കണ്ണൂർ–കാസർകോട് ജില്ലാതിർത്തിയിലെ കാലിക്കടവ് കരക്കയിൽ ഭഗവതിക്ഷേത്രത്തിലെ കളിയാട്ടത്തിനു തെയ്യങ്ങൾ പത്തുനാൽപതെണ്ണമുണ്ട്. അതിലൊന്ന് പടവീരൻ. ദേശത്തെ എല്ലാ വീട്ടിലും വരും. കുശലം പറഞ്ഞിരിക്കും. പോവാൻ നേരം ചോദിക്കും: ഈ എഴുത്തുവിദ്യ നന്നായി പ്രയോഗിച്ചു നമ്മുടെ ദേശത്തിനു നല്ല ഖ്യാതി ആക്കുന്നുണ്ടല്ലോ, ല്ലേ? നന്നായി വരും. നല്ലതു വരും.
സീവി തലകുലുക്കും. നന്ദിയോടെയും അഭിമാനത്തോടെയും.
ദേശത്തിന്റെയല്ല, ഭാഷയുടെ തന്നെ ഖ്യാതി കൂട്ടിക്കൊണ്ട് അരനൂറ്റാണ്ടായി എഴുതിക്കൊണ്ടിരിക്കുന്നു സി.വി.ബാലകൃഷ്ണൻ. ഏകാന്തതയാണു സീവിയെ എഴുത്തുകാരനാക്കിയത്. ആനന്ദങ്ങൾ നിഷേധിക്കപ്പെട്ട കുട്ടിക്കാലം അയാളെ നിഷേധിയാക്കി. വായിച്ചു വായിച്ചു മാത്രം എഴുത്തുകാരനായ ഒരാൾ. മരുമക്കത്തായത്തിന്റെ ചൂരൽപാടുകൾ തിണർത്തു കിടപ്പുണ്ട് അയാളുടെ കൈപ്പടയിൽ. ഞാൻ വെറുമൊരു എഴുത്തുകാരൻ മാത്രമെന്ന് ആണയിടുമ്പോഴും, വെറുമൊരു എഴുത്തുകാരൻ മാത്രമല്ലാത്ത എഴുത്തുകാരുടെ പട്ടികയിൽ ഒന്നാം പേരുകാരനാണു സീവി. എഴുത്തിൽ 50 വർഷം പൂർത്തിയാക്കുന്ന സി.വി.ബാലകൃഷ്ണൻ സംസാരിക്കുന്നു...
∙ ഞാൻ ഇടതുപക്ഷത്തല്ല, വലതുപക്ഷത്തുമല്ല എന്ന് അൻപതാം വാർഷികാഘോഷത്തിൽ പ്രസംഗിക്കുന്നതു കേട്ടു. ഏതു പക്ഷത്താണു സി.വി.ബാലകൃഷ്ണൻ?
അത് അന്നത്തെ കോൺടക്സ്റ്റിൽ പറഞ്ഞതാണ്. നവോത്ഥാനം, ആധുനികത, ഉത്തരാധുനികത...ഇതിലേതു കാറ്റഗറിയിലാണു ഞാൻ എന്ന് അവിടെ പലരും സംശയം ഉന്നയിച്ചു. രാഷ്ട്രീയത്തിന്റെ കാര്യത്തിലും അങ്ങനെ പലരും ചോദിക്കാറുണ്ട്. അതിനു മറുപടി പറഞ്ഞതാണ്. ഞാൻ ഇടതുപക്ഷവുമല്ല വലതുപക്ഷവുമല്ല സവർണ ഹിന്ദുവുമല്ല. അവനവനോടു സത്യസന്ധത പുലർത്തുന്ന വെറുമൊരു എഴുത്തുകാരൻ.
∙ എഴുതാൻ അപാരമായ ധീരത ആവശ്യമുള്ള കാലമാണിത്. ആ ധൈര്യം കിട്ടാൻ ഏതെങ്കിലുമൊരു പക്ഷത്തിന്റെ പിന്തുണ വേണ്ടേ?
