ദലിതരും സ്ത്രീകളും ഇപ്പോഴും അടിമകൾ : കെ എ ബീന 

എഴുത്ത്, മാധ്യമപ്രവർത്തനം, യാത്രകൾ... കെ എ ബീന സംസാരിക്കുന്നു...

ഒറ്റയ്ക്കൊരു സ്ത്രീയുടെ യാത്ര... ഇപ്പോഴും കേൾക്കുമ്പോൾ അതിശയവും അമ്പരപ്പും പലരിലും തുളുമ്പും. യാത്രകൾക്ക് വേണ്ടിയും അതിഷ്ടപ്പെടുന്നത് കൊണ്ടുതന്നെ ജോലിയുടെ ഭാഗമായും നിരന്തരം സഞ്ചാരിയാകേണ്ടി വന്ന എഴുത്തുകാരിയാണ് കെ എ ബീന. പതിമൂന്നാം വയസ്സിൽ ആദ്യ പുസ്തകം അച്ചടിക്കുമ്പോൾ അത് ഇപ്പോഴും വായിക്കപ്പെടുന്ന ഒന്നാകുമോ എന്നതിൽ എഴുത്തുകാരി അന്നൊരുപക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവുകയേയില്ല.

പക്ഷെ ബീനയുടെ ആദ്യ യാത്രാവിവരണ പുസ്തകം ഇന്നും ശ്രദ്ധിക്കപെടുന്നുണ്ട്. പെൺകുട്ടികൾ അത്രയധികമൊന്നും മാധ്യമപ്രവർത്തന രംഗത്തേക്ക് കടന്നു വരാതെയിരുന്ന ഒരു സമയത്തിൽ നിന്നും ഇന്ന് കേന്ദ്ര സർക്കാരിന്റെ പബ്ലിക് റിലേഷൻ ബന്ധപ്പെട്ട വകുപ്പുകളിൽ വരെയെത്തി നിൽക്കുമ്പോൾ ബീന എന്ന എഴുത്തുകാരിക്കും മാധ്യമപ്രവർത്തകയ്ക്കും സഞ്ചാരിയ്ക്കും ആഹ്ലാദിക്കാം... എഴുത്തുകാരിയുടെ യാത്രകൾ പൂർണതയിലാണ്...
കെ എ ബീന സംസാരിക്കുന്നു :


ബീന കണ്ട റഷ്യ...

പതിമൂന്നാമത്തെ വയസ്സിലാണ് ആദ്യത്തെ പുസ്തകം, "ബീന കണ്ട റഷ്യ" പുറത്തിറങ്ങുന്നത്. അന്ന് ഒൻപതാം ക്ലാസ്സിലാണ്. ആ സമയത്ത് സോവിയറ്റ് യൂണിയനില്‍  വച്ച് കുട്ടികൾക്ക് ഒരു ക്യാമ്പുണ്ടായി. ഉക്രെയിനിൽ ക്രിമിയ എന്ന സ്ഥലത്ത് വച്ചാണ്. 140 രാജ്യങ്ങളിൽ നിന്നെത്തിയ കുട്ടികൾ അവിടെയുണ്ടായിരുന്നു. അന്ന് ഞാൻ ബാലവേദിയിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പ്രതിനിധിയായാണ് റഷ്യയിൽ പോകാൻ അവസരം ലഭിച്ചതും. അന്ന് കൂടെ വന്നവരിൽ ഒരാൾ ബിനോയി വിശ്വമാണ്. ഒന്നരമാസത്തെ ക്യാമ്പായിരുന്നു അത്. 1977 ലായിരുന്നു ആ ക്യാമ്പുണ്ടായത്. അവിടെ നിന്ന്  വന്നിട്ട് അത് മാതൃഭൂമി വീക്കിലിയില്‍ സീരിയലൈസ് ചെയ്ത് പ്രസിദ്ധീകരിച്ചു.  

