മലയാള കവിതയിലെ പ്രണയം വളർന്നു, മലയാളിയുടെയോ?

മലയാളികളുടെ ഉള്ളുതൊട്ട കവികൾ അവരുടെ ഉള്ളു തൊട്ട രണ്ട് പ്രണയ കവിതകൾ തിരഞ്ഞെടുക്കുന്നു. ആ കവിതകളിലൂടെ മലയാള കവിത നടന്ന പ്രണയത്തിന്റെ വഴികളിലൂടെയുള്ള സഞ്ചാരം.. പി. എൻ ഗോപീകൃഷ്ണൻ തിരഞ്ഞെടുത്ത പ്രണയകവിതകൾ

പ്രണയം മറക്കുള്ളിലാണ്. പുറം കാഴ്ചയിൽ ഏറ്റവും മനോഹരമായി തോന്നതക്കവിധം നിരവധി ആവരണങ്ങൾ കൊണ്ട് അത് പൊതിയപ്പട്ടിരിക്കുന്നു. പുറമേ നിന്ന് നോക്കി കണ്ടവർക്കൊക്കെ പ്രണയം കാൽപനികമായിരുന്നു. പ്രണയിച്ചവർക്കാവട്ടെ അത് ബാഹ്യാവരണങ്ങൾക്കുള്ളിൽ ഉള്ളു നീറ്റിച്ചുകൊണ്ടിരുന്ന ചില യാഥാർത്ഥ്യങ്ങളുടേതു കൂടിയായിരുന്നു. മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടുളള കവിതകളിൽ നിന്ന് ഉള്ളുതൊട്ട പ്രണയ കവിത തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, പുഞ്ചിരിയെന്ന കുലീനമായ കള്ളത്തിനുള്ളിലെ സത്യങ്ങൾ വിളിച്ചു പറഞ്ഞ വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്ന കവിതയാണ് കവി പി.എൻ ഗോപീകൃഷ്ണൻ തിരഞ്ഞെടുക്കുന്നത്. കൽപനികതയ്ക്കപ്പുറം കവിതയിലെ യാഥാർത്ഥ്യങ്ങളാണ് ഈ കവിത തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കവി പറയുന്നു.

പുഞ്ചിരി, ഹാ, കുലീനമാം കള്ളം നെഞ്ചു കീറി ഞാൻ നേരിനെക്കാട്ടാം. എന്നാരംഭിക്കുന്ന വൈലോപ്പിള്ളിയുടെ കവിതയിൽ നിഴലിക്കുന്നത് പ്രണയത്തിന് കൽപ്പിച്ചു കൊടുക്കപ്പെട്ടിട്ടുള്ള അതിഭാവുകത്വത്തിനും മഹത്വത്തിനുമപ്പുറമുള്ള ചില നേരുകളാണ്. തേവിടിശ്ശി നീയെന്തിനേ കഞ്ഞി തേവി വെച്ചത് ചോറെനിക്കില്ലെ എന്നു ചോദിച്ച് വേട്ട പെണ്ണിനെ തല്ലുന്ന മേളത്തിനു ശേഷം ആട്ടൊരുഗ്രമാം ചുംബനമെന്നമട്ടിൽ കൂട്ടുകാരിയെ പുൽകി ഉറങ്ങാൻ കഴിയുന്ന പ്രണയത്തിനു മാത്രം സാധ്യമായ ചില അപൂർവതകളും കവി കണ്ടെടുക്കുന്നു. മണ്ണിന്റെ മണമുള്ള താണ ജാതിക്കാരിയാണ് വൈലോപ്പിള്ളി കവിതയിലെ പ്രണയിനി. കാമുകനാകട്ടെ കുലീനതയിൽ സ്വയം അഭിമാനിക്കുന്ന ജന്മിയും. പ്രണയത്തിനിടയ്ക്ക് ജാതിയും മതവും തീർത്ത വിടവുകളുടെ അകൽച്ച കാലമെത്ര മുൻപോട്ട് ഒഴുകിയിട്ടും ഇല്ലാതാവുന്നില്ല എന്നതുകൊണ്ട് തന്നെ കുടിയൊഴിക്കലിലെ പ്രണയം. അത്യന്താധുനികയുടെ നാളുകളിലും കാലഹരണപ്പെടുന്നില്ല. 

പ്രണയത്തിനിടയ്ക്ക് ജാതിയും മതവും തീർത്ത വിടവുകളുടെ അകൽച്ച കാലമെത്ര മുൻപോട്ട് ഒഴുകിയിട്ടും ഇല്ലാതാവുന്നില്ല എന്നതുകൊണ്ട് തന്നെ കുടിയൊഴിക്കലിലെ പ്രണയം അത്യന്താധുനികയുടെ നാളുകളിലും കാലഹരണപ്പെടുന്നില്ല.