എഴുത്തുകാർ സ്വതന്ത്രരായിരിക്കണം. ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ, കെട്ടിയേൽപിച്ച വിശ്വാസങ്ങളുടെയോ അടിമയാവരുത്. നിർഭയരായിരിക്കണം. സത്യസന്ധത വേണം. ഹോണസ്റ്റ് റൈറ്റിങ് ഈസ് റിയൽ റൈറ്റിങ് എന്നു ഹെമിങ്‍വേ പറഞ്ഞിട്ടുണ്ട്. ധീരതയുടെ പ്രകടനം കൂടിയാണ് എഴുത്ത്. ഇറ്റ്സ് ആൻ ആക്ട് ഓഫ് ബ്രേവറി. ഭീരുക്കൾക്കു പറഞ്ഞിട്ടുള്ളതല്ല എഴുത്ത്. എഴുത്തിലൂടെ കാണിക്കുന്ന ധീരതയ്ക്കെതിരെ ആക്രമണങ്ങളുണ്ടാവാം. വാക്കുകളിലൂടെയാവാം, മറ്റു രീതികളിലാവാം. ഗൗരി ലങ്കേഷിന്റെ അനുഭവം പോലെ. അതിനെ ഭയപ്പെടുന്നവർ എഴുത്തുകാരല്ല, അപ്പോൾ പൊലീസ് കാവൽ ആവശ്യപ്പെടുന്നതു നല്ല എഴുത്തുകാരല്ല, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചതിന് ഇവിടെ എന്റെ വീടിന്റെ മതിലിൽ പോസ്റ്ററൊട്ടിച്ചു, വധഭീഷണി ഉണ്ടായി. അതു പലരും കേട്ടില്ലെന്നു നടിച്ചു. ചില ഭീഷണികൾ മാത്രമേ നമ്മൾ കേൾക്കാറുള്ളൂ. അപ്പോൾ മാത്രം നമ്മൾ ഫാഷിസം ഫാഷിസം എന്നു വിളിച്ചു പറയും. അന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളിച്ചു. പൊലീസ് സംരക്ഷണം തരാമെന്നു പറഞ്ഞു. ആവശ്യമില്ലെന്നു ഞാൻ പറഞ്ഞു. ചിലരെപ്പോലെ ഞാനതു വാർത്തയാക്കിയില്ല.
∙ പുതിയ എഴുത്തുകാരിൽ പോലും ചിന്താപരമായ അകാലനര കാണുന്ന കാലമാണ്. കാഴ്ചയിലും കാഴ്ചപ്പാടിലും സീവി ഇപ്പോഴും യുവാവായിരിക്കുന്നു. എവിടെ നിന്നാണീ ഊർജം?
വാർധക്യം മനസ്സിനെയാണു പെട്ടെന്നു ബാധിക്കുക. രൂപത്തിൽ ചെറുപ്പക്കാരായിട്ടുള്ള ആൾക്കാര് മനസ്സു കൊണ്ടു പലപ്പോഴും വൃദ്ധരായിരിക്കും. അവരുടെ ചിന്തകള്, നിലപാടുകള്, ഇത്തരം കാര്യങ്ങളിൽ അവർ വൃദ്ധരാണ്. എന്റെ മനസ്സ് എപ്പഴും യൗവനത്തിലാണു നിൽക്കുന്നത്. അതിനു വേണ്ടി ഒന്നും ചെയ്യാറുമില്ല. വയസ്സായ ചില നേതാക്കന്മാരൊക്കെ കൊല്ലം തോറും സുഖചികിത്സ ചെയ്യാറുണ്ടല്ലോ. ഞാൻ ഇതുവരെ സുഖചികിത്സയ്ക്കു പോയിട്ടില്ല. ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല.