അന്ന്  എം ടിയാണ് മാതൃഭൂമിയുടെ എഡിറ്റർ. അതിനു ശേഷം അത് ഡിസി ബുക്സ് പുസ്തകം ആയി  പ്രസിദ്ധീകരിച്ചു. പുസ്തകം നല്ല ഹിറ്റായിരുന്നു ഒന്നാമത് ആ സമയത്ത് പെൺകുട്ടികൾ അധികം ഇത്തരത്തിൽ പുസ്തകം എഴുതാറില്ല, പിന്നെ ഇത്രയും ചെറിയ ഒരു പെൺകുട്ടി, റഷ്യയെ കുറിച്ച് എഴുതിയിരിക്കുന്നു, അങ്ങനെ കുറെ പ്രത്യേകതകൾ ഉള്ളതുകൊണ്ടാകണം. ആ സമയം നിരവധി സോവിയറ്റ് പ്രസിദ്ധീകരണങ്ങൾ നമ്മുടെ കേരളത്തിൽ വായിക്കപ്പെടുന്ന സമയമാണ്. കുറഞ്ഞ വിലയും നിറയെ വായനയും ഒക്കെ കൊണ്ട് എല്ലാവർക്കും ഇഷ്ടമുള്ള പ്രസിദ്ധീകരണങ്ങളായിരുന്നു അവ. സോവിയറ്റ് യൂണിയന്‍ കുട്ടികൾക്കും മുതിർന്നവർക്കും ഒരു സ്വപ്ന നാടായിരുന്നു. അതുകൊണ്ടു കൂടിയാകണം ആ പുസ്തകം അത്ര ഹിറ്റായത്. ഇപ്പോൾ നിരവധി എഡിഷനുകളായി. 35 വർഷങ്ങളായി  ഇപ്പോഴും ആ പുസ്തകം വായിക്കപ്പെടുന്നുണ്ട് എന്നതാണ് സന്തോഷം.



മാധ്യമപ്രവർത്തനം അച്ഛന്റെയിഷ്ടം..

ആ സമയത്ത് മാധ്യമങ്ങളിൽ സ്ത്രീ സാന്നിധ്യം പൊതുവെ കുറവായിരുന്നു. അച്ഛൻ ആദ്യം പത്രപ്രവർത്തകനായിരുന്നു, പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് നാട് വിട്ടു മർച്ചന്റ് നേവിയിൽ ചേർന്നു. ലോകം മുഴുവന്‍ യാത്ര ചെയ്തു. അച്ഛൻ നിരന്തരം കത്തുകളെഴുതിയിരുന്നു. അച്ഛൻ കണ്ട കാഴ്ചകൾ, പോയ സ്ഥലങ്ങൾ, അവിടുത്തെ ചിത്രങ്ങൾ എല്ലാമുൾക്കൊള്ളുന്ന കത്തുകൾ, യാത്രകളോട് കമ്പം തോന്നാനുള്ള കാരണവും അതാവണം.. പത്രപ്രവർത്തനം എടുത്ത് പഠിക്കാൻ എന്നെ നിർബന്ധിച്ചതും അച്ഛനായിരുന്നു. എനിക്കും ഇഷ്ടമുള്ള ജോലി ആയതിനാൽ അത് തന്നെ പഠിക്കാൻ പോയി.

പഠന ശേഷം കേരളകൗമുദിയിൽ ചേർന്നു. രണ്ടു വർഷം അവിടെ ജോലി ചെയ്തു. പിന്നീട് വിവാഹിതയായി കുഞ്ഞുണ്ടായി, അവനെ നോക്കി രണ്ടു വർഷം. മാതൃഭൂമിയിൽ ആ സമയം എം ടിയാണ്. അങ്ങനെ മാതൃഭുമിയില്‍ പാർട്ട് ‌ടൈമര്‍ ആയി.. അതിനുശേഷമാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഇന്ത്യന്‍ ഇൻഫർമേഷൻ സർവീസിൽ ജോലി ലഭിച്ചത്. ഡി എ വി പി യില്‍ ആണ് തുടക്കം. ഗ്രാമങ്ങളിൽ പോയി എക്സിബിഷനുകൾ നടത്തുകയായിരുന്നു ചെയ്യണ്ടിയിരുന്നത്. പിന്നീട് ആകാശവാണിയിലും ദൂരദർശനിലും ന്യൂസ് എഡിറ്റര്‍ ആയി.  പി ഐ ബിയുടെ തിരുവനന്തപുരം, ഗുവാഹട്ടി ഓഫീസുകളിലും ജോലി ചെയ്തു. ഇപ്പോൾ കൊച്ചിയില്‍ Directorate Field Publicity യിലാണ്. ജോലിയുടെ ഭാഗമായി യാത്രകളുണ്ട്.

യാത്രകളിലേക്കുള്ള വഴികൾ...

