അപരകാന്തി സിനിമയാക്കണമെന്ന് ആവശ്യപ്പെട്ടു, ചെയ്തു, പക്ഷേ...

സംഗീത ശ്രീനിവാസൻ

ആസിഡ് എന്ന ഒറ്റ നോവൽ മതി സംഗീതാ ശ്രീനിവാസൻ എന്ന എഴുത്തുകാരിയെ അടയാളപ്പെടുത്താൻ. കാരണം സാഹിത്യത്തിൽ അപൂർവ്വമായി വരുകയും നിലനിൽക്കുകയും ചെയ്യുന്ന എഴുത്തുകളുടെ ശേഖരത്തിൽ ഒന്നായി സൂക്ഷിക്കാൻ കഴിയുന്ന നോവലാണത്. പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്റെ മകൾ എന്ന പരിചയപ്പെടുത്തലിനുമപ്പുറം എഴുത്തുകാരി എന്ന ലേബലിലേയ്ക്ക് സംഗീത മാറിയിരിക്കുന്നു. ഉറപ്പുള്ള ഭാഷയും വ്യത്യസ്തമായ പ്രമേയ ഭംഗികളും കൊണ്ട് സമൃദ്ധമാണ് സംഗീതയുടെ എഴുത്തുകളൊക്കെ തന്നെയും. മലയാള സാഹിത്യരംഗത്തെ ഏറ്റവും പുതിയ നക്ഷത്രമായി അടയാളപ്പെടുത്തിയിരിക്കുന്ന സംഗീത ശ്രീനിവാസൻ സംസാരിക്കുന്നു.

സദാചാരം പറയുന്നവരെ നിങ്ങളോട്...

മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാക്കാതെ അവർക്ക് തന്നെ കൃത്യമായി അറിയില്ലാത്ത കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അതിനെതിരായി സംസാരിക്കുകയും ഒരുകൂട്ടം ജനങ്ങളെ അതിനിരയാക്കുകയും മാർജിനലൈസ് ചെയ്യുകയും ചെയ്യുന്നത് ബുദ്ധിയില്ലായ്മയുടെ ലക്ഷണമാണ്. അതുകൊണ്ടു തന്നെയാണ് ആസിഡിൽ സദാചാര പൊലീസുകാരെ മന്താ എന്ന് വിളിച്ചിരിക്കുന്നത്. നാടൻ രീതിയിൽ പറയുകയാണെങ്കിൽ സ്വന്തം കാലിലെ മന്ത് മൂടിവച്ചുകൊണ്ടാണ് അപരനെ മന്താ എന്ന് വിളിക്കുന്നത്. എന്നാൽ മന്ത് ഒരു രോഗാവസ്ഥയല്ലേ എന്ന് ചോദിച്ചാലോ മന്തില്ലാത്ത ആളുകൾ ഒരിക്കലും മറ്റൊരാളെ മന്താ എന്ന് വിളിക്കരുത്. വിളിക്കുന്നെങ്കിൽ അത് വിളിക്കുന്നയാളിന്റെ നിലവാരമില്ലായ്മയെ ആണ് കാണിക്കുന്നത്. നിലവാരമില്ലാത്തയാളുകളെ കുറിച്ചു സംസാരിക്കേണ്ടതിന്റെ ആവശ്യം പോലും ഉദിക്കുന്നില്ല. പക്ഷെ നമ്മൾ സംസാരിക്കാൻ നിർബന്ധിതരാവുകയാണ്. കാരണം ഇത്തരക്കാർ സമൂഹത്തെ ബാധിക്കുന്ന വട്ടച്ചൊറിയാണ്. ജീവിതത്തിൽ ചിന്തിക്കേണ്ടതും മനസ്സിലാക്കേണ്ടതും മനസിലായിക്കഴിഞ്ഞാൽ വലിയ വ്യത്യാസങ്ങൾ വരുത്തുന്നതുമായ പലതുമുണ്ട്. അതൊക്കെ ചിന്തിക്കുന്ന ആളുകൾക്ക് ഇത്തരം നിസ്സാരതകളുടെ പിന്നാലെ പായേണ്ട കാര്യമില്ല. മന്ത് എന്ന രോഗാവസ്ഥ ഒരു താരതമ്യത്തിന് വേണ്ടി പറഞ്ഞു എങ്കിലും മന്ത് പ്രതിനിധാനം ചെയ്യുന്നത് ഏകപത്നീ /പതിവ്രതക്കാരെയോ വിവാഹേതരബന്ധക്കാരെയോ അല്ല. സദാചാരം വലിയ പ്രശ്നമായി പേറുന്ന സമൂഹത്തിന്റെ മനസ്സിനാണ് യാഥാർഥ മന്ത്. ജൈവശാസ്ത്രപരമായും വൈകാരികമായും ഉള്ള വ്യതിയാനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകാനുള്ള മനോഭാവം സമൂഹത്തിനില്ല. അല്ലെങ്കിൽ സമൂഹത്തിലെ പല വ്യക്തികൾക്കുമില്ല. സമൂഹത്തിന്റെ സദാചാരബോധം ഇന്റേണലൈസ് ചെയ്തിട്ടുള്ള ആളുകൾ അതിലൊരു ചെറിയ വ്യത്യാസം കാണുമ്പോൾ വളരെയധികം അസ്വസ്ഥരായി മാറുകയാണ്. ഇതേ സദാചാരം ദേശങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണെന്നും ഒരുവന്റേതു മറ്റൊരുവനിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഉൾക്കൊള്ളാൻ പലർക്കും കഴിയുന്നില്ല. 

ആസിഡിന്റെ രാഷ്ട്രീയം

സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥ തന്നെ. പലപ്പോഴും ഒരുതരത്തിലും ഗുണകരമല്ലാത്ത സമീപനങ്ങളാണ് കൂടുതൽ സംഘർഷങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്നത്. മിതമായ സമീപനങ്ങളും ശാന്തമായ ഒത്തുതീർപ്പുകളും നഷ്ടപ്പെടുന്നിടത്ത് അപചയങ്ങൾ തുടങ്ങുന്നു. ഒരുത്സവക്കാലത്തു അൻപതുകോടി രൂപ കുടിച്ചു തീർക്കുന്നവരാണ് മലയാളികൾ എന്ന് പറഞ്ഞാൽ എന്ത് ആരോഗ്യമാണ് ആ സമൂഹത്തിനു അവകാശപ്പെടാനുള്ളത്? മദ്യപാനം കൊണ്ടുണ്ടായ ഓണക്കാല ഡിലീറിയകുതിപ്പുകളും കവിഞ്ഞൊഴുകുന്ന സർക്കാർ ആശുപത്രി കണക്കുകളും സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടതാണ്. ചാലക്കുടിക്കാരെ വെട്ടിച്ച് ഇരിങ്ങാലക്കുട ഇത്തവണ ലീഡ് ചെയ്തു, എന്നൊക്കെ അടിക്കുറിപ്പെഴുതി നമുക്ക് രസിക്കാം. ഈ അൻപത് കോടിയിൽ കിട്ടുന്ന ടാക്സ് കൊണ്ടാണ് സമൂഹത്തിലെ പല കാര്യങ്ങളും ഓടുന്നത്. അങ്ങനെ ചിന്തിച്ചാൽ എന്ത് അന്തമില്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് എളുപ്പം മനസ്സിലാക്കാം. കുടിയന്മാരുടെ പോക്കറ്റിലെ കാശെടുത്ത് സമൂഹചക്രം തിരിക്കുന്നു. ഇവിടെ ഉത്തരവാദിത്തമുള്ള സമൂഹവുമില്ല, പൗരന്മാരുമില്ല. ഒരു ഗെയിം , ഒരു അന്തമില്ലാത്ത പോക്ക്. വലിയസദാചാര മൂല്യങ്ങളെക്കുറിച്ചൊക്കെ ചർച്ചയും.. കലക്കി!

ടോൾസ്റ്റോയിയുടെ ഒരു കഥയാണ് ഓർമ്മ വരുന്നത്. ചൂതാട്ടവും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാരിന്റെ കഥ. ആ ടാക്സുകൊണ്ടു സുഗമമായി മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ കഥ. അവിടെ പെറ്റിക്കേസ് ചാർജ് ചെയ്യപ്പെട്ട് ഒരുത്തൻ തടവറയിലെത്തുന്നു. ഇയാളെ തടവറയിൽ നിന്നും പറഞ്ഞുവിടാൻ സർക്കാർ നടത്തുന്ന തന്ത്രങ്ങളാണ് കഥ. മനുഷ്യന്റെ ലീഗൽ സിസ്റ്റവും സൊസൈറ്റിയുമൊക്കെ എന്തുമാത്രം ഇല്ലോജിക്കലും അബ്സെടുമാണെന്നാണ് ടോൾസ്റ്റോയി അന്നെഴുതി വച്ചത്. തമാശ, ഇന്നും അതിൽ യാതൊരു മാറ്റവും വരുന്നില്ല എന്നിടത്താണ്. നമ്മൾ വലിയ സദാചാരം പറയുകയും ചെയ്യും അൻപതുകോടി രൂപയ്ക്ക് കുടിക്കുകയും ചെയ്യും. ആ കാശ് കൊണ്ട് സർക്കാർ നടത്തിപ്പ് തുടരുകയും ചെയ്യും. ഇതിനകത്ത് വരുന്ന ചില പെറ്റി ചിന്തകൾക്ക് പുറകെ പരക്കംപായുകയും ചെയ്യും. അങ്ങനെയൊക്കെ കാണിക്കുന്ന ജനങ്ങളും സർക്കാരും അതിനകത്തുള്ള ചില വിശ്വാസങ്ങളും.. അത്രേയൊക്കെയേ ഉള്ളൂ നമുക്ക്...

നോവലിന്റെ ലെസ്ബിയൻ വായന

ഞാൻ ഒരുതരം ബന്ധങ്ങൾക്കും എതിരല്ല. പ്രത്യേകിച്ച് അത് മറ്റൊരാളെ അല്ലെങ്കിൽ ഇണകളിലൊന്നിനെ ബുദ്ധിമുട്ടിക്കാത്തിടത്തോളം. ലെസ്ബിയൻ പ്രണയം എഴുതുന്നതിനു വേണ്ടിയല്ല ആസിഡ് എഴുതിയത്. ഒരു സ്ത്രീ ഒരു പുലിയെ പ്രണയിക്കുകയാണെങ്കിൽ.. ആ പുലിയ്ക്ക് തിരിച്ചും അവളോട് പ്രണയമുണ്ടെങ്കിൽ ഞാനെന്തു ചെയ്യാനാണ്.. അതവരുടെ കാര്യമല്ലേ..ആ വഴിക്ക് വിട്ടേക്കുക

ആസിഡിന്റെ എഴുത്തനുഭവങ്ങൾ

ആസിഡ് എഴുതുമ്പോൾ അധികവും മനുഷ്യരുടെ പരിമിതികളെ കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്. എന്റെ തന്നെ പരിമിതികൾ, ചിന്തകളിലും പ്രവൃത്തികളിലും എനിക്ക് നേടാനാകാതെയിരുന്ന ഇടങ്ങൾ, ആഗ്രഹങ്ങൾ.. പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും ഒരനന്ത സാധ്യത. അങ്ങനെയൊന്നുണ്ടോ? ശാന്തമാകാതെ ശമിക്കുന്ന ജീവിതങ്ങളെപോലെ...

അപരകാന്തിയെ കുറിച്ച്...

അപരകാന്തി ഒരു മൈൻഡ് ഗെയിം ആണ്. സിയാ എന്ന കഥാപാത്രത്തോട് എനിക്ക് തോന്നിയ ആകർഷണമാണ് അതിനു പിന്നിൽ. 

അപരകാന്തിയുടെ സിനിമാ വിശേഷങ്ങൾ

ആ നോവൽ സിനിമയാക്കണമെന്നു നടനും സംവിധായകനുമായ മധുപാൽ ആണ് ആവശ്യപ്പെട്ടത്. തിരക്കഥയും ഞാൻ തന്നെ എഴുതണമെന്നും ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ഒരു സിനിമയാക്കാനുള്ള വലിപ്പമൊന്നും ആ പുസ്തകത്തിനില്ല. എങ്കിലും ചെയ്തു തുടങ്ങിയിരുന്നു. പക്ഷെ ചില പ്രത്യേക സാഹചര്യങ്ങളാൽ ആ സിനിമ പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

അമ്മയുടെ സ്വാധീനം 

അമ്മയുടെ സ്വാധീനം എഴുത്തിലും ജീവിതത്തിലും കുറച്ചൊന്നുമല്ല, വളരെ വലുതാണ്. അമ്മയെ കാണാൻ തുടങ്ങിയ അന്ന് മുതൽക്കേ അതുണ്ട്. കുട നിവർത്തി വച്ചതു പോലെ ഒരു പച്ചമരം. ആ തണലിൽ ഞാൻ സുരക്ഷിതയാണ്.

ഇംഗ്ലീഷ് , മലയാളം രണ്ടും എഴുത്തിൽ ഭാഷയാകുമ്പോൾ

രണ്ടു ഭാഷകളിലും എഴുതാറുണ്ടെങ്കിലും മലയാളം തന്നെയാണ് കൂടുതൽ കംഫർട് തരുന്നത്. ഇംഗ്ലീഷ് ഒരു തുടക്കക്കാരിയുടെ പരീക്ഷണമായിരുന്നു. കൗതുകം. അതെന്റെ ഭാഷയല്ലല്ലോ, എങ്കിലും സങ്കടമുണ്ട്. എന്റെ മലയാളം, അതുപോലെ തന്നെ ഇംഗ്ലീഷിനും ഒരുപാട് പരിമിതികളുണ്ട്. പഠിക്കേണ്ട കാലത്തു പഠിക്കാതെയിരുന്നതിന്റെയും ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങി നടന്നതിന്റെയും അപകർഷതാബോധം ഇപ്പോഴുമുണ്ട്. 

മറ്റുള്ള എഴുത്തുകൾ...

ബാലസാഹിത്യം വായിക്കാനും എഴുതാനും ഇഷ്ടമുണ്ട്. ബാലരമയുൾപ്പെടെയുള്ള ബാലസാഹിത്യം സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാൻ. കുട്ടികൾക്ക് വേണ്ടി എഴുതപ്പെടുന്ന പുസ്തകങ്ങളും എനിക്ക് വായിക്കാനിഷ്ടമാണ്. ആറിലും എഴിലുമൊക്കെ പഠിക്കുന്ന കുട്ടികളെ വായനക്കാരാക്കി മനസ്സിൽ കണ്ട് "വെള്ളിമീൻച്ചാട്ടം" എന്നൊരു ബാലസാഹിത്യകൃതി എഴുതിയിട്ടുണ്ട്. പക്ഷെ ഞാൻ എഴുതുന്നത് പോലെയുള്ള ബാലസാഹിത്യം ഇവിടെ സ്വീകരിക്കപ്പെടണമെന്നില്ല. എന്നാലും  വെള്ളിമീൻച്ചാട്ടം വായിച്ച നിരവധി കുട്ടികൾ എന്നോട് അഭിപ്രായം പറഞ്ഞിരുന്നു. പൊതുവെ കുട്ടികൾക്ക് അത് ഏറെ ഇഷ്ടമായി. "കള്ളിത്തള്ളകൾ വേഴ്‌സസ് സിങ്കക്കുട്ടികൾ" എന്നൊരു പുസ്തകവും കുട്ടികൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്. 

എഴുതാൻ ആഗ്രഹം...

ഒരു ബാരിയറുമില്ലാത്ത സ്ത്രീജീവിതങ്ങളെ കുറിച്ചും സ്ത്രീയുടെ ജീവിതത്തെ കുറിച്ചും അവളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചുമെഴുതാൻ എനിക്കാഗ്രഹമുണ്ട്.