∙സ്വകാര്യത എന്നതു മനുഷ്യരുടെ അവകാശമല്ലെന്ന് അധികാരികൾ കോടതിയിൽ സത്യവാങ്മൂലം നൽകുന്നു. ഭരണകൂടയുക്തിക്കു നിരക്കാത്ത ആനന്ദങ്ങൾ നിരോധിക്കപ്പെടുന്നു. കൈകോർത്തു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വരെ സമരം ചെയ്യേണ്ടി വരുന്നു. എന്താണു തോന്നുന്നത്?
മനുഷ്യൻ ആനന്ദം ആഗ്രഹിക്കുന്നൊരു ജീവിയാണ്. അങ്ങനെ ഫ്രോയ്ഡ് പറഞ്ഞിട്ടു തന്നെയുണ്ട്. പല വഴികളിലൂടെയാണു മനുഷ്യൻ ആനന്ദം കണ്ടെത്തുന്നത്. അതിനു തടസ്സങ്ങളുണ്ടാവരുത് എന്നാണ് അതാഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ എനിക്കു പറയാനുള്ളത്. മതങ്ങളായാലും സദാചാര നിയമങ്ങളായാലും ഈ ആനന്ദങ്ങൾക്ക് എതിരു നിൽക്കരുത്.
നമുക്കു പഴയകാലത്ത് ഇത്തരത്തിലുള്ള ആനന്ദങ്ങൾക്ക്, പ്രത്യേകിച്ചു ലൈംഗികാനന്ദങ്ങൾക്കു യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ആ ഒരു കാലമാണു യഥാർഥത്തിൽ കാമമോഹിതം എന്ന നോവലിന്റെ പശ്ചാത്തലം. വിലക്കുകളില്ലാത്ത ഒരു കാലമുണ്ടായിരുന്നു. രതി എന്നു പറയുന്നതു പാപം അല്ല എന്നതായിരുന്നു ആ കാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിയമം. രതി എന്നുള്ളത് ആഹ്ലാദത്തിനുള്ള ഒരു മാർഗം. അത് ഉദാത്തമായൊരു വികാരമാണ്. അതിൽ നിന്ന് എത്രത്തോളം ആനന്ദം ഉൽപാദിപ്പിക്കാൻ കഴിയും എന്നതായിരുന്നു ആ കാലത്ത് പ്രധാനം. ആ ഒരു വികാരത്തെ അന്ന് അങ്ങനെയാണു കണ്ടിരുന്നത്. പക്ഷേ ഇപ്പോൾ മനുഷ്യൻ അതിന്റെ സ്വാഭാവികമായ ഗുണങ്ങൾ നഷ്ടപ്പെട്ടൊരു ജീവിയായി പരിണമിച്ചു.
അതു ലൈംഗികാതിക്രമങ്ങളുടെ കാലമായിരുന്നില്ല. ഇന്നു രതി എന്നു പറയുന്നതൊരു കുറ്റകൃത്യമായി മാറി. ആ കുറ്റം ചെയ്യാൻ ആരും സന്നദ്ധരാണ് എന്ന മട്ടിലുള്ള അത്രയും വിസ്ഫോടകമായ അന്തരീക്ഷമാണ് ഇന്ന് ഇന്ത്യയിൽ.
∙ ചെറുപ്പക്കാരെല്ലാം അരാഷ്ട്രീയവാദികളാണ്, നിങ്ങൾ എഴുപതുകളിലേക്കു നോക്കൂ.. എന്ന മട്ടിലായിരുന്നു കേരളത്തിലെ പുരോഗമനസമൂഹത്തിന്റെ ചിന്ത. പക്ഷേ പുതിയ ചെറുപ്പക്കാർ ധീരവും പുതിയതുമായ പ്രതിരോധങ്ങൾ ഉയർത്തുന്നു, പുതിയ രാഷ്ട്രീയം പറയുന്നു. എങ്ങനെ കാണുന്നു?