യാത്രകൾ ഏറെ ഇഷ്ടമായിരുന്നു, അതിന്റെ മൂലകാരണം അച്ഛൻ തന്നെയാണ്. ആദ്യമൊക്കെ കാഴ്ചകൾ കാണാൻ വേണ്ടി യാത്രകൾ ചെയ്‌തെങ്കിലും പിന്നീട് യാത്രകൾ വ്യത്യസ്തമായി. ഗ്രാമങ്ങൾ അടിസ്ഥാനമാക്കി യാത്രയാരംഭിച്ചു. യാത്രാവിവരണങ്ങള്‍ എഴുതാനും..  ജോലിയുടെ ഭാഗമായാണ് കൂടുതലും യാത്രകളിപ്പോൾ.

ഇന്ത്യയിലെ ഗ്രാമങ്ങൾ അന്വേഷിച്ച് പോവുക, അവിടെ ജീവിതങ്ങൾ കാണുക.. ഇപ്പോഴത്തെ ഏറ്റവും പുതിയ പുസ്തകം ഇന്ത്യൻ ഗ്രാമങ്ങളിലെ ദളിത്- സ്ത്രീ പ്രശ്നങ്ങളെ കുറിച്ചുള്ളതാണ്. കുറെയേറെ സ്ഥലങ്ങളിൽ സഞ്ചരിച്ചപ്പോൾ മനസിലാക്കാനായ സത്യങ്ങൾ പൊള്ളിക്കുന്നതാണ്. കേരളത്തിലൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും മിക്ക
ദളിത്-സ്ത്രീ സംവരണ പഞ്ചായത്തുകളിലും ഇപ്പോഴും അവർ അപമാനിക്കപ്പെടുക തന്നെയാണ്.

നൂറു നൂറു കസേരകൾ...

ഇന്ത്യൻ ഗ്രാമങ്ങളെ കുറിച്ചു എഴുതി കൊണ്ടിരിക്കുന്ന  പുസ്തകത്തിന്റെ പേരാണ് നൂറു നൂറു കസേരകൾ. കേരളത്തിൽ സ്ഥിതി എത്രയോ മെച്ചമാണ്, സംവരണം അർഹരായവർക്ക് ലഭിക്കുന്നുണ്ട്, സ്ത്രീകൾ അർഹിക്കുന്ന ആനുകൂല്യവും അധികാരവും നേടുന്നുണ്ട്, പക്ഷെ ഇന്ത്യയിലെ മിക്ക ഉൾനാടൻ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമാണ്. ഏറ്റവുമധികം ബുദ്ധിമുട്ടുന്ന വിഭാഗമാണ് ദളിതരും സ്ത്രീകളും. തമിഴ്‌നാട്ടിലെ കാര്യം തന്നെ എടുത്താൽ, അവിടെ വലിയ ജാതിയിലുള്ള തേവർ വിഭാഗക്കാർ ദളിത് സംവരണം ഉള്ള പ്രദേശങ്ങളിൽ ഒരിക്കലും അത്തരക്കാരെ ഭരിക്കാൻ അനുവദിക്കാറേയില്ല.

