അഷ്ടനായികാസങ്കല്പങ്ങളിലൊന്നാണു വാസകസജ്ജയെന്നത്. സർവാഭരണവിഭൂഷിതയായി പ്രിയന്‍റെ വരവു കാത്തുനില്‍ക്കുന്ന നായിക എന്നാണതിന്റെ അർഥം. പെട്ടെന്നോർമവരുന്നതു ഭാസ്കരൻ മാഷിന്റെ വരികളാണ്:
"അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു. മണവാളനെത്തുന്നേരം കുടുമയിൽ ചൂടാനൊരു കുടമുല്ല മലർമാല കോർത്തിരുന്നു"
ഒഎൻവി കുറുപ്പിനു മികച്ച ഗാനരചയിതാവിനുള്ള പതിനാലാമത്തെ പുരസ്കാരം നേടിക്കൊടുത്ത "കാംബോജി"യിലെ ഗാനത്തിലും വാസകസജ്ജയുടെ ഭാവങ്ങൾ കാണുവാൻ കഴിയും:
"നടവാതിൽ തുറന്നില്ല .. പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല .. നറുനിലാവുദിച്ചിട്ടും .. പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല .. വരുമെന്നോ വരില്ലന്നോ.. വരുവാൻ വൈകിടുമെന്നോ പറയാതെ പോയതാം പ്രണയമാണേറെയെന്നോ പാരിൽ മാനസതാരിൽ .. നറുനിലാവുദിച്ചിട്ടും .. പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല .."
കാത്തിരിപ്പാണിവിടെയും വിഷയം. നടവാതിലും പടിവാതിലും തീർക്കുന്ന കവചങ്ങൾ കടന്നുവേണം ആ ഒരാൾ അണയേണ്ടത്. നടവാതിൽ വീടിന്റെ പ്രധാനവാതിലാണ്; പടിവാതിൽ വീടിന്റെ വെളിയിലുള്ള വാതിലും. ഒരു വീട്ടിലേക്കു ചെല്ലുമ്പോൾ പടിവാതിലാണാദ്യം കടക്കേണ്ടത്; പിന്നീടാണു നടവാതിൽ കടക്കുന്നത്. എന്നാൽ, പ്രണയത്തിലേക്കു കടക്കുവാൻ ആദ്യം തുറക്കേണ്ടതു മനസ്സാകുന്ന നടവാതിലാണ്--പ്രധാനവാതിലാണ്. ആ വാതിലാദ്യം തുറന്നാലേ പിന്നീടുള്ള യാത്ര സുഗമമാവൂ.
പൊതുവേ വാക്കോ നോക്കോ നൽകിയ പ്രത്യാശയുടെ ഭൂമികയിലാവും കാത്തിരിപ്പിന്റെ വിത്തുകൾ ഈരില നീർത്തുന്നത്. എന്നാലിവിടെ ആശിക്കാനൊന്നുമില്ല. "വരുമെന്നോ, വരില്ലെന്നോ, വരാൻ വൈകിടുമെന്നോ" ഒന്നുമേ പറയാതെ പോയ പ്രണയമാണുള്ളത്. "ഒരു നിശ്ചയമില്ലയൊന്നിനും" എന്നയവസ്ഥ. അവസ്ഥയിങ്ങനെയാണെങ്കിലും, * "പടിഞ്ഞാറോ കിഴക്കോ നീ വടക്കോ തെക്കോ?" എന്നും * "ഒളിവിലുണ്ടോ ഇല്ലയോ?" എന്നുമൊന്നും നായിക ചോദിക്കുന്നില്ല. വികാരവിക്ഷോഭങ്ങൾ പരിധിയൊന്നും വിടുന്നില്ലെന്നു ചുരുക്കം.
പറയാതെപോയ പ്രണയമാണ് ഒഎൻവിയുടെ മിക്ക പ്രണയഗാനങ്ങളിലും. മുദ്രയെന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ ഇത്തരം "പറയാതെ പോകൽ" ഒഎൻവി ഗാനങ്ങളുടെ ഒരു സവിശേഷതയായി മാറുന്നുമുണ്ട്.
"ഒരിക്കൽ നിന്നോടതു പറയാനാശിച്ചൂ ഞാൻ ഒരിക്കൽപ്പോലും പക്ഷേ പറയാനായില്ലല്ലോ ---- ഇന്നൊരു പനീർപുഷ്പം - എൻ ഹൃദയം പോല -
തിന്നെന്തൊരു ചുവപ്പാണ്- നിനക്കു തരുന്നൂ ഞാൻ വാക്കുകൾക്കാവാത്തതീ പുഷ്പത്തിനായെങ്കിലോ കേൾക്കൂ, നീയതിലെന്റെ ഹൃദയം വായിച്ചുവോ?"