കന്യമാരുമായെന്നയൽവക്കിൽ

കൈയുകൊട്ടിക്കളിച്ചതിൻശേഷം

"എന്നുടെയൊച്ച കേട്ടുവോ വേറി!"-

ട്ടെന്നു പിറ്റേന്നു ചോദിക്കുവാൻ മാത്രം വൈലോപ്പിള്ളി കവിതയിലെ ജന്മിയും പണിയാളത്തിയും തമ്മിലുള്ള പ്രണയം വളരുന്നുമുണ്ട്. അനേകായിരം ശബ്ദങ്ങൾക്കുള്ളിൽ നിന്ന് ഒന്നിനെ മാത്രം വേർതിരിച്ചറിയാന്‍ കഴിയുക. ആ തിരിച്ചറിവിന് ജാതി, മതം, സമ്പത്ത്, പ്രായം, ലിംഗം, ഭാഷ... തുടങ്ങി മറ്റൊന്നും തടസ്സമാകുന്നുമില്ല. പിന്നീടെപ്പോഴോ പ്രണയികൾ പൊതുസമൂഹത്തിന്റെ കൺവെട്ടത്തിനുള്ളിൽ ആകുന്നു. അല്ലെങ്കിൽ അവർ സ്വയം തങ്ങളെയും പൊതു സമൂഹത്തിന്റെ ചിന്തകളുമായി ചേർത്തുവെച്ച് പരിശോദിക്കുന്നു. ഇവിടെ മേൽ പറഞ്ഞ വ്യത്യസങ്ങളൊക്കെ പ്രശ്നങ്ങളാകുന്നു.

ചുറ്റുപാടുമേ ചെമ്പനീർപ്പൂക്ക–

ളെത്ര ചാടുവീർപ്പിട്ടു നിന്നാലും,

ഒട്ടുമാഗ്രഹമെന്നിയേ, പാട്ടിൻ–

പട്ടുനൂലു, നൂറ്റെന്നറയ്ക്കുള്ളിൽ

പെട്ടു വാണൊരെൻഭാവന പത്ര–

പട്ടമേന്തിടും ഭ്രാന്തിനെപ്പോലെ,

മീൻ കഴുകിയ വെള്ളത്തിൽ വാച്ചാ

ത്തേൻകദളിയിലെന്തിനു പൂകി? 

ചുറ്റുപാടും സുന്ദരികളൊരുപാടുണ്ടെങ്കിലും അതിലൊന്നും ആകൃഷ്ടനാവാതെ സ്വന്തം ലോകത്ത് കഴിഞ്ഞ താനെന്തു കൊണ്ടാണ് ഒരു താഴ്ന്ന ജാതിയിലെ പെൺകുട്ടിയിൽ ആകൃഷ്ടനായത് എന്ന പരിഭവം പലപ്പോഴും കാമുകനിൽ കാണാൻ കഴിയും.

താണ വർഗ്ഗത്തിലാകിലും, സ്വച്ഛ–

മാനസഗ്രാമപുഷ്പമേ, നിന്നെ

മോതിരക്കൈ പിടിച്ചു ഞാനേറ്റും

മേദുരപ്രേമമെന്റെ നാകത്തിൽ

മാറുമാദർശശുദ്ധിതൻമുന്നിൽ

മാനവക്കെടുനീതികളെല്ലാം. പ്രതിബന്ധങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ട് പ്രണയിക്കുന്നവരുടെ ഉള്ളിലെല്ലാം ഒരു വിപ്ലവകാരി ഒളിഞ്ഞിരിക്കുന്നു. തങ്ങൾക്ക് തകർത്തെറിയാൻ കഴിയുന്ന വേലിക്കെട്ടുകൾക്കപ്പുറം സമത്വസുന്ദരമായ ഒരു ലോകം അവർ സ്വപ്നം കാണുന്നു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്നിടത്ത് ചുറ്റുമുള്ള വേർതിരിവുകളെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാൽ യാഥാർഥ്യങ്ങളുടെ ലോകത്ത് പ്രണയത്തെ കുറിച്ചുള്ള കാൽപനികചിന്തകൾ കൊണ്ട് കാര്യമില്ല. ഇവിടെ കാമുകൻ ഉയർന്ന ജാതിക്കാരനാണ് കാമുകി കീഴാളത്തിയും. കീഴ്ജാതിക്കാരിയോടുള്ള അടുപ്പം അത് എത്രതന്നെ തീവ്രമാണെങ്കിലും തനിക്കതു ചേർന്നതല്ല, അവളിലും ഒരുപടി മുകളിലാണ് താൻ എന്ന ബോധം പ്രണയത്തേക്കാൾ എത്ര ഇരട്ടി തീവ്രതയിൽ സമൂഹവും കാലവും അയാളെ പഠിപ്പിച്ചിട്ടുണ്ട്. ഇനി തന്റെ നിലക്ക് ചേരാത്ത കാമിനിയെ ഒഴിവാക്കാനുള്ള ന്യായങ്ങൾ തിരയുന്ന കാമുകനെയാണ് വൈലോപ്പിള്ളി അവതരിപ്പിക്കുന്നത്.

