്ലെങ്കിൽ ഇതുപോലുള്ള ചിന്താശകലങ്ങളോ ഉണ്ടാകുമോ എന്നുപോലും എനിക്കറിയില്ല. ലേഖനങ്ങളും കഥകളും ഒക്കെയാണ് എപ്പോഴും എഴുതാനിഷ്ടം. എഴുതിയ മൂന്ന് കഥകൾക്കും വായനക്കാർ തന്ന പ്രോത്സാഹനം ഒരുപാട് വലുതാണ്. കാമുകൻ തേൻമാവ്, ശിവാനിയുടെ രാത്രികൾ, കണ്ണീരുപ്പു കൊണ്ട് സമുദ്രത്തിന് പറയാനുള്ളത് മുതലായ കഥകൾ യഥാക്രമം ഗൃഹലക്ഷ്മി, കലാകൗമുദി മുതലായ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പ്രണയശലഭത്തോടുള്ള വായനക്കാരുടെ പ്രതികരണം എത്തിത്തുടങ്ങുന്നതേയുള്ളു.
മതവും രാഷ്ട്രീയവും എഴുത്തിനെ ബാധിക്കാമോ?
മതത്തിനും രാഷ്ട്രീയത്തിനും അതീതമായി എഴുത്തിനെ നോക്കികാണുകയാണ് വേണ്ടത്, ഞാൻ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. ഹിന്ദു വിശ്വാസി ആ മതത്തിനധിഷ്ഠിതമായോ മുസ്ലിം മതത്തിൽ പെട്ടൊരാൾ ആ ചട്ടക്കൂടിൽ നിന്നോ എഴുതേണ്ടതില്ല. നമ്മളാരും അറിഞ്ഞുകൊണ്ട് ജന്മം എടുക്കുന്നതല്ലല്ലോ ഓരോ മതത്തിലും. മനസ്സിൽ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എഴുതാൻ മതവും രാഷ്ട്രീയവും തടസ്സമാകരുത്. അത് എഴുത്തിലെ സത്യസന്ധതയെ പ്രതികൂലമായി ബാധിക്കും. ജാതിമത വിശ്വാസങ്ങൾക്ക് അതീതമായി ജീവിക്കുന്നത് കൊണ്ടാകും ഇതുവരെ എഴുതിയതിൽ സത്യസന്ധത ചോർന്നുപോവാതിരുന്നത്. അതിനിയും അങ്ങിനെത്തന്നെയായിരിക്കും.
പുതിയ കാലത്തിൽ എഴുത്ത് ഭയത്തോടെ ചെയ്യേണ്ട ഒരു വിപ്ലവമാകുന്നുണ്ടോ?
നമ്മുടെ സമൂഹത്തിൽ നടമാടുന്ന അനാചാരങ്ങൾക്കെതിരെയോ രാഷ്ട്രീയ കോമരങ്ങൾക്കെതിരെയോ ആൾദൈവങ്ങൾക്കെതിരെയോ ഭരണകൂടത്തിനെതിരെയോ ശബ്ദമുയർത്തിയാൽ, എഴുതിയാൽ കൊന്നുകളയുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്നുള്ളതിനു തെളിവാണല്ലോ ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകം. സ്വാതന്ത്ര്യം കിട്ടിയോ എന്നുപോലും സംശയിക്കാവുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്ത് കഴിക്കണം പറയണം ഏഴുതണം എന്നൊക്കെ തീരുമാനിക്കുന്നത് "ഞങ്ങൾ" മാത്രമാണ്, ഒരുത്തനും അതിന് അധികാരമില്ല എന്ന് പറഞ്ഞ് അതിനനുകൂലമല്ലാതെ പ്രവർത്തിക്കുന്നവരെ ഒരു വെടിയൊച്ചയിലും വടിവാളിന്റെ മുനയുടെ അറ്റത്തും അവസാനിപ്പിക്കുന്ന രാജ്യമായി നമ്മുടെ നാട് മാറികൊണ്ടിരിക്കുമ്പോൾ ജീവനിൽ പേടിയുള്ളൊരാൾക്ക് അക്ഷരങ്ങളിൽ വീണ്ടും ശ്രദ്ധിക്കാൻ ഭയം തോന്നാം. അല്ലാത്തവർ വിപ്ലവ വീര്യത്തോടെ മുൻപോട്ട് പോവുക തന്നെ ചെയ്യും. പേനയെ പേടിക്കുന്ന ഒരാളും രാജ്യസ്നേഹിയല്ല. രാജ്യദ്രോഹിയാണ്. ഞാൻ ഒരു രാജ്യസ്നേഹിയാണ് എന്ന് അഭിമാനത്തോടെ പറയട്ടെ.
