'സോഷ്യൽ മീഡിയ ഒരുക്കുന്നത് മികച്ച വായനയ്ക്കുള്ള ഇടം '

ആധുനിക എഴുത്തുകാരിൽ പൊതുവേ ആത്മവിശ്വാസം വളരെ കൂടുതൽ ഉണ്ടാകും, കാരണം വായനക്കാരുടെ ചുറ്റിവളയൽ ഒരു നിശ്ചിത പരിധിക്കു പുറത്തു മാത്രമേ ഉള്ളൂ എന്നതു തന്നെ. ലോകമെങ്ങും പടർന്നു കിടക്കുന്ന ഒരു വായനാ സംസ്കാരത്തിന്റെ ഇടനിലക്കാരാണ് എഴുത്തുകാർ. സോഷ്യൽ മീഡിയയുടെയും മറ്റും സഹായത്തോടെ തങ്ങളുടെ എഴുത്തുകളെ പരമാവധി വായനക്കാരിലേയ്ക്ക് എത്തിയ്ക്കുവാൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും നല്ല പുസ്തകങ്ങളെയും നല്ല എഴുത്തുകാരെയും ഇത്തരത്തിൽ വായനക്കാർ തന്നെ കണ്ടെത്താറുമുണ്ട്. അമൽ പിരപ്പൻകോട് എന്ന എഴുത്തുകാരന്റെ കാര്യവും വ്യത്യസ്തമല്ല. മൃദുവായ പെരുമാറ്റവും ശക്തമായ എഴുത്തുകളും കൊണ്ട് ആധുനിക നോവൽ എഴുത്തുകാര്‍ക്കിടയില്‍ സ്വന്തം പേര് ഇതിനോടകം തന്നെ അമൽ നേടിയെടുത്തു. അമൽ സംസാരിക്കുന്നു. 

അമൽ പിരപ്പൻകോട് എന്ന എഴുത്തുകാരനെ എങ്ങനെ അടയാളപ്പെടുത്തുന്നു?

എപ്പോഴോ മുതൽ എഴുത്തുകാരൻ ആകാൻ ആഗ്രഹിച്ചിരുന്നു. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ തന്നെ വായനയോടും എഴുത്തിനോടും വരയോടും ഒക്കെ ഇഷ്ടം ഉണ്ടായിരുന്നു. സ്കൂൾ സമയത്ത് ചിത്രകഥകളിലൊക്കെ വന്നിരുന്ന കഥകൾ ഞാൻ വായിച്ച ശേഷം അത് അതെ പോലെ കൂട്ടുകാർക്ക് വന്നു പറഞ്ഞു കൊടുക്കും. അതിൽ വരച്ചത് പോലെ തന്നെ ചിത്രങ്ങൾ ഞാനും വരയ്ക്കും. ഹൈസ്കൂളിലായ ശേഷമാണ് സാഹിത്യത്തെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ബഷീറിന്റെ ഒക്കെ എഴുത്തുകൾ സ്കൂളിൽ തന്നെ പഠിക്കാൻ ഉണ്ടായിരുന്നു. അതിൽ നിന്നാണ് അവരെ കുറിച്ചൊക്കെ കൂടുതൽ അറിഞ്ഞത്, പിന്നെ കൂടുതൽ അറിയാൻ വേണ്ടി വായിച്ചു, അറിഞ്ഞു, എഴുതാൻ തുടങ്ങി. വീട്ടിൽ ഇത്തരം ഒരു പശ്ചാത്തലവും എനിക്ക് ഉണ്ടായിരുന്നില്ല. 

പക്ഷേ പഠനം മാവേലിയ്ക്കര രവി വർമ്മാ ആർട്സ് കോളേജിൽ പെയിന്റിംഗ് എടുത്ത്....

വരയ്ക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. ചിത്രകഥകൾക്കായി വരയ്ക്കുമ്പോൾ അത് എനിക്ക് മനസ്സിലായിരുന്നു. പക്ഷേ വരയേക്കാൾ കൂടുതൽ ഞാൻ ആഗ്രഹിച്ചത് എഴുത്തുകാരൻ ആകാനായിരുന്നു. അതിനു വേണ്ടി എന്തും ചെയ്യാനും ഒരുക്കമായിരുന്നു. ആർട്ട് പഠിക്കാൻ തിരഞ്ഞെടുത്തതും അതേ കാരണം കൊണ്ട് തന്നെ. ഇതുപോലെയുള്ള ഫീൽഡുകളിൽ നിന്നാൽ എഴുതാനുള്ള അവസരങ്ങൾ കൂടും എന്നെനിയ്ക്ക് തോന്നി. അതുകൊണ്ട് തന്നെയാണ് വര പഠിക്കാനായി തിരഞ്ഞടുത്തത്. പിന്നെ വീട്ടിൽ നിന്നും പ്രത്യേകിച്ച് അഭിപ്രായങ്ങൾ ഒന്നും ഇല്ലായിരുന്നു, എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടു. ഡിഗ്രി മാവേലിക്കരയിലും പിജി വിശ്വഭാരതി ശാന്തിനികേതനിലും ആയിരുന്നു.

