എങ്ങുപോയി വാക്കുകളിലെ അരം?

ഡോ. എം. ലീലാവതി, പ്രഫ. എം.കെ. സാനു, ഡോ. കെ.എസ്. രാധകൃഷ്ണൻ എന്നിവർ കേരളം പിന്നിട്ട നാളുകൾ ഓർക്കുന്നു.

എറണാകുളം ഗെസ്റ്റ് ഹൗസ് മന്ദിരത്തിന്റെ എട്ടാംനിലയിൽനിന്നു കാണുമ്പോൾ കൊച്ചി ഒരു മഹാനഗരം. എണ്ണിയാലൊടുങ്ങാത്ത, മാനം മുട്ടി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ. ‘നാടു വല്ലാതെ വളർന്നിരിക്കുന്നു. പല കെട്ടിടങ്ങളും തിരിച്ചറിയാൻ പറ്റുന്നില്ല.’ കണ്ണടക്കാല് ഒന്നുകൂടി ഉറപ്പിച്ചുവച്ചു ലീലാവതി ടീച്ചർ പറഞ്ഞു. ‘പ്രസ് ക്ലബ് മന്ദിരവും സെന്റ് തെരേസാസ് കോളജുമാണ് ആ കാണുന്നത്.’  സാനു മാഷ് തനിക്കു പരിചയമുള്ള ചില കെട്ടിടങ്ങൾ ചൂണ്ടിക്കാട്ടി. മുറിയുടെ മറുവശത്ത് അറബിക്കടൽ വെട്ടിത്തിളങ്ങുന്നു. 

ഐക്യകേരളം

കെ.എസ്. രാധാകൃഷ്ണൻ: കൊച്ചി കേന്ദ്രീകരിച്ചാണു സാനുമാഷും ലീലാവതി ടീച്ചറും തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയതെങ്കിലും ഇരുവരുടെയും കർമമണ്ഡലം മലയാളഭാഷയും സംസ്കാരവും അംഗീകരിക്കുന്ന എല്ലാവർക്കുമിടയിലായിരുന്നു. ഭാഷാ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപീകരിക്കപ്പെട്ട് 60 വർഷം പിന്നിടുമ്പോൾ നമ്മുടെ ഭാഷ, സംസ്കാരം, സാമൂഹിക ജീവിതം തുടങ്ങിയ മേഖലകളിൽ എന്തുമാറ്റമാണ് ഉണ്ടായിരിക്കുന്നത്? തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ടിരുന്ന കാലത്ത് മൂന്നു പ്രദേശങ്ങളിലും മലയാളഭാഷ ഉണ്ടായിരുന്നുവെങ്കിലും പരസ്പരമുള്ള പങ്കുവയ്ക്കലുകൾ കുറവായിരുന്നു. ഈ മൂന്നു പ്രദേശത്തും വ്യത്യസ്തങ്ങളായ ആചാരമര്യാദകളാണു നിലനിന്നത്. മൂന്നു പ്രദേശത്തും കണ്ടിരുന്ന ഒരു ഘടകം അയിത്താചരണമായിരുന്നു. 

കേരളം രൂപപ്പെടുന്ന കാലത്തു മനസ്സിലെ സങ്കൽപം എന്തായിരുന്നു? ഭാഗ്യവശാൽ 1947ൽ നാടിനു സ്വാതന്ത്ര്യം കിട്ടുന്ന കാലത്തും മാഷ് കർമരംഗത്തു സജീവമാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കുറെ അനുഭവങ്ങളുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള അനുഭവങ്ങളുമുണ്ട്. 