സോഷ്യൽ മീഡിയയും എഴുത്തും.
പണ്ടൊക്കെ എഴുതുന്നത് പലരും അവരവരിൽ തന്നെ ഒതുക്കും. ഏതെങ്കിലും കടലാസ്സിലോ നോട്ടുബുക്കിലോ കുറിച്ചിട്ട ആ അക്ഷരങ്ങൾ ആരുമറിയാതെ മാഞ്ഞുപോകും. ഇന്ന് സോഷ്യൽ മീഡിയ എഴുത്തുകാർക്ക് വളരെ അധികം പ്രയോജനം ചെയ്യുന്നുണ്ട്. അവരവരുടെ ചിന്തകളെ കോറിയിടാനൊരു മതിലാണ് ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകൾ. നമ്മുടെ കാഴ്ചപ്പാടിനോടുള്ള മറ്റുള്ളവരുടെ ചിന്തകളും അറിയാൻ കഴിയും. എന്നിരുന്നാലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്ത് തോന്ന്യാസം പറയാനും ആരെയും ചീത്ത വിളിക്കാനുമുള്ള ഒരു തുറുപ്പുചീട്ടായി ഇതിനെ പലരും ഉപയോഗപ്പെടുത്തുന്നതിൽ വിഷമം തോന്നാറുണ്ട്. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അറിയാനും സൃഷ്ടികൾ വായിക്കാനും സാധിക്കുന്നത് നമ്മുടെ എഴുത്തിനെ നന്നാക്കാനാണ് സഹായിക്കുക എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പ്രണയം എഴുത്തിൽ നിന്നും വേർപെട്ടതല്ല...
ഞാൻ എഴുതുന്നതിൽ പ്രണയത്തിന്റെ സ്വാധീനം കടന്നുവരാറുണ്ടെന്ന് പലരും പറയാറുണ്ട്. നിസ്വാർത്ഥമായി പ്രണയിക്കാനിഷ്ടമുള്ള ഒരു സ്ത്രീയാണ് ഞാൻ. പ്രണയം സ്ത്രീ എഴുതുമ്പോൾ നിരാകരിക്കപ്പെടുന്നതിനോട് എനിക്ക് യോജിക്കാനാവുന്നില്ല. ഒരു സ്ത്രീ പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ടവളാണ് എന്ന അവസ്ഥയിൽ നിന്നൊക്കെ മുൻപോട്ട് സമൂഹം പോയിട്ടുണ്ട് എങ്കിലും തുറന്നെഴുത്തുകളെ പ്രോത്സാഹിപ്പിക്കാൻ മടിയാണ് പലർക്കും. വിദേശീയരെ എല്ലാകാര്യത്തിലും അനുകരിക്കാൻ വ്യഗ്രത കാണിക്കുമ്പോഴും അവരുടെ എഴുത്തുകളുടെ രീതി ഇവിടെ പിന്തുടർന്നാൽ അങ്ങിനെ വേണ്ടിയിരുന്നില്ല പറയേണ്ടിയിരുന്നില്ല എന്ന് പറയാനാണ് കൂടുതൽ പേരും മുൻപോട്ട് വരിക. എന്നെ സംബന്ധിച്ച് ഞാൻ വളരെ കൗതകത്തോടെ നോക്കികാണുന്നവരാണ് സ്വവർഗാനുരാഗികൾ. ആൺപ്രണയം ആയാലും