അന്നത്തെ ചെറുപ്പക്കാരും ഇന്നത്തെ ചെറുപ്പക്കാരും തമ്മിലുള്ള വ്യത്യാസം– രാഷ്ട്രീയബോധം ഇല്ലാതായി. സ്വാതന്ത്ര്യ സമരത്തിന്റെ, ദേശീയപ്രസ്ഥാനത്തിന്റെ കാലത്തു വിദ്യാർഥികൾക്കു രാഷ്ട്രീയ ബോധമുണ്ടായിരുന്നു. ആദ്യം സ്വാതന്ത്ര്യം, പഠിക്കുന്നതൊക്കെ പിന്നെ പഠിക്കാം എന്ന ചിന്തയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം വന്നപ്പോൾ ക്യാംപസുകളിലൊക്കെ അതിന്റെ സ്വാധീനമുണ്ടായി. പിന്നീടു കുറച്ചുകൂടിയൊരു നവീകരിച്ച ഇടതുപക്ഷ ബോധം, തീവ്രവാദം എന്നൊക്കെ നമ്മൾ പറയുന്നതു പോലുള്ളത്, നമ്മുടെ കലാലയങ്ങളിൽ ഉണ്ടായിരുന്നു. ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് അങ്ങനെ ചെയ്തത് എന്ന് എനിക്കു തോന്നുന്നില്ല. അതിൽ പ്രധാന പങ്കുവഹിച്ചതു ലോകസാഹിത്യമാണ്. ബ്രെഹ്തും നെരൂദയും പോലുള്ള എഴുത്തുകാർ, പിക്കാസോയെ പോലുള്ള ചിത്രകാരന്മാർ, ഐസൻസ്റ്റീനെയും ചാപ്ലിനെയും പോലെയുള്ള ചലച്ചിത്രകാരന്മാർ. ബീറ്റിൽസിന്റെ പാട്ടുകൾ പോലും അതിൽ കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്.
അതു സാംസ്കാരികമായൊരു നവോത്ഥാനമുണ്ടാക്കിയിരുന്നു. അത് പതുക്കെപ്പതുക്കെ ഇല്ലാതായി. അതിന് ഒരു കാരണം ഇടതുപക്ഷ പ്രത്യയശാസ്ത്രം വളരെ ദുർബലമായി എന്നുള്ളതാണ്. ലോകത്തെമ്പാടുമതു ദുർബലമായി തകർന്നടിഞ്ഞു. അത് ഒരു സ്വപ്നമോ ഒന്നും അല്ലാതായിട്ടു മാറി.
∙ പക്ഷേ സോഷ്യൽമീഡിയയിലൂടെ യുവാക്കൾ വലിയ പ്രതിരോധം ഉയർത്തുന്നുണ്ട്. വലിയ രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്?
അത് ഒറ്റരീതിയിലല്ല വരുന്നത്. ഇപ്പോൾ രോഹിത് വെമുല ആത്മഹത്യ ചെയ്തു. വെമുല ഇവിടത്തെ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വിശ്വാസങ്ങൾ പങ്കുവയ്ക്കുന്ന ആളായിരുന്നില്ല. അദ്ദേഹത്തിന്റേത് അംബേദ്കർ ചിന്തയായിരുന്നു. അതേ പോലെ ഇപ്പോൾ ജെഎൻയുവിലുള്ള വലിയൊരു വിഭാഗവും. അങ്ങനെ എന്തെങ്കിലുമൊരു പൊതുവായ വിശ്വാസം അവർ പങ്കിടുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതേ സമയം തന്നെ സാമൂഹിക ജീവിതത്തെക്കുറിച്ച് അവർ ബോധവാന്മാരും ബോധവതികളുമാണ്. അങ്ങനെയാണവർ ചില കാര്യങ്ങൾ വരുമ്പോൾ അതിനോടു പ്രതികരിക്കുന്നതും. പിന്നെ സോഷ്യൽ മീഡിയ എന്നു പറയുന്നത് ഇപ്പോൾ അസംബന്ധങ്ങളുടെ ഒരു പെരുവെള്ളപ്പാച്ചിലാണ്. വേണ്ട രീതിയിലല്ല അത് ഉപയോഗിക്കപ്പെടുന്നതു പലപ്പോഴും. മാലിന്യക്കൂമ്പാരങ്ങളുള്ള സ്ഥലങ്ങളുണ്ടല്ലോ ഞെളിയംപറമ്പ്, ലാലൂര്, വടവാതൂരൊക്കെ. അവിടെ പോയപോലെ തോന്നും സോഷ്യൽ മീഡിയയിൽ ചില സമയത്തു പോയി നോക്കിക്കഴിഞ്ഞാൽ.