എം. ലീലാവതി: കേരളം രൂപീകരിക്കുന്ന സമയത്ത് ഞാൻ മലബാറിൽ ജോലി ചെയ്യുകയാണ്. ജനിച്ചതും അവിടെത്തന്നെ. ബ്രിട്ടിഷ് മലബാറിലെ സാംസ്കാരികമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചു മൗലികമായ ധാരണ എനിക്കുണ്ട്. ബ്രിട്ടിഷുകാരാണു ഭരിച്ചിരുന്നതെങ്കിലും മലബാറിലെ സ്കൂളുകളിൽ ഇംഗ്ലിഷ് ഭാഷ മീഡിയം ആയിരുന്നില്ല. മലയാളം മീഡിയത്തിലായിരുന്നു കുട്ടികൾ പഠിച്ചത്. ബ്രിട്ടിഷുകാർ ഭരിക്കുന്ന കാലത്തു നാലാം ക്ലാസ് കഴിയുമ്പോഴേക്കും കുട്ടികൾക്കു നന്നായി മലയാളം എഴുതാനും വായിക്കാനും സാധിച്ചിരുന്നു. കവിത വായിച്ചാൽ മനസ്സിലാകുമായിരുന്നു. 

ഇന്നു കാണുമ്പോൾ നാലാം ക്ലാസ് പാസാകുന്ന കുട്ടിക്കു മലയാള അക്ഷരം എഴുതാൻ അറിയില്ല, വാക്യം എഴുതാൻ അറിയില്ല. അതു നാടിന്റെ പുരോഗതിയാണെന്നു പറയാൻ പറ്റുമോ? അന്നത്തെ നാലാംക്ലാസിന്റെ നിലവാരം ഇന്നു ബിഎ പാസാകുന്നവർക്കില്ല എന്നതാണു സത്യം. വിദേശീയർ ഭരിക്കുന്ന നാട്ടിലാണ് ഇത് എന്നോർക്കണം. ഇന്നു സ്വദേശീയരാണു ഭരിക്കുന്നത്.

എം.കെ.സാനു:  ഞാൻ ജനിച്ചു വളർന്നത് ആലപ്പുഴയിലാണ്. ഐക്യകേരളത്തിനു ഞങ്ങൾ വാദിച്ചവരാണ്. എന്റെ നാട്ടിലും ചില മലബാറുകാരുണ്ട്. നല്ല അടുപ്പമായിരുന്നു. പക്ഷേ, അവർ ചന്തുമേനോനെക്കുറിച്ചു പറയുമ്പോൾ അങ്ങനെയൊരാളെ തിരുവിതാംകൂറുകാർക്കറിയില്ലായിരുന്നു. അവരിൽനിന്നു മനസ്സിലാക്കിയാണു ചന്തുമേനോനെ വായിക്കുന്നത്. അതുപോലെ സഞ്ജയനെ തിരുവിതാംകൂറിൽ അറിയില്ല. മലബാറുകൾക്ക് ഇ.വി. കൃഷ്ണപിള്ളയെ അറിയില്ല. എന്തിനു  സി.വി. രാമൻപിള്ളയെ പോലും അറിയില്ല. തിരുവിതാംകൂർ-കൊച്ചി-മലബാർ. ഈ മൂന്നു ഖണ്ഡങ്ങളിലും എഴുത്തുകാരെ പൊതുവായി അറിഞ്ഞിരുന്നില്ലെന്നു വേണം പറയാൻ. പത്രങ്ങളും വാരികകളും പ്രചാരം നേടിയതോടെയാണ് ഇതിനു മാറ്റമുണ്ടാകുന്നത്. ശൈലികളും രീതികളുമൊക്കെ പരസ്പരം പരിചയത്തിലാവുകയും ഭാഷയ്ക്ക് ഏകീഭാവം ൈകവരികയുമാണുണ്ടായത്.    