എന്നു കവിതയിലും,
"പറയാത്ത മൊഴികൾ തന്നാഴത്തിൽ മുങ്ങിപ്പോയ് പറയുവാനാശിച്ചതെല്ലാം നിന്നോടു പറയുവാനാശിച്ചതെല്ലാം ---- തുടുതുടെ വിരിയുമീ ചെമ്പനീർപുഷ്‌പമെൻ ഹൃദയ,മാണതു നീയെടുത്തുപോയി തരളമാം മൊഴികളാൽ വിരിയാത്ത സ്നേഹത്തിൻ പൊരുളുകൾ നീയതിൽ വായിച്ചുവോ?"
എന്നു ഗാനത്തിലും അനുഭവിപ്പിക്കലാണതിന്റെ രീതിശാസ്ത്രം. മൊഴികളുടെ മൺകുടത്തിൻ നിറയാത്ത അമൃതാണവിടെ നേദിക്കുന്നത്, പറയാതെ കൊക്കിലൊതുക്കിയതെല്ലാം വിരൽത്തുമ്പിലാണു തുടിക്കുന്നത്, ശാലീനമൗനമാകുന്ന പൊന്മണിച്ചെപ്പിന്നുള്ളിലായ് മൂടിവെച്ച നിഗൂഢഭാവങ്ങളാണവിടെ പൂക്കളും ശലഭങ്ങളുമാവുന്നത്. ഉള്ളിലെസ്സ്നേഹപ്രവാഹത്തിൻ നിന്നൊരു തുള്ളിയും വാക്കുകളിൽ പകർന്നില്ലെങ്കിലും, സഖിയുടെ ഉൾപ്പൂവിൻ തുടിപ്പുകളറിയുന്നവനാണ് ഒഎൻവിയിലെ കാമുകൻ. "പ്രിയമെന്നു നിനച്ചു ഞാനൊരുക്കിവച്ചവയിലെൻ പ്രിയതമാ നിനക്കേതും കുതുകമില്ലേ? ചന്ദനപ്പുടവയോ സിന്ദൂരതിലകമോ ശൃംഗാരരസമോലും കാവ്യാലാപമോ" ഇഷ്ടപ്പെടുമെന്നു കരുതി നായിക ഒരുക്കിവെച്ചവയിൽ നായകന്നു തെല്ലുമില്ലേ താല്പര്യം?
താനിഷ്ടപ്പെടുന്നയാള്‍ കാണാനില്ലെങ്കില്‍ തന്റെ ഉണ്മകള്‍ കൊണ്ടെന്തു പ്രയോജനം എന്നാണു "കരുണ"യിൽ വാസവദത്ത ആകുലപ്പെടുന്നത്: "അർത്ഥഭാണ്ഡങ്ങൾതൻ കനംകുറഞ്ഞുപോകുന്നു, തോഴീ- യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു, വ്യർത്ഥമായ്ത്തോന്നുന്നു കഷ്ട!മവൻ കാണാതെനിക്കുള്ള നൃത്തഗീതാദികളിലെ നൈപുണി പോലും." കരുണ സിനിമയാക്കിയപ്പോൾ, കുമാരനാശാന്റെ 'ലോകാനുരാഗമിയലുന്ന' തൂലികയില്‍ നിന്നുതിർന്നുവീണ വരികളുടെ ആശയഗാംഭീര്യം നമ്മൾ വീണ്ടും കേട്ടു: "എന്തിനീച്ചിലങ്കകൾ? എന്തിനീക്കൈവളകൾ? എൻപ്രിയനെന്നരികിൽ വരില്ലയെങ്കിൽ" ആശാന്റെ പ്രയോഗങ്ങൾ ഉചിതജ്ഞതയോടെ പാട്ടിലാക്കി ഒഎൻവി നമ്മെ പാട്ടിലാക്കി. വാസരസ്വപ്നവും വാസന്തപുഷ്പങ്ങളും വണ്ടുമൊക്കെ ഗാനരൂപം പ്രാപിച്ചു.