ശാന്തിനികേതനിലെ ഓർമ്മകൾ...

ജീവിതം മുഴുവൻ മാറി മറിഞ്ഞത് ശാന്തി നികേതനിൽ വച്ചായിരുന്നു. മാവേലിക്കരയിൽ ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ആണ് ആദ്യമായി പഠനത്തിന്റെ ഭാഗമായി ശാന്തി നികേതനിൽ പോയത്. അവിടുത്തെ അന്തരീക്ഷം എനിക്ക് ഏറെ ഇഷ്ടമായി. അവിടെ പഠിക്കണം എന്ന് മനസ് പറഞ്ഞു. അതുകൊണ്ടാണ് ഡിഗ്രിയ്ക്ക് ശേഷം ശാന്തിനികേതനിൽ പിജി ചെയ്യാൻ പോയത്. ആർട്ട് ഹിസ്റ്ററിയിലായിരുന്നു പിജി.

ശാന്തിനികേതൻ ഒരു അനുഭൂതിയാണ്. ഇന്നത്തെ പഠന സംസ്കാരവുമായി യാതൊരു ബന്ധവുമില്ല ഇവിടുത്തെ പഠന രീതികൾക്ക്, തികച്ചും പഴയകാല ജീവിതം. ഗ്രാമത്തിന്റെ വിശുദ്ധി, ഗ്രാമീണരുടെ നിഷ്കളങ്കത, കലയും നല്ല സംസ്കാരവും ഒന്നിച്ചു ചേർന്ന ഒരു മനോഹര ഇടം. ഇവിടുത്തെ കാറ്റിനു പോലും രവീന്ദ്രനാഥ ടാഗോർ എന്ന മഹാകവിയുടെ സ്പർശമാണ്. അവിടെ വിദ്യാർത്ഥികളൊക്കെ സ്വന്തമായി അധ്വാനിച്ചാണ് പലപ്പോഴും ചിലവിനുള്ള വഴികൾ കണ്ടെത്തുന്നത്. രവീന്ദ്രനാഥ ടാഗോർ എല്ലാവർക്കും ഗുരുവാണ്, വഴികാട്ടിയാണ്. ശാന്തിനികേതനിൽ പഠിക്കാനായത് ഭാഗ്യമായി കരുതുന്നു. 

മാവേലിക്കര രവിവർമ്മാ കോളേജിലെ അദ്ധ്യാപകജോലി, ഇടയ്ക്ക് മാധ്യമപ്രവർത്തനം...

പിജി കഴിഞ്ഞ് ആദ്യം ജോലി കിട്ടിയത് തിരുവനന്തപുരത്ത് ആർട്സ് കോളേജിലായിരുന്നു. 3 വർഷം അവിടെ ജോലി ചെയ്തു. പിന്നീട് ആ ജോലി നഷ്ടപ്പെട്ടു. അപ്പോഴാണ്‌ മാധ്യമപ്രവർത്തനത്തിലേയ്ക്ക് കടന്നത്‌. ഒരു മാസത്തോളം ഒരു ഓൺലൈൻ മീഡിയയിൽ ജോലി ചെയ്തു. മാധ്യമ പ്രവർത്തനം എനിക്ക് ഇഷ്ടമായിരുന്നു. കാരണം എഴുത്തുമായി ഏറെ ബന്ധപ്പെട്ട ഒരു ജോലിയാണ് അതും. മാധ്യമപ്രവർത്തനത്തിലേയ്ക്ക് ഇറങ്ങിയാൽ എഴുത്തിനു അത് നന്നായി സഹായിക്കും എന്നെനിയ്ക്ക് തോന്നി. അതിനാലാണ് ആ ജോലി സ്വീകരിച്ചത്, പിന്നീട് മാവേലിക്കരയിൽ ജോലി കിട്ടിയപ്പോൾ അവിടുന്ന് മാറുകയായിരുന്നു. 