എം. ലീലാവതി:  മഹാരാജാസ് കോളജിൽ ഞാൻ പഠിക്കുന്ന സമയത്ത് ഉപന്യാസ മൽസരത്തിന്റെ വിഷയം മിക്കപ്പോഴും ഐക്യകേരളം എന്നതായിരിക്കും. അന്ന് ‘ഏകകേരളം’ എന്നായിരുന്നില്ല പറഞ്ഞിരുന്നത്. ഉപന്യാസമെഴുതി പലപ്പോഴും സമ്മാനമൊക്കെ വാങ്ങിയിട്ടുണ്ട്. കേരളത്തെപ്പറ്റി  ‘മൂന്നു മുറിയായ്, ഒടിഞ്ഞ വില്ലായ്, സംസ്കാരത്തിന്റെ ഞാണങ്ങഴിഞ്ഞഴിഞ്ഞായ്’ എന്നു ജി. ശങ്കരക്കുറുപ്പ് എഴുതിയിട്ടുണ്ട്. പക്ഷേ, സാംസ്കാരികമായി മൂന്നായി ഒടിഞ്ഞ വില്ലായിരുന്നു എന്നു പൂർണമായി പറയാനാകില്ല. സമസ്ത കേരള സാഹിത്യപരിഷത്ത് 1927ൽത്തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിഷത്തിൽ പ്രവർത്തിച്ചിരുന്നവർക്കൊക്കെ കേരളം ഒന്നാണെന്ന മൗലികമായ അഭിപ്രായം ഉണ്ടായിരുന്നു. തിരുവിതാംകൂർ മലയാളം, കൊച്ചി മലയാളം, മലബാർ മലയാളം എന്നുള്ള വേർതിരിവ് ഉണ്ടായിരുന്നില്ല. 

കെ.എസ്. രാധാകൃഷ്ണൻ: സാനുമാഷിന് ഇതേപ്പറ്റി എന്താണു പറയാനുള്ളത് ?

ഭാഷാസ്നേഹമില്ലാത്ത ജനത

എം.കെ. സാനു:  ടീച്ചർ പറയുന്നതിൽനിന്നു വ്യത്യസ്തമായാണ് എനിക്കു പറയാനുള്ളത്. തിരുവിതാംകൂറിൽ മാതൃഭാഷയ്ക്കു സ്ഥാനമുണ്ടായിരുന്നില്ല. പല സ്കൂളുകളും ഇംഗ്ലിഷ് മീഡിയമായിരുന്നു. ഞാൻ ഇംഗ്ലിഷ് ആണു പഠിച്ചത്. മലയാളം പഠിപ്പിച്ചിരുന്ന ടീച്ചറിനെ മുൻഷി എന്നാണു വിളിച്ചിരുന്നത്. മറ്റുള്ളവരൊക്കെ ‘സാർ’.  അങ്ങനെ വേർതിരിച്ചു നിർത്തിയിരുന്ന കാലമായിരുന്നു. പക്ഷേ, ഈ മുൻഷിമാരാണു ഭാഷാസ്നേഹം നിലനിർത്തിയത്. ഉള്ളൂർ എഴുതിയിട്ടുണ്ട്, പാശ്ചാത്യ ഭാഷാഭ്രമം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞുവീശിയപ്പോൾ മലയാള ഭാഷാസ്നേഹം ഭദ്രദീപം പോലെ കെടാതെ സൂക്ഷിച്ചതു ഭാഷാ അധ്യാപകരാണ് എന്ന്. 

അഞ്ചോ ആറോ ഉറുപ്പിക ശമ്പളം വാങ്ങിച്ചുകൊണ്ടു ഭാഷ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്തു. പക്ഷേ, അതു കാലാന്തരത്തിൽ മാറിവന്നു. ഇപ്പോൾ എനിക്കു തോന്നുന്നതു ലോകത്തിൽ ഏറ്റവും ഭാഷാ സ്നേഹമില്ലാത്ത ജനത മലയാളികളാണെന്നാണ്. ഞങ്ങൾ പഠിപ്പിച്ച എത്രയോ പേരുണ്ട്. അവർപോലും മക്കളെ മലയാളം പഠിപ്പിച്ചിട്ടില്ല. മലയാളം നിർബന്ധമാക്കണം, ഇതു പഠിക്കാതെ പോകരുത് എന്നാവശ്യപ്പെട്ട് ഒരൻപതുകൊല്ലമായി മാറിമാറി വരുന്ന സർക്കാരുകളെയെല്ലാം പോയി കണ്ടിട്ടുണ്ട്. ഒന്നും നടന്നില്ല.  ഇപ്പോഴത്തെ സർക്കാരാണ് അനുകൂലമായ നിലപാടുമായി വരുന്നത്.