തിരഞ്ഞെടുപ്പ് സമയമായാൽ അവരുടെ ആശ്രിതരിൽ ഒരാളെ നാമനിർദ്ദേശം ചെയ്യും. മറ്റാരെയും അവിടെ നിന്ന് മത്സരിയ്ക്കാൻ അനുവദിക്കുകയുമില്ല, ഇവരുടെ കൈയ്യൂക്ക് കണ്ട് എല്ലാവരും ഭയക്കുകയും ചെയ്യുന്നുണ്ട്. ഇലക്ഷൻ കഴിഞ്ഞു ആശ്രിതൻ പ്രസിഡന്റായാൽ പിറ്റേന്ന് തന്നെ റെസിഗ്‌നേഷൻ ഫോമിലും ഒപ്പിട്ടു വാങ്ങും. അവനെ കൊണ്ട് രാജി വയ്പ്പിക്കും. പിന്നെ പഞ്ചായത്ത് നാഥനില്ലാതെയായി മാറും. അതിനുശേഷം അവർ തന്നെ ഭരിക്കും. വർഷങ്ങളായി ഇത് തന്നെയാണ് നടന്നു വരുന്നത്. കഴിഞ്ഞ തവണ കരുണാനിധി മുഖ്യമന്ത്രിയായപ്പോൾ പോലീസ് പ്രൊട്ടക്ഷനും നിർബന്ധവും ഒക്കെ കൊണ്ട് കുറച്ചു ദളിതർക്ക്  അഞ്ചു വർഷം തുടരാൻ കഴിഞ്ഞിരുന്നു. പലയിടങ്ങളിലും ഇപ്പോഴും ഈ ഉയർന്ന വർഗ്ഗക്കാരാണ് ഭരിക്കുന്നത്. കൊല്ലാൻ പോലും അവർ മടിക്കില്ല. ജാതീയതയും തൊട്ടുകൂടായ്മയും പലയിടങ്ങളിലും എന്തിനു നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിൽ പോലും ഏറ്റവും ക്രൂരമായി നിലനിൽക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങളിൽ സ്ത്രീ സംവരണം ഉള്ളയിടങ്ങളിൽ പേപ്പറിൽ മാത്രമാണ് സ്ത്രീകളുടെ പേരുകൾ ഉള്ളത്, അവരെ കണ്ടെത്തണമെങ്കിൽ അവരുടെ വീടുകളിൽ പോയി ചപ്പാത്തി പരത്തുന്നതോ തുണി അലക്കുന്നതോ ഒക്കെ കാണേണ്ടി വരും. ആ പഞ്ചായത്തുകൾ ഭരിക്കുന്നത് അവരുടെ ഭർത്താവോ പിതാവോ ഒക്കെ ആയിരിക്കും. അവരെ കാണാൻ പോലും നമ്മളെ ഒന്നും അനുവദിക്കില്ല. എന്നാലും ഇത്തരം സംവരണം ഉള്ളതുകൊണ്ടാണ് പലയിടങ്ങളിലും സ്ത്രീകൾക്ക് അധികാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നത് പറയാതെ പറ്റില്ല. ഗുജറാത്തിൽ ചെന്നപ്പോൾ അവിടെ പഞ്ചായത്തിൽ സ്ത്രീയാണ് പ്രസിഡന്റ്. പക്ഷെ ദലിതരോടുള്ള അവരുടെ ഇടപെടലൊക്കെ വളരെ വേദനിപ്പിക്കുന്നതായിരുന്നു. ചില വർഗ്ഗങ്ങൾ എപ്പോഴും ഇത്തരത്തിൽ ദുരന്തങ്ങൾ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.

ഒറ്റയ്ക്കുള്ള യാത്രകൾ അപകടമല്ല..

ഒറ്റയ്ക്ക് യാത്രകൾ ചെയ്യാറുണ്ട്.. എടുത്തു പറയത്തക്ക ബുദ്ധിമുട്ടുകളോ അപകടങ്ങളോ  ഉണ്ടായിട്ടില്ല. കൂടുതലും ഗ്രാമങ്ങളിലേക്കാണ് യാത്ര എന്നതിനാൽ അപകടം കുറവുമാണ്. പിന്നെ യാത്ര പോകുമ്പോൾ സുരക്ഷിതമായ മാർഗ്ഗം സ്വീകരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. ഒരുപാട് ഇരുട്ടിയുള്ള യാത്രകൾ, ചിലയിടങ്ങളിലെ ഒറ്റയ്ക്കുള്ള സഞ്ചാരം, കാട്ടിലേക്കുള്ള ഒറ്റയ്ക്ക് യാത്ര എന്നിവ ഒഴിവാക്കാറുണ്ട്.

നമുക്കറിയാത്ത സ്ഥലമാകുമ്പോൾ നേരത്തെ സുരക്ഷിതത്വത്തെ കുറിച്ച് അന്വേഷിക്കാറുണ്ട്, മലയാളി പുരുഷന്മാരാണ് കൂടുതലും അശ്ളീല നോട്ടങ്ങൾ നോക്കുന്നതെന്നാണ് തോന്നിയിട്ടുള്ളത്. അവരിൽ നിന്നാണ് കൂടുതലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളതും. പുറത്ത്  പലയിടങ്ങളിലും പോകുമ്പോൾ സ്ത്രീ എന്ന നിലയിൽ ബഹുമാനം ലഭിച്ചിട്ടുണ്ട്. നമ്മൾ ബോൾഡ് ആയി നിന്നാൽ പ്രശ്നങ്ങൾ കുറയും. ഡൽഹിയിൽ താമസിക്കുമ്പോള്‍ ഭർത്താവ് ജോലിയ്ക്ക് പോയി കഴിഞ്ഞാൽ ഞാൻ ഭക്ഷണം പൊതിഞ്ഞെടുത്തു വെറുതെ പുറത്ത് പോകും, ഒറ്റയ്ക്ക് ചുറ്റി നടക്കും. ഒറ്റയ്ക്ക് നടക്കുന്നതിൽ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. എനിക്ക് തോന്നുന്നത് സ്ത്രീകള്‍ ധാരാളം യാത്രകള്‍ ചെയ്തു ശീലമാകുമ്പോള്‍ സുരക്ഷിതമായ ഒരു ശൈലിയിലേക്ക് സമൂഹം  മാറും എന്ന് തന്നെയാണ്. പേടിച്ചു യാത്രകള്‍ ഒഴിവാക്കുന്നത് എവിടെയും എത്തിക്കില്ല.സ്ത്രീ വീട്ടിനുള്ളിലേക്ക് കൂടുതല്‍ ഒതുക്കപ്പെടുകയെ ഉള്ളൂ..