എന്നെയിഷ്ടപ്പെടുന്നതാത്തയ്യി–

ന്നന്തരംഗമല്ലർദ്ധദാരിദ്ര്യം

അന്തരംഗമാണെന്നിരുന്നാലെ–

ന്തന്തരം?–അതുമസ്ഥിരതാരം.

കന്യമാർക്കു നവാനുരാഗങ്ങൾ

കമ്രശോണസ്ഫടികവളകൾ

ഒന്നു പൊട്ടിയാൽ മറ്റൊ–ന്നിവണ്ണ–

മുന്നയിപ്പു ഞാൻ തത്ത്വനിരകൾ.

അന്നും ഇന്നും കാല്പനികതയ്ക്ക് അപ്പുറം പ്രണയം ഇത്തരം ചില യാഥാർഥ്യങ്ങളുടേതു കൂടിയാണ്. സമൂഹവും വ്യക്തി സ്വാർഥതകളും അതിൽ എല്ലാകാലത്തും കയറി ഇടപെടുകയും ചെയ്യുന്നുമുണ്ട്.

സ്വന്തം കവിതകളിൽ പി. എൻ ഗോപീകൃഷ്ണൻ എന്ന കവിയുടെ ഉള്ളു തൊട്ട പ്രണയ കവിത ഉയർത്തെഴുന്നേല്പ് ആണ്. ഈ കവിതയിലും പ്രണയം രണ്ടു പേർക്കിടയിൽ രൂപം കൊള്ളുന്ന കാല്പനികമായ, അനിർവചനീയമായ ഒന്നല്ല. അത് യാഥാർഥ്യങ്ങളുടേതാണ്. സമൂഹവും ചരിത്രവുമൊക്കെ ഈ പ്രണയ കവിതയുടെ ഭാഗമാകുന്നു.

പി. എൻ ഗോപീ കൃഷ്ണന്റെ കവിതയിൽ വായിച്ചെടുക്കാൻ കഴിയുന്ന പ്രണയം തൊലി തൊലിയെ കണ്ടെത്തും പോലായിരുന്നില്ല, അസ്ഥി, അസ്ഥിയെ കണ്ടെത്തും പോലായിരുന്നില്ല. അത് പരസ്പരം മനസ്സിലാക്കാനുള്ള കൂടുതൽ അറിയാനുള്ള മനുഷ്യന്റെ ആകാംഷകളുടേതാണ്.

നാം ഒരിക്കൽ 

അപരിചിതർ ആയിരുന്നു

രണ്ടു തരം ചെടികളായിരുന്നു

വെവ്വേറെ അപകടങ്ങളാലും 

വെവ്വേറെ ആനന്ദങ്ങളാലും 

പോറ്റി വളർത്തപ്പെട്ടവരായിരുന്നു......

ഓരോ വ്യക്തിയുടേയും അനുഭവങ്ങൾ, ജീവിത സാഹചര്യങ്ങൾ, ചിന്താ രീതികൾ ഇവയൊക്കെ തന്നെ മറ്റൊരു വ്യക്തിയുടേതിൽ നിന്ന് എത്രയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പോറ്റി വളർത്തുന്നവരുടെ ചിന്താരീതികളും കാഴ്ചപാടുകളും വരും തലമുറയിലേക്ക് കൃത്യമായി പകർത്തപ്പെടുന്നു. അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും. ഇത്തരം വ്യത്യസ്തതകൾക്കിടയിലും പരസ്പരം കൂടിചേരാൻ ഉതകും വിധം എന്തോ ഒന്ന് പ്രണയിനികൾ കണ്ടെത്തുന്നു. കവിയുടെ ഭാഷയിൽ പറഞ്ഞാൽ 

ഒരേ പച്ചയുടെ 

രണ്ട് ഇലകൾ പോലെ

ഒരേ ജലത്തിന്റെ 

രണ്ട് നദികൾ പോലെ

കൂടിച്ചേരാവുന്ന ഒന്ന് 

നമ്മിലുണ്ടായിരുന്നു. ഇത്തരം കണ്ടെത്തലുകളിലെല്ലാം ഒരു വ്യക്തി എന്ന നിലയിലുള്ള വ്യത്യസ്തത നിലനിൽക്കുന്നുമുണ്ട്. രണ്ട് വ്യക്തിത്വങ്ങൾ പരസ്പരം വിട്ടുവീഴ്ചകളിലൂടെ ഒന്നാകുന്നതല്ല രണ്ട് വ്യക്തിതങ്ങൾ രണ്ടായി തന്നെ പൂർണ്ണത കൈവരിക്കുന്നതാണ് പ്രണയം. മുൻവിധികളെ മുന്നൊരുക്കങ്ങളോ ഇല്ലാതെ അത് താനെ വന്നു ചേരുന്നുവെന്നതിനുള്ള സൂചന കവിതയിൽ കാണാം.