എം. ലീലാവതി: കേരളം ഒന്നാണെന്നും നമ്മുടെ ഭാഷ ഒന്നാണെന്നും നമ്മുടെ സംസ്കാരം ഒന്നാണെന്നുമൊക്കെയുള്ള സങ്കൽപം അന്നുണ്ടായിരുന്നു. പക്ഷേ, പിന്നീടു കേരളം ഒന്നായ ശേഷമാണു ചില വിഭാഗീയ ചിന്തകൾ വികസിച്ചുവന്നത്. അപ്പോൾ ആ നിലയ്ക്കും നമ്മൾ എന്തു നേടിയെന്നോർക്കണം. 

പ്രാദേശികത, ജാതീയത

എം.കെ. സാനു: മറ്റൊരു സംഗതി, ഈ മൂന്നു ഖണ്ഡങ്ങളും തമ്മിൽ പരസ്പര ധാരണ കുറവായിരുന്നു എന്നതാണ്. കൊച്ചിക്കാർ പലരും തിരുവിതാംകൂറിലുള്ളവർ കള്ളന്മാരാണെന്നു വിശ്വസിച്ചിരുന്നു. ഞാൻ കേട്ടിരിക്കുന്നത് ഒരുത്തനെപ്പറ്റി ക്രിമിനൽ കേസ് കൊടുക്കുമ്പോൾ ‘സർവോപരി തിരുവിതാംകൂറുകാരൻ’ എന്ന് എഴുതുമായിരുന്നു എന്നാണ്. തിരുവിതാംകൂറുകാർക്കു  കൊച്ചി രാജാവിനെയും പുച്ഛമായിരുന്നു. പക്ഷേ മലബാറിലുള്ളവരെ സമരം ചെയ്യുന്ന വർഗമായി കരുതിയിരുന്നു. സ്വാതന്ത്ര്യസമരം ശക്തമായി നടക്കുന്നതു മലബാറിലാണ്. തിരുവിതാംകൂറും കൊച്ചിയും കണ്ടതിലേറെ  പ്രക്ഷോഭങ്ങൾ മലബാറിലുണ്ടായി. തിരുവിതാംകൂറിൽ ആദ്യംവരുന്നത് ഉദ്യോഗത്തിൽ സംവരണം ലഭിക്കണം എന്ന സമരമാണ്. 

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മറ്റൊരു പ്രശ്നം നേരിട്ടു. സി.പി. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചു. അതിനെ സാമുദായിക സംഘടനകൾ അനുകൂലിച്ചു. ഞാൻ ആദ്യമായി പ്രസംഗിക്കുന്നത് ഇതിനെതിരെയാണ്. സിപിക്കു വെട്ടേറ്റതോടെ ആ വാദം തളർന്നു. തിരുവിതാംകൂർ തിരു-കൊച്ചിയായി. തൊഴിലിൽ തിരുവിതാംകൂറിലേക്കാളേറെ സാമുദായിക പ്രാതിനിധ്യം കൊച്ചിയിലുണ്ടായിരുന്നു.  മലബാറിൽ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ ഉയർന്ന ജോലികളിലുണ്ടായിരുന്നു. ജാതീയത അതിശക്തമായി കണ്ടതു തിരുവിതാംകൂറിലായിരുന്നു. കുട്ടികളുടെ സ്കൂൾ പ്രവേശനം പോലും ബുദ്ധിമുട്ടായിരുന്നു. ഡോ. പൽപുവൊക്കെ വാദിച്ചത് കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റാൻ വേണ്ടിയായിരുന്നു. ഇതിനെതിരെ സ്വദേശാഭിമാനി മുഖപ്രസംഗമെഴുതി. 