ബഷീറിന്റെ കത്തുകൾ...

കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു തീസീസിന്‌ വേണ്ടി പല എഴുത്തുകാരെയും സമീപിക്കേണ്ടി വന്നു. കൗമുദിയെയും കെ ബാലകൃഷ്ണനെയും അദ്ദേഹം ഗതിമാറി വിട്ട പത്രപ്രവർത്തന വഴികളെ കുറിച്ചുമായിരുന്നു ആ തീസിസ്. അന്ന് കൗമുദി മലയാള സാഹിത്യത്തിൽ വലിയ സംഭവമാണ്. പ്രമുഖരായ എല്ലാ എഴുത്തുകാരും എഴുതുന്ന മാസിക. അതിലെഴുതിയ എല്ലാവർക്കും ഞാൻ കത്തയച്ചു. ചിലരൊക്കെ ചെറിയ മറുപടികൾ കുറിച്ചു. ചിലർ മറുപടി തന്നതേയില്ല. പക്ഷെ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ മറുപടി ഞെട്ടിച്ചു. പതിനെട്ടു പേജുള്ള വലിയ കത്തായിരുന്നു അത്. വലിയ സ്നേഹത്തോടെ പിന്മുറക്കാരിയായ ഒരു കുട്ടിയ്ക്ക് ഒരു എഴുത്തുകാരൻ അദ്ദേഹത്തിന്റെ സ്നേഹം പകർന്നുകൊടുത്ത വഴിയായിരുന്നു അത്.

തിരിച്ചും കത്തയച്ചു, അങ്ങനെ ആ കത്തയക്കൽ തുടർന്ന് കൊണ്ടേയിരുന്നു. എന്റെ വിവാഹം കഴിഞ്ഞ ശേഷം ആദ്യമായി ഞങ്ങൾ പോയതും ബഷീറിനെ കാണാനായിരുന്നു. അദ്ദേഹവും ഭാര്യയും എന്നെ മകൾ എന്ന് തന്നെയായിരുന്നു കണക്കാക്കിയിരുന്നത്. പിന്നീട് ആ കത്തുകൾ പുസ്തകമായി. ബഷീർ എനിക്ക് എഴുതിയ  കത്തുകൾ ചേർത്ത് ഡിസി ബുക്സ് " ബഷീറിന്റെ കത്തുകൾ" എന്ന പേരിൽ പുസ്തകം ചെയ്തു.. പിന്നീട് കത്തുകളും ബഷീര്‍ അനുഭവങ്ങളും ഓർമ്മകളും  ആസ്പദമാക്കി "ചന്ദ്രിക"യിൽ ഇരുപത്തിരണ്ട് ലക്കങ്ങളിലായി ഓർമ്മയിലെ ബഷീര്‍ എന്ന അനുഭവ പരമ്പര എഴുതി. അത് പിന്നീട് പുസ്തകമാക്കി, " ബഷീർ എന്ന അനുഗ്രഹം " എന്ന പേരിൽ.

സോഷ്യൽ മീഡിയയുടെ സ്വാധീനം.

പെൺകുട്ടികളൊക്കെ പറയാറുണ്ട് അവർക്ക് എഴുതാന്‍ തോന്നുന്ന ഭാഷയിലാണ് ഞാൻ എഴുതുന്നതെന്ന്, അത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഞാൻ എഴുപത് കാലം മുതൽ എഴുതി തുടങ്ങിയ ആളാണ്." ബീന കണ്ട റഷ്യ"  എഴുതി കഴിഞ്ഞ് പിന്നീട് ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞാണ് അടുത്ത പുസ്തകം എഴുതുന്നത്. കഥകളിലേക്കായിരുന്നു തിരിച്ചു വരവ്..