പെൺപ്രണയം ആയാലും അവരുടേതും പ്രണയമാണ്. അവർക്കും ഈ ലോകത്ത് ഒരു സ്പേസ് വേണം. ജന്മനാ അങ്ങിനെ ശാരീരികമായ അവസ്ഥകൾ ഉള്ളവരായാലും ട്രാൻസ്ജൻഡേഴ്സ് ആയാലും അവർ മനുഷ്യരാണെന്നുള്ള പരിഗണന കൊടുക്കണം നമ്മൾ. കൊച്ചി മെട്രോയിൽ ട്രാൻസ്ജൻഡേഴ്സിന് പ്രാധാന്യം കൊടുത്തത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. പ്രണയം എന്തിനോടായാലും ആരോടായാലും അത് എഴുത്തിലൂടെ പ്രതിഫലിപ്പിച്ചു കാണിക്കുന്നതിൽ തെറ്റ് കാണുന്ന സമൂഹത്തിന് ആണ് മാറ്റം വേണ്ടത്. പ്രണയം എഴുതുന്ന എഴുത്തുകാർക്കല്ല
സോഷ്യൽ മീഡിയയിലെ എഴുത്തുകൾ...
സോഷ്യൽ മീഡിയയിൽ വരുന്ന എഴുത്തുകൾ കാണാറും വായിക്കാറും വിലയിരുത്തുകയും ചെയ്യാറുണ്ട്. സ്വയം വിലയിരുത്താൻ ശ്രമിക്കാറുമുണ്ട്. ക്രൂശിക്കപ്പെടാൻ സാധ്യത ഏറെയുള്ള മേഖലയാണ് സോഷ്യൽ മീഡിയ. നമ്മൾ വിചാരിക്കുക പോലും ചെയ്യാത്ത രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ച് വാളുമായി വെട്ടാൻ വരാനും കുറെ പേർ കാണും വർഗീയതയും രാഷ്ട്രീയവും അതിന് ആയുധങ്ങളാകും. മതത്തിന്റെ അടയാളങ്ങൾ ഇല്ലാത്തത് കൊണ്ട് കുറെപ്പേർ ആ രീതിയിൽ എന്നെ ക്രൂശിക്കാൻ ശ്രമിച്ചിട്ടുണ്ട്.മത ഭക്തിയില്ല എന്ന കാരണം കൊണ്ട് നിങ്ങളെ വായിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞവരുണ്ട്. അവരോടെനിക്ക് പുച്ഛവും സഹതാപവും മാത്രമാണ് തോന്നിയത്. മനുഷ്യനെ സ്നേഹിച്ചു ദൈവത്തെ അറിയാനാണ് എനിക്കിഷ്ടം.
വർഗീയത പറഞ്ഞും പ്രശസ്തരാകാൻ ശ്രമിക്കുന്ന എഴുത്തുകാർ ഇന്നുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
കുറച്ചു പേർ അങ്ങിനെ ഉണ്ടാകാം. അത്തരക്കാർക്ക് പേരെടുക്കണം എന്ന ചിന്തയാണ് മുൻപിൽ നിൽക്കുക. സമൂഹ നന്മയോ എഴുത്തിലൂടെ മനുഷ്യനന്മ പകരാനോ അവർക്ക് താല്പര്യം കാണില്ല. അത്തരക്കാരെ അവഗണിക്കുക എന്നതാണ് എന്റെ രീതി.
എഴുത്തിന്റെ കച്ചവട സാധ്യതകൾ... ന്യൂ ജനറേഷൻ എഴുത്തിടങ്ങൾ ..