ഡോ. കെ.എസ്. രാധാകൃഷ്ണൻ: മൂന്നു മുഖപ്രസംഗം എഴുതിയിട്ടുണ്ട്. 

എം.കെ.സാനു: അതെ. വഴിയിലൂടെ നടക്കാൻ ൈവക്കം സത്യഗ്രഹമൊക്കെ നടത്തേണ്ടിവന്നില്ലേ. ശ്രീനാരായണഗുരു കേരളത്തെ ഒന്നായി കണ്ട മഹാത്മാവായിരുന്നു. അദ്ദേഹം തുടക്കത്തിലേ മലബാറിൽ ചെന്നു സമുദായ പരിഷ്കരണവും പ്രവർത്തനമൊക്കെ നടത്തിയിരുന്നു. എല്ലാം ഒന്നുതന്നെയാണ്, പലതല്ല എന്നു ഗുരുവാണു പറയുന്നത്. 

കെ.എസ്. രാധാകൃഷ്ണൻ: മലബാറിൽ വളർന്നയാളെന്ന നിലയിൽ അവിടെ അന്നുള്ള സാമൂഹിക ചുറ്റുപാടുകളെപ്പറ്റി എന്താണു ടീച്ചറിനു പറയാനുള്ളത്?  

 

മാനസിക അകലം വർധിച്ചു

എം. ലീലാവതി: അന്നൊക്കെ എല്ലാ ജാതിയിലും പെട്ടവർ തമ്മിൽ സഹകരണം ഉണ്ടായിരുന്നു. മലബാറിൽ സവർണ, അവർണ വിഭാഗങ്ങളുണ്ട്. പക്ഷേ ഇന്നത്തെപ്പോലെ ഭേദഭാവനയില്ലായിരുന്നു. അന്യോന്യം സഹകരിച്ചിരുന്നു. വിദ്വേഷമുണ്ടായിരുന്നില്ല. തൊട്ടുകൂടായ്കയും തീണ്ടിക്കൂടായ്മയുമുണ്ടെങ്കിലും മാനസികമായ അടുപ്പം വലുതായിരുന്നു. ഇന്നു തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊന്നുമില്ല. പക്ഷേ, മാനസികമായിട്ടു വളരെ അകന്നിരിക്കുന്നു. 

കെ.എസ്. രാധാകൃഷ്ണൻ: എന്താണ് അതിന്റെ കാരണമായി തോന്നുന്നത്?

എം. ലീലാവതി: മനുഷ്യരുടെ സങ്കുചിതമനോഭാവം കൂടിയിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം സങ്കുചിതത്വം വർധിക്കുന്നതാണു കാണുന്നത്. സ്കൂളിൽ പോയിരുന്ന കാലത്ത് എനിക്കു നാലു കൂട്ടുകാരികളുണ്ട്. നാലു മതങ്ങളിൽപ്പെട്ടവർ. കോട്ടപ്പടി മുതൽ കുന്നംകുളം വരെയുള്ള എട്ടു കിലോമീറ്റർ പടക്കുതിരകളെപ്പോലെ ഞങ്ങൾ നടന്നുപോയിരുന്ന കാലമുണ്ട്. അന്നുണ്ടായിരുന്നു ആ സൗഹൃദത്തിന്റെ ദാർഢ്യം ഇപ്പോഴില്ല. ഇന്നു കുട്ടികൾ ഒന്നിച്ചൊക്കെ ജീവിക്കുന്നുണ്ട്. പക്ഷേ, ഓരോരുത്തർക്കും വീട്ടിൽനിന്നു കിട്ടുന്ന നിർദേശം മറ്റു  വിഭാഗങ്ങളുമായി ഉറ്റ സമ്പർക്കം ഉണ്ടാകരുതെന്നാണ്. എന്തിനേറെ പറയുന്നു, അൻപതുകൊല്ലം മുമ്പ് എൻ.വി. കൃഷ്ണവാരിയർ അലക്സിസ് പുണ്യവാളനെക്കുറിച്ചു കൃതിയെഴുതി. ഇന്ന് അദ്ദേഹം ജീവിച്ചിരിക്കുകയാണെങ്കിൽ അതുപോലൊരു കൃതി എഴുതാൻ ധൈര്യപ്പെടില്ല. അത്തരത്തിൽ മതപരമായ അസഹിഷ്ണുത വളർന്നിരിക്കുന്നു. നിർമാല്യം പോലൊരു സിനിമ ഇന്നെടുക്കാൻ എംടിക്കു ധൈര്യം വരുമോയെന്നും  സംശയമാണ്. 