"കൗമാരം കടന്നു വരുന്നത്", "ശീതനിദ്ര" തുടങ്ങി രണ്ടു കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനിൽ ആദ്യം എഴുതി തുടങ്ങുന്നത് മനോരമ ഓൺലൈനിലാണ്, അനിയത്തിയുടെ മരണം അതെ കുറിച്ചു  എഴുതിയിരുന്നു പിന്നീട് മാതൃഭൂമിയിലും കോളങ്ങള്‍  എഴുതി. ഒരെണ്ണം  യാത്രകളെ സംബന്ധിച്ച ഒരു കോളമായിരുന്നു, "ചുവടുകൾ" എന്ന പേരിൽ അത് പിന്നീട് പുസ്തകമായി. മാതൃഭൂമി ഓണ്‍ ലൈനില്‍ " അകകാഴ്ച"  നിന്ന കോളവും എഴുതി. അതും പുസ്തകമായി വരുന്നു .ഓൺലൈനിൽ എഴുത്ത് തരംഗമായിരുന്നില്ലെങ്കിൽ ഒരുപക്ഷെ സജീവമായ എഴുത്തിന്റെ ലോകത്തേയ്ക്ക്  തിരികെയെത്തുമായിരുന്നോ എന്ന് സംശയമാണ്. പിന്നീട് ബ്ലോഗ് തുടങ്ങി അതിലും എഴുതി തുടങ്ങി. പക്ഷേ ഇപ്പോൾ  എഴുത്തു കുറവാണ്.  പലവിധ ഒച്ചകളിൽ പെട്ട് നമ്മുടെ ശബ്ദം  മുങ്ങി പോകുന്നത്  പോലെ. ഒരു വിഷയമുണ്ടായാൽ സോഷ്യൽ മീഡിയ ഇപ്പോൾ ആ നിമിഷം തന്നെ പ്രതികരിച്ചു തുടങ്ങും.


പണ്ടൊക്കെ നമ്മൾ ഒരു വിഷയത്തെ കുറിച്ച് വിശദമായി പഠിച്ചാണ്  ലേഖനങ്ങൾ തയ്യാറാക്കുക, എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. പെട്ടെന്നുള്ള ചർച്ചകളിൽ തന്നെ മറുപടിയാണ് പോസ്റ്റുകളാണ് എല്ലാതരം അഭിപ്രായങ്ങളും വന്നു നിറയും പിന്നെ പറയാൻ ഒന്നുമില്ലാതെയാകുന്ന അവസ്ഥയുണ്ട്, പിന്നെ എന്തിനെഴുതുന്നു എന്ന് കരുതും.. മിണ്ടാതിരിക്കും.

പുസ്തകങ്ങൾ.....

കേരളത്തിന്റെ കഴിഞ്ഞ  അറുപതു വർഷത്തില്‍ കുട്ടിക്കാലത്തിനു വന്ന മാറ്റങ്ങളെ കുറിച്ച് ഒരു പുസ്തകം ഉടനെ തന്നെ ഡി സി ബുക്സ് പുറത്തിറക്കുന്നു.. അതിനു വേണ്ടി കുട്ടിക്കാലത്തേക്ക് ഒരു മടക്കയാത്ര നടത്തിയത് നല്ല അനുഭവമായിരുന്നു. 'ബ്രഹ്മപുത്രയിലെ വീട്', 'ചുവടുകൾ', 'നദി തിന്നുന്ന ദ്വീപ്' എന്നിവ യാത്രാനുഭവങ്ങളാണ്. പിന്നെ അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്‌കൂൾ, അമ്മക്കുട്ടിയുടെ അത്ഭുതങ്ങൾ, മാധ്യമങ്ങൾക്ക് പറയാനുള്ളത് എന്നിങ്ങനെ കുറച്ച് ബാലസാഹിത്യങ്ങൾ, ഇപ്പോൾ 'നൂറു നൂറു കസേരകൾ' എഴുത്തിലാണ്. അതിന്റെ കുറച്ചു ഭാഗങ്ങൾ കൗമുദിയിൽ സീരിയലൈസ് ചെയ്തിരുന്നു, അതിനാണ്  ഇപ്പോൾ വി കെ മാധവൻ കുട്ടി പുരസ്കാരം ലഭിച്ചത്.  പ്രശസ്ത പത്രപ്രവർത്തകരായ പി സായിനാഥിന്റെയും  വെങ്കിടേഷ് രാമകൃഷ്ണന്റെയും പുസ്തകങ്ങളും ലേഖനങ്ങളും ആണ് ഈ വിഷയത്തിലേക്ക് ഇത്തരമൊരു എഴുത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. വെങ്കിടേഷ് രാമകൃഷ്ണന്‍ യാത്രകൾക്കും മറ്റും സഹായിക്കുന്നുമുണ്ട്.