എഴുത്തിലൂടെ മാത്രം ഉപജീവനമാർഗം തേടിയവർ ഉണ്ടെന്നെനിക്ക് തോന്നുന്നില്ല..ഒരു പുസ്തകം കാശുകൊടുത്തു വാങ്ങി വായിക്കാൻ പൊതുവെ മടിയാണ് പലർക്കും. ഒരു പുസ്തകം പുറത്തിറക്കാൻ പബ്ലിഷേഴ്സ് പലരും മടിക്കാൻ കാരണവും ഒരുപക്ഷെ ഇതാവാം. എഴുത്ത് ഒരു സാമ്പത്തിക സ്രോതസ്സായി എടുക്കാതെ ഒരു വികാരമായി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്ന മനസ്സോടെ സ്നേഹപൂർവം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നോക്കി കാണുക.
കുടുംബം...
ഭർത്താവ് അനിൽ ബിസിനസ്സ് ആണ്. മകൾ അമീന അനിൽ മെഡിസിന് പഠിക്കുന്നു. മാതാപിതാക്കൾ റിട്ടയേർഡ് അധ്യാപകരാണ്. ഏക സഹോദരൻ കുടുംബ സഹിതം വിദേശത്ത് ആണ്.
സ്ത്രീയാണ്... അഭിമാനത്തോടെ മുന്നോട്ട്...
ഒരു സ്ത്രീക്ക് കുടുംബത്തോടൊപ്പം മാത്രമേ എന്തും മുൻപോട്ട് കൊണ്ടുപോകാൻ കഴിയു. അവൾ വിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും. ഞാൻ ഒരു പുരുഷവിരോധിയോ പുരുഷനുമേൽ താണ്ഡവമാടണമെന്ന് ചിന്തിക്കുന്നവളോ അല്ല. എന്റെ സ്വപ്നങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഒരു കുടുംബം ഉണ്ടാക്കിയെടുക്കാൻ സ്നേഹത്തിന്റെ ഒരു കോട്ട തന്നെ പണിതുയർത്തി. അതിനുശേഷമാണ് എന്നെയും എന്റെ ചിന്തകളെയും മനസ്സിലാക്കാനും അംഗീകരിക്കാനും അവർക്കും കഴിഞ്ഞത്. കുടുംബത്തിനെ ഹൃദയത്തോട് ചേർത്തുപിടിച്ചു എഴുത്തുമായി മുൻപോട്ടു പോകാനാണിഷ്ടം. വിശാലമായി ചിന്തിക്കുന്ന ഒരു കുടുംബത്തിന്റെ കൂട്ട് ഏതൊരു സ്ത്രീയുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കും. പല വീട്ടമ്മമാരും വളരെ അധികം കഴിവുകൾ ഉള്ളവരായിട്ടുപോലും അടുക്കളയിൽ തളച്ചിടേണ്ടി വരുന്നത് അവളുടെ കുടുംബം വിട്ടുവീഴ്ചകൾക്ക് തയ്യാറാവാത്തത് കൊണ്ടാണ്.
പ്രിയമുള്ള എഴുത്ത്...
മാധവിക്കുട്ടിയുടെ കൃതികൾ ഒട്ടുമിക്കതും വായിച്ചിട്ടുണ്ട്. അവരുടെ ഒട്ടുമിക്ക കൃതികളും വളരെ അധികം പ്രണയം തോന്നിയ കൃതികളാണ്. പ്രണയത്തിന്റെ വിവിധ ഭാവങ്ങളിലേക്കുള്ള തേരോട്ടം തന്നെയാണ് അവരുടെ ഓരോ കഥകളും. ഇങ്ങിനെയൊക്കെ എഴുതാമോ എന്ന് സമൂഹം മൂക്കത്തു വിരൽ വെക്കുകയും അത് തന്നെ ചെയ്യുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ ഇത്രയും ധൈര്യത്തോടെ പേനയുമായി മുൻപിട്ടിറങ്ങി മനസ്സിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ പ്രണയത്തിനോടൊപ്പം സഞ്ചരിച്ച ഒരു എഴുത്തുകാരി വേറെ ഇല്ല. പിന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ ലാളിത്യവും സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ വായിക്കാൻ ഏറെ ഇഷ്ടപെട്ടിരുന്നതും വായിച്ചിട്ടുള്ളതും അദ്ദേഹത്തിന്റെ കൃതികളാണ്.