സാമ്പത്തിക സ്ഥിതി

ഡോ. കെ.എസ്. രാധാകൃഷ്ണൻ: നമ്മുടെ സാമ്പത്തികാവസ്ഥ 60 കൊല്ലം കൊണ്ട് ഏതു രൂപത്തിലാണു മാറിയത്? 

ഡോ. എം. ലീലാവതി: സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഞങ്ങളൊക്കെ വിചാരിച്ചത്, കേരളം ദാരിദ്യ്രമില്ലാത്ത നാടായി മാറുമെന്നാണ്. ഗൾഫിലേക്കു പോയതിന്റെ ഫലമായി കുറെ പണം വന്നുവെന്നതു ശരിയാണ്. പക്ഷേ, ആ പണമൊക്കെ കുമിഞ്ഞുകൂടിയിട്ടുള്ളത് കുറച്ച് ഉപരിവർഗത്തിന്റെ കയ്യിലാണ്. ഗൾഫ് പണത്തിന്റെ വരവോടെ കേരളത്തിൽ കുറെ മാളികകളൊക്കെ ഉയർന്നുവന്നിട്ടുണ്ട്. ഇതു വളർച്ചയാണെന്നു എനിക്കു പറയാനാകില്ല. ആ പണം മുഴുവൻ കേരളത്തിന്റെ വ്യാവസായിക അഭിവൃദ്ധിക്ക് ഉപയോഗിക്കുന്ന വിധത്തിൽ സംവിധാനം സർക്കാരുകൾ ഒരുക്കണമായിരുന്നു.  

എം.കെ. സാനു: സാമ്പത്തികാവസ്ഥ അന്നുള്ളതിലും മെച്ചപ്പെട്ടിട്ടുണ്ടെന്നു വേണം കരുതാൻ. പണ്ടൊക്കെ ചട്ടിയും പിടിച്ചു കുട്ടികൾ വീടുകളിലൊക്കെ വന്നിരുന്നു. ഉച്ചയ്ക്ക് ഇത്തിരി കഞ്ഞിവെള്ളം കിട്ടണം. വളരെ ദാരിദ്ര്യം ഉണ്ടായിരുന്നു. അത്രത്തോളം ഇന്നില്ല. ആരോഗ്യരംഗത്തു പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രൈമറി െഹൽത്ത് സെന്ററുകളുടെ വരവോടെ ആരോഗ്യരംഗത്തു നേട്ടമുണ്ടായി. മുപ്പത്തിനാലോ നാൽപതോ ആയിരുന്ന ആയുർദൈർഘ്യം ശരാശരി എഴുപത്തിനാലിൽ എത്തിനിൽക്കുന്നു. ശിശുമരണ നിരക്കും കുറഞ്ഞു.  

പട്ടിണി മാറിയില്ല

കെ.എസ്. രാധാകൃഷ്ണൻ: സത്യത്തിൽ പട്ടിണി മാറിയിട്ടുണ്ട്? 