ഓരോ യാത്രയും നിങ്ങളെ മറ്റൊരാളാക്കും...

എഴുത്തും യാത്രയും കൂടാതെ  സോഷ്യൽ ആക്ടിവിറ്റിയിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വുമൺ റൈറ്റേഴ്‌സ് ഫോറം എന്നൊരു സംഘടന സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ചിരുന്നു പിന്നെ ഇടം, പവിഴമല്ലി, സ്ത്രീകൂട്ടായ്മ, നെറ്റ് വർക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, തുടങ്ങി നിരവധി സ്ത്രീ സംഘടനകള്‍ .... , ഇപ്പോൾ ഇരുപത് വർഷമായി നിരവധി കാര്യങ്ങൾ ഞങ്ങള്‍  ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക് വൈകുന്നേരങ്ങളിൽ നഷ്ടമാകുന്ന പൊതുഇടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുണ്ട്.

ഇപ്പോൾ തിരുവനന്തപുരത്ത് പലയിടത്തും വൈകുന്നേരങ്ങളിൽ സ്ത്രീകൾ ഒത്തുകൂടുകയും  സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അവിടങ്ങളിലൊക്കെ മരങ്ങൾ നട്ടു പിടിപ്പിക്കലും ചെയ്യുന്നു.. സ്ത്രീകൾ വീടിനു പുറത്തേയ്ക്ക് വരണം, കൂടുതൽ യാത്രകൾ ചെയ്യണം, ഇത് തന്നെയാണ് വേണ്ടത്. നിരവധി സൗഹൃദങ്ങളെനിക്കുണ്ട്.. ആൺ പെൺ ഭേദമില്ലാതെ..സാധാരണ വിവാഹിതയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഭർത്താവിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലും മാത്രമൊതുങ്ങിപ്പോകുന്നുണ്ട് അവളുടെ സൗഹൃദങ്ങൾ. അതുവരെ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇല്ലാതായിപ്പോകുന്നു.  പക്ഷെ അതിന്റെ ആവശ്യമെന്താണ്, നല്ല സുഹൃത്തുക്കളെ ആൺ- പെൺ ഭേദമില്ലാതെ ജീവിതത്തിൽ സ്വീകരിക്കാൻ കഴിയണം.

എന്റെ ജീവിതത്തിലും ജോലിയിലും എന്നെ നിരവധി പേർ സഹായിക്കുന്നുണ്ട്, അതിൽ സുഹൃത്തുക്കളുടെ പങ്ക് വളരെ വലുതാണ്. പലപ്പോഴും യാത്രകളിൽ പോലും പുരുഷ സുഹൃത്തുക്കളുടെ സഹായം തേടാറുണ്ട്.. "പെരുമഴയത്ത്" എന്ന പുസ്തകം സൗഹൃദങ്ങളെ കുറിച്ചുള്ളതാണ്. നമ്മുടെ ജീവിതത്തെ എൻറിച്ച് ചെയ്യുന്ന, നമുക്ക് ഊർജ്ജം നൽകുന്ന നമ്മളെ പൂർണരാക്കുന്നവരാണ് നമ്മുടെ സൗഹൃദങ്ങൾ, വിവാഹത്തിലൂടെ മാത്രം ഒരാള്‍ക്കതിനു കഴിയില്ല, ഒപ്പം സൗഹൃദങ്ങളും ഉണ്ടാവുക തന്നെ വേണം. ജീവിതത്തിലേക്കുള്ള ഓരോ യാത്രയും, ഓരോ ഇടങ്ങളിലേക്കുള്ള യാത്രയും ഓരോ സൗഹൃദങ്ങളിലേക്കുള്ള യാത്രയും ശരിക്കും നിങ്ങളെ മറ്റൊരാളാക്കി മാറ്റും...