∙ പാർട്ടിയോടുള്ള വിയോജിപ്പുകൾ പരസ്യമായി പറയുകയും എഴുതുകയും ചെയ്യുന്ന ആൾ. പാർട്ടി ഗ്രാമത്തിലെ താമസം ദൈനംദിനജീവിതത്തിനു തടസ്സമുണ്ടാക്കുന്നുണ്ടോ?
ഇതു പാർട്ടിക്കാർ കൂടുതലുള്ള സ്ഥലമാണ്. പാർട്ടി ഗ്രാമമെന്നു പറയാം. എങ്കിലും ഇവിടെയുള്ള ആളുകളെല്ലാം പൊതുവെ നല്ല ആൾക്കാരാണ്. ഞാൻ മനുഷ്യരുടെ ശത്രുവൊന്നുമല്ലല്ലോ. ഞാൻ മനുഷ്യർക്കു വേണ്ടി നിലകൊള്ളുന്ന ആളാണ്. മാനവികതയുടെ ഭാഗത്ത് എന്നും നിന്നിട്ടുള്ള ആളാണ്. ഈ എല്ലാ അദ്ഭുതങ്ങളും അവസാനിച്ചാലും ഒരു അദ്ഭുതം അവശേഷിക്കും– മനുഷ്യൻ എന്നു ഞാൻ എഴുതിവച്ചിട്ടുണ്ട്. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ മനുഷ്യവിരുദ്ധമാണ് എന്നു പറയാവുന്ന നിലപാടുകളൊന്നും ഞാൻ എടുത്തിട്ടില്ല. അതു തിരിച്ചറിയുമ്പോൾ അവർക്കു സ്വാഭാവികമായും നമ്മളോടു ശത്രുതയൊന്നും തോന്നേണ്ട കാര്യമില്ല. പിന്നെ, വീടിന്റെ മതിലിൽ പോസ്റ്ററൊക്കെ വന്നത്. അത് അവരുടെ ഒരു രീതി.
∙ പാർട്ടിയോടുള്ള ബന്ധം എങ്ങനെയായിരുന്നു?
മാർക്സിസ്റ്റ് പാർട്ടിയോട് അനുഭാവമുണ്ടായിരുന്നു. അക്കാലത്താണു കൊൽക്കത്തയിൽ പോയത്. തിയറ്റർ പഠനവുമായി കുറേക്കാലം അവിടെയുണ്ടായി. ജ്യോതി ബസുവുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. അക്കാലത്തു പത്രപ്രവർത്തനവും ചെയ്തു. 1982ലെ തിരഞ്ഞെടുപ്പ്, സിപിഎം നേതാവായിരുന്ന ജ്യോതിർമയി ബസുവിന്റെ മരണം, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ദേശാഭിമാനിക്കു വേണ്ടി റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ വാർത്തകളും എഴുതി. അക്കാലത്തു പാർട്ടി ഒരു പ്രതീക്ഷയായിരുന്നു.