എം. ലീലാവതി: ആഹാരം മൂന്നു നേരം കിട്ടാത്ത കുട്ടികൾ േകരളത്തിൽ എത്രയോ ഉണ്ട്. പക്ഷേ അത്  അംഗീകരിക്കുന്നില്ല. കേരളം സമൃദ്ധിയുടെ നാട് എന്നാണു പറയുന്നത്. അടിത്തട്ടിൽ ഇപ്പോഴും ഒട്ടേറെ കുട്ടികൾ  ഭക്ഷണം കിട്ടാതെ മുരടിച്ചു കഴിയുന്നുണ്ട്. കെട്ടിടം പണിയുന്നതിനായി കുറെ പേർ ബംഗാളിൽനിന്നും ബിഹാറിൽനിന്നും തമിഴ്നാട്ടിൽനിന്നൊക്കെ വന്നു. അവർക്ക് ഇവിടെ നല്ല കൂലി കിട്ടി. അവരുടെ നോട്ടത്തിൽ കേരളം ഗൾഫാണ്. നേരത്തെ പുറത്തുനിന്നുള്ള അരി വേണ്ടിയിരുന്നില്ല. ഇപ്പോൾ അരിയും വേണം പച്ചക്കറിയും വേണം. ഈ സ്ഥിതി മാറ്റാനായാൽ അതായിരിക്കും ശരിക്കുള്ള പുരോഗതി. നിലമൊക്കെ വീണ്ടും പാടമായി മാറ്റാനാവില്ല. പക്ഷേ, ഉള്ള സ്ഥലത്തു കൃഷി ചെയ്യാനുള്ള സൗകര്യം ഒരുക്കട്ടെ.

എഴുത്തിന്റെ ധാർമിക ഉയർച്ച നിലച്ചു

ഡോ.കെ.എസ്. രാധാകൃഷ്ണൻ: നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എഴുത്തുകാർ തങ്ങളുടെ രചനകളിലൂടെ ജനങ്ങളിൽ ദേശബോധം തീവ്രമാക്കിയിരുന്നു. അതിനുശേഷം മലയാളസാഹിത്യം എങ്ങോട്ടാണു സഞ്ചരിച്ചെത്തി നിൽക്കുന്നത്? 

എം.കെ. സാനു: സ്വാതന്ത്ര്യകാലത്തിനുശേഷം സാഹിത്യത്തിന് ആ ഊർജസ്വലത നഷ്ടമായെന്നാണ് എന്റെ കണക്കുകൂട്ടൽ. വലിയ എഴുത്തുകാരെന്നു പറയാവുന്നവർ ആ കാലത്താണുള്ളത്. ഏറ്റവും വലിയ സ്വാതന്ത്ര്യദാഹി രവീന്ദ്രനാഥ ടഗോർ ആയിരുന്നു. ജാലിയൻവാലാബാഗ് വന്നപ്പോൾ ടഗോർ എഴുതിയ ഒരു കത്തുണ്ട്. അതു വായിച്ചിരിക്കേണ്ടതാണ്.    ചോര തിളച്ചുപോകും. എന്റെ സഹോദരനെ ചോരയിൽ മുക്കിക്കൊന്ന ശേഷം എനിക്കു സർ പദവി തരുന്നതെന്തിന് എന്നൊക്കെ അദ്ദേഹം ചോദിക്കുന്നു. പദവി തിരിച്ചുകൊടുക്കുകയാണ്. കുമാരനാശാൻ ‘ദൂഷിതമായ ന്യായാസനം’ എന്ന കവിത എഴുതി. ഇന്ന് എഴുതാൻ ധൈര്യംവരുമോ എന്നു സംശയമുണ്ട്. ആശാന്റെയും വള്ളത്തോളിന്റെയും ആ ധാർമികമായ ഉയർച്ച ഇന്നത്തെ എഴുത്തുകാർക്കില്ല.

എം.  ലീലാവതി: കുമാരനാശാൻ ദുരവസ്ഥയിൽ അക്കാലത്തെ ചിന്താഗതിയൊക്കെ  തുറന്നെഴുതുന്നുണ്ട്. അതുപോലെ ഇക്കാലത്ത് എഴുതാനാകുമോ എന്നു  സംശയമാണ്. പോയ കാലത്തുണ്ടായ സാംസ്കാരികമായ സഹിഷ്ണുത ഇപ്പോൾ വളരെ കുറഞ്ഞിരിക്കുകയാണ്.

Novel ReviewLiterature ReviewMalayalam Literature News