നീ പറഞ്ഞു 

പാവങ്ങളുടെ പ്രേമം 

കൈത്തലത്തിൽ താനെ ഉദിക്കുന്ന

ഒരു രേഖ

വരാനിരിക്കുന്ന ഒരു പുഴയുടെ

മാർഗരേഖ

പ്രണയം ആകസ്മികമായുള്ള വന്നു ചേരലല്ല. ബോധപൂർവമുള്ള കണ്ടെത്തലുകളാണ്. പ്രണയം ഇവിടെ വ്യക്തിയുടെ ആവശ്യമാണ്. അത് വ്യക്തിയേയും വ്യക്തിത്വത്തേയും അതു വരെയുള്ള ജീവിതത്തേയും പുതുക്കുന്നു. വിദഗ്ദന്റെ കൈയ്യിലെത്തിയ വജ്രം പോലെ അരിക് ചെത്തി മിനുക്കുന്നു. പഴയൊതൊക്കെ കുടഞ്ഞെറിയുന്നു.  

നമ്മുക്കും പുതുതാകണമായിരുന്നു

നമ്മുടെ ചവർപ്പുകളെ, പുളിപ്പുകളെ

മധുരമാക്കണമായിരുന്നു

നമ്മുടെ ഇരിപ്പുകളെ, ഇഴച്ചിലുകളെ

ശലഭങ്ങളാക്കണമായിരുന്നു...

പി. എൻ ഗോപീ കൃഷ്ണന്റെ കവിതയിൽ വായിച്ചെടുക്കാൻ കഴിയുന്ന പ്രണയം തൊലി തൊലിയെ കണ്ടെത്തും പോലായിരുന്നില്ല, അസ്ഥി, അസ്ഥിയെ കണ്ടെത്തും പോലായിരുന്നില്ല. അത് പരസ്പരം മനസ്സിലാക്കാനുള്ള കൂടുതൽ അറിയാനുള്ള മനുഷ്യന്റെ ആകാംഷകളുടേതാണ്.

ഇരു കവിതകളിലും പ്രണയം യാഥാർത്ഥ്യങ്ങളുടേതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വേർതിരുവുകൾക്കും അപ്പുറം വ്യക്തികൾ തമ്മിലുള്ള പരസ്പര കണ്ടെത്തലാണ്.

ഓരോ ഇലയും സൂര്യപ്രകാശത്തെ 

എങ്ങനെ പാചകം ചെയ്യുന്നു

എന്നു നമുക്കറിയണമായിരുന്നു

പ്രേമത്തിന്റെ നാരുകൾ

എങ്ങനെയാണ് ഉടലുകൾ നെയ്തെടുക്കുന്നത്

എന്ന് നമ്മുക്കറിയണമായിരുന്നു.

ഇരു കവിതകളിലും പ്രണയം യാഥാർത്ഥ്യങ്ങളുടേതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വേർതിരുവുകൾക്കും അപ്പുറം വ്യക്തികൾ തമ്മിലുള്ള പരസ്പര കണ്ടെത്തലാണ്. ഈ കണ്ടെത്തലുകളിൽ പ്രത്യക്ഷമായും പരോക്ഷമായും സമൂഹം ഇടപെട്ടു കൊണ്ടിരിക്കുന്നു. ശക്തമായ ജാതി ബോധത്തിൽ കാമിനിയെ ഉപേക്ഷിക്കാൻ കാരണം തിരയുന്ന വൈലോപ്പിള്ളി കവിതയിലെ കാമുകനിൽ നിന്ന് പ്രണയത്തിനെതിരെ നിൽക്കുന്നവരെല്ലാം പോയി തുലയു, ഞങ്ങൾ പിടി തരില്ല, പിടി തന്നാൽ ഭാവി നശിക്കും, ഭൂമി നശിക്കും ജീവൻ നശിക്കും എന്ന് ഗോപീകൃഷ്ണൻ കവിതയിലെ പ്രണയികൾ വിളിച്ചു പറയുന്നിടത്തേക്ക് മലയാള കവിതയിലെ പ്രണയം വളർന്നു കഴിഞ്ഞു. എന്നാൽ മലയാളിയുടെ പ്രണയം അത്രത്തോളമിനിയും എത്തിയിട്ടില്ല എന്നതാണ് സത്യം.