മനുഷ്യർ അതിജീവനത്തിനു വേണ്ടി നടത്തുന്ന പല സമരങ്ങളിലും പാർട്ടി മറുപക്ഷത്തു നിൽക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. കീഴാറ്റൂരിൽ നെൽവയൽ സംരക്ഷിക്കാൻ വയൽക്കിളികൾ നടത്തുന്ന സമരം. നാടു മൊത്തം ഒരു ഭാഗത്ത്, പാർട്ടി മറുഭാഗത്ത് എന്ന സ്ഥിതിയാണ്. എറണാകുളത്തും അങ്ങനെയുണ്ടായി. കടലാടിപ്പാറയിലെ ഖനനവും അതു പോലെ. പയ്യന്നൂരിൽ ഏറ്റവും ഫലഭൂയിഷ്ടമായ 250 ഏക്കർ പാടമാണ് എണ്ണക്കമ്പനിക്കു വേണ്ടി എടുക്കുന്നത്. പാർട്ടി എന്തു നിലപാടെടുത്തു? പല ഗ്രാമങ്ങളുടെയും ഘടന തന്നെ മാറി. അവ ഇനി പുനഃസൃഷ്ടിക്കാനാവില്ല.
ആരുടെയോ മൂലധന താൽപര്യങ്ങൾക്കനുസരിച്ചാണു വികസനം. പള്ളിക്കരയിൽ മേൽപാലം വേണമെന്ന് എത്രകാലമായി എല്ലാവരും ആവശ്യപ്പെടുന്നു. എത്രയോ കാലമായി ആംബുലൻസുകൾ ഗേറ്റിൽ കുടുങ്ങിക്കിടന്നു രോഗികൾ മരിക്കുന്നു. മേൽപാലത്തിന് ആരും എതിരല്ല. എന്നിട്ടും വരുന്നില്ല. അതേ സമയം, വേണ്ടാ വേണ്ടാ എന്നു നാട്ടുകാർ പറയുന്ന പല പദ്ധതികളും വരുന്നു. വികസനം കെട്ടിയേൽപിക്കാൻ പുതുവൈപ്പിനിൽ പൊലീസ് നരനായാട്ടു നടത്തുന്നതും നമ്മൾ കണ്ടു. നന്ദിഗ്രാമിലും സിങ്കൂരിലും കണ്ട കാഴ്ചകൾ പോലെത്തന്നെ.
∙ ശമ്പളം ഉറപ്പുള്ള സർക്കാർ സ്കൂളിലെ ജോലി രാജിവയ്ക്കുമ്പോൾ, എഴുത്തു കൊണ്ടു ജീവിക്കാമെന്ന ധൈര്യമുണ്ടായിരുന്നോ?
കുട്ടികളിൽ നിന്നു കിട്ടുന്ന സ്നേഹമാണ് അധ്യാപനത്തിലെ ആഹ്ലാദം. ഓരോ മാസവും ഒപ്പിട്ടു വാങ്ങുന്ന ശമ്പളമല്ല. കുടിയേറ്റമേഖലയിലെ കുട്ടികളായിരുന്നു കൂടുതലും. ഭയങ്കര സ്നേഹശീലരാണ്. അവരുടെ അധ്വാനശേഷി, സഹനം, സൗന്ദര്യബോധം. ക്ലാസ് കഴിഞ്ഞു കുട്ടികളുമൊത്തു നടക്കാൻ പോവും. കാട്ടിലൂടെ. പുഴയുടെ തീരത്ത്. പക്ഷികളെക്കുറിച്ചും മീനുകളെക്കുറിച്ചും അവർ പറഞ്ഞു തരും. ഏതു ചെടിയുടെ ഇല, ഏതു കിളിയാണു പാടുന്നത്, അവർ പറഞ്ഞു തരും.
എഴുത്തു കൊണ്ടു മാത്രം ജീവിക്കുകയെന്നതു കേരളത്തിൽ ശ്രമകരമാണ്. കൊല്ലത്തിലൊരു കഥ മാത്രമെഴുതുന്നവർക്ക് എഴുത്തു കൊണ്ടു ജീവിക്കാനാവില്ല. നമ്മൾ പക്ഷേ, നിരന്തരമായി എഴുത്താണല്ലോ. കഥ, നോവൽ, ലേഖനം, യാത്രാവിവരണം, അനുഭവക്കുറിപ്പുകൾ, വിവർത്തനം.. എല്ലാം ചേർന്ന ഗ്രന്ഥസമുച്ചയമാണല്ലോ.. അറുപതിലധികം പുസ്തകങ്ങളായി. പിന്നെ സിനിമയുമുണ്ട്.