സർഗ്ഗാത്മകതയെ അപൂർണമാക്കുന്ന എന്തോ ഒന്നുണ്ടോ?

സത്യം പറഞ്ഞാൽ ഉള്ളിലെ സംഘർഷമാണ് കൽഹണൻ എന്ന നോവലിൽ പ്രതിഫലിച്ചത്. അതുവരെ തുടർന്ന് വന്ന ഒരു തൊഴിൽ മേഖല മാറിയപ്പോൾ ഉള്ളിലെ സംഘർഷങ്ങളെ താങ്ങാൻ ബുദ്ധിമുട്ടായി. അതാണ്‌ എഴുത്തായി തീർന്നത്. ഗ്രാമങ്ങളുടെ മനസ്സിന്റെ കഥയാണ്. ഒരുതരം മാനസിക വ്യാഖ്യാനമാണ് ഇതിലൂടെ പറയാൻ ശ്രമിച്ചത്. സാധാരണ യോഗികളിലും ഉന്നതമായ ചിന്താശേഷി ഉള്ളവരിലും ഉണ്ടാകുന്ന തരം ചിന്തകൾ തികച്ചും ഗ്രാമവാസിയായ ഒരാളിൽ ഉണ്ടായാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്ത. വളരെ ഗഹനമായ കാര്യങ്ങൾ അത്തരം ഒരാളുടെ ചിന്താ മണ്ഡലത്തിലേയ്ക്ക് കടന്നു വരുമോ, വന്നാൽ എങ്ങനെ അയാൾ അതിനെ കണ്ടെത്തും, അതിജീവിക്കും എന്നിവ പറയുന്ന നോവലാണ്‌ കൽഹണൻ.

വ്യസനസമുചയം സോഷ്യൽ മീഡിയ ഉള്ള ലോകത്തിന്റെ നേർ രേഖയല്ലേ...

ശരിക്കും എല്ലായിടങ്ങളിലും നിരവധി രീതിയിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. Hacking, identity theft എന്നിവ ഇപ്പോഴത്തെ രീതികളാണ്. ഇതുമായി ബന്ധപ്പെട്ടു നിരവധി എഴുത്തുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ പലതും സാങ്കേതികതയിൽ ഊന്നിയുള്ളതാണ്, മിക്കതിലും ലൈഫ് ഉണ്ടാകില്ല. കാരണം ജീവിതവുമായി ബന്ധപ്പെട്ടല്ല പലതും എന്നതുകൊണ്ട്‌ തന്നെ. വ്യസനസമുച്ചയം കൊണ്ട് പറയാൻ ആഗ്രഹിച്ചത്‌ ഇതേ വിഷയങ്ങളിൽ എങ്ങനെ ഒരു ഗ്രാമം ഇടപെടുന്നു എന്നതാണ്. സോഷ്യൽ മീഡിയ എങ്ങനെ ഗ്രാമങ്ങളിലുള്ള ജീവിതങ്ങളിൽ ഇടപെടുന്നു എങ്ങനെ മാറ്റി മറിയ്ക്കുന്നു എന്നൊക്കെയാണ് ഇതിൽ അന്വേഷിച്ചത്. അത് പൊതുവിൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഉണ്ടായി.

ബെന്യാമിന്റെ അഭിനന്ദന പരാമർശം...

അത് വായിച്ചപ്പോൾ ഏറെ സന്തോഷം തോന്നി. കാരണം ആടുജീവിതം പോലെ മഹത്തായ ഒരു കൃതി എഴുതിയ ആളാണ്‌ ബെന്യാമിൻ. അദ്ദേഹത്തെ പോലെ ഒരാൾ സാധാരണക്കാരുടെ പുസ്തകങ്ങൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് വലിയ കാര്യമാണ്. സാധാരണ എല്ലാവരും ഇത്തരം എഴുത്തുകൾ കണ്ടില്ലെന്നു നടിയ്ക്കാറാണ് പതിവ്. എന്നാൽ വ്യസനസമുച്ചയവും, കൽഹണനും പോലെയുള്ള നോവലുകൾ യഥാർത്ഥത്തിൽ ഏറെ വായിക്കപ്പെട്ടത് ബെന്യാമിൻ വരെ ഉൾപ്പെട്ട സോഷ്യൽ മീഡിയ കാരണം തന്നെയാണ്. ഏറെ ബഹുമാനവും സ്നേഹവും അദ്ദേഹത്തോടുണ്ട്. ഈ പുസ്തകം കൂടുതൽ ആൾക്കാരിലേക്കെത്താൻ അദ്ദേഹത്തിന്റെ അഭിപ്രായം കൊണ്ട് സാധിക്കും..