കഥകളിനടന്റെ കഥ പറയുന്ന "കാംബോജി"ക്കു പാട്ടെഴുതിയപ്പോൾ ഉണ്ണായിവാര്യരുടെ കാവ്യസംസ്കാരം ഒഎൻവി വരികളിൽ കൊണ്ടുവരുന്നു. "കുതുക"മെന്ന പദം നളചരിതം ഒന്നാം ദിവസത്തിൽത്തന്നെ അഞ്ചുതവണയോളം ഉണ്ണായിവാര്യർ ഉപയോഗിച്ചിട്ടുണ്ട്. അപ്പക്കോൽ തിന്നയെലി അപ്പം ബാക്കിവെച്ചേക്കുമോ എന്ന അർഥാപത്തിയിൽ വിശ്വസിച്ചു ബാക്കി ദിവസങ്ങളിലെ കണക്കെടുപ്പു വേണ്ടെന്നുവെയ്ക്കാം. അതുപോലെ, അടുത്ത വരികളിലെ വണ്ടിന്റെ സാന്നിധ്യം * "പാടലപടലിയിൽ നിറയുന്ന ഭൃംഗാളി"യേയും "ആർത്തുനടക്കും വണ്ടിൻചാർത്തി"നേയും "ചലദളിഝങ്കാര"ത്തേയും "ഭൃംഗവിഹംഗസങ്കുലിത"ത്തേയുമൊക്കെ നളചരിതത്താളുകളിൽനിന്ന് ഓർമയിലേക്കെത്തിക്കുന്നു.
"കതിരെന്നു കരുതി ഞാൻ കരുതിവച്ചവ വെറും പതിരെന്നോ? കാറ്റിൽ പറന്നുപോമോ? വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത പൊൻ ചിലങ്കകളുടെ ഗാനാലാപമോ?"
വഞ്ചിപ്പാട്ടുവൃത്തമെന്നറിയപ്പെടുന്ന "നതോന്നത"യുടെ താളമാണ് ഒഎൻവി ഈ പാട്ടെഴുതാൻ സ്വീകരിച്ചത്. നതവും (താഴ്‌ന്നതും) ഉന്നതവുമായ (ഉയർന്നതുമായ) സഞ്ചാരരീതി വൃത്തത്തിന്റെ പേരിൽനിന്നുതന്നെ വ്യക്തമാണല്ലോ. നായികയുടെ പ്രതീക്ഷയ്ക്കു സംഭവിക്കുന്ന ഉയർച്ചതാഴ്ചകൾ "നതോന്നത"യുടെ ചട്ടക്കൂടിൽ കവി അനുരൂപമായ രീതിയിൽ വിന്യസിച്ചിരിക്കുന്നു. ("സമയമായില്ലാപോലും സമയമായില്ലാപോലും ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴീ" എന്നുളള വാസവദത്തയുടെ കാത്തിരിപ്പ് ആശാൻ അവതരിപ്പിക്കുന്നതും നതോന്നതയിലാണ്.) നളചരിതം നാലാം ദിവസത്തിലെ ആദ്യരംഗങ്ങളിൽ ശോകമാണു ദമയന്തിയുടെ സ്ഥായിഭാവം. വിരഹദുഃഖത്തോടൊപ്പം, ബാഹുകൻ നളനാണോ എന്നുള്ള ഉത്കണ്ഠയുമുണ്ട് - പ്രതീക്ഷയുടെ സഞ്ചാരിഭാവമെന്നതുപോലെ. അങ്ങനെയുള്ള പ്രതീക്ഷയുടെ നേരിയ വെട്ടമാവാം ഈ ഗാനത്തിൽ കതിരെന്നു കരുതി നായിക കരുതിവെയ്ക്കുന്നത് ("കരുതി ഞാൻ കരുതിവെച്ച" എന്നഭാഗത്തു "കരുതുക" എന്ന വാക്കിന്റെ നാനാർഥങ്ങൾ സമർഥമായി ഇണക്കിച്ചേർത്തിരിക്കുന്നു). പക്ഷേ, കതിരെന്നു കരുതിയതൊക്കെ വെറും പതിരായിമാറുമോ എന്നയാശങ്ക വീണ്ടും "നതോന്നത"യുടെ വാച്യാർഥത്തിലേക്കു നമ്മെക്കൊണ്ടെത്തിക്കുന്നു.
ആദ്യമെഴുതിയ വരികളെ സ്വരതിലകം ചാർത്തി അണിയിച്ചൊരുക്കുവാനുള്ള എം. ജയചന്ദ്രന്റെ കഴിവ് ഈ ഗാനത്തിലും തെളിഞ്ഞു കാണാം. വരികളുടെയും ഈണത്തിന്റെയും വികാരമുൾക്കൊണ്ടുള്ള ആലാപനമാണു കെ.എസ്. ചിത്രയുടേത്. പ്രത്യാശയിലേക്കു വികസിക്കുകയും നിരാശതയിലേക്കു ചുരുങ്ങുകയും ചെയ്യുന്ന "ജീവതാളം" ഈ ഗാനത്തിന്റെ ഹൃദയത്തെ സുസ്പന്ദിതമാക്കുന്നു.
-------------------------------------------------------------
* നളചരിതം
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം