അൻപതിന്റെ നിറവിൽ രണ്ടാമൂഴം

സൂതരേ, മാഗധരേ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകൾ നമുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം. നമുക്ക് ഗംഗയെ വാഴ്ത്താം. പിറവിയും പ്രേമവും പാപവും മരണവും കണ്ട വിഷുപദോദ്ഭവയായ ഗംഗയെ വാഴ്ത്താം. ഗംഗയിൽ ശന്തനുവിനുണ്ടായ അതിവിഖ്യാതപുത്രൻ, വ്രതകാരുണ്യം കൊണ്ട് ദേവകളെക്കൂടി അമ്പരിപ്പിച്ച മഹാപുരുഷൻ ഭീഷ്മരെ വാഴ്ത്താം. മത്സ്യഗന്ധിയിൽ ശന്തനുവിനു പിറന്ന വിചിത്രവീര്യനെ വാഴ്ത്താം. വിചിത്രവീര്യ ക്ഷേത്രങ്ങളിൽ കൃഷ്ണദ്വൈപായനനിയോഗത്തിൽ പിറന്ന ധൃതരാഷ്ട്രരെയും പാണ്ഡുവിനെയും വാഴ്ത്താം. കൃഷ്ണദ്വൈപായനവ്യാസൻ ദാസിക്കു കനിഞ്ഞേകിയ ധർമതുല്യൻ വിദുരരെ വാഴ്ത്താം. പിന്നെ നമുക്ക് യുധിഷ്ഠിരനെ വാഴ്ത്താം. ചന്ദ്രവംശത്തിലെ സംവരണന് സൂര്യപുത്രി തപതിയിലുണ്ടായ കുരുവിനെ നമുക്ക് വാഴ്ത്താം. തോഴരേ, സൂര്യചന്ദ്രവംശമഹിമകൾ നമുക്കിനിയും പാടാം...

മലയാളികൾ ഇത്രയധികം നെഞ്ചോടു ചേർത്തു വായിച്ച പുസ്തകം വേറെയുണ്ടോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. മഹാഭാരത രചനയിൽ വ്യാസൻ വിട്ടുപോയ പലതും മലയാളിക്കു പൂരിപ്പിച്ചു നൽകിയത് അദ്ദേഹമായിരുന്നു. രണ്ടാമൂഴത്തിലൂടെ എം.ടി.വാസുദേവൻനായർ. അതെ, എം.ടിയുടെ രണ്ടാമൂഴം അൻപതാംപതിപ്പിന്റെ നിറവിലാണിപ്പോൾ. 1984 ഡിസംബറിൽ പ്രസിദ്ധീകരിച്ച രണ്ടാമൂഴത്തിന്റെ അൻപതാംപതിപ്പ് ഇറങ്ങിയ വേളയിലാണ് എം.ടി അത് സിനിമയാക്കുന്നതിന്റെ യഥാർഥ വിവരം പുറത്തുവിട്ടത്. മോഹൻലാൽ നായകനായി മഹാഭാരതമെന്ന പേരിൽ രണ്ടുഭാഗമായി രാജ്യത്തെ എല്ലാ ഭാഷകളിലുമായി തിയറ്ററുകളിൽ എത്തുന്ന ചിത്രം. 

എം.ടിയുടെ നോവലുകളെല്ലാം വായനക്കാർ ഏറെ ആവേശത്തോടെയാണ് വായിച്ചുതീർത്തത്. കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും അറബിപ്പൊന്ന്, വാരണാസി എന്നിവയാണ് രണ്ടാമൂഴത്തെകൂടാതെ അദ്ദേഹമെഴുതിയ നോവൽ. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ചത് വാരണാസി. എന്നാൽ രണ്ടാമൂഴത്തിനു മാത്രം എത്താൻ പറ്റിയൊരു ഉയരമുണ്ട്. മഹാഭാരതമെന്ന ഇതിഹാസത്തിൽ നാം ആഘോഷത്തോടെ അറിഞ്ഞ പലതിനു പിന്നിലും മറ്റൊരു യാഥാർഥ്യമുണ്ടെന്ന് എം.ടി കാട്ടിത്തരികയായിരുന്നു. യുധിഷ്ഠിരൻ എന്ന ധർമപുത്രന്റെയും ഇന്ദ്രപുത്രനായ അർജുനന്റെയും വിജയം ആഘോഷിച്ചു എഴുതിയ ഇതിഹാസത്തിൽ ഭീമനെന്ന രണ്ടാമൂഴക്കാരന്റെ കാഴ്ചപ്പാടിലൂടെയായിരുന്നു എം.ടി എഴുതിയത്. വായുപുത്രന്റെ കണ്ണിലൂടെ കണ്ട കാഴ്ചകൾ അത്രയ്ക്കു മനോഹരമായിരുന്നില്ല. ഭീഷ്മരും ദ്രോണരുമൊക്കെ കണ്ടിട്ടും കാണാതെ പോയ കാര്യങ്ങളായിരുന്നു ഭീമൻ കണ്ടത്. ദേവലോകത്തെ സുഖകരമായ കാഴ്ചകളായിരുന്നില്ല ഭീമന്റെത്. ഭൂമിയിലെ ഒരു സാധാരണക്കാരനായ മനുഷ്യന്റെ വികാരങ്ങളിലൂടെയാണ് ഭീമൻ എല്ലാം അറിഞ്ഞത്. 

‘‘മുന്നിൽ പോകുന്ന യുധിഷ്ഠിരന് കേൾക്കാവുന്നത്ര ഉച്ചത്തിൽ ഭീമൻ വിളിച്ചുപറഞ്ഞു: നിൽക്കൂ, ജ്യേഷ്ഠാ, ദ്രൗപദി വീണുപോയി’’.യുധിഷ്ഠിരൻ കാൽവയ്പുകളുടെ വേഗം കുറയ്ക്കാതെ, പിൻതിരിഞ്ഞു നോക്കാതെ പറഞ്ഞു: അദ്ഭുതമില്ല, ഉടലോടെ ദേവപദത്തിലെത്താനുള്ള ആത്മവീര്യം അവൾ പണ്ടേ നഷ്ടപ്പെടുത്തി. ഭീമൻ അമ്പരന്നു. യുധിഷ്ഠിരൻ ശ്രേഷ്ഠപത്നിയെപ്പറ്റിയാണോ ഈ പറയുന്നത്?

കാറ്റിൽ ഒഴുകിയെത്തിയ യുധിഷ്ഠിരന്റെ വാക്കുകൾ വ്യക്തമായി കേട്ടു: അവൾ അർജുനനെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ. രാജസൂയത്തിൽ എന്റെയരികെ ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ അർജുനനിലായിരുന്നു. യാത്ര തുടരൂ, വീഴുന്നവർക്കു വേണ്ടി കാത്തുനിൽക്കാതെ യാത്ര തുടരൂ!..

ധർമിഷ്ഠിനായി വാഴ്ത്തപ്പെട്ട യുധിഷ്ഠിരൻ സാധാരണക്കാരനായി താഴ്ന്നുപോകുന്ന സന്ദർഭമായിരുന്നു അത്. ദ്രൗപദിക്കു വേണ്ടി ആരും കാത്തുനിന്നില്ല. അവൾ ഏറെ ഇഷ്ടപ്പെട്ട അർജുനനോ മാദ്രീകുമാരന്മാരായ നകുലനോ സഹദേവനോ നിന്നില്ല. ഉടലോടെ സ്വർഗത്തിൽ പോകാനുള്ള തിടുക്കമായിരുന്നു അവർക്ക്. മുൾച്ചെടികൾക്കിടയിൽ വരണ്ട മണ്ണിൽ കുഴഞ്ഞുവീണുകിടക്കുന്ന ദ്രൗപദിയുടെ സമീപം ഭീമൻ നിന്നു. നനുത്തശ്വാസത്തിൽ ഭൂമിയെ ചുംബിച്ചുകൊണ്ടു കിടക്കുന്ന അവളുടെ തോളെല്ലുകൾ ചലിച്ചു. മുട്ടുകുത്തി അവളുടെ സമീപം  ഇരുന്നു. ചുമലിൽ തൊടാൻ ആഞ്ഞ കൈ പിൻവലിച്ച് ഭീമൻ വിളിച്ചു: ദ്രൗപദീ..അവൾ കണ്ണുതുറക്കുന്നതും കാത്ത് ഭീമൻ വിഷാദത്തോടെ നിന്നു. അവളെ തന്നെ നോക്കിനിന്നു.

നോവലിന്റെ തുടക്കത്തിൽ തന്നെ ഭീമൻ ആരാണന്നു സ്ഥാപിക്കാൻ എം.ടിക്കു സാധിച്ചു. കൊട്ടിഘോഷിക്കപ്പെട്ടതല്ല സത്യമെന്നും യാഥാർഥ്യത്തിനു പരുക്കൻ ഭാവമാണെന്നും രണ്ടാമൂഴത്തിലെ ആദ്യ അധ്യായത്തിലൂടെ എം. ടി പറയുമ്പോൾ ബാക്കി വായനയിലേക്കുള്ള ആകാംക്ഷ വർധിക്കുകയാണ്.

തൃശൂർ കറന്റ് ബുക്സ് ആണ് രണ്ടാമൂഴം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1985ൽ മൂന്നു പതിപ്പാണ് ഇറങ്ങിയത്. ഈ വർഷം രണ്ടാംപതിപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്പൂതിരി വരച്ച പുതിയ ചിത്രങ്ങളും നോവലിൽ ചേർത്തിട്ടുണ്ട്.