സോഷ്യൽ മീഡിയ ആണോ കൂടുതൽ വായനക്കാരെ നൽകിയത്?

അതെ, അത് സംശയം ഇല്ലാത്ത കാര്യമാണ്. പണ്ടൊക്കെ നിരൂപകർ പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായം പറയും അത് കേട്ട് വായനക്കാർ പുസ്തകം വാങ്ങി വായിക്കും. എന്നാൽ ഇപ്പോൾ പലപ്പോഴും നിരൂപകർ നല്ല കൃതികളെ പലതിനെയും കണ്ടില്ലെന്നു നടിയ്ക്കുന്നു. സോഷ്യൽ മീഡിയ ഇതിനൊക്കെ അപവാദമാണ്. നല്ല കഴിവുള്ള നിരവധി എഴുത്തുകാരെ ഇവിടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് തന്നെയാണ് ഇപ്പോൾ പല പുസ്തകങ്ങളും വായനക്കാർ വാങ്ങാനുള്ള കാരണം. ഫെയ്സ്ബുക്ക് പോലെയുള്ളവ അതിനു നന്നായി സഹായിക്കുന്നുണ്ട്. ശരിയ്ക്കും ഇപ്പോൾ നിരൂപകർ അല്ല നല്ല പുസ്തകം തിരഞ്ഞെടുക്കുന്നത്, മറിച്ചു വായനക്കാരുടെ സമൂഹം സ്വയമാണ്. 

രാഷ്ട്രീയം...

മാനവികതയിൽ ഊന്നിയുള്ളതാണ് എന്റെ രാഷ്ട്രീയം. തീർത്തും സ്വാതന്ത്ര്യമായ ചിന്ത. രാഷ്ട്രീയ ബോധം എല്ലാവർക്കും ഉണ്ടാകണം എനിക്കും അതുണ്ട്, പക്ഷേ അതൊരിക്കലും അന്ധമാകരുത്. മൃദുവായ ഇടതുപക്ഷ അനുഭാവം ഉണ്ട്. 

അങ്കണം പുരസ്കാരം ഓർമ്മിപ്പിക്കുന്നത്..

സന്തോഷം ഉണ്ട്. എന്നെ പോലെയുള്ള പുതിയ എഴുത്തുകാർക്ക് ഇത്തരം പുരസ്കാരങ്ങൾ ലഭിക്കുന്നതിൽ. നിരൂപകർ തിരിഞ്ഞു നോക്കാത്ത പല എഴുത്തുകാരെയും ഇത്തരത്തിലുള്ള പുരസ്കാരങ്ങൾ ഒരുപാട് സഹായിക്കും. നിരവധി കഥകൾ ഞാൻ എഴുതിയിട്ടുണ്ട്, പല കഥകൾക്കും പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത്തരം പുരസ്കാരങ്ങൾ കൊണ്ടുള്ള സന്തോഷം അവ ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ കൂടുതൽ പേര് വായിക്കുന്നു. സന്തോഷം.

ഗ്രാഫിക്സ് നോവൽ എന്ന പുതുമ...

കുട്ടിക്കാലത്തെ കഥാചിത്ര രചനാ രീതി എന്നും ഇഷ്ടമായിരുന്നു. ഒരുകാലത്ത് കാർട്ടൂണുകളിലേയ്ക്കും ശ്രദ്ധ തിരിഞ്ഞിരുന്നു. എന്നാൽ ഇന്ന് പത്രങ്ങളിലെ കാർട്ടൂണുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നുണ്ട്. കാരണം ലൈവ് ആയ ഗ്രാഫിക്സുകൾ കാർട്ടൂണുകളായി വരുന്നുണ്ട്. അവ ജനങ്ങൾക്കിടയിൽ സ്വാധീനവും ചെലുത്തുന്നു. അതിനാൽ തന്നെ ഇത്തരം രചനാ രീതികൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നി. അതുകൊണ്ട് തന്നെ പുതിയൊരു രീതി പരീക്ഷിച്ചു നോക്കി. അതിനെ എല്ലാവരും സ്വാഗതം ചെയ്യുകയും ചെയ്തു. സന്തോഷം.