∙ ചെയ്യേണ്ടിയിരുന്ന സിനിമകൾ
ഞാൻ സിനിമയിൽ തുടങ്ങുന്നതു കെ.ജി.ജോർജിന്റെ കൂടെയാണ്. എനിക്കു സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ആയി തോന്നിയതു കെ.ജി.ജോർജിന്റെ കൂടെ പ്രവർത്തിച്ചപ്പോഴാണ്. ഞങ്ങളുടെ താൽപര്യങ്ങളും ചിന്തകളും സമാനമായിരുന്നു. ഞങ്ങളുടെ ജീവിതരീതിയും ഏതാണ്ടു സമാനമാണ്. മറ്റൊരാൾ എന്ന സിനിമ ആദ്യം ചെയ്തു. അത് എനിക്കു വളരെ തൃപ്തി തോന്നിയ സിനിമയാണ്. എനിക്ക് ഒരു ചലച്ചിത്ര സങ്കൽപമുണ്ടായിരുന്നു. ലോക സിനിമയുമായി നല്ല പരിചയമുണ്ടായിരുന്നു. ധാരാളം വായിച്ചിരുന്നു. അപ്പോൾ എന്റെ ഒരു സങ്കൽപം അനുസരിച്ചിട്ടുള്ള സിനിമയായിരുന്നു.
രണ്ടാമതു ചെയ്തതു ലെനിൻ രാജേന്ദ്രന്റെ പുരാവൃത്തം. അതും ഏതാണ്ട് ഇതിന്റെ ഒപ്പം നിൽക്കുന്ന സിനിമയായിരുന്നു. പിന്നീടു കൊച്ചു കൊച്ചു സന്തോഷങ്ങൾ, സമ്മാനം, കാറ്റത്തൊരു പെൺപൂവ്, വെള്ളിവെളിച്ചം, ഓർമമാത്രം... എല്ലാം നമുക്കു കലാപരമായ തൃപ്തി തന്നു എന്നു പറയാൻ പറ്റില്ല.
സിനിമയ്ക്ക് സിനിമയുടേതായ പരിമിതിയുണ്ട്. കാരണം അതിനൊരു വിപണി വേണം. അതിനു വിജയം ഉണ്ടാവണം. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്, ഞാൻ കൂടെ നിൽക്കുന്നത്, വ്യക്തിഗത സിനിമകളോടാണ്. ബുനുവലിനെ എനിക്കു വലിയ ഇഷ്ടമാണ്. ഫെല്ലിനിയെ ഇഷ്ടമാണ്. ബെർഗ്മാനെ ഇഷ്ടമാണ്. ഗോദാർദ് എനിക്കു വളരെ ഇഷ്ടപ്പെട്ട സംവിധായകനാണ്. സത്യജിത് റേയും എനിക്കിഷ്ടപ്പെട്ട സംവിധായകനാണ്. ഇവരൊക്കെ ചെയ്തതു പഴ്സനൽ സിനിമകളാണ്. അവരുടെ താൽപര്യത്തിനനുസരിച്ചു സ്വതന്ത്രമായി ചെയ്ത സിനിമകൾ. അത്തരം സിനിമകളായിരുന്നു യഥാർഥത്തിൽ ഞാൻ ചെയ്യേണ്ടിയിരുന്നത്.
എഴുത്തുകാരനെന്ന നിലയ്ക്കു നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം സിനിമയിലുണ്ടാവുമോ എന്ന പ്രശ്നമുണ്ട്. എഴുത്തിനു സെൻസർ ബോർഡില്ലല്ലോ.
Read More Articles on Malayalam Literature & Books to Read in Malayalam